6/3/13

ജനിതക മാറ്റം...?

"അമാനുഷിക ശക്തിയുള്ള ഒരപൂർ‍വ്വവതാരമല്ല ഞാൻ. സിമ്പ്ളി അയാമെ ഡോക്ടർ." ഡോക്ടറിൽ നിന്ന്‌ അത്തരം ഒരു പരാമര്‍ശം മധുസൂദനന്‍ പ്രതീക്ഷിച്ചിരുന്നില്ല. അനുഭാവപൂര്‍ണ്ണമായ ഒരു പ്രതികരണമായിരുന്നു കാത്തിരുന്നത്‌. 

"ഡോക്ടറിൽ ദൈവചൈതന്യമുണ്ടെന്ന്‌ ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. വർഷങ്ങൾ‍ കാത്തിരുന്നിട്ടും മക്കള്‍ ഉണ്ടാകാത്ത എത്രയോ പേര്‍ ഡോക്ടറുടെ കൈപ്പുണ്യം നേരിട്ടനുഭവിക്കുന്നു?"

"അതെന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റും മനുഷ്യനെന്ന നിലയ്ക്കുള്ള സേവനവുമാണ്‌. അതിന്‌ ശാസ്ത്രലോകത്തിന്റെ സംഭാവനകൾ‍  പ്രയോജനപ്പെടുത്തുന്നുവെന്നു മാത്രം."

"ഇത്‌ മാത്രമാണ്‌ ഞാനും ഡോക്ടറില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടിയെങ്കിലും ഡോക്ടര്‍ സഹായിക്കണം." മധുസൂദനന്റെ സ്വരത്തില്‍ ക്ളായ്‌വ്‌ കലര്‍ന്നിരുന്നു.

"മധു പലയാവര്‍ത്തി എന്നെ സമീപിച്ചു കഴിഞ്ഞല്ലോ ഇപ്പോൾ.
അപ്പോഴൊക്കെ വ്യക്തമായ ഉത്തരവും നല്‍കിയിട്ടുണ്ട്‌. മധുവിന്‌ വെറുമൊരു കുഞ്ഞിനെ മാത്രം പോരല്ലൊ...?" 

"ഒരു പെണ്‍കുഞ്ഞ്‌ വേണമെന്ന്‌ പറയുന്നത്‌ തെറ്റാണോ, അല്ലെങ്കിലിന്ന്‌ നടക്കാത്തൊരു സംഭവമാണോ അത്‌?"

"മധു കരുതുന്നതുപോലെ അത്ര  നിഷ്പ്രയാസമാണ് അതെന്ന വിശ്വാസമില്ലെങ്കിലും സാധ്യമാണ്‌. അതല്ലല്ലോ പ്രശ്നം? പിന്നീടുള്ള ചില നിബന്ധനകള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന്‌ എനിക്കുതന്നെ ബോധ്യമില്ലാത്ത നിലയ്ക്ക്‌....അയാം നോട്ട്‌ ഷുവര്‍ എബൌട്ട് യുവര്‍ അംബീഷന്‍സ്‌." 

ഡോക്ടറുടെ തീരുമാനത്തില്‍ അയവ്‌ വന്നിരിക്കുന്നു. തുടക്കത്തില്‍ സാധിക്കില്ലെന്ന്‌ പറഞ്ഞിടത്താണ്‌ എനിക്കുറപ്പില്ലെന്നിടത്തേക്ക്‌ എത്തിയിരിക്കുന്നത്‌. ഇത്‌ തീര്‍ച്ചയായും പ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നുവെന്ന്‌ മധുസൂദനന്‍ തീര്‍ച്ചപ്പെടുത്തി.

"എല്ലാ റിസ്ക്കും ഞാനേല്‍ക്കുന്നു. എത്രമാത്രം ഭയത്തോടുകൂടിയാണ്‌ ഒരു പെണ്‍കുട്ടിക്ക്‌ ഇന്നത്തെ കാലത്ത്‌ ജീവിക്കാനാകുക എന്ന്‌ ഡോക്ടര്‍ക്കറിയാമല്ലൊ? കായികമായ ശക്തി നേടണം, കരാട്ടേ പഠിക്കണം, തന്റേടത്തോടെ കാര്യങ്ങള്‍ നേരിടാനുള്ള ചങ്കൂറ്റം നേടണം എന്നൊക്കെ പറഞ്ഞാലും അതൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന്‌ നമുക്കറിഞ്ഞുകൂടെ?"

"മധു ഇപ്പോള്‍ സംസാരിക്കുന്നത്‌ ഇതിനൊക്കെ ശാശ്വതമായൊരു പരിഹാരം കിട്ടിക്കഴിഞ്ഞു എന്ന രീതിയിലാണല്ലൊ."

"എനിക്കുറപ്പുണ്ട്‌ ഡോക്ടര്‍, ഡോക്ടറെക്കൊണ്ട്‌ പറ്റാത്തതല്ലെന്ന്‌. പുതിയവയെ സ്വീകരിക്കാനും വെല്ലുവിളികളെ നേരിടാനും ഞാനെന്നും സന്നദ്ധനാണ്‌. മറ്റൊരാളെക്കാളും മുന്‍പ്‌ എനിക്കതീ സമൂഹത്തിനു മുന്‍പില്‍ പ്രയോഗിച്ചു കാണിക്കണം."

പ്രായോഗികതയുടെ പ്രശ്നങ്ങൾ നിസ്സാരമാക്കി മാറ്റത്തിന്റെ പുതുമയിലെ വക്താവാവുക എന്നതിനു മുൻതൂക്കം കൊടുക്കുന്ന ചിന്തകൾ. അസാധാരണമായ സംഭവങ്ങൾക്കു അത്ഭുതപരമായ പങ്കു വഹിക്കണമെന്നത് മധുസൂദനന്റെ പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹമാണ്‌.

"മധു പറയുന്നത്‌ ശരി തന്നെ. പെണ്‍കുട്ടികളില്‍ സ്വയരക്ഷക്കുള്ള കഴിവ്‌ ജന്മനാ ഉണ്ടാകണം എന്നതില്‍ എനിക്കഭിപ്രായ വ്യത്യാസമില്ല. എന്താണതിന്‌ മാര്‍ഗ്ഗം എന്നത്‌ ഞാനും ചിന്തിക്കുന്നു. പക്ഷെ ജനറ്റിക്ക്‌ ഘടന മാറ്റുമ്പോള്‍ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി ഇന്ന്‌ പല പരീക്ഷണങ്ങളുടേയും അവസാന റിസള്‍ട്ടില്‍ കാണാനാകുന്നു."

"പ്രകൃത്യാ സംഭവിക്കുന്ന ജനിതക ഘടനയെ മാറ്റത്തിന്‌ വിധേയമാക്കുമ്പോള്‍ ചില ഇഷ്ടപ്പെടായ്മകള്‍ പ്രത്യക്ഷപ്പെടുന്നത്‌ സ്വാഭാവികമല്ലേ? അങ്ങിനെ ചിന്തിച്ചാല്‍ പ്രാകൃത മനുഷ്യലേക്ക്‌ ചുരുങ്ങിപ്പോകുകയല്ലേ ചെയ്യുക? പരീക്ഷിക്കപ്പെടുന്ന വസ്തുകളില്‍ സംജാതമാകുന്ന പരീക്ഷണ ഫലത്തിലെ കുറവുകള്‍ തുടര്‍ന്നുള്ളവയില്‍ പരീക്ഷിക്കപ്പെടുമ്പോഴല്ലേ പരീക്ഷണം പൂര്‍ണ്ണമാകുന്നത്‌?"

"മധുവിനങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ വ്യക്തമല്ലാത്ത ഒരു പരീക്ഷണത്തിന്‌ ഞാന്‍ ശ്രമിക്കാം. കാര്‍ഷിക രംഗത്തെ ഗവേഷണ ഭീമനായ 'മൊന്‍സാന്റോ' വിപണിയിലിറക്കിയ ധാന്യങ്ങളെക്കുറിച്ച ഗുണവും ദോഷവും മധു കേട്ടിരിക്കുമല്ലോ? ഒരു വസ്തുവില്‍ നിന്നു ലഭിക്കുന്ന ലാഭത്തിലെ ഇരട്ടിപ്പിന്റെ തോത്‌ മാത്രമാണ്‌ മുഖ്യമായ ചിന്തയില്‍ കടന്നുവരുന്നത്‌. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ദോഷം സ്വയം അനുഭവിക്കുമ്പോള്‍ മാത്രമാണ്‌ വേണ്ടായിരുന്നു എന്ന ചിന്ത പ്രസക്തമാകാറുള്ളത്‌. അപ്പോഴവിടെ ലാഭം എന്നത് വിസ്മരിക്കപ്പെടുകയും പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ദോഷങ്ങള്‍ മുഖ്യശത്രു ആകുകയും ബഹളം ഉണ്ടാക്കുകയുമല്ലേ സംഭവിക്കുന്നത്?"

"മനുഷ്യ ശരീരത്തിലെ ജീനുകളെ വേണ്ട വിധത്തില്‍ ക്രമീകരിച്ച്‌ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന മൊന്‍സാന്റോയെപ്പോലെയുള്ള ഒരു ഭീമനില്‍ തന്നെയാണല്ലോ ഡോക്ടറും സേവനം അനുഷ്ഠിക്കുന്നത്‌. അതുകൊണ്ടുതന്നെ എനിക്ക്‌ പ്രതീക്ഷിക്കാമല്ലോ..." മധുസൂദനന്‍ ഡോക്ടറുടെ വാക്കുകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ സ്വന്തം തീരുമാനം ശരിയെന്ന നിലപാടിലായിരുന്നു.

"ജീനുകളുടെ ക്രമീകരണത്തെക്കുറിച്ച്‌ ധാരാളം എക്സ്പിരിമെന്റ്‌സ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. പുരുഷബീജത്തിലേയോ സ്ത്രീയുടെ അണ്ഡത്തിലേയോ പോരായ്മകള്‍ പരിഹരിച്ച്‌ സന്താനലബ്ധി നല്‍കുക എന്നതിനപ്പുറത്തേക്ക്‌ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പറയുന്നത്ര എളുപ്പമല്ലാത്തെ സങ്കീര്‍ണ്ണതകളിലൂടെയുള്ള യാത്ര." ഡോക്ടര്‍ മേശപ്പുറത്തിരുന്ന സ്റ്റെതസ്ക്കോപ്പിലൂടെ വിരലുകളോടിച്ചു  കൊണ്ടിരുന്നു. മധുസൂദനന്റെ തീരുമാനം തിരുത്തിക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരുന്നു.

"സത്യത്തില്‍ പുതിയവയെ സ്വീകരിക്കാനുള്ള ഒരുതരം ആകാംക്ഷയിലാണ്‌ ഞാനിപ്പോള്‍. ഫിലിപ്പിനോ സ്ത്രീകള്‍ പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുന്നത്‌ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണെന്ന്‌ കേട്ടിട്ടുണ്ട്‌. മനുഷ്യന്റെ മുഖമുള്ള നായ്ക്കുട്ടികള്‍ ജനിക്കുന്നു. മനുഷ്യന്റെ കൈകാലുകളോടുകൂടിയ കുഞ്ഞുങ്ങളെ പ്രസവികുന്ന മൃഗങ്ങള്‍. അങ്ങിനെ എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. എന്തിന്‌...കുരങ്ങില്‍ നിന്ന പരിണാമം വിശ്വസിക്കാമെങ്കില്‍ ഒരു തുടര്‍യാത്രയും സംഭവിച്ചു കൂടെന്നില്ലല്ലോ?"

"മനുഷ്യരൂപമുള്ള മൃഗങ്ങള്‍ എന്നത്‌ മനുഷ്യവൈകൃതങ്ങളുടെ സൃഷ്ടി എന്നേ പറയാന്‍ പറ്റൂ."

"ഡോക്ടര്‍, ഞാന്‍ അര്‍ത്ഥമാക്കുന്നത്‌ പരീക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പ്രകൃതിയില്‍ സങ്കരയിനം സൃഷ്ടിക്കപ്പെടുന്നു എന്നാണ്‌. പരീക്ഷണത്തിനുള്ള ഒരു സാദ്ധ്യത പ്രകൃതി തന്നെ കാണിച്ചു തരുന്നു എന്നാണ്‌."

"ഇത്തരം അപൂര്‍വ്വ ജീവികള്‍ പ്രസവത്തോടെയോ അല്ലെങ്കില്‍ അധികം വൈകാതെയോ മരണപ്പെടുന്നുണ്ട്‌."

"അതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കപ്പെടാനും കഴിയുമ്പോള്‍ തെളിയിക്കപ്പെട്ട സത്യമായി തീരില്ലെ അത്‌?"

"മധു പറഞ്ഞുവരുന്നത്‌ മനുഷ്യനും മൃഗവും പക്ഷിയും ഒക്കെക്കൂടിയുള്ള 'മനുഷ്യമൃഗപ്പക്ഷി' എന്ന പുതിയ സങ്കല്‍പ്പത്തിലേക്കാണോ?"

"അത്രയൊന്നും കണക്കു കൂട്ടുന്നില്ലെങ്കിലും മനുഷ്യന്‌ പ്രത്യേക കഴിവുകള്‍ നല്‍കുന്നതിന്‌ പര്യാപ്തമായ ജീനുകളുടെ ക്രോഡീകരണം സാദ്ധ്യമാവാം എന്നാണ്‌." തന്റെ ചിന്തകൾക്കൊപ്പം ഡോക്ടർക്ക് സഞ്ചരിക്കാനാകുന്നില്ലല്ലൊ എന്നോർത്ത് മധുസൂദനൻ കുണ്ഠിതപ്പെട്ടു. പരിണതഫലം വരുത്തിയേക്കാവുന്ന രൂപവ്യത്യാസങ്ങളിൽ സംശയിക്കുന്ന ഡോക്ടർ തന്റെ പ്രതീക്ഷകൾക്കു മങ്ങലേല്പിക്കുമോ എന്ന് സന്ദേഹിച്ചു.

"തെളിയിക്കപ്പെടേണ്ട വസ്തുതകളാണ്‌ മധു ഭാവനയില്‍ കൊണ്ടുനടക്കുന്നത്‌. എന്തായാലും മധു ആഗ്രഹിക്കുന്ന വിധത്തില്‍ മധുവിനൊരു കുഞ്ഞ്‌ എന്ന പ്രതീക്ഷയെ ഞാന്‍ തടയുന്നില്ല. എന്റെ പരിമിതികള്‍ മധുവിനോട്‌ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്തിന്റെ പേരിലായാലും പിന്നീടൊരു കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഡോക്ടറുടേതല്ലാത്ത പിഴവുകള്‍ക്കുപോലും കുറ്റക്കാരാകേണ്ടി വരുന്നവരാണ്‌ ഞങ്ങള്‍. അപ്പോള്‍ ഒരു പരീക്ഷണം വരുത്തിയേക്കാവുന്ന വെല്ലുവിളികള്‍ ചില്ലറയാകില്ല."

"നല്ലതായാലും ചീത്തയായാലും ഈ പ്രശ്നത്തിന്റെ പേരില്‍ ഡോക്ടറെ ഒരിയ്ക്കലും കുറ്റക്കാരനാക്കില്ല."

-------------------------------------------

മധുസൂദനന്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരു മാലഖക്കുട്ടി. തൂക്കം കുറവ്. തൂക്കത്തിനനുസരിച്ച് ശരീരവും ചെറുതായി ഒതുങ്ങിയിരിക്കുന്നു. കൈകാലുകള്‍ക്കിടയിലെ നേര്‍ത്ത ചര്‍മ്മം പോലുള്ള ആവരണം പ്രത്യേകത.

മാലാഖക്കുട്ടി മായയെന്ന പേരിൽ വളർന്നുകൊണ്ടിരുന്നു. അമിതമായി വളര്‍ന്ന ചര്മ്മമായിരുന്നു മായയെ പ്രശസ്തയാക്കിയത്. മധുസൂദനൻ നിറഞ്ഞ തൃപ്തനായി. മായ ദൈവാവതാരമായും ചിറകുള്ള മാലാഖക്കുട്ടിയായും മനുഷ്യന്റെ അത്ഭുത പ്രതിഭാസമായും വ്യാപിച്ചുകിടന്നു. ആദ്യമൊക്കെ അനിഷ്ടം തോന്നിയെങ്കിലും പയ്യെപ്പയ്യെ മധുസൂദനന്റെ ഭാര്യയും താതാത്മ്യം പ്രാപിക്കുകയായിരുന്നു. ഡോക്ടർ ഇടയ്ക്കിടെ കുട്ടിയെ സന്ദർശിക്കുകയും മധുസൂദനനോട് വിവരങ്ങൾ തിരക്കുകയും ചെയ്തുകൊണ്ടിരുന്നു.

"ഇപ്പോൾ പ്രശ്നമൊന്നുമില്ലല്ലൊ മധു?" തുടക്കത്തിലെ പ്രചരണവും പുതുമയും കുറഞ്ഞു വന്ന സന്ദർഭത്തിൽ ഡോക്ടർ മധുസൂദനനോടു ചോദിച്ചു.

"ഇല്ല ഡോക്ടർ. ഞാനും വൈഫും ഇപ്പോൾ വളരെ ഹാപ്പിയാണ്‌."

"പ്രശസ്തരായല്ലൊ അല്ലേ? ഹാപ്പിയായിരിക്കണമല്ലോ. ജനന സമയത്തെ കുഞ്ഞിന്റെ തൂക്കക്കുറവ് എന്നെ വളരെ ഉല്‍ക്കണ്ഠാകുലനാക്കിയിരുന്നു. അതൊരു സ്വാഭാവിക പരിണാമമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നതും അതായിരുന്നു, നമ്മുടെ കണക്കുകൂട്ടലുകളിൽ നിന്നും മാറിയ ചില സംഭവങ്ങൾ സംഭവിക്കാം എന്നത്. നമ്മൾ പ്രതീക്ഷിക്കാത്തവ ഇനിയും ചിലപ്പോൾ ഉണ്ടായേക്കാം എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്."

"ഇനി എന്തിനാശങ്ക? വക്കീലന്മാരുടേതുപോലുള്ള ഉടുപ്പിട്ട് അവൾ സുഖമായി സ്കൂളിൽ പോയി വരുന്നു. മറ്റു കുട്ടികളൊത്ത് കളിച്ചുചിരിച്ചു നടക്കുന്നു. ഇത്രയും നാൾ അവൾക്കൊരു അസുഖം പോലും വന്നിട്ടില്ല. മറ്റു കുട്ടികളേക്കാൾ അല്പം ചെറുതാണ്‌ എന്നതൊഴിച്ചാൽ സുന്ദരിക്കുട്ടി."

"അവളിലെ അധിക ഭാഗങ്ങൾ അവളുടെ ദിനചര്യകൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടോ?" പക്ഷികളുടേതുപോലെ ആ കുട്ടിക്കൊരു ചിറക് പ്രത്യക്ഷപ്പെടും എന്ന് കരുതിയിരുന്നില്ല. രക്ഷപ്പെടാനൊരു മാർഗ്ഗം, മുകളിലേക്ക് ഉയരാനുള്ള ഒരു കഴിവ്; അത്ര മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു. മധുവിന്റെ തിടുക്കം തന്റെ പ്രവർത്തനത്തെ ബാധിച്ചതിൽ ഡോക്ടർ മൗനം പൂകി. മധുവിന്റെ സന്തോഷം കാണുമ്പോൾ അയാള്‍ ആഗ്രഹിച്ചതും ഇത്തരം ഒരപൂർവ്വതയായിരുന്നു എന്നു തോന്നുന്നു. മധുവിന്റെ ഭാര്യ ആദ്യമെല്ലാം ഒന്നു പകച്ചെങ്കിലും പ്രയാസപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞിന്റെ അധികഭാഗവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. കുഞ്ഞിനോടുള്ള മാതൃവാത്സല്യത്തിന് അതൊരു കുറവായി തോന്നിയില്ല അവര്‍ക്ക്. മധുവിന്റെ തോന്നലുകളെ തിരുത്താന്‍ പോയില്ല. തന്റെ പരീക്ഷണഫലങ്ങൾ ഇതുതന്നെയാണെന്നു മധു തീർച്ചപ്പെടുത്തിക്കോട്ടെ.

"പ്രയാസം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, തീരെയില്ല. അവളുടുപ്പിട്ടാൽ ആ ഭാഗങ്ങളൊന്നും മറ്റാർക്കും കാണാനും കഴിയില്ല. അവൾക്കാകെയുള്ള പ്രയാസം സ്കൂളിലെ സ്പോർട്ട്സ് ഗെയിംസ് മത്സരങ്ങളിൽ നിന്ന് അകറ്റി നിറുത്തുന്നു എന്നതാണ്‌. അവൾ ഓടുന്നതും ചാടുന്നതുമെല്ലാം പറക്കുന്നതുപോലെ ആയതിനാൽ."

"മധു നേരത്തേ സൂചിപ്പിച്ചതുപോലുള്ള ഇത്തരം കാണാപ്പഴുതുകൾ തുടർന്നുള്ള പരീക്ഷണങ്ങളിൽ നികത്തപ്പെടുമ്പോള്‍ പൂർണ്ണമാകും എന്നു വിശ്വസിക്കാം. നമ്മൾ ചിന്തിക്കാത്തത് പലതും കണ്ടെന്നിരിക്കാം. അവൾക്ക് മറ്റു വല്ല തടസ്സവും..?"

"ഡോക്ടറും കൂടെക്കൂടെ കാണുന്നതല്ലെ അവളെ? അവൾക്കത് കൂടുതൽ അഴകു നൽകുന്നു. സുന്ദരമായ വെളുത്തുനേർത്ത ചര്‍മ്മത്തിന്റെ  ഞൊറികൾ രണ്ടുഭാഗത്തും കാലുകൾക്കിടയിലും അലയിളക്കം പോലെ കിടക്കുന്നത് അപൂർവ്വ ഭംഗിയാണ്‌. കയ്യുകൾ ഉയർത്തുമ്പോൾ വിശറിപോലെ വിരിഞ്ഞു വരുന്ന ചിറക്."

"അവള്‍ക്ക് ചിറകുണ്ടെന്നത് ഇനിയും കൂടുതല്‍ പരസ്യപ്പെടുത്തരുത്. കുട്ടി വലുതാകുകയാണ്‌. മധു എത്രയൊക്കെ സന്തോഷിക്കുമ്പോഴും ആശങ്കകൾ എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നതുപോലെ." 
ഒരു പക്ഷി നേരിടേണ്ടിവരുന്ന ആക്രമണം പക്ഷിയുടെ കഴിവുകളുള്ള മായയുടെ കാര്യത്തിൽ സംഭവിച്ചെങ്കിലോ? തള്ളിക്കളയാനാകാത്ത സാദ്ധ്യത ഡോക്ടറെ വീർപ്പുമുട്ടിച്ചു.

"കാരണം?" 

"‘മൊൻസാന്റൊ’ തന്നെ മധു. ധാരാളം ധാന്യങ്ങൾ വളരെപ്പെട്ടെന്ന് ഉല്പാദിപ്പിക്കപ്പെടുന്നു എന്ന ഒറ്റ കാരണത്താൽ എല്ലാവർക്കും സ്വീകാര്യമായ തോതിൽ വളർന്ന വിപ്ളവകരമായ മുന്നേറ്റം. ജൈവഘടനയിൽ മാറ്റം വരുത്തിയ ഇത്തരം ധാന്യങ്ങൾ പല തരത്തിലുള്ള വിഷാംശങ്ങളും സ്വീകരിച്ചിരിക്കുന്നു എന്നാണ്‌ പരീക്ഷണങ്ങളിൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അരിയും ഗോതമ്പും മാത്രമല്ല, കോളിഫ്ളവറും കടുകും വഴുതനയും തുടങ്ങി എല്ലാം ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളല്ലാത്ത ക്യാൻസർ,ട്യൂമർ എന്നീ രോഗങ്ങൾ ഈയിടെയായി പെരുകുന്നതും കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ കേടുവരുന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്‌. ഞാൻ പറഞ്ഞുവരുന്നത് ജെനറ്റിക് മോഡിഫിക്കേഷൻ മൂലം സസ്യങ്ങളിൽ സംഭവിച്ചതുപോലുള്ള ഘടനയുടെ താളം തെറ്റലും അതുമൂലമുണ്ടാകുന്ന ദോഷവും മനുഷ്യരുടെ കാര്യത്തിലും സംഭവിച്ചേക്കാം എന്ന ആശങ്കയാണ്‌."

"ഇവിടെ പക്ഷെ വിഷാംശത്തിന്റെ സംഭവങ്ങളൊന്നും ഇല്ലല്ലോ?" മധുസുദനന്റെ വിശ്വാസത്തിലും ഇപ്പോള്‍ സംശയം കലര്‍ന്നു തുടങ്ങിയിരിക്കുന്നു. 

"നമ്മുടെ വിഷയത്തിൽ ഇപ്പോഴില്ല എന്നു പറയാം. പക്ഷേ പ്രതിരോധം എന്ന ചിന്ത എന്തൊക്കെ കൂട്ടിച്ചേർക്കും എന്ന് പറയാനാവുമോ? വിഷാംശം മാത്രമല്ല പ്രശ്നം. നമ്മള്‍ മുന്‍കൂട്ടി കാണാത്ത പലതും പിന്നീട് പുറത്തു വരും. ഉദാഹരണത്തിന്‌ മായയുടെ തൂക്കക്കുറവ്, പിന്നെ സ്കൂളിലെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നത്. അങ്ങിനെ പലതും ഉണ്ടായിക്കൂടെ?"

"ഡോക്ടറെന്നെ ഇപ്പോൾ ഭയപ്പെടുത്തുകയാണ്‌."

"ഹ..ഹ..മധുവായതുകൊണ്ടാണ്‌ ഞാനിങ്ങനെ സംസാരിച്ചത്. മറ്റൊരാളായിരുന്നുവെങ്കിൽ അറിഞ്ഞിരുന്നുകൊണ്ട് താനെന്തിനാണ്‌ ഇത് ചെയ്തത് എന്ന് എന്നോട് തിരിച്ച് ചോദിച്ചേനെ. എല്ലാം വ്യക്തമായാലും അതിനുള്ളിൽ അറിഞ്ഞുകൊണ്ട് തലവെക്കാനാണ്‌ ഇന്നത്തെ മനുഷ്യനിഷ്ടം. എല്ലാം നന്നായി തന്നെ കലാശിക്കുമെന്ന് നമുക്കാശിക്കാം മധു. ഞാനിറങ്ങട്ടെ."

----------------------------

നിലാവ് പരന്ന പുഴുക്കമുള്ള ഒരു രാത്രി. രാത്രിഭക്ഷണം കഴിഞ്ഞ് മധുസൂദനനും ഭാര്യയും മായയും കൂടി മുറ്റത്ത് കാറ്റുകൊണ്ടിരിക്കുന്നു. മെലിഞ്ഞ കാറ്റ് ഇലകളെ ചെറുതായി തലോടുന്നുവെന്നു മാത്രമേയുള്ളു. അകത്തിരിക്കുന്നതിനേക്കാൾ കുറവുണ്ട് ഉമ്മറത്തെ ഉഷ്ണത്തിന്‌. തെങ്ങോലകൾക്കിടയിലൂടെ നിലാവന്റെ ആഴത്തിലേക്ക് മായ ആർത്തിയോടെ നോക്കി.

"അച്ഛാ..ഞാനീ നിലാവിൽ ഒന്നു പറന്നു നോക്കട്ടെ?" മധുസൂദനനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചുകൊണ്ട് മായ ചോദിച്ചു.

"നിയെന്താ വെല്ല കിളിയുമാണോ പറക്കാന്‍? രാത്രിയിൽ അവള്‍ടെയൊരു പൂതി. മിണ്ടാണ്ട് അടങ്ങ്യൊത്ങ്ങി ഇരുന്നോ അവ്ടെ." മധുസൂദനന്റെ ഭാര്യ പരിഭവം പറഞ്ഞു.

"അതിനവൾക്ക് രാത്രിയിലും കണ്ണു കാണാമല്ലോ." മധുസൂദനൻ മകളെ സപ്പോർട്ട് ചെയ്തു.

"അതന്നെ അച്ഛാ....?" മായ മധുസൂദനന്റെ കഴുത്തിൽ ഞാന്നുകിടന്നു കൊഞ്ചി.

"മോള്‍ക്കതിനു പറ്റുമോ? ശ്രമിച്ചു നോക്ക്."

തനിക്ക് പറക്കാന്‍ കഴിയുമെന്ന് മായയ്ക്ക് മാത്രമെ അറിയാമായിരുന്നുള്ളു. ആരും കാണാതെ ചിലപ്പോഴൊക്കെ അവളതിനു ശ്രമിച്ചിരുന്നു. വർദ്ധിച്ച സന്തോഷത്തോടെ എഴുന്നേറ്റ മായ അനുവാദത്തിനായി കേഴുന്നതു പോലെ അമ്മയുടെ മുഖത്തേക്ക് നോക്കി.

"കൊഞ്ചിപ്പിള്ളയല്ലെ? " വിശ്വാസമായില്ലെങ്കിലും മകളുടെ നിലാവിലെ നീന്തൽ കാണാന്‍ ആ അമ്മയും കൊതിക്കുന്നതുപോലെ....

അല്പം നീങ്ങിനിന്ന് മായ കയ്യുകൾ ഉയർത്തി. വിശറി പോലെ വിരിഞ്ഞ ചിറകുകൾ മയിൽനൃത്തത്തെ ഓർമ്മിപ്പിച്ചു. ശരീരത്തിൽ ചെറുതായ ഒരുയർച്ച രൂപപ്പെട്ടു. തല ചരിച്ച് മായ അച്ഛനേയും അമ്മയേയും നോക്കി. മധുസൂദനൻ അഭിമാനത്തോടെ ഭാര്യയുടെ മുഖത്തേക്കു ശ്രദ്ധിച്ചു. മധുസൂദനന്റെ ഭാര്യയ്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. വിരിഞ്ഞ ചിറകുകൾക്ക് അത്രയും അഴകായിരുന്നു. മകളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. പിന്നെ അത്ഭുതത്തോടെ മായയുടെ ചലനം നോക്കിനിന്നു കണ്ണുകളനക്കാതെ.

ഒഴിഞ്ഞ തെങ്ങോലകൾക്കിടയിലൂടെ ഒരൊറ്റ കുതിപ്പ്. മധുസൂദനന്റെ പുരയ്ക്കു മുകളിൽ വലിയൊരു വെളുത്ത വവ്വാൽ വട്ടം ചുറ്റി പറന്നു. ചാഞ്ഞും ചരിഞ്ഞും ഒഴുകിയും ഉയർന്നും താഴ്ന്നും കുറച്ചുനേരം....താഴെയിറങ്ങിയ മായ മധുസൂദനനോടു ചേർന്നുനിന്ന് ചോദിച്ചു. "ഞാനാ മനപ്പറമ്പു വരെ ഒന്നു പോയി വന്നാലോ?"

"അതെന്തിനാ?"

"അകലെ...മനപ്പറമ്പിനു മോളില് ‘പാറാട’*കൾ ചെറകടിച്ചു പറക്കുന്നത് ഞാൻ മോളില് വെച്ചു കണ്ടു. എന്തു ഭംഗ്യാണെന്നോ കാണാൻ? പിന്നേയും ഇഷ്ടംപോലെ കിളികള്‍ അവ്ട്യിണ്ട്ന്ന്‍ എല്ലാരും പറയണ്. എല്ലാറ്റിനേയും ഒരുമിച്ച് മോളില് നിന്ന്‍ കാണാൻ നല്ല ശേലായിരിക്കും. ഞാനൊന്നു കണ്ട്ട്ട് വരാച്ഛാ."

"താമസിക്കരുത് തിരിച്ചു വരാൻ. വേറെങ്ങും പോകരുത്."

'ഇല്ലച്ഛാ' എന്നു പറഞ്ഞ് അവൾ വീണ്ടും ഉയർന്നു. 

അലപ്ം ദൂരെയാണ്‌ പക്ഷികളുടെ താവളമായ മനപ്പറമ്പ്. നേരിട്ട് പറക്കുമ്പോൾ കുറച്ചേ ഉള്ളു. കൊത്തും കിളയുമില്ലാതെ കാടുപിടിച്ചു കിടക്കുന്ന പറമ്പ്. യക്ഷികളും പ്രേതങ്ങളും കുടിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന പറമ്പ്. ഭയം മാത്രം സമ്മാനിക്കുന്ന പറമ്പിലെ പുരാതനമായ മരങ്ങളിലെല്ലാം വിവിധയിനം പക്ഷികൾ താവളമാക്കിയിരിക്കയാണ്‌. മറക്കാനാവാത്ത മായക്കാഴ്ചക്കൾ മായയുടെ മനം നിറച്ചു.

അനാവശ്യ കോലാഹലങ്ങളില്ലാതെ നിലാവിൽ മർമ്മരം പോലെ തങ്ങിനിൽക്കുന്ന കുറുകലും മൂളലും. മായയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പക്ഷികളിൽ ചിലവ ബലമില്ലാതെ പറന്നു താണുകൊണ്ടിരുന്നു. മായ മുകളിലായി വട്ടം കറങ്ങിനിന്ന് കാഴ്ചകൾ ആസ്വദിച്ചു. ഇലകൊഴിഞ്ഞ മരങ്ങളും തളിർത്ത മരങ്ങളുമെല്ലാം ചന്തമുള്ള കിളികൾ കയ്യടക്കിയിരിക്കുന്ന കാഴ്ച എത്ര സുന്ദരം. വള്ളിപ്പടർപ്പുകളിലെ കുഞ്ഞിക്കിളികളും വലിയ മരങ്ങളിലെ വെള്ളക്കൊക്കുകളും പാറാടയുമെല്ലാം നിദ്രയിൽ തന്നെ. തളിർത്തു നിൽക്കുന്ന മരക്കൊമ്പുകളിൽ കൂണു മുളച്ചു പൊന്തിയതുപോലെ നിരന്ന വെള്ളക്കൊക്കുകൾ തന്നെ കൂടുതൽ മനോഹരം. അവയ്ക്കു മുകളിൽ ചുറ്റിപ്പറന്ന് ഒരോന്നും വീക്ഷിച്ചുകൊണ്ടിരുന്ന മായ പെട്ടെന്നൊരു വെടി ശബ്ദം കേട്ടു.

ഉറക്കം നഷ്ടപ്പെട്ട പക്ഷികളെല്ലാം കലപില കൂട്ടി ചുറ്റും ദുർബലമായി പറന്നുനിന്നു. വെടിയേറ്റ ഒരു വെള്ളക്കൊക്ക് മരത്തിന്റെ ചില്ലകളിൽ തട്ടിത്തടഞ്ഞ് നിലത്തേക്കുരുണ്ടു വീണു. ചതിച്ചു പിടിക്കുന്ന പക്ഷിവേട്ടക്കാരുടെ ക്രൂരതയിൽ മായയുടെ മനസ്സുരുകി. കൈകാലുകൾ തളരുന്നതുപോലെ തോന്നിത്തുടങ്ങി.

കൊക്കുകളും കാക്കയുമെല്ലാം ചിതറിപ്പറന്നുക്കൊണ്ടിരുന്നു. പക്ഷികളുടെ ദയനീയമായ കരച്ചിൽ നിലാവിന്‌ കറുപ്പുനിറം സമ്മാനിച്ചു.
വീണ്ടും വെടി ശബ്ദം!
മായയുടെ തല പെരുത്തു. പിന്നെ ഒന്നും ഓർമ്മയില്ല. കൊക്കുകളൊഴിഞ്ഞ മരക്കൊമ്പുകൾക്കിടയിൽ വെളുത്ത വവ്വാലിന്റെ ചലനമറ്റ ശരീരം തടഞ്ഞു കിടന്നു.
                                      ----------------------------
*പാറാട----വവ്വാല്‍

( ബെഞ്ചാലിയുടെ ജൈവതാളം തെറ്റിക്കുന്ന ജനിതക മാറ്റം 
എന്ന ലേഖനം വായിച്ചപ്പോള്‍ മുതല്‍ ഒരു കഥ എഴുതണം എന്ന് തോന്നി.)
ഈ മഷിയില്‍ പ്രസിദ്ധീകരിച്ചത്.


(കഥ കേള്‍ക്കണം എങ്കില്‍ എന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം)








1/2/13

വഴി പിഴയ്ക്കുന്ന നോട്ടങ്ങള്‍ ....

                                                                                                   01-02-2013



 “എത്രയൊക്കെ പൊതിഞ്ഞുവെച്ചാലും പെണ്ണിന്റെ ശരീരം ആണിന്റേതാകുമോ? ഇല്ലല്ലോ?” ജോജിയോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്.  വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുമ്പോൾ ദേഷ്യവും തോണുന്നുണ്ട്.

“എന്നാലും ടീഷര്‍ട്ടും ജീൻസും ധരിച്ച് നിന്റെ തനിച്ചുള്ള ദൂരയാത്ര അത്ര സുരക്ഷിതമാണോ പാറു? പ്രത്യേകിച്ചും ഡൽഹിയിൽ നിന്നു നാട്ടിലേക്ക്, അതും ക്രൂരമായ ലൈംഗികപീഡനത്തിനിരയായി ആ കുട്ടി മരിച്ച സമയത്തു തന്നെ” അല്പം മുഴുപ്പു കൂടിയ പാർവ്വതിയുടെ ശരീരഭാഗങ്ങൾ എപ്പോഴും ജോജിയിലുണ്ടാക്കുന്ന സംശയമായിരുന്നു അവളുടെ വസ്ത്രധാരണ രീതിയോടുള്ള ഇഷ്ടമില്ലായ്മയ്ക്ക് കാരണം.

“എതിർലിംഗത്തിൽ പെട്ടവരെ പരസ്പരം ആകർഷിക്കുന്നതിനും വംശപരമ്പര നിലനിർത്തുന്നതിനും സകല ജീവജാലങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യരെപ്പോലെ രണ്ടു വിഭാഗമായല്ലേ? പെണ്ണിനെ ആണാക്കാനോ, ആണിനെ പെണ്ണാക്കാനോ മാർഗ്ഗമൊന്നും അധികമില്ലല്ലോ? പിന്നെങ്ങനെ ഒരു പെണ്ണെന്ന സാധനത്തെ വസ്ത്രധാരണം കൊണ്ട് മറയ്ക്കാനാകും?” സംസാരിക്കുന്നത് സ്വന്തം ഭർത്താവിനോടാകുമ്പോൾ എനിക്ക് നാക്കിനെല്ലില്ലാതാകാറുണ്ട്.

“എന്നാൽ നീയിനി തുണി ഇല്ലാതെ നടന്നോ...”

“എന്തെങ്കിലും പറയുമ്പോ ഇമ്മാതിരിയുള്ള ‘ഞഞ്ഞാപിഞ്ഞാ’ വർത്താനം ബോറാണ്‌ട്ടോ.”

“പിന്നല്ലാതെ...മനുഷ്യനും മൃഗവും തമ്മിലുള്ള വേർതിരിവെങ്കിലും ഉണ്ടാവണ്ടേ?”

“ജോജി മീൻ ചെയ്യുന്നതെന്താ?“

”പാറൂന്റെ ശരീര പ്രകൃതിക്കനുസരിച്ച് ടീഷർട്ടും ജീൻസും ഒട്ടും ചേരില്ല“

”പച്ച മലയാളത്തിൽ പറഞ്ഞാ മൊലയുള്ള പെണ്ണുങ്ങൾ ടീഷർട്ട് ഇടാൻ പാടില്ലെന്ന് അല്ലേ? ജോജിയുടെ പ്രയാസം എന്നോടുള്ള സ്നേഹമാണെന്ന് എനിക്കറിയാം. മറ്റുള്ളവർ ഇങ്ങനെയെന്നെ കാണുമ്പൊ അവർക്കെന്തെങ്കിലും വേണ്ടാത്തത് തോന്നുമെന്ന ഭയം“

”അതെ. അതു തന്നെയാ പാറു ഞാൻ കാണുന്നത്.“

”ജോജിക്ക് എന്നെയല്ലാതെ വേറൊരു പെണ്ണിനെ ഇങ്ങനെ കണ്ടാൽ എന്തു തോന്നും?“

"ആരും കാണാതെ ഒന്നും അറിയാത്തതുപോലെ എല്ലാം ഒന്നു നോക്കിക്കാണും. മറ്റാരെങ്കിലും ആ പെണ്ണിനെ സൂക്ഷിച്ചു നോക്കുന്നതു കാണുമ്പൊ അവനോട് ദേഷ്യം തോന്നും.”

“അല്ലാതെ വേറൊന്നും തോന്നില്ലല്ലോ? പിന്നെന്തിനാ ആ പെണ്ണിനെ നോക്കുന്ന വേറൊരാളിനോട് ദേഷ്യം തോന്നണേ?”

“അങ്ങിനെയാണോ ഒരു പെണ്ണിനെ നോക്കാ?”

“അപ്പോ ജോജി നോക്കിയതോ?”

“അത് പിന്നെ...ഒരു പെണ്ണിനെ കണ്ടാ നോക്കീന്നിരിക്കും. എന്നാലും നോക്കുന്നേനൊക്കെ ഒരിതില്ലേ.”

“നമ്മൾ മറ്റൊരാളെ നോക്കുന്നതു കൊണ്ട് കുഴപ്പമില്ല, മറ്റൊരാൾ നോക്കുന്നതാണ്‌ നമുക്ക് പ്രയാസം അല്ലേ? നമ്മേപ്പോലെയാണ്‌ അവരും എന്നു കരുതാൻ തോന്നാത്തതെന്താ? ആണ്‌ പെണ്ണിനേയും, പെണ്ണ്‌ ആണിനേയും നോക്കിയെന്നിരിക്കും. അതൊരു സ്വാഭാവിക പ്രക്രിയയാണ്. എന്തെങ്കിലും പ്രത്യേകതകളുള്ള സ്ത്രീകളെ കണ്ടാൽ അവരുടെ സൗന്ദര്യം ഞാനും നോക്കിനിൽക്കാറുണ്ട്. അപൂർവ്വമായി ആണുങ്ങളേയും നോക്കാറുണ്ട്.“

"അതാ കൊഴപ്പം. പെണ്ണുങ്ങളങ്ങനെ നോക്കാൻ പാടുണ്ടോ?”

“ജോജിയിപ്പോഴും ഏതു നൂറ്റാണ്ടിലാ...? മാറ്റങ്ങളെ സ്വീകരിക്കുന്നെന്നു പറയുമ്പോഴും പഴയ ശീലങ്ങളെ തിരുത്താൻ മനസ്സ് തയ്യാറാകുന്നില്ല. രണ്ടും കൂടി എങ്ങിനെയാ ഒത്തു പോകുക?”

“മാറ്റം എന്നു പറഞ്ഞാ തോന്നിവാസമല്ല. തോന്നിയതു പോലെ എന്തും കാണിച്ചു നടക്കാമെന്നല്ല.”

“ഒരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് എന്തു തോന്നിവാസമെന്നാണ്‌ പറയുന്നത്? മാറ്റങ്ങളിൽ ചില പിഴവുകൾ സംഭവിക്കുന്നുണ്ട്. അതോരോരുത്തരും ജീവിക്കുന്ന ചുറ്റുപാടിനും സംസ്ക്കാരത്തിനും അനുസരിച്ച് ശരിയും തെറ്റുമായിരിക്കാം. മനുഷ്യന്റെ പെരുകിക്കൊണ്ടിരിക്കുന്ന ആർത്തിയുടെ ഫലമാണത്. ഞാൻ പറയുന്നതു മാത്രമാണ്‌ ശരി എന്ന തോന്നൽ.”

“നീയെന്താ പ്രസംഗിക്കാൻ തന്നെ തീരുമാനിച്ചോ? വർത്താനം പറഞ്ഞു നിന്നാ ട്രെയിൻ അതിന്റെ പാട്ടിനു പോകും.” പാർവ്വതി പറഞ്ഞു തുടങ്ങിയാൽ നിറുത്തില്ലെന്ന് ജോജിക്ക് നന്നായറിയാം. 

ചെറുപ്പം മുതലേ മുത്തശ്ശിയോടുള്ള അവളുടെ അടുപ്പത്തിന്‌ ഇന്നും കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഒന്നര കൊല്ലമായി മുത്തശ്ശിയെ കാണാൻ പോകാതിരുന്നതിന്‌ ഒരു ന്യായവും നിരത്താൻ അവൾക്കാകില്ല. ഇപ്പൊഴെങ്കിലും പോകുന്നത് സുഖമില്ലെന്നറിഞ്ഞതുകൊണ്ടാണ്. ഒരു നായരു പെണ്ണ്‌ നസ്രാണിച്ചെക്കനെ സ്നേഹിച്ചപ്പോൾ എല്ലാ സഹായവും ചെയ്തു കൊടുത്തത് മുത്തശ്ശിയാണെന്ന്‍ അവൾ കൂടെക്കൂടെ പറയാറുണ്ട്. അവർക്ക് സുഖമില്ലെന്നറിഞ്ഞാൽ പാറുവിന്‌ ഇരിക്കപ്പൊറുതിയുണ്ടാവില്ല ഈ ഡൽഹിയിൽ. അവളെ ഇത്രയേറെ സ്വാധീനിക്കുന്ന മുത്തശ്ശി എന്നതുകൊണ്ടു മാത്രമാണ്‌ അവൾ ഈ സമയത്ത് പോകാൻ തീരുമാനിച്ചത്. അല്ലെങ്കിൽ കഴിഞ്ഞ അഞ്ചു ദിവസമായി ഡൽഹിയിലെ സമരത്തിൽ ഊണും ഉറക്കവും നഷ്ടപ്പെടുത്തി പങ്കെടുക്കുന്ന പാറുവിന്‌ ഒരു നിമിഷം പോലും അവിടെനിന്നു വിട്ടു നിൽക്കാനാവില്ല.

“സമയം ഇനിയുമുണ്ടല്ലോ. ഒരു കാര്യം പറഞ്ഞതു മുഴുവനാക്കാതെ പോയാ എനിക്ക് സമാധാനമുണ്ടാകില്ല.” പാർവ്വതി ഒഴിഞ്ഞുമാറാനുള്ള ഭാവമില്ലായിരുന്നു.

“എന്തായാലും പാറൂന്റെ ഈ വേഷത്തോട് എനിക്ക് യോജിപ്പില്ല”

“ഞാൻ നേരത്തേ പറഞ്ഞതാണ്‌ അതിന്റെ കാരണം. പഴയത് വിടാനും പാടില്ല, പുതിയത് വേണന്താനും. മാറ്റങ്ങൾ സംഭവിക്കുമ്പൊ എപ്പഴും ഇങ്ങനെയാണ്. കമ്പ്യൂട്ടർ വന്നപ്പോഴത്തെ സ്ഥിതിയും ഇതായിരുന്നു. ജോലി നഷ്ടപ്പെടും എന്ന അപ്പോഴത്തെ ആശങ്ക ശക്തമായിരുന്നു. പക്ഷെ ഇപ്പോഴോ?”

“കമ്പ്യൂട്ടർ പോലാണോ വസ്ത്രധാരണം?”

“ദേ പിന്നേം മുട്ടുന്യായം. എനിക്ക് ദേഷ്യം വരണ്‌ണ്ട് ജോജി. മാറ്റം സംഭവിക്കുമ്പൊ പഴയ രീതികൾ അതേപടി നിലനിക്കില്ല. ശരിയല്ലെന്ന് ഇപ്പൊ തോന്നുന്നത് പിന്നീട് ശരിയായിത്തീരും. അല്ലെങ്കി ജോജിയൊന്നാലോചിച്ചു നോക്ക്, ഒരു പെൺശരീരം കാണുമ്പോളവളുടെ വസ്ത്രധാരണം മൂലം മറ്റുള്ളവരിൽ സൃഷ്ടിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന വികാരം ഇല്ലാതാകണം. ഇങ്ങിനെ കണ്ടുകണ്ട് തന്നെയല്ലേ അത് ഇല്ലാതാകുക? അങ്ങനെയല്ലേ അത് പരിഹരിക്കപ്പെടു. അല്ലെങ്കിൽ നാളെ ഇതേ പ്രശ്നങ്ങള്‍ തന്നെ വീണ്ടും ഇണ്ടാകില്ലേ? മറ്റു രാജ്യങ്ങളിൽ അല്പവസ്ത്രം ധരിച്ചു നടക്കുന്നവരെ ഇത്തരം ദ്രോഹങ്ങൾ ബാധിക്കാത്തതിൽ നിന്ന് ഒരു കാരണം ഇങ്ങനെ പരിഹരിക്കപ്പെടുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.”

“അതുകൊണ്ടാണ്‌ പീഡനം ഉണ്ടാകുന്നത് എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. നമ്മുടെ സംസ്ക്കാരം നിലനിർത്തിയുള്ള മാറ്റങ്ങൾ ആവാം എന്നേ പറയുന്നുള്ളു.”

"ജോജി മനസ്സിൽ കൊണ്ടു നടക്കുന്ന സംസ്ക്കാരത്തിനു മാറ്റം സംഭവിക്കാതെ മറ്റെല്ലായിടത്തും ആയിക്കോട്ടെ എന്നല്ലേ? അങ്ങിനെ നടക്കുമോന്ന് ജോജി തന്നെ ഒന്നാലോചിച്ചു നോക്ക്. ജോജിയെന്ന നസ്രാണിച്ചെക്കൻ പാർവ്വതിയെന്ന നായരു പെണ്ണിനെ കെട്ടിയത് ഈ പറയുന്ന സംസ്ക്കാരം ബലി കഴിക്കാതെയാണോ? എന്റെ മുത്തശ്ശിക്കുണ്ടായ മാറ്റമെങ്കിലും ജോജിയെപ്പോലെയുള്ള ഒരു യുവാവിനു വേണ്ടേ?“

”സമ്മതിച്ചു പാറുക്കുട്ടി. ഞാൻ തർക്കത്തിനില്ല. നമുക്ക് സ്റ്റേഷനിലേക്കു പോകാം.“

"ജോജി കൂടെ ഉണ്ടായിരുന്നെങ്കിൽ യാത്ര രസമായേനേ. ഇതിപ്പോ ഞാൻ തനിച്ചു പോയി വരണ്ടേ?”

“ഒരാഴ്ചയിലെ കാര്യമല്ലേ ഉള്ളു. ഇയർ എൻഡിങ്ങിൽ എനിക്ക് ലീവ് കിട്ടില്ലാന്ന് നിനക്കറിയില്ലേ പാറു?”

ട്രെയിനിനകത്ത് നല്ല തിരക്കായിരുന്നു. റിസർവേഷൻ കമ്പാർട്ടുമെന്റാണെന്നുള്ളത് കേരളം വിട്ടാൽ മറ്റൊരിടത്തും ബാധകമല്ലാത്തതു പോലെയാണ്‌ ജനബാഹുല്യം കാണിക്കുന്നത്. ഒരു കണക്കിനാണ്‌ സ്വന്തം സീറ്റ് നമ്പർ കണ്ടുപിടിച്ച് തിങ്ങിക്കൂടി ഇരുന്നത്. ഭാഗ്യത്തിന്‌ ജനാലയോടു ചേർന്ന സീറ്റു തന്നെ കിട്ടി. 

അല്പനേരത്തേയ്ക്ക് ട്രെയിനിനകത്തെ അന്തരീക്ഷവുമായി ഒത്തുചേരാൻ പ്രയാസം തോന്നി. ആകെ കലപില ബഹളം. 

എന്തായിരിക്കും മുത്തശ്ശിക്കിങ്ങനെ സുഖമില്ലാതാകാൻ കാരണം? എന്റെ ഓർമ്മയിലൊന്നും ഒരസുഖം വന്നതായി അറിയില്ല. ജോജിയുടെ അനിയൻ ഷിബർട്ട് ഫോൺ ചെയ്തു വിവരം പറഞ്ഞപ്പോൾ വിശദമായി പറഞ്ഞതുമില്ല. ‘മുത്തശ്ശിക്ക് സുഖമില്ല. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ചേട്ടത്തി ഇന്നു തന്നെ വരണം’ അത്രയേ പറഞ്ഞുള്ളു. കൂടെക്കൂടെ ഞാൻ വിളിച്ചിട്ടും അവനൊന്നും വിട്ടുപറഞ്ഞില്ല. പ്ലെയിനിനു വരാമെന്നു പറഞ്ഞപ്പോൾ അതിന്റെയൊന്നും ആവശ്യമില്ലെന്ന് അവൻ തന്നെ പറഞ്ഞു. മുത്തശ്ശിക്കു കാണണമെന്നു പറഞ്ഞാൽ കാര്യത്തിന്റെ കാരണം തിരക്കാതെ ഞാനോടിയെത്തും എന്നവർക്കറിയാം. ഇനി പ്രശ്നമുള്ള എന്തെങ്കിലും അസുഖമായിരിക്കുമോ? എങ്കിൽ ഷിബർട്ട് അല്പം കൂടി ഗൗരവം കാണിക്കുമായിരുന്നു.

എടി കാന്താരീ....

മുത്തശ്ശി ചെറുപ്പം മുതലേ എന്നെ അങ്ങിനെയാ വിളിക്കാ. എന്നെയായിരുന്നു മുത്തശ്ശിക്ക് ഏറ്റവും ഇഷ്ടം. കുളിച്ച് ചന്ദനക്കുറി തൊട്ട് വെളുത്ത ഒറ്റമുണ്ടുടുത്ത് ജാക്കറ്റുമിട്ട് നിന്നാൽ പൊക്കം കുറഞ്ഞു മെലിഞ്ഞ മുത്തശ്ശിക്ക് ഇപ്പോഴും നല്ല ശേലാണ്. ഞാൻ പെണ്ണല്ല ഒരാണാന്നും പറഞ്ഞത് മുത്തശ്ശി തന്നെ. ശരിക്കും പഴയ ആൾക്കാരിലെ പരിഷ്ക്കാരി. ഞാൻ ചെറുതായിരുന്നപ്പോഴാണ്‌ ആദ്യമായി അണ്ണാറക്കണ്ണന്റെ ഇറച്ചിയും മുയലിന്റെ ഇറച്ചിയും തവള ഇറച്ചിയുമൊക്കെ കഴിക്കുന്നത്. വീട്ടിൽ മുത്തശ്ശിയടക്കം മറ്റാരും ഒന്നിന്റേയും ഇറച്ചി കഴിക്കുമായിരുന്നില്ല. എന്നാലും പുതിയതായി എന്തെങ്കിലും കിട്ടിയാൽ മുത്തശ്ശി തന്നെ എല്ലാം വൃത്തിയാക്കി  എനിക്കു വറുത്തു മൊരിയിച്ചു തരും. എന്നിട്ട് ഞാൻ തിന്നുന്നതും നോക്കി താടിയ്ക്കും കൈകൊടുത്ത് അങ്ങനെ ഇരിക്കും.

ഒരു മഴക്കാലത്താണ്‌ തവള ഇറച്ചി ആദ്യമായി കഴിക്കുന്നത്. തവള എന്നു കേൾക്കുമ്പോൾ ഒരറപ്പു തോന്നിയിരുന്നു ആദ്യമാദ്യം. മഴ പെയ്ത് തെങ്ങിന്റെ തടത്തിലൊക്കെ ധാരാളം വെള്ളം കെട്ടിക്കിടക്കുണ്ടാകും. തടം കോരി മാടിവെച്ച തെങ്ങിന്റെ ചുറ്റുമുള്ള തിണ്ടുകളിൽ വളർന്ന ചെടികൾക്കിടയിൽ മഞ്ഞത്തവള തല പുറത്തേക്കാക്കി ഇരിക്കുന്നതു കാണാം. മുത്തശ്ശി നീളമുള്ള പച്ചീർക്കിലികൊണ്ട് കുടുക്കുണ്ടാക്കിയാണ്‌ തവളയെ പിടിക്കുക. എന്നിട്ട് അതിന്റെ അരയ്ക്കു മുകളിൽ വെച്ച് കട്ടു ചെയ്തെടുക്കും. അരയ്ക്കു കീഴെയുള്ള ഭാഗം മാത്രമേ എടുക്കു. പിന്നെ തൊലി പൊളിച്ച് വെള്ളത്തിൽ കഴുകിയെടുത്താൽ വളരെ നേർത്ത മാംസത്തിനു തെളിച്ചമുള്ള വെള്ളത്തിന്റെ നിറം പോലെ തോന്നിക്കും. അപ്പോൾ അറപ്പ് തോന്നില്ല. പാകം ചെയ്യാതെ തന്നെ എടുത്തു തിന്നാൻ തോന്നും.

മുത്തശ്ശിയാണ്‌ എന്നെ എല്ലാം പഠിപ്പിച്ചത്. നാലാളുടെ മുന്നിൽ തന്റേടത്തോടെ നിവർന്നുനിന്ന് പെണ്ണെന്ന ഭയം കൂടാതെ സംസാരിക്കാൻ പഠിപ്പിച്ചത്..പ്രായത്തിനനുസരിച്ച് കഥകൾ പറഞ്ഞു തന്നത്...അങ്ങിനെ എല്ലാം. വറ്റാത്ത കിണർ പോലെയായിരുന്നു മുത്തശ്ശിയുടെ കഥകളുടെ ശേഖരം.

വ്യത്യസ്ഥ പ്രായങ്ങളിൽ ഒരോർമ്മപ്പെടുത്തൽ പോലെ ഒരു കഥ തന്നെ പലവട്ടം പറഞ്ഞു തന്നിരുന്നത് പെണ്ണുങ്ങളുടെ മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിന്റേതായിരുന്നു. അതെന്നെ വളരെ പ്രയാസപ്പെടുത്തിയിരുന്നു പല സന്ദർഭങ്ങളിലും!

മുത്തശ്ശിയോടൊപ്പം ചെറുപ്രായത്തിലേക്കു നടക്കുന്നതിനിടയിൽ രണ്ടുമൂന്നു സ്റ്റേഷൻ പിന്നിട്ടത് അറിഞ്ഞില്ല. സാമാന്യം വലിയൊരു സ്റ്റേഷനിലാണ്‌ ട്രെയിനിപ്പോൾ. ട്രെയിനിനകത്തെ ശേഷിച്ച തിരക്കുകൂടി പുറത്തേക്കൊഴുകി. സീറ്റുകൾ പലതും കാലിയായി.

ഞാനിരിക്കുന്ന സീറ്റിൽ എന്നെക്കൂടാതെ ഇപ്പോഴുള്ളത് അൻപതിനു മുകളിൽ പ്രായം തോന്നിക്കുന്ന ഭാര്യയും ഭര്‍ത്താവുമാണ്. എതിർവശത്തെ മൂന്നു സീറ്റും ഒഴിഞ്ഞു കിടക്കുന്നു. ഇവിടെനിന്ന് ആ സീറ്റുകളിലേക്കും ആളെത്തുമായിരിക്കും.

എറണാക്കുളത്തേക്കാണ്‌ അവർ പോകുന്നതെന്നു പറഞ്ഞ് പരിചയപ്പെടുമ്പോഴും കോറം തികയാൻ എത്തേണ്ടവർ ആരൊക്കെയെന്ന തിരച്ചിലിലായിരുന്നു എന്റെ കണ്ണുകൾ. കൂടെക്കിട്ടിയിരിക്കുന്നത് പാവങ്ങളാണ്‌, വിശ്വസിക്കാം എന്നു മനസ്സിൽ കണക്കു കൂട്ടിയപ്പോൾ ഒരു ബാഗും തൂക്കിപ്പിടിച്ച് വിദ്യർത്ഥിയെപ്പോലെ തോന്നിക്കുന്ന ഒരുവൻ എന്റെ മുൻവശത്തെ സീറ്റിൽ വന്നിരുന്നു. ബാഗ് സീറ്റിനടിയിൽ തള്ളി ചെറിയൊരു വെപ്രാളത്തോടെ എന്നെ ആകെയൊന്നു നോക്കി സീറ്റിലിരുന്നു. ഒന്നുമറിയാത്തതു പോലെ ഞാനവന്റെ പെരുമാറ്റങ്ങൾ നോക്കിക്കണ്ടു.

കുറേ സമയം മുഖത്തോടുമുഖം നോക്കിയിരിക്കേണ്ടി വരുമ്പോഴത്തെ അങ്കലാപ്പൊന്നും അവനിൽ കണ്ടില്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു രൂപം കണ്ട ജിജ്ഞാസ അവനിലുണ്ടായിരുന്നു. പിന്നീടതൊരു മന്ദഹാസമായ് വിരിഞ്ഞ് ട്രെയിൻ യാത്രയിലെ സൗഹൃദമായി പരുവപ്പെടുകയായിരുന്നു. 

മുടിയല്പം നീട്ടി വളർത്തി റബർ ബാന്റിട്ട മറ്റൊരു ചെറുപ്പക്കാരൻ വിദ്യാർത്ഥിക്കരുകിൽ വന്നിരുന്ന് തടിച്ചൊരു ഇംഗ്ലീഷ് പുസ്തകമെടുത്ത് നിവർത്തി വായന തുടങ്ങി. ഒറ്റക്കാതിൽ കമ്മലിട്ട ആ താടിക്കാരൻ വേറൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ഭാവം അല്പം ജാട തോന്നിപ്പിക്കുന്നതായിരുന്നു. തലയുയർത്താതെ ഒളികണ്ണാലുള്ള നോട്ടം ഞാൻ അറിയുന്നില്ലെന്നായിരുന്നു താടിക്കാരന്റെ ധാരണ. നേരെ നോക്കിയാലുള്ള നോട്ടപ്പിശകിനൊരു മറ മാത്രമായിരിക്കുമോ പുസ്തകം വായന? അതോ മറ സൃഷ്ടിച്ചുള്ള ഓളിഞ്ഞു നോട്ടത്തിനു വേണ്ടിയോ?

ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ സീറ്റിൽ ഒരു മദ്ധ്യവയസ്ക്കൻ വന്നിരുന്നത്. ചുമ്മാ ചെറിയൊരു നിരീക്ഷണത്തിനു ശേഷം സീറ്റിന്റെ അങ്ങേ തലയ്ക്കൽ നേരെ എതിർ ദിശയിലേക്കു നോക്കിയിരുന്നു, അയാളുടെ സ്വന്തം ചിന്തകളുമായി. ട്രെയിനിന്‌ സ്പീഡ് വർദ്ധിക്കുന്തോറും എല്ലാവരും പെട്ടികളും ബാഗുകളും ഒതുക്കി അവനവന്റെ മനോരാജ്യങ്ങളിൽ മുഴുകിയും പരസ്പരം പരിചയപ്പെട്ടവർ തമ്മിൽ ഇഷ്ടമുള്ള വിഷയങ്ങള്‍ പങ്കിട്ടും നേരം കളഞ്ഞുകൊണ്ടിരുന്നു.

ഇപ്പോൾ നേരെ മുന്നിലിരിക്കുന്ന വിദ്യാർത്ഥി എന്നോട് കൂടുതൽ ചിരിക്കാനും തമാശ പറയാനും തുടങ്ങിയിരിക്കുന്നു ചിരപരിചിതരെപ്പോലെ. അവന്റെ തമാശകളും പഠിപ്പിന്റെ വിശേഷങ്ങളും കേൾക്കാൻ ഞാനും താല്പര്യം പ്രകടിപ്പിച്ചു. താടിക്കാരന്‌ ഇതൊന്നും അത്ര രസിക്കുന്നില്ലെന്ന് ഇടയ്ക്കിടയ്ക്ക് അയാൾ തലയുയർത്തി വിദ്യാർത്ഥിയെ നോക്കുന്നതു കാണുമ്പോൾ എനിക്കു തോന്നി. വിദ്യാർത്ഥി അതൊന്നും ഗൗനിക്കാതെ സംസാരത്തിലെ ആഹ്ളാദത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. എങ്കിലും താടിക്കാരൻ തലയുയർത്താതെ എന്നേയും തലയുയർത്തി വിദ്യാർത്ഥിയേയും നോക്കിക്കൊണ്ടേയിരുന്നു. ഇവിടെയിരിക്കുന്ന അഞ്ചു പേരുമായി ബന്ധമില്ലെന്ന ഭാവേന മദ്ധ്യവയസ്ക്കൻ പുറത്തേയ്ക്കു തന്നെ നോക്കിയിരിപ്പാണ്‌. 

“ഒച്ചയും ബഹളവുമുണ്ടാക്കാതെ അടങ്ങിയൊതുങ്ങി ഇരുന്നൂടെ തനിക്ക്?” താടിക്കാരൻ പുസ്തകം അടച്ചുകൊണ്ട് വിദ്യാർത്ഥിക്കു താക്കീതു നൽകി. 

“ഞാനെന്ത് ബഹളം ഉണ്ടാക്കീന്നാ ഇയ്യാള്‌ പറയണ്‌?” വിദ്യാർത്ഥി തിരിച്ചു ചോദിച്ചു.

“വണ്ടിയിൽ കേറീതു മുതൽ തുടങ്ങീതാ പെണ്ണുങ്ങളെ കാണാത്തതു പോലെ ഒരു നോട്ടവും വാചകമടിയും...” താടിക്കാരനു കൈവന്ന സദാചാരപോലീസിന്റെ നിറം അവിടെയിരുന്ന ആർക്കും ദഹിച്ചില്ല. എല്ലാവരും അയാളെ ശ്രദ്ധിച്ചു. മറ്റുള്ളവരുടെ ശ്രദ്ധ അയാളിലേക്കു തിരിഞ്ഞത് വിദ്യാർത്ഥിയെ കൂടുതൽ കുറ്റപ്പെടുത്താൻ അയാളെ പ്രേരിപ്പിച്ചു.

“ഇത്തരം വായ്നോക്കികളാണ്‌ ആണുങ്ങളുടെ വെല ഇല്ലാതാക്കുന്നത്.”

ആരും ഒന്നും പറയാതിരുന്നപ്പോൾ എനിക്കെന്തോ വല്ലായ്ക തോന്നി. അപ്പുറവും ഇപ്പുറവും ഉള്ളവർ എത്തിനോക്കാനും തടിച്ചുകൂടാനും തുടങ്ങി. ആ വിദ്യാർത്ഥി എന്തെങ്കിലും തെറ്റു ചെയ്തെങ്കിൽ പോട്ടേന്നു വെക്കാം. ഒരു പെണ്ണിനെ കളിയാക്കിയെന്ന് ആരെങ്കിലും വെറുതെ ഒന്നു വിളിച്ചു പറഞ്ഞാൽ മതി കാര്യമറിയാതെ മറ്റുള്ളവർക്കു പ്രതിയെന്നു തോന്നുന്നവനെ എടുത്തിട്ടു പെരുമാറാൻ. സത്യമറിയാവുന്ന ഞാൻ തന്നെയാണ്‌ ഇതിവിടെ അവസാനിപ്പിക്കേണ്ടത്.

“ആ കുട്ടി തെറ്റൊന്നും കാണിച്ചില്ലല്ലോ? അധികം ഒച്ചയിലുമല്ല സംസാരിച്ചത്. പിന്നെന്തിനാ വെറുതെ ബഹളം ഉണ്ടാക്കുന്നത്?” ഞാൻ പറഞ്ഞു.

എന്റെ മറുപടി കേട്ട് തടിച്ചുകൂടാൻ തുടങ്ങിയവർ ഒഴിഞ്ഞുപോയി. താടിക്കാരന്റെ പക്ഷം ചേരാത്ത വാക്കുകൾ അയാൾക്ക് പ്രകോപനത്തിനു കാരണമായേക്കാം എന്നു ഞാൻ ഭയന്നു. പക്ഷെ താടിക്കാരൻ ഒന്നും പറഞ്ഞില്ല. ശബ്ദം പുറത്തു വരാതെ എന്തൊക്കെയോ അയാൾ പിറുപിറുത്തുകൊണ്ടിരുന്നു. എന്നിട്ടും പക്ഷം ചേരാൻ ആരെങ്കിലുമുണ്ടോ എന്നു തിരയുന്നുണ്ടായിരുന്നു.

“ദേ..ചേട്ടനൊന്നു നോക്ക്യേ...അവന്റെ കൊക്കിനെപ്പോലെയുള്ള നോട്ടം?” താടിക്കാരൻ തൊട്ടരുകിലിരുന്ന മദ്ധ്യവയസ്ക്കനെ കൂട്ടുപിടിക്കാൻ ശ്രമിച്ചു.

“ഞാനതൊന്നും ശ്രദ്ധിക്കാതെ എന്റെ പാടുനോക്കി ഇവിടെയിരിക്കയാണ്. നോക്കിയാലും കുഴപ്പം, നോക്കിയില്ലെങ്കിലും കുഴപ്പം. താനെന്തിനാ മറ്റൊരാളുടെ നോട്ടം നോക്കാൻ നടക്കുന്നേ? നോക്കനിയാ...ഇപ്പോ കാര്യങ്ങൾ വന്നുവന്ന് ആണും പെണ്ണും തമ്മിൽ ശത്രുക്കളായിരിക്കയാണ്. നിങ്ങളൊക്കെക്കൂടി ഒള്ളേനും ഇല്ലാത്തേനും ഒച്ചയുണ്ടാക്കുന്നതു കൊണ്ട് ആണുങ്ങളുടെ നോട്ടം പെണ്ണുങ്ങളെ പീഡിപ്പിക്കാനാണെന്നും, പെണ്ണുങ്ങളുടെ വായ തുറക്കുന്നത് ആണുങ്ങളെ വെറുതെ ചീത്ത വിളിക്കുകയാണെന്നുമുള്ള ഒരു ധാരണ ഈയിടെ വരുത്തിവെക്കാൻ കാരണമായിട്ടുണ്ട്. എന്തിനാ വെറുതെ ഇല്ലാത്ത കോലാഹലം ഉണ്ടാക്കുന്നത്?” മദ്ധ്യവയസ്ക്കന്‌ എല്ലാത്തിനോടും ഒരു പുച്ഛഭാവം.

താടിക്കാരൻ അതോടെ വീണ്ടും പുസ്തകം തുറന്ന് വായന തുടങ്ങി.

നേരം വെളുപ്പിനേ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി നിന്നു. ഷിബർട്ട് കാത്തു നില്പുണ്ടായിരുന്നു. എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ഞാൻ മുത്തശ്ശിയെക്കുറിച്ച് ചോദിച്ചു.

“അത് പേടിക്കാനൊന്നുമില്ല ചേട്ടത്തി. ചേട്ടത്തിയെ കാണാൻ ഒരു നമ്പറിട്ടതാ. മുത്തശ്ശിക്ക് ഒരസുഖവുമില്ല.”

ഷിബർട്ടിനോട് അപ്പോൾ തോന്നിയ ദേഷ്യത്തിന്‌ അതിരില്ലായിരുന്നു. അവനാണല്ലോ നുണ പറഞ്ഞ് ചെറുതായെങ്കിലും എന്നെ ഭയപ്പെടുത്തിയത്. മുത്തശ്ശി പറഞ്ഞാൽ എന്നെപ്പോലെത്തന്നെ അവനും മറുത്തൊന്നും പറയാൻ കഴിയില്ല.

“പെട്ടന്നിങ്ങനെ കാണണംന്ന് തോന്നാൻ എന്താ?”

“ഡൽഹിയിലെ കുഴപ്പങ്ങളിൽ നിന്ന് ചേട്ടത്തിയെ അകറ്റാൻ കൂടി മുത്തശ്ശി കണ്ടുപിടിച്ച വിദ്യയാ.”

"ഇതിത്തിരി കടന്ന കയ്യായിപ്പോയി ഷിബർട്ടേ.“

അസുഖമെന്നു കേട്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയിരുന്നു. ഇന്നത്തെ കാലത്ത് അസുഖം എന്നു കേൾക്കാനേ സമയം കിട്ടൂ. അതിനിടയിൽ എല്ലാം കഴിഞ്ഞിരിക്കും. 

ഗെയ്റ്റിൽ കാത്തു നിൽക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ അമ്പരപ്പു തോന്നി. മുത്തശ്ശിയിൽ ഇങ്ങനെയൊരു മാറ്റം തീരെ പ്രതീക്ഷിച്ചില്ല. ഉയരം കുറഞ്ഞ മുത്തശ്ശി ചുരിദാറിട്ടപ്പോൾ നല്ല ഉയരം! എന്തൊരു വേഷമാണ്‌ മുത്തശ്ശിയുടേത്? നാണമാകില്ലേ മുത്തശ്ശിക്ക്? കുളിച്ച് കുറി തൊട്ട് പഴയ വേഷം ധരിച്ചാൽ കാണാറുള്ള ചന്തവും തറവാടിത്തവും ഒന്നുമില്ലാതെ ഒരു കോമാളിയെപോലെ...ആദ്യം അതെല്ലാം ഊരിക്കളയിപ്പിച്ചിട്ടേ ഉള്ളു കാര്യം. ദേഷ്യത്തോടെയാണ്‌ കാറിൽ നിന്നിറങ്ങി മുത്തശ്ശിക്കരുകിലേക്കു നടന്നത്.

“ഇപ്പ്ളെങ്കിലും ഒന്ന് വരാൻ തോന്നീലോ ന്റെ കാന്താരിക്ക്...ന്നോട് ഒന്നും മിണ്ടണ്ട നിയ്യ്.” വയസ്സായ പിണക്കം പരിഭവിച്ചു.

“ന്റെ മുത്തശ്ശി എന്താ ഈ കാട്ട്യേക്കണേ? വയസ്സായാ നാണോല്യാണ്ടാവോ?അതൊക്കെ ഒന്നൂരിക്കളഞ്ഞ് ആ മുണ്ടെട്ത്തുട്ത്തേ.” മുത്തശ്ശിയെ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാളൃം എനിക്കുണ്ടായിരുന്നു.

“ഞാനെന്താ ഇടണ്ടേന്ന് നിയ്യാണോ തീർച്ച്യാക്കണേ!? നിയ്യെന്തിനാ ന്നങ്ങനെ നോക്കാമ്പോയേ!”

അത്രയും പറഞ്ഞ് ശോഷിച്ച കൈകൾ കൊണ്ടെന്നെ വരിഞ്ഞുമുറുക്കി വീടിനടുത്തേക്കു നടന്നു, എന്റെ മുഖത്തുനിന്ന് കെണ്ണടുക്കാതെ.

ഞാൻ ഞാനല്ലെന്ന് എനിക്ക് തോന്നാൻ തുടങ്ങി.
ആ ലാളനയിലെ സ്നേഹം ആസ്വദിക്കാനാകാതെ ഞാനാരാണെന്ന അന്വേഷണത്തിലായിരുന്നു എന്റെ സർവ്വസ്വവും.

2/1/13

അമ്മയുടെ കുഞ്ഞ്

                                                                                                02/01/2013

 മതിലിനോടു ചേർത്തി നീളമുള്ള ഏണി കിടത്തിവെച്ച് കണ്ടാരൻ വലിയ ഗയിറ്റ് തുറന്നു. ഗൾഫു പണത്തിന്റെ പൊലിമ പൊലിപ്പിക്കുന്ന മുറ്റം പിന്നിട്ട്  ഇരുനില വീടിന്റെ സിറ്റൗട്ടിലെ ഗ്രാനൈറ്റു പതിച്ച തറയിൽ കണ്ടാരന്റെ സങ്കോചമില്ലാത്ത നഗ്നപാദങ്ങൾ പതിഞ്ഞത് ചിരപരിചിതനെപ്പോലെ. ചെരുപ്പുപയോഗിക്കാത്ത കാലുകളിലെ അഴുക്കിന്റെ ബാക്കികൾ ഗ്രാനൈറ്റ് മടി കൂടാതെ സ്വീകരിച്ചു.

കണ്ടാരനല്ലാതെ മറ്റൊരാളായിരുന്നെങ്കിൽ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തിയുള്ള തറയിൽ അഴുക്കുപുരണ്ട പാദങ്ങളെ തൊടുവിക്കാൻ ഒന്നു ശങ്കിക്കുകയെങ്കിലും ചെയ്തേനെ. ശീലിച്ചു പോന്ന ശീലങ്ങളിൽ ഗ്രാനൈറ്റിനോളം ഉയർച്ച ലഭിക്കാത്തതുകൊണ്ടോ, ലഭിക്കാനിടയില്ലാത്ത ഗ്രാനൈറ്റിന്റെ സുഖം അനുഭവിക്കുന്നവരോടുള്ള പ്രധിഷേധം വൃത്തിയില്ലാത്ത കാലുകൾ ചവുട്ടിത്തീർക്കുന്നതോ? രണ്ടിലേതായാലും കണ്ടാരൻ അങ്ങിനെയാണ്‌. ഒരു ഹരിജനായതുകൊണ്ടോ ഹരിജൻ കോളനിയിൽ താമസിക്കുന്നതുകൊണ്ടോ തൊഴിൽ തെങ്ങുകയറ്റമായതുകൊണ്ടോ അല്ല. ഉള്ളവനും ഇല്ലാത്തവനും എന്ന തരം തിരിവിന്റെ വിദ്വേഷമാണത്.

തെങ്ങുമ്പൂവ്വിന്റെ തുണ്ടുകളും, കോഞ്ഞാട്ടയുടെ ഇറമ്പലും മൊരിയും വിയർപ്പുണങ്ങിയപ്പോൾ പശവെച്ചൊട്ടിച്ചതുപോലെ കുറിയ കറുത്ത മനുഷ്യന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നു. തെങ്ങുകയറ്റം കഴിഞ്ഞു വരുന്ന വരവായതിനാൽ കയറുകൊണ്ടുള്ള തളപ്പ് തലേക്കെട്ടുപോലെ തലയിൽ ഇരിപ്പുണ്ട്. വിയർപ്പു നാറ്റവും തെങ്ങിൽ ചൂരും കലർന്ന സമ്മിശ്ര ഗന്ധമാണ്‌ കണ്ടാരന്. നടുവിനു വീതി കൂടിയ വെട്ടുകത്തി, തോളിൽ കാലൻകുട ഞാത്തിയിടുന്നതുപോലെ പുറത്ത് ഞാന്നു കിടപ്പുണ്ട്.

അല്പം പോലും ശങ്കയില്ലാതെ മുൻവാതിൽ തുറന്ന് കണ്ടാരൻ അകത്തു കടന്നു.

മുഴുവൻ ശ്രദ്ധയും കമ്പ്യൂട്ടറിലെ ഫെയ്സ്ബുക്കില്‍ കേന്ദ്രീകരിച്ചിരുന്നതിനാൽ അന്‍വര്‍ കണ്ടാരന്റെ അപ്രതീക്ഷിതമായ ആഗമനത്തിൽ ഞെട്ടിപ്പോയി. തലേ ദിവസം കണ്ടാരന്റെ ഭാര്യ കാർത്തുവുമായുണ്ടായ സംഭവങ്ങൾ ഓർത്തുകൊണ്ടായിരുന്നു സന്ദേഹത്തോടെ അന്‍വര്‍ സീറ്റിൽ നിന്നെഴുന്നേറ്റത്. വേണം എന്നു വിചാരിച്ചല്ല, അങ്ങിനെയൊക്കെ സംഭവിക്കുകയായിരുന്നു.

ഉമ്മയും ഉപ്പയും ഇല്ലാതിരുന്നതു മാത്രമായിരുന്നില്ല, തനിക്കിന്നലെ കോളേജിൽ പോകാൻ തോന്നാതിരുന്നതും സാഹചര്യം അനുകൂലമാക്കിയിരുന്നു. കാർത്തു എത്രയോ നാളായി ഈ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നു? ചുരുക്കത്തിൽ ഒരു കുടുംബാംഗത്തെപ്പോലെ. കറുത്തതാണെങ്കിലും അംഗവടിവൊത്ത ലാവണ്യം കാർത്തുവറിയാതെ ഏറെ ആസ്വദിച്ചിരുന്നു. തന്നേയും ഉമ്മയേയും ഉപ്പയേയും പെരുത്തിഷ്ടമായിരുന്നു ഇന്നലെവരെ.   ഹരിജൻ കോളനിയിലെ സ്വഭാവദൂഷ്യങ്ങളേതുമില്ലാത്ത ഒരേയൊരു പെണ്ണായിരുന്നു കാർത്തു.

പിന്നെ എവിടെയാണ്‌ പിഴച്ചത്? വിവാഹം കഴിഞ്ഞ് പത്തുപതിനഞ്ചു വർഷം കഴിഞ്ഞിട്ടും അവർക്ക് കുട്ടികളുണ്ടായില്ലെന്ന കുറവു നികത്താൻ ഏതു വിട്ടുവീഴ്ചക്കും കാർത്തു തയ്യാറാകുമെന്നു കരുതിയിരുന്നുവോ? കണ്ടാരനിലും കാർത്തുവിലും ആർക്കാണ്‌ ശേഷിയില്ലാത്തതെന്ന്‍ തനിക്കറിയാമായിരുന്നോ? ഇല്ലല്ലോ...അപ്പോൾ അതല്ല കാര്യം. ചെയ്ത തെറ്റിനെ സ്വയം ന്യായീകരിക്കാൻ വഴി തേടുന്നതാണ്. പൂച്ചയെപ്പോലെ ആരും കാണാതെ കാർത്തുവിന്റെ ശരീരസൗന്ദര്യം ആവോളം കവര്‍ന്നെടുത്തപ്പോൾ അറിയാതെ മനസ്സിൽ പെരുത്ത ആഗ്രഹം അനുകൂല സാഹചര്യത്തിൽ മുതലെടുക്കുകയായിരുന്നില്ലേ? എന്തൊക്കെ ന്യായീകരണം കണ്ടെത്തിയാലും തെറ്റ് തെറ്റ് തന്നെ.

അകത്തു കയറിയ കണ്ടാരന്റെ മുഖത്ത് കോപം തിരയിളക്കം നടത്തി. വാതിലടച്ച് തോളിനു പുറകിൽ തൂക്കിയിരുന്ന വെട്ടുകത്തിയെടുത്ത് കണ്ടാരന്‍ വിറച്ചു. കാർത്തുവിനെപ്പോലെത്തന്നെ ശാന്തസ്വഭാവക്കാരനായിരുന്ന കണ്ടാരന്റെ പേശികൾ കോപംകൊണ്ടു വലിഞ്ഞു മുറുകുന്നത് ഇതാദ്യമാണ്‌.

“എന്താ ക..ണ്ടാ...രാ...?”പരിഭ്രമം അന്‍വറിന്റെ വാക്കുകളെ നന്നേ ക്ഷയിപ്പിച്ചിരുന്നു.

“നിനക്കൊന്നുമറീല്ലേടാ ചെള്‌ക്കേ?” കണ്ടാരൻ വെട്ടുകത്തിയോങ്ങി അന്‍വറിനോടടുത്തു. അഴുക്ക് പുരണ്ട ഇടതു കൈകൊണ്ട് അവന്റെ ഷർട്ടിനു കുത്തിപ്പിടിച്ച് കുലുക്കി. മുഴുവൻ ശക്തിയും വാർന്നു പോയ അന്‍വര്‍ മരണത്തെ മുന്നിൽ കണ്ടു. തടയാനോ ഒന്നെതിർക്കാനോ സാധിക്കാത്തത്ര ദുർബ്ബലനായി തീർന്നിരുന്നു അന്‍വറപ്പോൾ.

“പെലയന്മാര്‌ടെ മേത്ത് എന്തും ആകാന്നാണോ നിന്റെയൊക്കെ വിജാരം? ജീവിതത്തില്ന്ന്‌വരെ കണ്ടാരൻ ആര്‌ടിം മെക്കട്ട് കേറീറ്റ്ല്ല. വേണ്ടാദീനം കാട്ട്യാ ഈ വെട്ടോത്തി ആ തലിട്‌ക്കും. നിന്നെ ഇണ്ടാക്ക്യോരെ ഞാനൊന്ന് കാണട്ടെ” വെട്ടുകത്തി അന്‍വറിന്റെ കഴുത്തിനോടു ചേർത്തി വെച്ചാണ്‌ അത്രയും പറഞ്ഞത്.

കണ്ടാരൻ പിൻതിരിഞ്ഞു. അന്‍വറിനു ശ്വാസം നേരെ വീണു. തിരിച്ചു കിട്ടിയ പുതിയ ജന്മത്തില്‍ പൂണ്ടിറങ്ങുമ്പോഴും ഉമ്മയും ഉപ്പയും അറിഞ്ഞാലുള്ള കുഴപ്പങ്ങളിൽ വേവലാതി പൂണ്ടു.

കണ്ടാരനെപ്പോലെ പറയുകയായിരിക്കുകയല്ല അവർ ചെയ്യുന്നത്. തല കണ്ടിച്ച് താഴെയിടും. ഓർത്തപ്പോൾ ആധി കൂടി. എങ്ങിനേയും അവരെ അറിയിക്കുന്നതിൽ നിന്നും കണ്ടാരനെ തടയണം.

“ഉമ്മ്യേം ഉപ്പയേം അറീക്കര്‌ത്. ഞാൻ കണ്ടാരന്റെ കാല്‌ പിടിക്ക്യാം.” പുറകിൽ നിന്നുള്ള തൊണ്ടയിടറിയ കേഴൽ കണ്ടാരനെ രൂക്ഷമായൊന്നു തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചു.

അസാധാരണമായതൊന്നും സംഭവിക്കാത്തതുപോലെ കണ്ടാരൻ പടിയിറങ്ങി. ഗെയ്റ്റു കടന്ന് ഏണിയെടുത്തു തോളിൽ വെച്ചതും കാർത്തുവിനെക്കുറിച്ചോർത്തതും ഒരുമിച്ചായിരുന്നു.

സാഹചര്യം എന്തായിരുന്നാലും അന്യപുരുഷനോടൊത്ത് അല്പനേരമെങ്കിലും കഴിഞ്ഞവളാണ് കാര്‍ത്തു. അതവള്‍ക്കു നേരിട്ടു പറയേണ്ടിവന്നത് സഹിക്കാൻ തനിക്കാകും. പിന്നെപ്പിന്നെ സംശയത്തിനു വഴിവെയ്ക്കും. എല്ലാം തുറന്നു പറയുന്ന ശീലം, തന്നെ ദൈവതുല്യമായി കാണുന്ന വിശ്വാസം തന്നെ. ഇപ്പോഴിത് അവളെന്നെ അറിച്ചില്ലെങ്കിൽ നാളെ താനിതു കേൾക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയായിരിക്കുമോ?

കഴിഞ്ഞ പതിനാലു വർഷവും ഒരു കുഞ്ഞിക്കാലിനുവേണ്ടി മുട്ടാത്ത ദൈവങ്ങളോ ആശുപത്രികളോ ബാക്കിയില്ല. നേർച്ചകളും വഴിപാടുകളും ടെസ്റ്റുകളും മരുന്നുകളുമൊക്കെയായി ഇത്രയും വർഷങ്ങൾ. ഒടുവിൽ മാത്രമാണറിയുന്നത് തനിക്കൊരച്ഛനാകാൻ കഴിയില്ലെന്ന്. കാർത്തുവിനു കുഴപ്പമൊന്നും ഇല്ലെന്ന്. ഈ വിവരം കാർത്തുവിനെ അറിയിച്ചപ്പോൾ അവൾ പറഞ്ഞത് ‘നമുക്ക് നമ്മൾ മാത്രം മതിയെന്ന്‌’. സാമ്പത്തിക പരാധീനതകൾ തുടർന്നുള്ള ആശുപത്രി പരീക്ഷണങ്ങളിൽ നിന്ന്‍ വിലക്ക് കല്പിച്ചു. എങ്കിലും ഒരു കുഞ്ഞിനുവേണ്ടി മനസ്സ് വല്ലാതെ കൊതിച്ചുകൊണ്ടിരുന്നു.

തനിക്കച്ഛനാകാൻ കഴിയില്ലെന്ന അവളുടെ അറിവായിരിക്കുമോ ഇനി ഇങ്ങിനെയൊരു സാഹസത്തിന്‌ അവളെ പ്രേരിപ്പിച്ചിരിക്കുക എന്നു കരുതുന്നതിലും തെറ്റ് കണ്ടെത്താനാകുമോ?

കാടു കയറുന്ന ചിന്തകൾക്കു വിരാമമിട്ട് കണ്ടാരൻ വീട്ടിലേക്കു നടന്നു.

മൂന്നുനാലു ദിവസങ്ങൾക്കു ശേഷമാണ്‌ കാർത്തു അന്‍വറിന്റെ വീട്ടിൽ വീണ്ടും പണിക്കു പോയിത്തുടങ്ങിയത്. മാതാപിതാക്കളെ വിവരം അറിയിക്കാത്തതിലുള്ള ആശ്വാസം അന്‍വറിനു ലഭിച്ചു. എന്നിട്ടും കാർത്തുവിനെ കാണുമ്പോഴുള്ള ഭയവും വേണ്ടായ്കയും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. നേരിട്ടുള്ള ദർശനം ഒഴിവാക്കാൻ പരമാവധി അന്‍വര്‍ ശ്രമിച്ചിരുന്നു. കാർത്തു ആരും കാണാതെ അന്‍വറിനു നേരെ വെറുപ്പ് പ്രകടിപ്പിച്ചു. അപ്പോഴും അറിയപ്പെടാത്ത കൊതിയുടെ നാമ്പുകൾ മനസ്സിൽ ഉയരുന്നത് കാർത്തു അപ്പപ്പോൾ നശിപ്പിച്ചുകൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ കാർത്തുവിന്റെ മനസ്സിൽ പെരുമ്പറ മുഴക്കി.

അടുത്തടുത്ത് വീടുകൾ ഉണ്ടായിരുന്നിട്ടും അന്‍വറിന്റെ കീഴ്പ്പെടുത്തലിൽ ഒന്നൊച്ചയിടാൻ തോന്നാതിരുന്നതെന്താണ്‌? നിലനിർത്തിപ്പോന്ന നല്ല പേരിനു മുകളിൽ കളങ്കം പടർന്നെങ്കിലോ എന്ന ഭയമോ? കണ്ടാരനോടു പറഞ്ഞാൽ എല്ലാം മനസ്സിലാക്കാൻ കഴിവുള്ള ആളെന്ന അമിതവിശ്വാസമോ? അപ്രതീക്ഷിതമായ ബലപ്രയോഗത്തിന്റെ പകപ്പ് കെട്ടങ്ങുമ്പോഴേക്കും കണ്ടാരന്‌ അച്ഛനാകാൻ കഴിയില്ലെന്ന സത്യം ഒരു വിങ്ങലായി പതുങ്ങിക്കിടന്നിരുന്നതോ? ആഗ്രഹിക്കാത്ത ഒരാഗ്രഹത്തിന്റെ സാദ്ധ്യതകൾ വീണുകിട്ടിയപ്പോൾ മുൻതൂക്കക്രമങ്ങളിൽ മാറ്റം വന്നതോ? നിർവ്വചിക്കാനാവാത്ത പുതിയൊരു സമ്മിശ്രവികാരത്തിന്റെ ആകെത്തുകയായിരുന്നു ആ സംഭവം.

ആശുപത്രിചികിൽത്സ അവസാനിപ്പിച്ച് കണ്ടാരനും കാർത്തുവും കുറച്ചുനാൾ തള്ളിനീക്കി. പിന്നീട് ഒരു കുഞ്ഞെന്ന ആഗ്രഹം രണ്ടുപേരിലും ശക്തമായത് ദത്തെടുക്കുക എന്ന ആശയവുമായാണ്. ഇടയിൽ സംഭവിച്ച അരുതാത്ത സംഭവം ദത്തെടുക്കലിനെ ഒന്നു തളർത്തിയിരുന്നു. കുട്ടിയെ നേടണമെന്ന മോഹം മനം മടുപ്പിക്കുന്ന അലച്ചിലിനെ ഒരു തരത്തിലും ബാധിച്ചില്ല. നാളെയത് നേടാനാകുമെന്ന വിശ്വാസം കൂടിക്കൊണ്ടിരുന്നു. നൂലാമാലക്കൾ പരിഹരിച്ച് ദത്തെടുക്കുക എന്നത് ശ്രമകരമായ കാര്യമാണെന്ന ഉപദേശങ്ങൾ കണ്ടാരനും കാർത്തുവും തള്ളിക്കളഞ്ഞു. പല സ്ഥാപനങ്ങളുടെ പടിയിറങ്ങിയിട്ടും ശ്രമം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല.

ഒരു മാസം കഴിഞ്ഞു. രണ്ടു മാസം കഴിഞ്ഞു..
ദത്തെടുക്കൽ പരിപാടിയും ഉപേക്ഷിക്കേണ്ട നിലയിലായി. ജാതിയാണ് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കുട്ടിയെ നൽകാൻ സന്നദ്ധരായ പല സ്ഥാപനങ്ങളും  അവരുടെ മുഖങ്ങളിൽ നിന്നു ജാതി ഗണിച്ചെടുത്ത് മറ്റു കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോൾ ചിലർ ജാതി നേരിട്ടു ചോദിച്ച് ഉറപ്പുവരുത്തിയാണ്‌ തിരിച്ചയച്ചത്.

മനുഷ്യനും സ്നേഹവും എന്ന പരിഗണനയ്ക്കപ്പുറത്തേക്ക് ഒരു കുഞ്ഞു വളരേണ്ട അന്തരീക്ഷത്തിന്‌ മേൽക്കോയ്മയുടെ അധികാര സ്വരം ഈ വക സ്ഥാപനങ്ങളുടെ എഴുതപ്പെടാത്ത വ്യവസ്ഥകളായിരുന്നു എന്നവര്‍ നേരിട്ടറിഞ്ഞു. എഴുതിവെക്കാൻ സ്വത്തില്ലെന്ന ന്യായം നിരത്തുമ്പോൾ അതൊന്നുമല്ല കാര്യമെന്നു കണ്ടാരനും കാർത്തുവും തീർച്ചപ്പെടുത്തിയത് കുറഞ്ഞ സമയത്തെ അനുഭവങ്ങളിലൂടെ ആയിരുന്നു.

“ഇനിക്കൊര്‌ സംസ്യം?” കാർത്തു കണ്ടാരനോടായി പറഞ്ഞു.

“ന്താ കാർത്തു?”

“രണ്ട് മാസായിറ്റ് ഞാൻ പൊറത്തായ്റ്റ്ല്ല....”

“അപ്പൊ നിനക്ക് വയ്റ്റ്ല്‌ണ്ടോ?”

“ഒറപ്പല്ല.മ്മ്ക്ക് ആസ്പത്രില്‌ ഒന്ന് പോയാലൊ?” കാർത്തു സന്തോഷത്തോടെയല്ല അതു പറഞ്ഞത്.

ആശുപത്രിയിൽ നിന്നുള്ള സ്ഥിരീകരണം പുതിയ ചിന്തകൾക്കും തീർച്ചയില്ലാത്ത വിവിധ വികാരങ്ങൾക്കും ഹേതുവായി.

“നമ്‌ക്ക്തിനെ കള്യാം.”രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ കണ്ടാരനെ ചേർത്തുപിടിച്ചുകൊണ്ട് കാർത്തു പറഞ്ഞു.

എന്തു പറയണമെന്ന് തീര്‍ച്ചയില്ലാതെ കണ്ടാരന്‍ ആശയക്കുഴപ്പത്തിലായി. ഒരറ്റവും പിടിയില്ലാതെ വ്യക്തമായ തീരുമാനം കണ്ടത്താനാവാതെ ഇരുട്ടിന്റെ ആഴത്തില്‍ മുങ്ങാംകുഴിയിട്ടുകൊണ്ടിരുന്നു.

“നിങ്ങളെന്താ ന്നോട് ഒന്നും മിണ്ടാത്തെ? ന്നോട് വെറ്‌പ്പായൊ കേട്ടപ്പൊ?"കാര്‍ത്തുവില്‍ സംശയം പുളിച്ചുതേട്ടലായി.

"നിന്നിനിയ്ക്ക് വെറ്‌ക്കാമ്പറ്റോടി ഈജമ്മം? അങ്ങനൊക്കെണ്ടായത് നിന്റെ തോന്ന്യാസങ്കൊണ്ടല്ലല്ലൊ? അത്പ്പൊ ഇങ്ങ്നൊക്കെണ്ടാവ്‌ന്ന് കര്‌തില്ലല്ലൊ. യിനി യെന്താ വേണ്ടേന്ന് മ്മ്ക്ക് ആലോയിക്കാം“

”ന്തായാലും ഒര്‌ മേത്തന്റെ കുഞ്ഞിനെ മ്മ്ക്ക് വേണ്ട. മ്മ്ക്കും നണോം മാനോംല്ലെ?“ ഒരു കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിൽ കാർത്തു നേരിടേണ്ടിവന്ന പൊള്ളിക്കുന്ന വാക്കുകളോടുള്ള പ്രതിഷേധമായിരുന്നു നിറഞ്ഞുനിന്നത്.

ഒരമ്മയാവണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. പക്ഷെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാൽ താനിത് കരുതിക്കൂട്ടി ചെയ്തതാണെന്ന് അങ്ങോര്‌ സംശയിക്കില്ലേ? എല്ലാ വഴിയും അടഞ്ഞപ്പോൾ ഭാഗ്യം കൊണ്ടാണ്‌ ഇതു സംഭവിച്ചത് എന്നും കരുതാം. എന്തു പറഞ്ഞാലും കുടുംബസമാധാനം ഇല്ലാണ്ടായിട്ട് ഒരു കുഞ്ഞുണ്ടായിട്ടെന്തിനാ...വേണ്ട.

“കാര്‍ത്തു പറഞ്ഞതാ ശരി. ഇല്ലെങ്കി ഇല്ലാന്നല്ലൊള്ളു. വേറെ വെഷമൊന്നും ഇണ്ടാവ്‌ല്ലല്ലൊ. നമ്മ്ക്കതിനെ ഒഴിവാക്കാം” കണ്ടാരനും കാർത്തുവിനെ അനുകൂലിച്ചു.

കണ്ടാരന്റെ തീരുമാനത്തില്‍ കാർത്തുവിന്റെ മനസ്സൊന്നു പിടഞ്ഞു.
നശിപ്പിക്കണം എന്നു പറഞ്ഞെങ്കിലും മനസ്സാഗ്രഹിച്ചിരുന്നത് അമ്മയാകാനുള്ള അടങ്ങാത്ത മോഹം തന്നെയായിരുന്നു. കണ്ടാരന്റെ തീരുമാനം കേട്ടപ്പോൾ ശമിക്കാത്ത ദാഹം വേദനയായി മാറി. നശിപ്പിക്കണം എന്ന് ചാടിക്കേറി പറയേണ്ടായിരുന്നു.

പെട്ടെന്നുൾക്കൊള്ളാൻ കണ്ടാരനും സാധിച്ചില്ല. തന്റേതല്ലാത്ത ഒരു കുഞ്ഞിനെ തന്റെ ഭാര്യ പ്രസവിക്കുക...ഓർക്കുന്തോറും കാർത്തുവിനോട് വെറുപ്പനുഭവപ്പെടുന്നതായി തോന്നി. അന്നവള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ അറിഞ്ഞെങ്കിലോ എന്നു ഭയപ്പെട്ടിരിക്കാം. എന്നാലും അവള്‍ എതിര്‍ക്കേണ്ടാതായിരുന്നില്ലേ. അവളെതിര്‍ത്തില്ലെന്നു എങ്ങിനെ കരുതാമ്പറ്റും? നിവൃത്തിയില്ലാതെ കീഴടങ്ങേണ്ടി വന്നുവെന്നതൊക്കെ ശരിയാണെങ്കിലും അന്‍വറിന്റെ ഒരു കുഞ്ഞിനെ അവൾ പ്രസവിക്കുന്നു എന്നോർക്കുമ്പോൾ അകല്‍ച്ച അടുത്തു വരുന്നതുപോലെ. എത്ര ശ്രമിച്ചിട്ടും അംഗീകരിക്കാൻ കഴിയുന്നില്ല.

ഒരു കുഞ്ഞെന്ന ചിന്തയിലേക്ക് കണ്ടാരൻ എത്തിനോക്കി. മറ്റെല്ലാ വഴികളും അടഞ്ഞിരിക്കുന്നു. നിരാശ്രയർക്ക് ദൈവം കാട്ടിത്തന്ന വഴിയായിരിക്കുമോ ഇത്? മൂന്നു പേർക്കല്ലാതെ മറ്റാർക്കും ഈ സംഭവം അറിയില്ല. അതിൽതന്നെ അന്‍വറിന്‌ ഇങ്ങിനെയൊരു ചിന്ത ഉണ്ടാകാനും വഴിയില്ല. താനൊരു ഷണ്ഡനാണെന്ന് അവനറിയില്ലല്ലൊ. കാർത്തുവിനു മാത്രമെ അതറിയാവു. അപ്പോൾപ്പിന്നെ കുഞ്ഞിന്റെ പിതൃത്വം അറിയാവുന്നവർ താനും കാർത്തുവും മാത്രം. മറ്റുള്ളവർക്കു മുന്നിൽ താനൊരു ഷണ്ഡനല്ലെന്നും കാർത്തുവൊരു മച്ചിയല്ലെന്നും തെളിയിക്കാൻ കിട്ടിയ സന്ദർഭം. ഒരു കുഞ്ഞിനെ ദത്തെടുത്താൽ അത് വളരുമ്പോൾ ഹരിജനാക്കി മാറ്റിയതിന്‌ ആ കുഞ്ഞ് പിന്നീട് വളര്‍ത്തിയവരെ കുറ്റപ്പെടുത്തിയേക്കാം. ആദ്യം മുതലേ ദത്തുസന്തതിയാണെന്നു പറഞ്ഞ് നാട്ടുകാരുടെ പരിഹാസം കേൾക്കേണ്ടി വരും.

മറിച്ചാകുമ്പോൾ പരിഹാസത്തിനു വഴിയില്ല. പരിഹാസത്തിനപ്പുറം കാർത്തുവിന്റെ കുഞ്ഞല്ലെന്നു തനിക്കും പറയാന്‍ കഴിയില്ലല്ലൊ? ദത്തെടുത്താൽ വളർത്തച്ഛനും വളർത്തമ്മയുമാണ്. കാർത്തുപോലും യഥാർത്ഥ അമ്മയാകുന്നില്ല. ഇവിടെയിപ്പോൾ കുഞ്ഞിന്റെ അമ്മ കാർത്തുവാണെന്ന നിഷേധിക്കാനാവാത്ത സത്യം സംശയാതീതവുമാക്കുന്നു, നാട്ടുകാർക്കു മുന്നിൽ തന്റെ കുഞ്ഞെന്ന ധാരണയും. ഇതല്ലെ കൂടുതൽ നല്ലത്? അന്‍വറാണെങ്കിൽ തൽക്കാലം ഇത്തരം ചൂഴ്ന്നു കിടക്കുന്ന ചിന്തകളിലേക്ക് കടന്നു വരില്ലെന്നു വ്യക്തം. അവനിനി തന്റേയോ കാർത്തുവിന്റേയോ മുഖത്തു നോക്കാൻ ധൈര്യപ്പെടില്ല. പ്രായത്തിന്റെ കാട്ടിക്കൂട്ടലുകളിൽ പൊങ്ങുതടി പോലെ ഒഴുകാനല്ലാതെ മറ്റെന്തറിയാൻ?

“കാർത്തു ഒറങ്ങ്യൊ?”

‘ഇല്ല’

“യെന്തിനാങ്ങ്നെ ആലോയിച്ച് കൂട്ട്ണേ? അതൊക്കെ വിട്ട്കള. കെടന്നൊറങ്ങാൻ നോക്ക്.”

"യെത്ര കൂട്ടിട്ടും കൂട്ണ്‌ല്ല ഒറങ്ങാൻ. കൊല്ലല്ലേന്നും പറഞ്ഞ് ഒര്‌ കുഞ്ഞിന്റെ നെറോളി ചെവ്ട്ടിലിങ്ങ്നെ മൂളാ." കാർത്തു കണ്ടാരനെ വരിഞ്ഞുമുറുക്കി ചേർത്തുപിടിച്ചു.

”എല്ലാത്തിനും ഒര്‌ വഴീണ്ടാവും. നീ സമാദാനായി ഒറങ്ങ്. സമയംണ്ടല്ലൊ. നാളെ നേരം വെള്‌ക്കട്ടെ. അന്ന്ട്ട് ഇന്തൂട്ടെങ്കിലും ചെയ്യാ.“

കൂരിരുട്ടിൽ അലിഞ്ഞിറങ്ങി അവരുറങ്ങി നാളത്തെ പുതുപ്രഭാതത്തിനു വേണ്ടി.

27/9/12

പരിണാമത്തിലെ പിഴവുകള്‍

                                                               270912

നട്ടുച്ചനേരത്ത് പുലിയിറങ്ങിയെന്ന വാർത്ത മലയുടെ താഴ്വരയിൽ കത്തുന്ന വെയിലുപോലെ പരന്നു.

കേട്ടവർ കേട്ടവർ മലയടിവാരത്ത് ഒത്തുകൂടി. പലയിടങ്ങളിലും പുലിയിറങ്ങിയെന്ന വിവരങ്ങള്‍ കേൾക്കാറുണ്ടെങ്കിലും ഇവിടെയിത് ആദ്യമായാണ്. പല വീടുകളിലേയും വളർത്തുമൃഗങ്ങളെ കാണാതായതിനും നാട്ടിലെ മൂന്നാലാളുകൾ അപ്രത്യക്ഷമായതിനും കാരണം ഈ പുലിയായിരിക്കുമോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചു. പിന്നെ വാർത്തയ്ക്ക് നീളം കൂടി. പുലിയെ ഓടിച്ചിട്ടു പിടിക്കുന്നത് റ്റീവികളിലൂടെ കണ്ടിരുന്നതിനാൽ ഇനി എന്തു ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായിരുന്നില്ല. ഒത്തുകൂടിയവർ കമ്പിയും വടിയും ശേഖരിച്ച് യുദ്ധത്തിനു തയ്യാറായി. നീളം കൂടിക്കൊണ്ടിരുന്ന വാർത്ത പുലിയോടുള്ള പ്രതികാരത്തിന്റെ തോത് ഇരട്ടിപ്പിച്ചു.

വെടിമേരിയുടെ പറമ്പിനപ്പുറം മുതലാണ്‌ ചെറിയ കുറ്റിക്കാടുകളോടുകൂടി മലയുടെ തുടക്കം. തുടർന്നങ്ങോട്ട് നരച്ച മൊട്ടക്കുന്നുപോലെ മല. നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി. അവശേഷിക്കുന്ന കുറ്റിക്കാടുകളിൽ മൃഗങ്ങളുടെ സുരക്ഷ, ഭീഷണി നേരിട്ടത് കൂടാതെ അന്നം തേടി നാട്ടിലിറങ്ങേണ്ട അവസ്ഥയ്ക്ക് കാരണമായി.

ഒറ്റപ്പെട്ട വീടാണ്‌ മേരിയുടേത്. താഴെനിന്നു അല്പം മുകളിലായി മലയിലേക്കു കയറി നില്ക്കുന്ന വീടായതിനാല്‍ താഴ്വാരക്കാഴ്ചകള്‍ ഒരു ചിത്രമെന്നപോലെ അവിടെനിന്നു കാണാനാകും. മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭയന്ന് മലയടിവാരത്തോടുചേർന്നു താമസിക്കാൻ പലരും ഭയപ്പെട്ടിരുന്നു. ദൂരക്കഴ്ചകൾ മറയ്ക്കുന്ന വീടിനുമുന്നിലെ ചെറിയ പച്ചപ്പുകൾ മേരിയുടെ തൊഴിലിനും കുടിലിനും അനുഗ്രഹമാണ്‌.

അന്ന്, മലയിറങ്ങിയ പുലി ആദ്യം കാണുന്ന മനുഷ്യത്തിയായിരുന്നു മേരി. ആദ്യമായി പുലിയെക്കണ്ട മേരി ഭയന്നുവിറച്ച് കുടിലിനകത്തേക്ക് ഓടിക്കയറി. അന്നും ഒരുച്ച സമയമായിരുന്നു. മുറ്റത്തുനിന്ന് പരിസരവീക്ഷണം നടത്തുന്ന പുലിയെ കുടിലനകത്തുനിന്ന് മേരി ഒളിഞ്ഞുനോക്കി. അല്പസമയത്തെ നിരീക്ഷണത്തിനുശേഷം പുലി കുടിലിന്റെ വാതിലിനോടഭിമുഖമായി കാലുകൾ നീട്ടിവെച്ച് മുറ്റത്ത് കിടന്നു.

മേരിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു. ശ്വാസഗതിയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ ആവത് ശ്രമിച്ചു. നിശ്ശബ്ദമായ അന്തരീക്ഷം ഭയത്തിന്റെ താവളമായപ്പോഴും ശ്രദ്ധ കൈവിടാതെ, കണ്ണെടുക്കാതെ, പുലി കാണാതെ, അകത്തുനിന്നുള്ള നോട്ടത്തിൽ കണ്ണൊന്ന് ചിമ്മാതിരിക്കാൻ പാടുപെട്ടു. ഒരനക്കം മതി, നോട്ടമൊന്ന് പിഴച്ചാൽ മതി പുലിക്ക് ചാടിവീഴാൻ.

എത്ര സമയം അതേ നില്പ് തുടർന്നുവെന്നറിയില്ല. ആദ്യഭയം കുറഞ്ഞു വന്നുവെന്നത് നേര്. ചെങ്കല്ലിന്റെ ചുവപ്പുനിറത്തിൽ കറുത്ത പുള്ളികളോടുകൂടിയ ഒത്തൊരു പുലി. ക്രമേണ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയത് ഭയത്തിന്റ ഭാരം കുറച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാനാകില്ലെന്ന പൂർണ്ണവിശ്വാസം നിർവ്വികാരാവസ്ഥയിലെത്തിച്ചു. പുലിയെ പാട്ടിലാക്കാതെയുള്ള മറ്റു വഴികളെല്ലാം ശൂന്യം.

ഇത്രസമയം അതവിടെ കാത്ത് കിടന്നതിനാൽ ഇനി എഴുന്നേറ്റു പോകുമെന്ന് കരുതാനും വയ്യ. അധികം വൈകാതെ ഇരുട്ട് വ്യാപിക്കും. അതിനുമുൻപ് പുലിയെ ഓടിച്ചില്ലെങ്കിൽ മരണം ഉറപ്പ്.

രണ്ടും കല്പിച്ചാണ്‌ മേരി വാതിൽ തുറന്നത്. ശബ്ദം കേട്ടപ്പോൾ പുലി തലയുയർത്തി നോക്കി. പിന്നെ പഴയപടി നീട്ടിവെച്ച കാലിൽ തല ചരിച്ചുവെച്ച് മേരിയെ നോക്കിക്കിടന്നു. ചങ്കിടിപ്പ് വർദ്ധിച്ചു. ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണുകളിലേക്കു നോക്കി വാതില്പടിയിൽ ഇരുന്നു. പറയുന്നത്ര ക്രൂരതയൊന്നും അതിന്റെ കണ്ണുകളില്‍ മേരിക്ക് കണ്ടെത്താനായില്ല. ശോകമൂകമായ ഒരു ദയനീയഭാവമായിരുന്നു അതിന്‌, മേരിയോടെന്തോ ആവശ്യപ്പെടുന്നതു പോലെ.

ഇരയെ പിടിക്കാനുള്ള ഒരടവായിരിക്കാം അത്. ഇനി ക്ഷീണംകൊണ്ടാവുമോ ഇങ്ങിനെ കിടക്കുന്നത്? ചിലപ്പോൾ പെൺപുലിയായിരിക്കും. ഗർഭിണി ആകാനും മതി. അപ്പോഴും ഒരു വയ്യായ്ക ഉണ്ടാവാമല്ലോ. വേറെ മൃഗങ്ങൾ കൂട്ടത്തോടെ ആക്രമിച്ചതായിരിക്കുമൊ? ഏയ്...അതാവാൻ വഴിയില്ല. അത്ര നിസ്സാരക്കാരനല്ലല്ലൊ പുലി. ഇരയുടെ ചലനം നോക്കി ചാടിവീഴാനായിരിക്കും ഈ കാത്തിരിപ്പ്. വിശന്നിട്ടാണെങ്കിലോ.....

പുലി നോട്ടം പിൻവലിച്ച് തളർന്നുകിടക്കുകയാണ്. ഇതുതന്നെ അവസരമെന്ന് മേരി മനസ്സിൽ കരുതി.അനക്കമുണ്ടാക്കാതെ കട്ടിളപ്പടിയിൽനിന്നെഴുന്നേറ്റു. പുലി പിടഞ്ഞെണീറ്റ് മേരിയെ നോക്കി. മേരി ഭയന്നുവിറച്ച് ഇളകാതെനിന്നു.

തൊണ്ട വരളുന്നു. ഉമിനീര്‌ വറ്റി. ശ്വാസമെടുക്കാൻപോലും പേടിതോന്നി. വീഴാൻ പോയതിനാൽ ഒരു കാലെടുത്ത് മുന്നോട്ടു വെച്ചു. പുലി പിന്തിരിഞ്ഞ് പതിയെ നടന്നു.

അല്പദൂരം നീങ്ങിയിട്ട് പുലി തലതിരിച്ച് മേരിയെ നോക്കി, അതേ ദയനിയ ഭാവത്തോടെ. പിന്നീട് വളരെ സാവധാനം കുറ്റിക്കാട്ടിലേക്ക് നടന്നുപോയി.

മേരിയുടെ കുടിലും കഴിഞ്ഞ് പത്തമ്പത് മീറ്റർ മാത്രം ദൂരെയുള്ള കുറ്റിക്കാട് പുലിക്കൊളിക്കാൻ സുരക്ഷിതമാണ്‌.

ശ്വാസം നേരെവീണ മേരി പുലിയുടെ പോക്കു നോക്കി മുറ്റത്തിറങ്ങിനിന്നു. ശരീരത്തിന്റെ വിറയൽ അവസാനിക്കുന്നില്ല. പുലി എന്നു കേൾക്കുമ്പോഴൊക്കെ മേരിയുടെ മനസ്സിൽ ഒരു രൂപമുണ്ടായിരുന്നു. കനാലുകളുള്ളിടത്തെ പച്ചപ്പ് നിറഞ്ഞ പറമ്പിൽ തടിച്ചുകൊഴുത്തു വളരുന്ന ഒരു മൂരിക്കുട്ടനെപ്പോലുള്ള രൂപം. ഇത് വെറുമൊരു പുലിക്കോലം. അതെഴുന്നേറ്റപ്പോഴാണ്‌ അതിനെ കൂടുതൽ ശ്രദ്ധിച്ചത്. വയറൊട്ടി തൊലിയെല്ലാം ഞാന്ന് തലമാത്രം വലുതായ ഒരു ജീവി. ഇതിന്‌ ഗർഭവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.

പുലി കുറ്റിക്കാട്ടിലൊളിച്ചിട്ടും മേരിയുടെ ചിന്തകൾ അവസാനിച്ചിരുന്നില്ല. ഇതാരെയെങ്കിലും ഉടനെ അറിയിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന്‍ വിട്ടുമാറാത്ത അത്ഭുതത്തിനിടയിലും മേരിക്ക് തീർച്ചയായിരുന്നു.

അങ്ങിനെയാണ്‌ മേരിയുടെ പറ്റുകാരിൽ മാന്യനായ ലാസറിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചത്.

"ഞാനൊരു കാര്യം പറഞ്ഞാ ലാസറേട്ടൻ വിശ്വസിക്ക്യോ?" ലാസർ, മേരിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചുതുടങ്ങിയപ്പോൾ ചോദിച്ചു.

"ആദ്യം കാര്യം കേക്കട്ടെ. എന്ന്ട്ടല്ലെ വിശ്വസിക്കണൊ വേണ്ടേന്ന് തീരുമാനിക്കാൻ?"

"എന്റെ മിറ്റത്ത് ഇന്നൊരു പുലി വന്നു. കൊറേ നേരം ഉമ്മറത്ത് കെടന്നു. പിന്നെ എഴ്ന്നെറ്റ് പോയി."

"ഹ.ഹ.ഹ. നിന്നെ വെറ്‌തെയല്ല ആളോള്‌ വെടിമേരീന്ന് വിളിക്ക്ണ്. നൊണ പറയണോരേം വെടീന്ന് തന്ന്യ പറയാ. നിനക്ക് എല്ലാങ്കൊണ്ടും യോജിച്ച പേരു തന്നെ. നിന്റെ മോന്ത കണ്ട് അത് മയങ്ങീട്ട്ണ്ടാവും...എന്നെ പേടിപ്പിച്ച് നിർത്താനല്ലെ നിന്റെ ഈ പുതിയ അടവ്. അത് എന്റട്ത്ത് ചെലവാവുല്യടി മോളേ..."

ഇനി ഇക്കാര്യം ആരോടും പറയേണ്ടെന്ന് മേരി തീരുമാനിച്ചു. മരണത്തിൽനിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ അന്നുറങ്ങി.

നേരം വെളുത്തിട്ടും പുലിയുടെ വിചിത്രസ്വഭാവംതന്നെയായിരുന്നു മേരിയുടെ ചിന്ത. മുറ്റത്തിറങ്ങി കുറ്റിക്കാട്ടിലേക്ക് നോക്കി. ഫലമുണ്ടായില്ല. അതിനെ ഇനിയും കാണണമെന്ന് ഒരു കൊതി. ഇന്നലെത്തന്നെ അത് മലകയറി അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ചെറിയ നിരാശയോടെ പല്ലു തേക്കുമ്പോൾ തൊട്ടുമുന്നിൽ പത്തുപതിനഞ്ചടി ദൂരെ പുലി നില്ക്കുന്നു. ഒന്ന് ഞെട്ടിയെങ്കിലും തീരെ ഭയം തോന്നിയില്ല. കുറച്ചുനേരം നോക്കിനിന്ന അത് വീണ്ടും തിരിച്ചുപോയി.

അധികം വൈകാതെ പുലിയും മേരിയും തമ്മിൽ ഭയമില്ലാത്ത ഒരടുപ്പം സംഭവിച്ചു. അതിനെ ഒന്നു തൊടണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. വളർത്തുനായയെപ്പോലെ മുറ്റത്ത് ചടഞ്ഞുകൂടികിടന്നാലും മേരി അടുക്കുമ്പോൾ അതെഴുന്നേറ്റു പോകും. കുടിലിനകത്തേക്കൊന്നും കയറില്ല.

ഇതിനെവിടെനിന്നാണാവോ ഭക്ഷണം കിട്ടുന്നതെന്ന് പലപ്പോഴും മേരി ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി വാങ്ങിക്കൊടുക്കും. അതെല്ലാം മടികൂടാതെ അകത്താക്കും. താഴ്വാരത്തിലെ ചില വീടുകളിൽ ആടുകളേയും പശുക്കുട്ടികളേയും കാണാതായെന്ന് കേട്ടപ്പോൾ കള്ളന്റെ കള്ളത്തരം ബോദ്ധ്യപ്പെട്ടു. ചില രാത്രികളിലെ നിറുത്താതെയുള്ള പട്ടികുരയും മേരി ഓർത്തെടുത്തു.

ഒരു ദിവസം സുമുഖനായൊരു ചെറുപ്പക്കാരൻ മേരിയെ തേടിയെത്തി. ആദ്യത്തെ സന്ദര്‍ശനമാണ്. മുഖം മാത്രമെ സുന്ദരമായുള്ളു. അവനൊരു പരാക്രമിയായിരുന്നു.

തിടുക്കത്തിൽ ഷർട്ടെടുത്തു തോളത്തിട്ട് പാന്റിന്റെ സിബ് വലിച്ചുകയറ്റിക്കൊണ്ട് അകത്തുനിന്ന് ധൃതിയിലവൻ പുറത്തേക്കു കടന്നു. വസ്ത്രം ധരിക്കുന്നതിനുപോലും സമയം തരാതെയുള്ള അവന്റെ തിടുക്കത്തിൽ സംശയം തോന്നിയ മേരി അവനു പുറകെ വിവസ്ത്രയായി മുറ്റത്തേക്കിറങ്ങി. പാന്റടക്കം ബെൽറ്റിനു കുത്തിപ്പിടിച്ച് അവനെ പിടിച്ചുനിർത്തി.

"കാശെവിടെ?"

"ആദ്യത്തേത് സാമ്പിളല്ലെ ചേച്ചി."

"അത് നിന്റെ അമ്മേടെ അടുത്ത്. എടുക്കട പട്ടി കാശ്." അതിലവൻ മേരിയെ തള്ളിമാറ്റി കവിളത്ത് ആഞ്ഞടിച്ചു.

മേരിക്ക് കണ്ണു മഞ്ഞളിച്ച് തല കറങ്ങുന്നതുപോലെ തോന്നി. മഞ്ഞളിച്ച കാഴ്ചയിൽ ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ എന്തോ ഒന്ന് അവനു മേലേയ്ക്ക് പതിക്കുന്നത് മേരി അവ്യക്തമായി കണ്ടു.

താഴെക്കിടന്ന്‍ പിടയുന്ന അവന്റെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് കുടഞ്ഞു. ഒന്നുരണ്ടു കുടച്ചിലോടെ അവന്റെ ചലനമറ്റു. മേരി പരിഭ്രമത്തോടെ ഒന്നും ചെയ്യാനാകാതെ മിണ്ടാട്ടംമുട്ടി ഭയന്നുവിറച്ചു. നഗ്നയാണെന്ന ബോധമൊന്നും അപ്പോൾ മേരിക്കില്ലായിരുന്നു. താഴെപ്പരന്ന ചോര കണ്ട് മേരിക്ക് ശരീരം തളരുന്നതുപോലെ തോന്നി.

ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നുവീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടുചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.

പിൻതിരിഞ്ഞ പുലി അവനെ കടിച്ചുവലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഭീകരദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന മേരി വിറയൽ വിട്ടുമാറാതെ അകത്തുകയറി വസ്ത്രം ധരിച്ചു.

ഒരാഴ്ചയെടുത്തു മനസ്സൊന്നു നേരേയാവാൻ. ദിവസവും പുലിയെ കാണാറുണ്ടെങ്കിലും അത് പഴയതു പോലെ അകലം പാലിച്ച് നിന്നതേയുള്ളു. ഇങ്ങിനെയൊരു സംഭവം നടന്നതായ എന്തെങ്കിലും ഭാവഭേദം അതിന്റെ മുഖത്ത് കാണാനില്ലായിരുന്നു. അങ്ങിനെയൊരു കഴിവ് കിട്ടിയിരുന്നെങ്കിലാശിച്ചു.

നാലഞ്ചു മാസത്തിനുള്ളിൽ ഇതുപോലെ മൂന്നു സംഭവം കൂടി ആവർത്തിച്ചു. മേരിയെ ഉപദ്രവിക്കുന്നതു കണ്ടാൽ പുലി അവന്റെ പണി കഴിച്ചിരിക്കും. മേരിയല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആദ്യ സംഭവം മനസ്സിലുണ്ടാക്കിയ ഭയപ്പാടുകൾ പിന്നീടുള്ള ഓരോന്നിലും കുറഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും കയർത്ത് സംസാരിക്കാനോ കൈയ്യേറ്റത്തിനൊ ശ്രമിച്ചാൽ അവരെ മയപ്പെടുത്താൻ നഷ്ടങ്ങൾ സഹിച്ചും മേരി പ്രത്യേകം ശ്രദ്ധിച്ചു. പുലിയോടു പറഞ്ഞാൽ അതിനു മനസ്സിലാകില്ലല്ലൊ. അത് മൃഗമല്ലേ....?

അന്ന്, തുടയില്‍ നക്കിയതുപോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞുപോകും.

ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലേ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര്‌ പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.

മുറ്റത്തേക്കിറങ്ങിനിന്ന് ബ്ലൗസഴിച്ച് ഇറയത്തേക്കിട്ടു. ബലൂണിൽ വെള്ളം നിറച്ചത് പോലെ മുലകൾ ഞാന്നു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് ഇറയത്തേക്ക് വീക്കി.

പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടുവന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല്‌ നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചുകിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തുനുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പിവന്നു.

പുലിയുടെ നാറ്റം കൂടിവരുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മേരി എഴുന്നേറ്റു, കൂടെ പുലിയും.

നല്ലതുപോലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. സോപ്പ് പതപ്പിച്ച് രോമങ്ങൾക്കിടയിൽ കയ്യിട്ട് തേച്ചുകഴുകി. പുലി അനങ്ങാതെ നിന്നുകൊടുത്തു. കുളി കഴിഞ്ഞപ്പോൾ പുലി ശരീരം വിറപ്പിച്ചൊന്നു കുടഞ്ഞു.

ചെറുതായൊന്ന് അറച്ചെങ്കിലും മേരിയോടൊപ്പം പുലി അകത്തുകയറി. കതകടച്ച മേരി പുലിയെ പിടിച്ച് അരുകിലിരുത്തി. രണ്ടു കൈകൊണ്ടും അതിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ദേഹത്തോടു ചേർത്തി നിറുകയിൽ ഉമ്മ വെച്ചു. പിന്നെ ചെവിയിൽ 'പുലിക്കുട്ടാ' എന്നു വിളിച്ചു. അപ്പോൾ മേരിക്ക് ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു. പൂച്ചക്കുട്ടികൾ കളിക്കുന്നതുപോലെ രണ്ടും കൂടി തറയിൽക്കിടന്ന് കുത്തിമറിഞ്ഞു.

രാത്രിയായപ്പോൾ 'പോ' എന്നു പറഞ്ഞ് മേരി പുറത്തേക്ക് കൈ ചൂണ്ടി. കൈ ചൂണ്ടിയ ഭാഗത്തേക്ക് പോയ പുലി അതേപോലെ തിരിച്ചുവന്നു. എന്തൊക്കെ ചെയ്തിട്ടും അത് പുറത്തു പോകുന്നില്ല. ഓടിക്കുമ്പോൾ വട്ടം കറങ്ങി താഴെക്കിടന്ന് ഉരുണ്ടുമറിയും. എന്തുപറഞ്ഞ് പുറത്താക്കും എന്നറിയാതെ മേരി കുഴങ്ങി.

ഇനിയും ഇവനോടൊത്ത് കളിച്ചിരുന്നാൽ ശരിയാവില്ലെന്നു കരുതി മേരി ഉടുപ്പെടുത്തിട്ടു. ആശ്ചര്യം... പുലിയിറങ്ങി പുറത്തേക്കു പോയി.

പുലിയും മേരിയും തമ്മിലുള്ള ചങ്ങാത്തം ആഴത്തിലുറച്ചു. മേരിയുടെ ആംഗ്യങ്ങൾ പുലി മനസ്സിലാക്കി. ‘പുലിക്കുട്ടാ’ എന്ന വിളി കേട്ടാൽ എവിടെയായിരുന്നാലും ഓടിയെത്താന്‍ പഠിച്ചു. പുലിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് മേരിയുടെ പതിവായി.

ഈ പുലിയെയാണ്‌ നാട്ടുകാരിപ്പോൾ ഓടിച്ചിട്ടു പിടിയ്ക്കാൻ തെരച്ചിൽ തുടങ്ങിയിരിക്കുന്നത്.

മേരി മുറ്റത്തുള്ള ഒരു മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്ന് താഴേക്കു നോക്കി. ധാരാളം ജനങ്ങളുണ്ട് കമ്പിയും വടിയുമായി. ചങ്ക് പൊട്ടുന്നതുപോലെ തോന്നി. വളരെ സൂക്ഷിച്ച് ഓരോരുത്തരും വടികൊണ്ട് പുല്ലിലും ചെറിയ പൊന്തക്കാട്ടിലുമൊക്കെ തട്ടിനോക്കി സാവധാനം മുന്നോട്ടു വരികയാണ്. തട്ടിനോക്കുന്നെങ്കിലും എല്ലാരിലും ഭയമാണ്. ലാസറേട്ടനും പരിചയക്കാരുമാണ്‌ നേതൃത്വം കൊടുക്കുന്നത്. ‘പുലിക്കുട്ടാ’ എന്ന് ശബ്ദം താഴ്ത്തി വിളിച്ചുനോക്കി. അടുത്തുണ്ടെങ്കിൽ വരേണ്ടതായിരുന്നു. ഇനി അവർക്കിടയിൽ പെട്ടിരിക്കുമോ ഈശോയേ...

തിരയുന്നവരുടെ മുന്നിലെ കുറ്റിക്കാട്ടിൽനിന്നു പുലി പെട്ടെന്നുയർന്നുചാടി. വടിയുപേക്ഷിച്ച് ജനങ്ങൾ പിറകോട്ടു തിരിഞ്ഞോടി. ഓടിയവർ തിരിഞ്ഞുനോക്കിയപ്പോൾ പുലി ചാടിയിടത്ത് ഒരനക്കം പോലുമില്ല. വീണ്ടും ആദ്യം മുതൽ തിരച്ചിലാരംഭിച്ചു. മൂന്നുനാലു മണിക്കൂർ കഴിഞ്ഞിട്ടും പിന്നീട് പുലിയെ കാണാൻ ആർക്കും സാധിച്ചില്ല. വെയിലിനു കനം കുറഞ്ഞുകൊണ്ടിരുന്നു. മേരിക്കാശ്വാസം തോന്നിയെങ്കിലും പുലിയെ പിടിച്ചേ ഇരിക്കു എന്ന വാശി അവർക്കുള്ളതുപോലെ.

ഒരു മുരളൽ കേട്ട് മേരി തിരിഞ്ഞുനോക്കി. കുടിലിനോടു ചേർന്ന് പുലി നില്ക്കുന്നു. നന്നായി കിതയ്ക്കുന്നുണ്ട്. ആരുടേയും കണ്ണിൽ പെടാത്ത ഭാഗത്താണ്‌ അതിന്റെ നില്പ്. മേരി അടുത്തു ചെന്നപ്പോൾ അത് പുറകോട്ടു മാറി. അകത്തേക്കു പോകാൻ കൈ ചൂണ്ടി മേരി ആംഗ്യം കാണിച്ചു. പുലി അങ്ങോട്ടുമിങ്ങോട്ടും നടന്നതേയുള്ളു.

മേരി അകത്തുപോയി ഉടുപ്പൂരി പുറത്തു കടന്നപ്പോൾ പുലി പമ്മിപ്പമ്മി അകത്തേക്കോടിക്കേറി. പുറകെ മേരിയും അകത്തുകടന്ന് അതിന്റെ തലയിൽ തടവി. പുലിയെ ആശ്വസിപ്പിച്ചുകിടത്തിയ മേരി പുറത്തുകടന്ന് കതകടച്ചു. താഴെയുള്ളവര്‍ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് മേരി വിളിച്ചു കൂവി. “പുലി മല കയറിപ്പോയി”

അലർച്ച പോലെ മുഴങ്ങിയ വാക്കുകൾ മലയടിവാരത്തിൽ പ്രതിദ്ധ്വനിച്ചു. നൂൽബന്ധമില്ലാതെ നില്ക്കുന്ന മേരിയെ കണ്ട ജനം സ്തബ്ധരായി. ലാസറിൽ ഊറിക്കൂടിയ സംശയം അന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയായിരുന്നു.

പുലിയുടെ കാലിനു ചെറിയൊരു തട്ടു കിട്ടിയിട്ടുണ്ട്. അവിടെ തടവിക്കൊടുത്തു. പുലി മേരിയുടെ കയ്യിൽ നക്കി. തളർന്നു കിടക്കുന്ന പുലിയുടെ കഴുത്തിൽ തലവെച്ച് ചേർന്നുകിടന്നു. നേരം ഇരുട്ടിയപ്പോൾ മേരി എഴുന്നേറ്റ് തീപ്പെട്ടി തപ്പിയെടുത്ത് പുലിയേയും കൊണ്ട് പുറത്തുകടന്നു. അല്പം ദൂരേക്കു മാറിനിന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് കുടിലിനു മുകളിലേക്കിട്ടു. കത്തിയുയരുന്ന തീ കണ്ട് പുലി അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു. ചിലപ്പോഴൊക്കെ തിയ്യിലേക്ക് ചാടാൻ പോകുന്നതുപോലെ വെപ്രാളപ്പെട്ടു. മേരിയുടെ അരികെ ചെന്ന് മുഖത്തേക്കുനോക്കി, ദയനീയമായ അതേ നോട്ടം. പിന്നേയും കുടിലിനടുത്തേക്ക് ഓടിച്ചെന്നു...

കുടിലിനെ വിഴുങ്ങുന്ന അഗ്നിയുടെ പ്രകാശത്തിൽ പുലിയെ വിളിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ മേരി മല കയറാൻ തുടങ്ങി. തിരിഞ്ഞു നോക്കിക്കൊണ്ടാണെങ്കിലും പുലി അറച്ചറച്ച് മേരിയോടൊപ്പം നടന്നു.
തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽരൂപമായ് മലകയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതുപോലെ തിരിഞ്ഞു നോക്കി.“പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.

മലയടിവാരം ലക്ഷ്യമാക്കി പുലി സാവധാനം തിരിച്ചുനടക്കുകയായിരുന്നു, തിരിഞ്ഞു പോലും നോക്കാതെ.....