1/10/10

ചാവാന്‍ വൈകുന്നവര്‍

01-10-2010



അയ്യേ..എന്തൊരു നാറ്റം.

മലമൂത്ര വിസര്‍ജ്യത്തിന്റേയും മറ്റ്‌ സുഗന്ധദ്രവ്യങ്ങളുടേയും സമ്മിശ്രമായ രൂക്ഷഗന്ധം കൊച്ചുവാര്‍ക്കപ്പുര വിട്ട്‌ പടികടന്ന്‌ റോഡിലേക്കിറങ്ങി ചിന്നിച്ചിതറി അന്തരീക്ഷത്തില്‍ ലയിച്ചൂകൊണ്ടിരുന്നു. ഈ നാറ്റമാണ്‌ റോഡിലൂടെ പൊകുന്നവര്‍ ആ വീടിനെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്‌.

അവിടെ ഭാര്യയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ അച്ഛനും മാത്രം. ഈ നാറ്റം ആ വീടിന്‌ ചുറ്റും പടര്‍ന്ന്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര വര്‍ഷമായി. അവര്‍ക്കത്‌ ഒരു ശീലമായതിനാല്‍ വേറിട്ടൊരു തിരിച്ചറിയല്‍ ഇല്ലായിരുന്നു. പ്രത്യേകതകളില്ലാതെ ആ നാറ്റത്തെ ഒരു ദിനചര്യ പോലെ എന്നും അവര്‍ പിന്തുടര്‍ന്നിരുന്നു.

ഭര്‍ത്താവിന്റെ അച്ഛന്‍ കിടപ്പിലായിട്ട്‌ രണ്ട്‌ വര്‍ഷം കഴിയുന്നു. ഒന്നര വര്‍ഷമായി കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ കഴിയാതായിട്ട്. തൂറലും മുള്ളലും കിടന്നിടത്ത്‌ തന്നെ. വര്‍ഷങ്ങളായി അച്ഛന്‍ ഉപയോഗിച്ചിരുന്ന കട്ടിലില്‍ തന്നെയാണ്‌ കിടപ്പ്‌. കട്ടിലിന്റെ അഴികള്‍ക്കെല്ലാം കറുത്ത നിറം. അത്‌ മരത്തിന്റെ നിറമായിരുന്നില്ല, ദീര്‍ഘനാളത്തെ ഉപയോഗം മൂലം അങ്ങിനെ ആയിത്തീര്‍ന്നതാണ്.  കട്ടില്‍ മാറ്റാന്‍ ആവത്‌ ശ്രമിച്ചിട്ടും അച്ഛന്‍ വഴങ്ങിയില്ല.

കിടപ്പിലായ ആദ്യനാളുകളില്‍ ഭര്‍ത്താവ്‌ ജോലിക്ക്‌ പൊകാതെ അച്ഛനെ നോക്കിയിരുന്നു. ക്രമേണ അച്ഛന്റെ കിടപ്പ്‌ ജീവിതത്തിന്റെ ഒരു ഭാഗമെന്ന തോന്നല്‍ സൃഷ്ടിച്ചു.

കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ വയ്യതായപ്പോള്‍ അവളുടെ ജോലിഭാരം കൂടി. എഴുന്നേല്‍പിച്ചിരുത്തി പ്രാഥമിക കാര്യങ്ങള്‍‍ സാധിച്ചെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ആകെ കുഴങ്ങിയത്. ആദ്യമെല്ലാം അല്‍പം അറപ്പും വെറുപ്പും മനസ്സില്‍ തോന്നിയെങ്കിലും ഒന്നും പുറത്ത്‌ കാണിച്ചില്ല. പണിക്ക്‌ പോകാതെ കാത്തുകെട്ടിക്കിടന്ന്‌ ഭാര്യയെ സഹായിക്കാന്‍ അയാള്‍ക്കാകുമായിരുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനെ പരിചരിക്കുന്നതില്‍ അവള്‍ക്കൊരു പ്രയാസവും ഇല്ലായിരുന്നു. സ്വന്തം പിതാവിന്‌ നല്‍കുന്ന ശുശ്രൂഷപോലെ കറയറ്റതായിരുന്നു.

കാലത്തെഴുന്നേറ്റാല്‍ ആദ്യം അച്ഛന്റെ മുറി അടിച്ച്‌ തുടച്ച്‌ വൃത്തിയാക്കിയിട്ടേ പല്ലുതേപ്പ്‌ പോലും നടത്തിയിരുന്നുള്ളു. ചന്തനത്തിരി കത്തിച്ചുവെച്ചാല്‍ മണം ഉണ്ടാകില്ലെന്ന ഭര്‍ത്താവിന്റെ വാക്ക്‌ അനുസരിച്ചു. അപ്പോള്‍ ഒരു മരണവീടിന്റെ മണമായി. പിന്നീടാണ്‌ ഡെറ്റോള്‍ ഉപയോഗിച്ച്‌ തുടങ്ങിയത്. ഒരാശുപത്രി മണം പരന്നെങ്കിലും അതൊരാശ്വാസമായി. പയ്യെപ്പയ്യെ ഡെറ്റോള്‍ മണത്തെ ഒതുക്കി രൂക്ഷഗന്ധം ഉയര്‍ന്ന്‌ വന്നു. അച്ഛന്റെ മുറിയിലെ ചുമരിനോട്‌ ചേര്‍ന്ന അലമാരയില്‍ എയര്‍ഫ്രഷ്നറിന്റെ ടിന്നുകള്‍ കുന്നുകൂടിയത്‌ അതേത്തുടര്‍ന്നാണ്. എന്ത്‌ ചെയ്താലും ഒരു പത്ത്‌ മിനിറ്റ്‌ കഴിയുമ്പോഴേക്കും എല്ലാം കൂടിച്ചേര്‍ന്ന്‌ ഒരു കുമ്മലായി അവശേഷിച്ചു.

സംസാരിക്കാന്‍കൂടി കഴിയാതായതോടെ എല്ലാം കണ്ടറിഞ്ഞ്‌ ചെയ്യേണ്ടതായി വന്നു. എല്ലാ ദിവസവും രാവിലെത്തന്നെ തുണികള്‍ മാറ്റി, ശരീരം മുഴുവന്‍ ചൂടുവെള്ളത്തില്‍ മുക്കിയ തുണി പിഴിഞ്ഞ്‌ തുടച്ച്‌, പൌഡര്‍ കുടഞ്ഞ്‌ പുറത്ത്‌ കടന്നാല്‍ തുണികള്‍ കുത്തിപ്പിഴിഞ്ഞ്‌ തോരയിട്ട്‌ വരുമ്പോഴേക്കും ഉച്ചയാകാറാകും.

ദിവസങ്ങള്‍‍ വളരുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. വീടിനകത്തേക്ക്‌ കയറുമ്പോള്‍ അനുഭവപ്പെടുന്ന മണമാണ്‌ പലരേയും പിന്തിരിപ്പിക്കുന്നതെന്ന്‌ അവര്‍ സംശയിച്ചു. ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യപോലും അകത്ത്‌ കയറുന്നത്‌ സാരിത്തലപ്പുകൊണ്ട്‌ മൂക്ക്‌ പൊത്തിയാണ്. സഹോദരന്‍ അന്യനാട്ടിലാണ്. ദോഷം പറയരുതല്ലൊ. മാസാമാസം അഞ്ഞൂറ്‌ രൂപ അച്ഛന്റെ ചിലവിനായി അവര്‍ തന്നുപോരുന്നുണ്ട്. പിന്നെ, സഹായിക്കാന്‍ വരാത്തത്‌ ജേഷ്ഠത്തിക്ക്‌ ഇതൊക്കെ അറപ്പായത്‌ കൊണ്ടാണ്. കഴിവതും വീടിന്റെ ഉമ്മറത്ത്‌ നിന്ന്‌ വല്ലപ്പോഴുമൊക്കെ വിശേഷങ്ങള്‍ തിരക്കാന്‍ അവര്‍ വരാറുണ്ട്‌.

രണ്ട്‌ പെണ്‍മക്കളേയും അധികം ദൂരത്തേക്കല്ല കെട്ടിച്ചയച്ചിരുന്നതെങ്കിലും വല്ലപ്പോഴുമാണ്‌. വരവ്. വന്നാല്‍ തന്നെ ഒരു രാത്രി പോലും ഇവിടെ തങ്ങാറില്ല. അച്ഛന്‍ കിടന്നിടത്ത്‌ തന്നെ കിടപ്പായതിന്‌ ശേഷമാണ്‌ തീരെ വരാതായത്. അതിനുമുന്‍പ്‌ വന്നാല്‍ ഒന്നുരണ്ട്‌ ദിവസമൊക്കെ തങ്ങാറുണ്ട്. നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കണ്ട എന്ന്‌ കരുതിയാണ്‌ ഇപ്പോഴത്തെ വരവുകള്‍..

താഴെ ഉള്ളവള്‍ എത്തിയാലുടന്‍ അച്ഛനെ നോക്കി ഒന്ന്‌ നെടുവീര്‍പ്പിടും. പിന്നെ നാത്തൂനോട്‌ എന്തെങ്കിലും കുശലം പറഞ്ഞ്‌ ജേഷ്ഠത്തിയുടെ വീട്ടിലേയ്ക്ക്‌ പോകും. പോകാന്‍ നേരമെ പിന്നെ തിരിച്ച്‌ വരു. കുറ്റം പറച്ചിലും ചീത്തവിളിയും കേക്കണ്ട എന്നത്‌ ഭാഗ്യം.

മൂത്തവളാണെങ്കില്‍ വന്നാലുടനെ അകവും പുറവും അടിച്ച്‌ വാരും. നേരത്തെ വൃത്തിയാക്കിയതാണെങ്കിലും അതാണ്‌ ആദ്യത്തെ പണി. പിന്നീട്‌ അച്ഛന്റെ മുറിയിലേക്ക്‌. കയറി മരുമകള്‍ കാലത്ത്‌ മാറ്റിയ തുണികളൊക്കെ നീക്കി വീണ്ടും പുതിയവ വിരിക്കും. ഒപ്പം പിറുപിറുക്കലിലൂടെ കുറ്റങ്ങള്‍ പുറത്ത്‌ ചാടിക്കൊണ്ടിരിക്കും.

"അമ്മായിക്കെന്താ പ്രാന്താ ഒറ്റക്കിരുന്ന്‌ ഭേ...ഭേന്നു പറയാന്‍..?"

"മോനിന്ന്‌ സ്ക്കൂളില്‍ പോയില്ലെ?"

"ഇന്ന്‌ ഞായറാഴ്ച്യാ.."

"മോനിപ്പോ ഏഴിലല്ലെ?"

"എട്ടിലാ"

"എന്തൊര്‌ നാറ്റാ അച്ചാച്ചന്റെ മുറീല്‌ മോനെ"

"തീട്ടത്തിനും മൂത്രത്തിനും പൊട്ട മണാ അമ്മായി. ഈ അച്ചാച്ചനെന്താ ചാവാത്തെ...?"

അവളോടിവന്ന്‌ മകന്റെ ചെവിക്ക്‌ പിടിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോയി. മൂത്തോരോട്‌ ഇങ്ങിന്യാ വര്‍ത്താനം പറയാന്ന്‌ ചോദിച്ച്‌ രണ്ടടിയും കൊടുത്തു.

വൈകുന്നേരത്തോടെ വെള്ളം നിറച്ച കിടക്കയില്‍ അച്ഛനെ കിടത്തി. അങ്ങിങ്ങ്‌ ശരീരത്തിലെ തൊലി പോയിരുന്നു. അവിടമെല്ലാം വ്രണം പോലെ പൌഡര്‍ കട്ടപിടിച്ച്‌ കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും മറിച്ച്‌ കിടത്തുമ്പോള്‍ തൊലി നഷ്ടപ്പെടുന്നതിനാലാണ്‌ പലരുടേയും അഭിപ്രായം കണക്കിലെടുത്ത്‌ വെള്ളം നിറച്ച കിടക്ക വാങ്ങിയത്. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ പലരും ഈ കിടക്ക കണ്ടിട്ടില്ലാത്തതിനാല്‍ അയല്‍‍വക്കക്കാരൊക്കെ സഹായത്തിന്‌ എത്തിയിരുന്നു.

"രണ്ട്‌ കൊല്ലത്തോളമായി ഈ കിടപ്പ്‌ തുടരുന്നു. ഇനിയും എത്രനാള്‍ കിടക്കുമെന്ന് അറിയില്ല. എത്ര സ്നേഹമെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു പരിധിയില്ലെ? അതുകൊണ്ട്‌ എനിക്ക്‌ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. വീടിനോട്‌ തൊട്ടുള്ള ആ മുറിയിലേക്ക്‌ മാറ്റുന്നതില്‍ എന്താ തകരാറ്‌?"

എല്ലാവരും കൂടിച്ചേര്‍ന്നപ്പോള്‍ സംസാരത്തിനിടയില്‍ അയല്‍വക്കക്കാരില്‍ ഒരു കാരണവര്‍ ചോദിച്ചു. ആ വീടിന്റെ അവസ്ഥ കണക്കിലെടുത്ത്‌ അതൊരു തെറ്റാണെന്ന് ആര്‍ക്കും തോന്നിയില്ല. സഹോദരന്റെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും എല്ലാവര്‍ക്കും ഉചിതമായ ഒരു പോംവഴിയായി തോന്നി അത്‌.

വീടിനോട്‌ ചേര്‍ന്ന് തന്നെ. പണ്ടതൊരു തൊഴുത്തായിരുന്നു. പിന്നീടതിനു മാറ്റങ്ങള്‍ വരുത്തി വരുത്തി ഇപ്പോഴവിടെ നല്ലൊരു മുറിയാക്കിയും  ബാക്കി ഭാഗം വിറക്‌ വെക്കാനായി കോണ്‍ക്രീറ്റ്‌ ചെയ്ത്‌ നന്നാക്കിയും ഇട്ടിട്ടുണ്ട്. മുറിയിലാണെങ്കില്‍ പ്രത്യേകിച്ച്‌ ഒന്നുമില്ല. പഴയ കാലത്ത്‌ ഉപയോഗിച്ചിരുന്ന കിണ്ടി, മൊന്ത, ഓട്ടുപാത്രങ്ങള്‍‍, ഉരുളി തുടങ്ങിയ ചില വസ്തുക്കള്‍ മാത്രമാണ്‌ അതിനകത്തുള്ളത്. പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍.

നേരം വൈകിയ രാത്രി, കിടക്കറയില്‍ വെച്ച്‌ അവള്‍ ഭര്‍ത്താവിനെ പകലുണ്ടായ തീരുമാനങ്ങളിലെ അതൃപ്തി അറിയിച്ചു.

"അച്ഛനെ മുറിയിലേക്ക്‌ മറ്റുന്നത്‌ എല്ലാര്‍ക്കും സഹായമാണെങ്കിലും അത്‌ അവസാനം വലിയ പരാതിയിലെ അവസാനിക്കു എന്നെനിക്ക്‌ തോന്നുന്നു."

"പരാതി പറയുന്നവരാണല്ലൊ തീരുമാനിച്ചത്. അപ്പോള്‍ പ്രശ്നമൊന്നും ഇല്ല."

"ഞാന്‍ പറഞ്ഞെന്ന് മാത്രം."

കാലത്തുതന്നെ മുറിയിലെ പഴയ സാധനങ്ങള്‍ മാറ്റി ചുമരുകള്‍ പെയിന്റ്‌ ചെയ്തു. നല്ലൊരു ഫാന്‍ ഫിറ്റ്‌ ചെയ്തു. ഉച്ചയോടെ പുതിയ മുറിയിലേക്ക്‌ അച്ഛനെ മാറ്റി. ഒരാഴ്ച കഴിയുന്നതിന്‌ മുന്‍പേ അവിടേയും ഇവിടേയും നിന്നുമായി കുശുകുശുപ്പുകള്‍ എത്തിത്തുടങ്ങി. തീരുമാനങ്ങള്‍ എടുത്തവരില്‍ നിന്ന് തന്നെ നിയന്ത്രണമില്ലാത്ത ആരോപണങ്ങള്‍‍ ഉതിര്‍ന്ന് വീണു.

കഷ്ടപ്പെട്ട്‌ വളര്‍ത്തി വലുതാക്കി ഓരോന്നിനേയും ഓരോ നിലക്ക്‌ എത്തിച്ച്‌ അവസാനം തളര്‍ന്ന് അവശനായ കാര്‍ന്നോരെ കെട്ട്യോനും കെട്ട്യോളും കൂടി നാല്‍ക്കാലിയെപ്പോലെ തൊഴുത്തിലേക്ക്‌ നടതള്ളി സുഖിച്ച്‌ വാഴുകയാണ്‌ എന്ന് കേട്ടതോടെ അവള്‍ മറ്റൊന്നും ആലോചിച്ചില്ല. അച്ഛനെ വീണ്ടും വീടിനകത്തേക്ക്‌ മാറ്റി.

ഇപ്പോള്‍ ശരീരം മുഴുവന്‍ നനഞ്ഞ തുണികൊണ്ട്‌ തുടയ്ക്കാന്‍ പോലും കഴിയുന്നില്ല. നേരിയതായി തൊടുമ്പോള്‍പോലും തൊടുന്ന ഭാഗത്തെ തൊലി പൊളിഞ്ഞ്‌ പോകുന്നു. വെറും എല്ലും തോലുമായ രൂപം. മരിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു തരം ഭീതി പരത്തുന്ന ശബ്ദം തുറന്നിരിക്കുന്ന പല്ല് പോയ വായില്‍ നിന്ന് പുറത്ത്‌ വരുന്നുണ്ട്. ചെറിയൊരു അനക്കം മാത്രമായി അവശേഷിച്ചിട്ട്‌ നാളേറെയായി. പലരും മാറിമാറി വെള്ളം തൊട്ട്‌ കൊടുക്കുന്നെങ്കിലും നില അതേ പടി തുടരുന്നു.

രാത്രിയില്‍ രാമായണപാരായണവും തുടങ്ങി. മരണത്തെക്കുറിച്ച ഭാഗങ്ങള്‍ വായനയില്‍ വരുന്നതോടെ കിടപ്പിലായ രോഗി മരിക്കും എന്നതാണ് അതിന്‌ നിദാനമായുള്ളത്. അടച്ചു വെച്ചിരിക്കുന്ന പുസ്തകം കയ്യിലെടുത്ത് നിവര്ത്തുമ്പോള്‍ തുറന്നു വരുന്ന ഭാഗം മുതലാണ്‌ വായന തുടങ്ങുന്നത്. ഇനിയും ഈ കിടപ്പ്‌ തുടരാതെ മരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടായിരുന്നില്ല.

നേരം വെളുത്തപ്പോള്‍ അവളുടെ മകന്‌ സംശയങ്ങള്‍ ബാക്കിയായി. അവന്‍ അമ്മയുടെ അരികിലെത്തി.

"ഇന്നലെ രാത്രി എന്തിനാമ്മേ രാമായണം വായിച്ചെ?"

"അതിനി എല്ലാ ദിവസവും വായിക്കും. അച്ചാച്ചന്‌ സുഖവും സന്തോഷവും ആയി മരിക്കാന്‍ വേണ്ടിയാണ്‌."

"അപ്പോഴെന്ത്യെ നേര്‍ത്തെ വായിക്കാണ്ടിര്ന്നേ?"

"ഇപ്പോഴല്ലെ ആകെ വയ്യാതായത്‌?"

"അതൊന്നുല്ല. ഇനിക്കറിയാ. അച്ചാച്ചനെ വേഗം കൊല്ലാന്‍ വേണ്ടിയാ വായിക്കുന്നേന്ന്. പുസ്തകം വായിച്ചാലൊന്നും അച്ചാച്ചന്‍ ചാവ്‌ല്യ. അതിലും നല്ലത്‌ ഒറക്ക ഗുളിക കൊടുക്കുന്നതാ. അല്ലെങ്കിലും ഇങ്ങിനെ കെടന്ന്‍ട്ടെന്താ കാര്യം? വെര്‍തെ നാറാന്നല്ലാതെ."

അവന്‍ കളിക്കാനായി ഓടിപ്പോയി.

(ഇത്തരം അവസ്ഥയില്‍ ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ എന്നിടത്തേക്കുള്ള ചിന്തയിലേക്കാണ് ഞാന്‍ പറഞ്ഞു വന്നത്. ആരും അത്തരത്തില്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല. എല്ലാരും ഇത്തരം ഒരവസ്ഥയില്‍ മനസ്സില്‍ അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നു എന്നത്‌ സത്യം. അത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല എന്നതും നേര്. ഇത്തരം ചിന്തകളിലേക്കാണ് ഈ കഥ ഞാന്‍ അവതരിപ്പിച്ചത്‌. ഒരു സങ്കട കഥ എന്ന് മാത്രമായി ചുരുക്കരുത്.)

14/9/10

പവന് പതിനയ്യായിരം രൂപയാ...(അനുഭവ കഥ)

14-09-2010

രേഖ ആദ്യമായാണ്‌ പോലീസ്‌ സ്റ്റേഷനില്‍ കയറുന്നത്‌. അതിന്റേതായ പരിഭ്രമവും പരവശതയും മുഖത്ത്‌ വ്യക്തമാണ്‌. കേട്ടറിവിലൂടേയും പത്രക്കാഴ്ചയിലൂടേയും മനസ്സില്‍ കോറിയിട്ട പോലീസ്‌ ചിത്രം ക്രൂരന്മാരുടേതാണ്‌. പകപ്പ്‌ വിട്ടുമാറിയിട്ടില്ലെങ്കിലും നഷ്ടപ്പെട്ടതിന്റെ നീറ്റലില്‍ മറ്റെല്ലാം നിസ്സാരം. ചാലിട്ടൊഴുകുന്ന കണ്ണീരില്‍ നിസ്സഹായതയും പിടിപ്പു കെട്ടവളെന്ന പഴിയും ഇണ പിരിയുന്നു.


ഏത്‌ നശിച്ച നേരത്തായിരുന്നു തനിക്ക്‌ സ്ക്കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ നടക്കാന്‍ തോന്നിയത്‌. രക്ഷാകര്‍ത്താക്കളുടെ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഓണം പ്രമാണിച്ച്‌ മോള്‍ക്ക്‌ ലഭിക്കുന്ന അഞ്ച്‌ കിലോ അരിയും വാങ്ങി സ്ക്കൂളില്‍ നിന്ന്‌ പുറത്ത്‌ കടക്കുമ്പോള്‍ സഫിമോള്‍ടെ ഉമ്മയും കൂട്ടിനുണ്ടായിരുന്നു. ഒന്നോ രണ്ടോ പുരുഷന്മാരൊഴികെ ബാക്കിയെല്ലാം അമ്മമാരായിരുന്നു യോഗത്തിലുണ്ടായിരുന്നത്‌.

ഒരു കിലോമീറ്ററോളം നടന്നാലെ വീട്ടിലേക്ക്‌ ബസ്സിന്‌ പോകാന്‍ പറ്റു. പിന്നെ ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന സമയവും. അതിനേക്കാള്‍ നല്ലത്‌ രണ്ടര കിലോമീറ്റര്‍ നേരിട്ട്‌ വീട്ടിലേക്ക്‌ നടക്കുന്നതാണ്‌. ഒറ്റയ്‌ക്കല്ലല്ലൊ, വീടിന്റെ അടുത്ത്‌ വരെ കൂട്ടിന്‌ ആളുണ്ട്‌. എങ്കിലും അല്പനേരം സ്ക്കൂളിന്റെ പഠിക്കല്‍ ഓട്ടോറിക്ഷ കാത്ത്‌ നിന്നു. ചെറിയ യു.പി.സ്ക്കൂള്‍ ആയതിനാല്‍ ഓട്ടോ സ്റ്റാന്റോന്നും ഇല്ലായിരുന്നു. അല്പം കാത്ത്‌ നിന്ന്‌ മടുത്തപ്പോള്‍ 'നമുക്ക്‌ നടക്കാം ചേച്ചി' എന്ന്‌ സഫിമോള്‍ടെ ഉമ്മ പറഞ്ഞു. രണ്ടുപേരും അഞ്ചു കിലോ വരുന്ന സഞ്ചിയും തൂക്കിപ്പിടിച്ച്‌ നടന്നു. സമയം ഉച്ചക്ക്‌ രണ്ട്‌ മണി ആയതേ ഉള്ളു. നല്ല ചൂട്‌.

പോലീസ്‌ സ്റ്റേഷനിലാണ്‌ നില്‍ക്കുന്നതെന്ന ഓര്‍മ്മ പോലും ഇല്ലായിരുന്നു അപ്പോള്‍. ഓരോന്ന്‌ ചിന്തിക്കുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നം പോലെ മനസ്സിനെ ശിഥിലമാക്കിക്കൊണ്ടിരുന്നു.

"കരയല്ലെ മോളെ...മോളാ ബഞ്ചില്‍ പോയിരിക്ക്‌."
പോലീസുകാരന്റെ സാന്ത്വനത്തില്‍ ഏന്തലിന്റെ ശക്തി വര്‍ദ്ധിച്ചതേ ഉള്ളു. രേഖയുടെ അവസ്ഥ കണ്ട പോലീസുകാരനും വല്ലാതായി. നില്‍ക്കാനൊ ഇരിക്കാനൊ സാധിക്കുന്നില്ലെങ്കിലും അയാളുടെ വാക്കുകള്‍ അനുസരിച്ചു.

"മോളെ..എന്തും നമ്മള്‍ക്ക്‌ സംഭവിക്കുമ്പോഴാണ്‌ കൂടുതല്‍ പ്രയാസം തോന്നുക. പത്രം വായിക്കാറില്ലെ? ഓരോ ദിവസവും എത്ര സംഭവങ്ങളാണ്‌?"

"ഞാനിന്നുവരെ ജീവനെക്കാളുപരി സൂക്ഷിച്ചിരുന്ന എന്റെ താലിയെങ്കിലും തിരികെ തരാമായിരുന്നില്ലെ....അവന്‍ വലിച്ച്‌ പൊട്ടിച്ചത്‌ എന്റെ കെട്ട്‌ താലിയാണ്‌"
അമാന്തിച്ചുനിന്ന കണ്ണീരും കരച്ചിലും അണപൊട്ടിയൊഴുകി. ഏതൊരുവന്റേയും മനസ്സലിയിക്കുന്ന ഹൃദയത്തിന്റെ ഞരക്കമായിരുന്നു അത്‌. എല്ലാരും പുറത്ത്‌ വന്ന്‌ നോക്കി.

"കള്ളന്‍മാര്‍ക്ക്‌ മന:സ്സാക്ഷി എന്നൊന്നില്ല. അന്യന്റെ ദു:ഖം അവര്‍ക്ക്‌ സന്തോഷമാണ്‌. മനസ്സിന്‌ നല്ല വേദന ഇണ്ടാവും. ഇനി വേണ്ടത്‌ ധൈര്യമാണ്‌. എല്ലാം നേരിടാനുള്ള ചങ്കൂറ്റം. മുസ്ലിംസ്‌ താലി കെട്ടിയാണൊ വിവാഹം കഴിക്കുന്നത്‌. അവരുടേയും മാല പൊട്ടിക്കാറില്ലെ..? വിവാഹ ജീവിതത്തില്‍ താലിയൊന്നുമല്ല പ്രശ്നം. പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ്‌. വെറുതെ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ വീട്ടിലിരിക്കുന്ന മോള്‍ടെ പിള്ളേരെ കൂടി വിഷമിപ്പിക്കണ്ട."

"എനിക്ക്‌ സഹിക്കാന്‍ പറ്റുന്നില്ല സാറെ." വിങ്ങിപ്പൊട്ടി.

"പെട്ടെന്ന്‌ പറ്റ്ല്യാന്ന്‌ അറിയാം. എന്നാലും സഹിക്കണം. വേറെ ഒന്നും പറ്റിയില്ലല്ലൊ. എത്രയോ പേര്‍, പിടിച്ച്‌ വലിക്കുമ്പോള്‍ താഴെ വീഴുന്നു. കഴുത്ത്‌ കുരുങ്ങുന്നു. മുറിവ്‌ പറ്റുന്നു. ഇവിടെ അങ്ങിനെ ഒന്നും ഉണ്ടായില്ലല്ലൊ? അത്‌ ഭാഗ്യം എന്ന്‌ കരുതി സമാധാനിക്കുക. നഷ്ടപ്പെട്ടത്‌ പലതും തിരിച്ച്‌ കിട്ടിയീട്ടുണ്ട്‌. ഇതും നമുക്ക്‌ തിരിച്ച്‌ കിട്ടും."

"ഞങ്ങള്‍ റോഡിലെ കാനയോട്‌ ചേര്‍ന്നാണ്‌ നടന്നിരുന്നത്‌. ബൈക്ക്‌ പിന്നിലൂടെ തീരെ ശബ്ദമില്ലാതെ വന്നു. പിന്നിലിരുന്നവന്‍ കൈ നീട്ടുന്നത്‌ സഫിമോള്‍ടെ ഉമ്മ കണ്ടു. അവള്‍ വിചാരിച്ചത്‌ പരിചയക്കാര്‍ ആരെങ്കിലും പറ്റിക്കാന്‍ തോണ്ടുന്നതാണ്‌ എന്നാണ്‌. ഒരു നിമിഷം കൊണ്ട്‌ എന്റെ മാല പോയി എന്ന തിരിച്ചരിവ്‌ സ്ഥലകാലബോധം നഷ്ടപ്പെടുത്തി."

"മോള്‍ടെ ഭര്‍ത്താവിനെന്താ ജോലി?"

"ചേട്ടന്‍ അല്‍പം ദൂരെയാണ്‌. ആഴ്ചയില്‍ ഒരിക്കലെ വീട്ടില്‍ വരു."

"വിവരം അറിയിച്ചില്ലെ?"

"അപ്പൊത്തന്നെ അറിയിച്ചു"

"എന്ത്‌ പറഞ്ഞു?"

"നിനക്ക്‌ ഒന്നും പറ്റിയില്ലല്ലൊ? പോയത്‌ പോട്ടെ. കിട്ടിയാല്‍ കിട്ടി എന്ന്‌ പറഞ്ഞു. അതാണ്‌ ആകെ കൂടി ഒരു സമാധാനം."

"വേറെ എന്ത്‌ വേണം? അങ്ങിനെ വേണം കാര്യങ്ങള്‍ കാണേണ്ടത്‌. ബാക്കിയെല്ലാം വഴിയേ  നമുക്ക്‌ അന്വേഷിക്കാം."
അവര്‍ രേഖയുടെ കഴുത്ത്‌ പരിശോധിച്ചു. എന്തെങ്കിലും മുറിവുകളൊ പാടുകളൊ ഉണ്ടായിരുന്നില്ല.

"സാധാരണ എന്തെങ്കിലും മുറിവ്‌ പറ്റേണ്ടതാണ്‌. ഇനി അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമൊ?"

"ഞാന്‍ ഒന്നും കണ്ടില്ല. മാല പോയതോടെ എനിക്ക്‌ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായി. ഉച്ചത്തില്‍ കാറി വിളിച്ചെങ്കിലും റോക്കറ്റിന്‍റേത്‌ പോലുള്ള ബൈക്കിന്റെ ശബ്ദത്തില്‍ അതൊന്നും ആരും കേട്ടിരിക്കാന്‍ വഴിയില്ല. രണ്ട്‌ പേര്‌ ഉണ്ടായിരുന്നെന്നും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നില്ലെന്നും ഒരാളുടെ നീളന്‍ മുഖമാണെന്നും ഇരുപത്‌ വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും സഫിമോള്‍ടെ ഉമ്മ പറഞ്ഞു. "

"ഒരു കേസായി കിടന്നോട്ടെ. എങ്കിലെ ആരെയെങ്കിലും പിടിക്കുമ്പോള്‍ നമ്മുടെ ആഭരണങ്ങള്‍ ലഭിക്കാന്‍ എളുപ്പം ഉണ്ടാകു. സാധാരണ ആള്‍ക്കാര്‍ കേസൊന്നും ആക്കാറില്ല. അത്‌ അറിവില്ലായ്മയാണ്‌. പിന്നീട്‌ സാധനം ലഭിച്ചാലും ഉടമസ്ഥന്‌ ലഭിക്കുന്നതിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ തടസ്സമാകും."

"എങ്ങിനെ‍ എങ്കിലും സാറ്‌ വേഗം ഒന്ന് കണ്ടെത്തണം.'
"മോള്‌ വിഷമിക്കണ്ട. പെട്ടെന്ന് നമുക്ക്‌ കണ്ടെടുക്കാം. പോലീസുകാരുടെ എല്ലാ സഹായവും ഉണ്ടാകും. ഈ സ്റ്റേഷന്‍ പരിധിക്കകത്ത്‌ ഇതിപ്പോള്‍ നാലാമത്തെ കേസാണ്‌. ആദ്യത്തെ രണ്ടെണ്ണം കണ്ടുപിടിച്ച്‌ ഉടമസ്ഥര്‍ക്ക്‌ മാല ലഭിച്ചു. ഇവിടെ ഇങ്ങിനെ പിടിച്ചുപറി കൂടുമ്പോള്‍ മേലധികാരികളുടെ ചോദ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ ഉത്തരം പറയണം. എത്രയും പെട്ടെന്ന് ഞങ്ങള്‍ പിടിക്കും."

"പിടിക്കുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ അറിയും? വേറെ സ്റ്റേഷനിലാണ്‌ പിടിക്കുന്നതെങ്കിലൊ?"

"അതിനല്ലെ കേസാക്കുന്നത്‌. ഞങ്ങള്‍‍ നിങ്ങളെ അറിയിക്കും. ഇത്തരം കേസുകള്‍ കേരളത്തിലെ ഏത്‌ സ്റ്റേഷനില്‍ പിടിച്ചാലും അപ്പോള്‍ തന്നെ നമ്മുടെ എല്ലാ സ്റ്റേഷനുകളിലും എത്തുന്ന സംവിധാനം ഇപ്പോള്‍ നമുക്കുണ്ട്‌. അതുകൊണ്ട്‌ ആ നിമിഷം തന്നെ എല്ലാം അറിയാന്‍ കഴിയും."

"വേഗം കിട്ടിയാല്‍ മതിയായിരുന്നു."

"ഒരു പവന്‌ ഇപ്പോള്‍ പതിനയ്യായിരം രൂപയോളം ആയി. ഒരു ബൈക്കുണ്ടെങ്കില്‍ അധികം പ്രയസമില്ലാതെ പണമുണ്ടാക്കാന്‍, മനസ്സക്ഷിയില്ലാത്തവര്‍ക്ക്‌ കഴിയുന്ന എളുപ്പവഴി. ശക്തമായ ശിക്ഷകളിലൂടെ ഇത്‌ ഞങ്ങള്‍‍ അവസാനിപ്പിക്കും. അതിന് നിങ്ങളും കൂടി സഹകരിക്കണം. സ്വര്‍ണ്ണത്തിന്‌ പകരം മുത്ത്‌ മാലകള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. അതിന്‌ കഴിയാത്തവര്‍ റോള്‍ഡ്‌ ഗോള്‍ഡ്‌ ഉപയോഗിച്ചാല്‍ പണനഷ്ടം കുറയ്‌ക്കാം. സ്വര്‍ണ്ണം തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍‍ വളയൊ മറ്റൊ ആയി ധരിച്ചാല്‍ ഈസിയായ പിടിച്ച്‌ പറിയില്‍ നിന്ന് രക്ഷപ്പെടാം."

ഒപ്പിട്ട്‌ കൊടുത്ത്‌ വീട്ടിലേക്ക്‌ തിരിക്കുമ്പോള്‍ രേഖയുടെ മനസ്സ്‌ കലുഷിതമായിരുന്നു. നാട്ടിലുള്ളവരെ എങ്ങിനെ‍ നേരിടും. അവരുടെ വാക്കുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സംഭവിച്ച നഷ്ടത്തേക്കാള്‍ മനസ്സിനെ മുറിപ്പെടുത്തും.

വീട്ടിലേക്ക്‌ കയറുമ്പോള്‍ അറിയാതെ തേങ്ങിപ്പോയി. ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവും പെയ്തിറങ്ങിയ ആ ദിവസത്തിന്‌ ഇരുട്ട്‌ വീണു.

പിന്നീടുള്ള ഓരോ ദിവസം പിന്നിടുമ്പോഴും ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവുമെല്ലാം കുത്തുവാക്കുകളും പരിഹാസവുമായി തിരി‍ച്ച്‌ വന്നത്‌ മൂകമായ കരച്ചിലിലൂടെ രേഖ മനസ്സിലൊതുക്കി. ചിരിച്ച്‌ കാണിക്കുന്ന പല മുഖങ്ങളിലേയും മനസ്സിലിരിപ്പ്‌ ഈ ദിവസങ്ങളില്‍ പുറത്ത്‌ ചാടി.

-എന്തായിരുന്നു അവളുടെ ഒരു നെഗളിപ്പ്‌. എല്ലാം മാറിയില്ലെ. മാലേം പുറത്തിട്ട്‌ അവളുടെ ഒരു ഗമ. അവസാനിച്ചല്ലൊ..അഞ്ച്‌ പവന്റെ മാലയൊക്കെ കഴുത്തിലിട്ട്‌ നടക്കുമ്പോള്‍ പരിസരബോധം വേണ്ടെ എന്ന് പറഞ്ഞ്‌ പത്ത്‌ പവന്റെ മാല ധരിച്ച്‌ ഞെളിഞ്ഞ്‌ നടക്കുന്ന ഒരുവള്‍ കുറ്റപ്പെടുത്തി. പോയെങ്കില്‍ കണക്കായിപ്പോയി. അവള്‍ക്കങ്ങനെ വേണം. അവളുടെ കണ്ണിലെന്താ 'മത്ത കുത്തിയിട്ടുണ്ടോ' മാല പൊട്ടിക്കാന്‍ വരുമ്പോള്‍ നിന്ന് കൊടുക്കാന്‍. അഹങ്കാരം.. അല്ലാണ്ടെന്താ...അല്ലെങ്കില്‍ ആ വണ്ടിയുടെ നമ്പറെങ്കിലും നോക്കി വെക്കില്ലായിരുന്നൊ?-

വിവരമില്ലാത്ത കുറ്റപ്പെടുത്തലുകളില്‍ ‍രേഖ ആദ്യമെല്ലാം കണ്ണീരൊഴുക്കിയെങ്കിലും ഭര്‍ത്താവിന്റെ പ്രതികരണങ്ങളില്‍ നിന്ന്‌ അവള്‍ കരുത്താര്‍ജ്ജിച്ചു.

ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപ്പെടലിന്റെ വേദനയില്‍ നിന്ന്‌ മനസ്സ്‌ മുക്തമായില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചെത്തി എന്ന്‌ സമാധാനിച്ചു. ആയിരങ്ങള്‍ വെറുതെ കൊടുത്താലും പത്ത്‌ പൈസ കയ്യില്‍ നിന്ന്‌ നഷ്ടപ്പെട്ടാല്‍ അതൊരു നീറ്റലായി എന്നും കൂടെ ഉണ്ടാകും.

പത്രം വായിക്കാറില്ലായിരുന്ന രേഖ പത്രം നോക്കുന്ന ഒരുവളായി. ദിവസവും പത്രത്തില്‍ കാണുന്ന മോഷണ വാര്‍ത്തകള്‍‍ വായിച്ച്‌ ഭയവും വേദനയും നേര്‍ത്ത്‌ വന്നു. ക്രമേണ മറ്റ്‌ വാര്‍ത്തകളിലേക്ക്‌ സഞ്ചരിച്ചു തുടങ്ങി.

ഒരാഴ്ച മുന്‍പാണ്‌ അടുത്ത പ്രദേശത്തു നിന്ന്‌ രണ്ടുപേരെ മാല മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്‌. അതും പത്രത്തിലൂടെയാണ്‌ അറിഞ്ഞത്‌. നല്ല ഡ്രസ്സുകളും ബൈക്കും ഒക്കെയായി അടിച്ച്‌ പൊളിച്ച്‌ സിനിമാ സ്റ്റൈലില്‍ ജീവിക്കാന്‍ കണ്ടെത്തിയ വഴി. പ്ളസ്സ്‌ ടൂവിന്‌ പഠിക്കുന്ന നാല്‌ പിള്ളേരുടെ സംഘമാണ്‌ പിടിച്ചുപറി നടത്തിയിരുന്നത്‌. എല്ലാം ഗള്‍‍ഫ്‌കാരുടെ മക്കള്‍. പിടി കൂടുന്ന ഓരോ പിടിച്ചുപറി സംഘത്തിനും വ്യത്യസ്ഥ ഉദ്ദ്യേശങ്ങളാണെങ്കിലും ആഢംബര ജീവിതത്തിന്റെ ആസക്തി തന്നെ മുഖ്യം.

ഫോണ്‍ ബെല്ലടിച്ചപ്പോള്‍ പത്രം മടക്കി എഴുന്നേറ്റു.

"ഹലോ..രേഖയുടെ വീടല്ലെ? ഇത്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്നാണ്‌."
"അതെ..എന്താ സാറെ കാര്യം?"

"ഒരു മാസം മുന്‍പ്‌ നിങ്ങളുടെ ഒരു ചെയിന്‍ നഷ്ടപ്പെട്ടിരുന്നില്ലെ? ഒരു സംഘത്തെ കഴിഞ്ഞ ആഴ്ച പിടികൂടി. അവരുടെ കയ്യില്‍ നിന്ന്‌ കണ്ടെടുത്ത ആഭരണങ്ങളില്‍ നിങ്ങളുടെ ചെയിന്‍ ഉണ്ടൊ എന്ന് തിരിച്ചറിയാന്‍ നാളെ സ്റ്റേഷനില്‍ വരെ ഒന്ന് വരണം."

ഒന്നും മിണ്ടാനാവാതെ റിസീവറും പിടിച്ച്‌ സ്തബ്ധയായി നിന്നു രേഖ. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് കേട്ടത്പോലെ.

സ്റ്റേഷനിലെത്തുമ്പോള്‍ വേറെയും ചിലര്‍ അവിടെ ഉണ്ടായിരുന്നു. വര്‍ദ്ധിച്ച ചങ്കിടിപ്പോടെ ആഭരണം തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞുപോയി. മുന്‍പ്‌ സമാധാനിപ്പിച്ചിരുന്ന പോലീസുകാരനെ കണ്ട് നന്ദി പറയുമ്പോള്‍ പ്രതികളെ ഒന്ന് കാണാന്‍ പറ്റുമോ എന്നന്വേഷിച്ചു. രേഖയെ ഒരു സെല്ലിന് മുന്നിലെത്തിച്ചു. അകത്ത്‌ നാലഞ്ച് ചെറുപ്പക്കാര്‍. ഇതില്‍ ആരാണെന്ന് എങ്ങിനെ തിരിച്ചറിയും?
പെട്ടെന്ന് വെളുത്ത്‌ മെലിഞ്ഞ ഒരുവനില്‍ രേഖയുടെ കണ്ണുകള്‍ ഉടക്കി നിന്നു.
അവന്‍ തന്നെ....
ഞങ്ങള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ വഴിയില്‍ നിര്‍ത്തിവെച്ചിരുന്ന ബൈക്കില്‍ എന്തോ തിരഞ്ഞുകൊണ്ടിരുന്ന അവന്‍ തന്നെ ഇത്.
ശരീരമാകെ ഒരു തരിപ്പ് കയറിയ രേഖ അവന്റെ മുഖത്തേക്ക്‌ കാര്‍ക്കിച്ച് തുപ്പിയത് പോലീസുകാരന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

[ഇക്കഴിഞ്ഞ ഓണത്തിന് രണ്ടു ദിവസം മുന്‍പ്‌ സംഭവിച്ച കാര്യം ഞാന്‍ കഥയിലൂടെ പങ്കുവെക്കുന്നു. അവസാനഭാഗം ഒഴിച്ച് നിര്ത്തിയാല്‍ പൂര്‍ണ്ണമായും ഞാന്‍ നേരിട്ട സംഭവം. കഥ എന്ന രൂപത്തിലുള്ള പോരായ്മകളും കുറവുകളും അറിയിക്കണം.]

31/8/10

പൊട്ടിച്ചി

01-09-2010
മഴ കനത്തു. ചിങ്ങത്തിലെ മഴയ്ക്കും ഇത്ര രൌദ്രഭാവമൊ? തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിയുകയാണ്‌. ഭീകരമാകുന്ന മഴയുടെ ഭാവത്തിന്‌ മിന്നലും ഇടിവെട്ടും കൊഴുപ്പേകി. ശക്തിയോടെ വെള്ളം കുത്തിയൊലിച്ച്‌ പലവഴിക്കും പായുന്നു.

പാടത്തെ‌ കീറിമുറിച്ച്‌ കടന്നു പോകുന്ന റോഡ്‌ ഉയരത്തില്‍ മണ്ണിട്ട്‌ നിര്‍മ്മിച്ചതാണ്‌. രണ്ട്‌ സൈഡും കരിങ്കല്ല്‌ കൊണ്ട്‌ ഭദ്രമായി കെട്ടിയിട്ടുണ്ട്‌. പാടനിരപ്പില്‍ നിന്ന്‌ പത്ത്‌ പന്ത്രണ്ടടി ഉയരത്തിലാണ്‌ റോഡ്‌. സമതലനിരപ്പില്‍ നിന്ന്‌ കരിങ്കല്‍ കെട്ടിന്റെ അരികു ചേര്‍ന്ന്‌ പാടത്തേക്ക്‌ ഇറങ്ങിപ്പോകാന്‍ നടന്നു നടന്ന്‌ ചാലായ വഴിയുണ്ട്‌. ആ വഴിക്കരുകിലാണ്‌ പുറ‍മ്പോക്ക്‌ കിടക്കുന്ന സ്ഥലത്ത്‌ അഞ്ചെട്ട്‌ കുടിലുകള്‍ അടുപ്പിച്ചടുപ്പിച്ച്‌.

മുകളില്‍ നിന്ന്‌ മഴവെള്ളവും ചളിയും കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാടത്തേക്ക്‌ പതിക്കും. പലപ്പോഴും വഴിച്ചാല്‌ തിങ്ങി നിറഞ്ഞ്‌ കുടിലുകള്‍ക്കകത്തേക്ക്‌ കലക്കവെള്ളം കയറും. വെള്ളം കയറുന്നതില്‍ അതിനകത്തുള്ളവര്‍ക്ക്‌ പരാതി ഇല്ലായിരുന്നു. മഴയിലും കാറ്റിലും ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ വീഴാതിരുന്നാല്‍ മതിയെന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

പൊട്ടിച്ചിമാതുവിന്റെ കൂരയാണ്‌ ഏറ്റവും മോശം. സിമന്റ്‌ ചാക്കുകളും തുരുമ്പ്‌ പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക്‌ പേപ്പറുകളുംകൊണ്ട്‌ വികൃതമായ ഒരു പ്രകൃതം. മറ്റുള്ളവയെല്ലാം ഓലക്കീറുകള്‍ കൊണ്ട്‌ ഒതുക്കത്തില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളായിരുന്നു. കൊച്ച് കുടിലുകളായതിനാല്‍ തല കുനിച്ച് ഞൂണ്ടു വേണം അകത്തേക്ക്‌ കയറാന്‍.

പൊട്ടിച്ചിമാതുവൊഴികെ ബാക്കി എല്ലാവരും തമിഴരായിരുന്നു. അവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പൊട്ടിച്ചിമാതു ഏതെങ്കിലും വീട്ടില്‍ പണിക്ക്‌ പോകും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലാണ്‌ സ്ഥിരം പണി. അവിടെ പണി ഇല്ലെങ്കിലേ വേറെ എവിടെയെങ്കിലും പോകു.

പൊട്ടിച്ചി വളരെ ചെറുപ്പമാണ്‌.പതിനെട്ട്‌ പത്തൊമ്പത്‌ വയസ്സ്‌ പ്രായം വരും. കണ്ടാല്‍ ഒരു മുപ്പത്തഞ്ച്‌ വയസ്സെങ്കിലും തോന്നിക്കും. തീരെ വൃത്തിയും വെടിപ്പുമില്ല. നാറുന്ന ശരീരം. ചടപിടിച്ച തലമുടി മെഴുക്ക്‌ പുരട്ടാതെ ചപ്രചിപ്ര. ശരീരം മുഴുവന്‍ എപ്പോഴും ചൊറിഞ്ഞ്‌ കൊണ്ടിരിക്കും. വലിയ തൊള്ള. വലിയ പല്ലുകള്‍ പല വലിപ്പത്തില്‍ പുറത്തേക്ക്‌ ഉന്തി നില്‍ക്കുന്നു. ചുണ്ടുകള്‍ പിറകിലേക്ക്‌ വലിഞ്ഞ്‌ മോണയെല്ലം പുറത്താണ്‌. മൂക്കിന്റെ ഒരു ഭാഗം ചുണ്ടുമായി ചേര്‍ന്ന്‌ മുകളിലേക്ക്‌ വലിഞ്ഞിരിക്കുന്നു. ഈര്‍ക്കിലി പോലെ ചുക്കിച്ച ശരീരത്തിന്‌ യോജിക്കാത്ത ഒരു ബ്ളൌസ്സും കീറിയ പാവാടയും.
ഒട്ടനോട്ടത്തില്‍ ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുമെങ്കിലും ഭ്രാന്തില്ല.
ഒരു പൊട്ടി.
വ്യക്തമല്ലാതെ മൂക്കു കൊണ്ടുള്ള സംസാരം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു. എന്തിനേറെ, ഒരു പെണ്ണിന്റെ സൌന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ്‌ പോലും പേരിനില്ല.

തൊട്ടടുത്ത കുടിലിലെ തമിഴത്തിത്തള്ളക്ക്‌ പൊട്ടിച്ചിയെ ഇഷ്ടമായിരുന്നു. പൊട്ടിച്ചിയോട്‌ കൂടാനും ചിരിക്കാനും അവര്‍ മാത്രമായിരുന്നു കൂട്ടിന്‌. പറയുന്നത്‌ മുഴുവന്‍ മനസ്സിലാകില്ലെങ്കിലും തമിഴത്തി വായിലവശേഷിച്ച പല്ലുകള്‍ പുറത്ത്‌ കാട്ടി കുലുങ്ങിച്ചിരിക്കും. മൂക്കിലെ രണ്ട്‌ ഭാഗത്തേയും മൂക്കുത്തികള്‍ക്കൊപ്പം തുള വീണ ചെവിയും ചിരിയില്‍ ലയിക്കും. ആ ചിരി കാണുമ്പോള്‍ പൊട്ടിച്ചി വലിയ തൊള്ള തുറന്ന്‌ ഒരു പ്രത്യേക ശബ്ദത്തോടെ ചിരിയില്‍ പങ്കുചേരും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ പറമ്പില്‍ തെങ്ങ്‌ കയറ്റം. പൊട്ടിച്ചി നാളികേരമെല്ലാം പെറുക്കി കൂട്ടുകയാണ്‌. പരിസരത്ത്‌ മറ്റാരുമില്ല. കൊച്ചൌസേപ്പിന്റെ ഇളയ മകന്‍ ജോസ്‌ അതുവഴി വന്നു. കുനിഞ്ഞുനിന്ന്‌ നാളികേരം മാറ്റിയിടുന്ന പൊട്ടിച്ചിയുടെ ചന്തിയില്‍ ഒറ്റപ്പിടുത്തം. പെട്ടെന്നായതിനാല്‍ ഒന്നു ഞെട്ടിയ പൊട്ടിച്ചി ഒരു കയ്യില്‍ നാളികേരവുമായി ഉയര്‍ന്നപ്പോള്‍ ജോസ്‌ പുറകില്‍. ജോസിനൊരു വെപ്രാളം. ഒരടി പുറകോട്ട്‌ നീങ്ങിയപ്പോള്‍ പൊട്ടിച്ചി കയ്യില്‍ കയറി പിടിച്ചു.

" ഇഞ്ഞിം പിടിക്ക്‌. നല്ല സൊകം"

പെട്ടെന്ന്‌ കൈ വിടുവിച്ച്‌ ജോസ്‌ തിരിഞ്ഞ്‌ നടന്നു. ഇതൊന്നും അറിയാതെ തെങ്ങുകയറ്റക്കാരന്‍ പട്ട വെട്ടി താഴെ ഇടുന്നുണ്ടായിരുന്നു. ആ സംഭവത്തിന്‌ ശേഷം കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലെ പണിക്ക്‌ പോകാന്‍ മാത്രമെ പോട്ടിച്ചിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളു. തരം കിട്ടുമ്പോഴൊക്കെ ജോസ്‌ പൊട്ടിച്ചിയുടെ ചന്തിക്ക്‌ പിടിച്ച്‌ കൊണ്ടിരുന്നു.

തമിഴത്തിയോട്‌ മാത്രമെ എല്ലാം പറയൂ. എന്ത്‌ കേട്ടാലും ചിരിക്കുക എന്നതാണ്‌ തള്ളയുടെ പണി.

"പൊത്തിച്ചി, ഉന്‍ വയറ്‌ റൊമ്പ പെറ്‍സായിറ്‍ക്ക്‌. എന്നാച്ച്‌?" ഉയര്‍ന്ന വയറ്‌ കണ്ട്‌ തള്ളക്ക്‌ ആശങ്ക.

"ആവൊ"

എന്തുകൊണ്ട്‌ വയറ്‌ വീര്‍ത്തു എന്ന്‌ തിട്ടമില്ലാതെ എന്താണ്‌ ഉത്തരം പറയുക. പലതും ചോദിച്ചെങ്കിലും പൊട്ടിച്ചിക്ക്‌ ഒന്നും അറിയില്ലായിരുന്നു. അവസാനമാണ്‌ ജോസിനെക്കുറിച്ച്‌ സംസാരിച്ചത്‌. ജോസ്‌ എന്ന വാക്ക്‌ കേള്‍ക്കുമ്പോഴേക്കും പൊട്ടിച്ചിയില്‍ ഉണര്‍വും ആവേശവും അണപൊട്ടുന്നത്‌ കണ്ട്‌ തമിഴത്തിത്തള്ള എല്ലം ചോദിച്ചു.

ആരും ഇല്ലാത്ത സമയത്ത്‌ ജോസ്‌ പലപ്പോഴും മേത്ത്‌ കയറിക്കിടക്കാറുണ്ടെന്നും, അങ്ങനെ കയറിക്കിടക്കുന്ന സമയത്ത്‌ പാവാട ഉയര്‍ത്തി മുഖവും തലയും മൂടാറുണ്ടെന്നും, അടിവയറ്റിലൊരു സുഖം വരാറുണ്ടെന്നും ഒക്കെ പറഞ്ഞു.

പൊട്ടിച്ചിക്ക്‌ വയറ്റിലുണ്ടെന്ന്‌ റോഡുവക്കുള്ളവരോക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി.

ആക്രി പെറുക്കുന്ന തമിഴന്‍മാരുടെ കൂമ്പ്‌ നോക്കി ഇടിച്ചു നാട്ടുകാര്‍. എന്തൊരു ധാര്‍മ്മികരോഷം..! കറുമ്പി പെണ്‍കുട്ടികളുടെ കൈക്ക്‌ പിടിച്ച്‌ വലിച്ചു. സഹികെട്ട തമിഴത്തിത്തള്ള വെട്ടോത്തിയെടുത്ത്‌ പുറത്ത്‌ വന്ന്‌ അലറി.

"ടായ്‌..പുണ്ടച്ചിമക്കളെ..എന്നാ തിമിറ്‌ ഉങ്കള്‍ക്കെല്ലാം. യാരാവത്‌ അടുത്താല്‍ വെട്ടിടുവേന്‍." വെട്ടോത്തി വീശി തള്ള കോപം കൊണ്ട്‌ വിറച്ചു.

ധാര്‍മ്മിക രോഷക്കാര്‍ റോഡിനു മുകളിലേക്ക്‌ ഓടിക്കയറി.

"നാങ്കെ ആക്രി വേല താന്‍ പണ്ണത്‌. ആനാല്‍ നായ പോലെ അല്ലൈ. പശിക്കായ്‌ പണി ശെയ്യത്‌, പാശത്ത്ക്കായ്‌ പാവമാകത്‌. ആനാല്‍ മലയാലത്ത്‌ മക്കള്‍ അന്തമാതിരി അല്ലൈ. പൊത്തിച്ചിയെ പാക്ക്‌...മലയാലത്ത്കാരന്‍ യൊരു നായ താന്‍ ഇന്ത മാതിരി പണ്ണി വെച്ചിറ്‍ക്ക്‌. അങ്കൈ പോയി കേള്‌." നീട്ടിത്തുപ്പിക്കൊണ്ട്‌ മുകളിലേക്ക്‌ നോക്കി വിളിച്ച്‌ പറഞ്ഞ തമിഴത്തി ചവിട്ടിത്തുള്ളി അകത്തേക്ക്‌ പോയി.

പിന്നെ ഇതാരായിരിക്കും? എല്ലാരും പരസ്പരം മുഖത്തോട്‌ മുഖം നോക്കി. മുഖത്ത്‌ നോക്കിയാല്‍ അടുക്കാന്‍ പോലും അറപ്പ്‌ തോന്നുന്ന അതിന്റെ അടുത്ത്‌ ഏതവനായിരിക്കും ഈ പണി ഒപ്പിച്ചത്‌. ആര്‍ക്കും അത്തരം ഒരു വ്യക്തിയെ കണ്ടെത്താന്‍ ആയില്ല. ഇക്കാര്യത്തില്‍ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന ചിലരുടെ അഭിപ്രായമാണ്‌ പലരിലേക്കും സംശയങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്‌.

എന്നാലും ജോസിനെ സംശയിക്കാന്‍ പലര്‍ക്കും പ്രയാസമായിരുന്നു. സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറാത്തവന്‍, സല്‍സ്വഭാവി, ദാനശീലന്‍ എന്നീ ഗുണങ്ങള്‍ക്ക്‌ പുറമെ കൂട്ടുകാര്‍ക്ക്‌ വെള്ളമടിയും അത്യാവശ്യം അല്ലറ ചില്ലറയും നല്‍കുന്നവന്‍. അതുകൊണ്ടുതന്നെ അല്ലെന്നു സമര്‍ത്ഥിക്കാനാണ്‌ പലരും മെനക്കെട്ടത്‌.

മാസങ്ങള്‍ കഴിയുന്തോറും പൊട്ടിച്ചിയുടെ വയറ്‌ വീര്‍ത്ത്‌ വന്നു. മെല്ലിച്ച ശരീരത്തില്‍ ഒരു വലിയ വയറ്‌ കൂടി ആയപ്പോള്‍ ഒന്നുകൂടി വികൃതമായി. പല മാന്യരുടേയും ധാര്‍മ്മികരോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാവം പൊട്ടിച്ചിയും വയറും അനാഥമായി തമിഴത്തിത്തള്ളയുടെ മങ്ങിയ ചിരിക്കുള്ളില്‍ സാന്ത്വനം തേടി.

ഒരു കറുത്ത രാത്രിയില്‍ മഴ വീണ്ടും ഗര്‍ജ്ജിച്ചു. ഇരുട്ടിലൂടെ കലക്കവെള്ളം കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാഞ്ഞു. ഇടിവെട്ടിനിടയില്‍ പൊട്ടിച്ചിയുടെ കരച്ചില്‍ തുരുമ്പിച്ചു. സംശയം തോന്നിയ തമിഴത്തി ഓടിയെത്തി കൂര മറച്ചിരുന്ന സിമന്‍റ്‌ ചാക്ക്‌ ഉയര്‍ത്തി നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, പൊട്ടിച്ചി അകത്ത്‌ കയറിയ കലക്കവെള്ളത്തില്‍ കാലിട്ടടിച്ച്‌ വയറ്‌ പൊത്തി അലറുന്നത്‌ കണ്ടു.

ശങ്കിക്കാതെ തിരിച്ചോടി സ്വന്തം കുടിലില്‍ നിന്ന്‌ കുറേ പഴന്തുണിയും കറിക്കത്തിയുമായി തമിഴത്തിത്തള്ള, ചാരിവെച്ചിരുന്ന പൊട്ടിച്ചിയുടെ കൂരയുടെ പാട്ടക്കതക്‌ തള്ളിത്തുറന്ന്‌ അകത്ത്‌ കടന്നു. കതകടച്ച്‌ ചിമ്മിനി വെളക്ക്‌ കത്തിച്ചു. അരണ്ട പ്രകാശത്തില്‍ അരക്ക്‌ താഴെ ഉടുതുണിയില്ലാതെ മുക്കിയും മൂളിയും കലക്കവെള്ളത്തില്‍ കാലിട്ടടിക്കുന്നു പൊട്ടിച്ചി. ശകാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍. വഴുവഴുപ്പില്‍ നിന്ന്‌ കൊച്ചിനെയെടുത്ത്‌ പൊക്കിള്‍ക്കൊടി കത്തി കൊണ്ട്‌ കണ്ടിച്ചു. വഴുവഴുപ്പെല്ലാം പഴന്തുണികൊണ്ട്‌ തുടച്ച്‌ വെള്ളമില്ലാത്ത ഭാഗത്ത്‌ കൊച്ചിനെ കിടത്തി. പ്രസവച്ചോരയുടെ ചൂര്‌ കൂരയില്‍ നിന്ന്‌ സിമന്‍റ്‌ ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു. ചെറിയൊരു അനക്കം മാത്രം അവശേഷിച്ച പൊട്ടിച്ചിയില്‍ നിന്ന്‌ നിലയ്ക്കാത്ത ചോര അവശിഷ്ടങ്ങളുമായി ചേര്‍ന്ന്‌ കലക്കവെള്ളത്തിലൂടെ പുറത്തേക്ക്‌ ഇഴഞ്ഞു.

വിടവുകളിലൂടെ അകത്ത്‌ കടന്ന കാറ്റ് ചിമ്മിനിവെട്ടം ഊതി കെടുത്തി.

അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച്‌ മനസ്സ്‌ ഇരു‍ട്ടില്‍ കാറി കരഞ്ഞു.

16/8/10

സുപ്രഭാതം കാത്തിരിക്കുന്നവള്‍

     16-08-2010

                   കൌസല്യാ സുപ്രജാ രാമപൂര്‍വാ സന്ധ്യാ പ്രവര്ത്തതേ
                   ഉത്തിഷ്ടാ നരസാര്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം
                   ഉത്തിഷ്ടോത്തിഷ്ട ഗോവിന്ദ ഉത്തിഷ്ട ഗരുഡദ്വജാ
                   ഉത്തിഷ്ട കമലാകാന്താ ത്രൈലോക്യം മംഗളം കുരൂ...

എം.എസ്സ്‌.സുബ്ബലക്ഷ്മിയുടെ ഇപ്പോഴും തനിമ നഷ്ടപ്പെടാത്ത ശബ്ദമാധുര്യം ഉറക്കത്തില്‍ നിന്നുണരുന്നതിന്‌ ഒരു തലോടലായി വന്നെത്തി. അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും കിളികളുടെ മര്‍മ്മരങ്ങളും കൂടിക്കലര്‍ന്നപ്പോള്‍ വെളിച്ചം എത്തിനോക്കിയ വെളുപ്പാന്‍ കാലം ഭക്തിയോടെ തഴുകി.


നളിനി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. ലൈറ്റ്‌ ഓണാക്കി. ഗ്യാസ്‌ സ്റ്റൌ കത്തിക്കാന്‍ കൈ നീണ്ടെങ്കിലും കുതിച്ചുകയറിയ ഗ്യാസിന്‍റെ വില പുകയില്ലാത്ത അടുപ്പിലേക്ക്‌ വിറകുകള്‍ കുത്തിക്കയറ്റാന്‍ പ്രേരിപ്പിച്ചു. മക്കള്‍ക്ക്‌ കൊണ്ടുപോകേണ്ട ചോറിന്‌ വെള്ളം അടുപ്പത്ത്‌ വെച്ച്‌ മുറ്റത്തേക്കിറങ്ങി. കുറ്റിച്ചൂലെടുത്ത്‌ വീടിന്‍റെ നാല്‌ ഭാഗത്തേയും മുറ്റം അടിച്ച്‌ കഴിഞ്ഞപ്പോള്‍ തണ്ടല്‍ വേദന. ഇപ്പോള്‍ എല്ലാവര്‍ക്കും ഉള്ളതാണല്ലൊ എന്ന് കരുതി സമാധാനിച്ചു.

ഉപ്പ്പൊടി ചേര്‍ത്ത്‌ മിക്സ്‌ ചെയ്തിരുന്ന ഉമിക്കരിയെടുത്ത്‌ പല്ലമര്‍ത്തി തേച്ചു. മുറ്റത്ത്‌ വീണു‌ കിടന്നിരുന്ന തെങ്ങോലയില്‍ നിന്ന് ഒരീര്‍ക്കിലി ഒടിച്ചെടുത്ത്‌ പൊളിച്ച്‌ നാവ്‌ വടിച്ചു. പൈപ്പ്‌ തുറന്ന് മുഖം കഴുകി. കൈവിരലുകള്‍കൊണ്ട്‌ പല്ല് വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേട്ടാലേ നളിനിക്ക്‌ തൃപ്തിയാകു. ബ്രഷും പേയ്സ്റ്റും നാക്ക്‌ വടിക്കുന്നതുമെല്ലാം ആദ്യമെ കുറച്ചു നാള്‍ ഉപയോഗിച്ചതോടെ മടുത്തു. എല്ലാം കഴുകി വീണ്ടും ഉപയോഗിക്കുന്നതില്‍ ഒരറപ്പ്‌. ബ്രഷ്‌ പിന്നേയും കഴിച്ച്‌ കൂട്ടാം. പക്ഷെ നാക്ക്‌ വടിക്കുന്ന ആ സാധനം കൈകൊണ്ട്‌ തൊടുമ്പോള്‍ ഓക്കാനം വരും.

അടുപ്പത്ത്‌ വെച്ച വെള്ളം തിളച്ച്‌ മറിയുന്നു. തിടുക്കത്തില്‍ അരി കഴുകി കലത്തിലിട്ടു. ഇന്നലെ അരച്ച് വെച്ചിരുന്ന മാവെടുത്ത് ഇഡ്ഡലിത്തട്ടിലൊഴിച്ച് ഗ്യാസ്‌ സ്റ്റൌവില്‍‍ വെച്ചു. ഫ്രിഡ്ജില്‍ നിന്ന് അഞ്ചെട്ട്‌ കാരറ്റെടുത്ത്‌ കുനുന്നനെ അരിഞ്ഞു.

"ഇന്നും അമ്മേടെ ഈ ക്യാരറ്റ്‌ തന്നെയാണൊ?" പ്ളസ്ടൂവിന്‌ പഠിക്കുന്ന മകന്‍ ബ്രഷില്‍ പേയ്സ്റ്റുമായി അടുക്കളയിലെത്തി.

"വേറെ ഞാനെന്താ ഇണ്ടാക്കാ. മോന്‍ പറഞ്ഞ്‌ താ."

"മിനിയാന്നും ഇതന്നെ. കുട്ടികളെന്നെ കളിയാക്കും."

"അത്‌ സാരംല്യ. അന്നു വാങ്ങിയതില്‍ കുറച്ച്‌ ബാക്കി ഇരുന്നതാ. അതങ്ങ്ട്‌ കഴിഞ്ഞോട്ടെ."

"അമ്മയ്ക്ക്‌ വേറെ എന്തെങ്കിലും വാങ്ങിച്ചൂടെ."

"നിന്‍റെ അച്ഛന്‌ അവിടെ പണം കായ്ക്കുന്ന മരം കുലുക്കി പണം വാരലല്ല പണി. നീ പോയി പല്ല് തേച്ച്‌ എന്തെങ്കിലും പഠിക്കാന്‍ നോക്ക്‌."

ഇഡ്ഡലിത്തട്ടില്‍ നിന്ന് ഇഡ്ഡലിയെടുത്ത്‌ വീണ്ടും മാവൊഴിച്ച്‌ അടുപ്പത്ത്‌ വെച്ചു. ഉള്ളിയും പച്ചമുളകും അരിഞ്ഞ്‌ അല്‍പം നാളികേരം ചിരവി കഴിഞ്ഞപ്പോഴേക്കും ഇഡ്ഡിലി റെഡിയായി. ആ കലം മാറ്റി അവിടെ ചായയ്ക്കുള്ള വെള്ളം വെച്ചു.

 അകമെല്ലാം തൂത്ത് വാരാന്‍ ചൂലെടുത്തു.
"കോത്തിലുച്ചയായാലും എഴുന്നേല്‍ക്കണ്ടടി. നിന്നെപ്പോലെ അല്ലെ അവന്‍. അവനെപ്പഴേ എഴുന്നേറ്റ്‌ പഠിക്കുന്നതാ. നീ ഇത്തവണ പത്തിലാ. അത്‌ മറക്കണ്ട. എടീ ഇങ്ങോട്ടെഴുന്നേല്‍ക്കാന്‍. എനിക്കാ കട്ടിലിന്‍റെ അടിയിലൊക്കെ ഒന്ന് അടിച്ച്‌ വാരണം."

കണ്ണുകളിലവശേഷിച്ച ഉറക്കം തിരുമ്മിയുടച്ച്‌ അവള്‍ മുറിക്ക്‌ പുറത്ത്‌ കടന്നു.

"അയ്യേ..കാലത്തേ കിട്ടിയേ ഉണ്ടക്കണ്ണിയ്ക്ക്‌."

"നോക്യേ അമ്മേ അവന്‍..."അവള്‍ കിണുങ്ങിക്കൊണ്ട്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചെന്നു. അവനെ ഇക്കിളിയാക്കി അവള്‍ പുറത്തേയ്ക്ക്‌ ഓടി.

രണ്ടുപേരും കുളിച്ച്‌ വരുമ്പോഴേക്കും അവര്‍ക്ക്‌ വേണ്ട ഡ്രസ്സുകള്‍ തേച്ച്‌ വെച്ചു. പാത്രത്തില്‍ ചോറാക്കി. രണ്ടാളും ഒരേ സ്കൂളിലായതിനാല്‍ ഒരുമിച്ചാണ്‌ പോകുന്നത്‌. പുറത്തേക്കിറങ്ങിയാല്‍ രണ്ടാളും തല്ല് കൂടാറില്ല. സ്കൂള്‍ അടുത്തായതിനാല്‍ കഥകളും പറഞ്ഞ്‌ നടക്കും.

അമ്മയോട്‌ യാത്ര പറഞ്ഞ്‌ രണ്ടുപേരും മുറ്റത്തിറങ്ങി. കണ്ണില്‍ നിന്ന് മറയുന്നത്‌ വരെ നോക്കിനിന്ന നളിനി വീണ്ടും അടുക്കളയിലേക്ക്‌ നടന്നു. പാത്രങ്ങളെല്ലാം കഴുകി അടുക്കിപ്പെറുക്കിവെച്ച്‌ സോപ്പ്പൊടി കലക്കിയ ബക്കറ്റിലെ വെള്ളത്തില്‍ ബ്രഷ്‌ മുക്കി പുരയ്ക്കകവും പുറവും തുടച്ച്‌ വൃത്തിയാക്കി. അല്‍പം പട്ടയും ചൂട്ടും കിടന്നിരുന്നതിനെ വെട്ടിയുരിഞ്ഞ്‌ ചെറിയ കെട്ടുകളാക്കി കഴിഞ്ഞപ്പോഴേക്കും സമയം കുറെ ആയി.

തുണി ഇനി നാളെ അലക്കാം എന്ന് മനസ്സില്‍ കരുതി. മേലൊക്കെ കുറച്ച്‌ എണ്ണ പുരട്ടി കുളി കഴിഞ്ഞപ്പോള്‍ സമയം പത്താവാറായി.

പത്ത്‌ മണിക്കുള്ള ബസ്സ്‌ പോയാല്‍ പിന്നെ പതിനൊന്ന് മണിക്കേ ബസ്സുള്ളു. അതില്‍ അവിടെ എത്തുമ്പോഴേക്കും എല്ലാം അടച്ചിട്ടുണ്ടാകും. കരണ്ട്‌ ബില്ല് അടക്കേണ്ടതിന്‍റെ അവസാന ദിവസമാണിന്ന്. അത്‌ കഴിഞ്ഞ്‌ കരണ്ടോഫീസിന്‍റെ അടുത്ത്‌ തന്നെയുള്ള മാവേലിസ്റ്റോറില്‍ നിന്ന് കുറച്ച്‌ സാധനങ്ങളും വാങ്ങാം. വന്നിട്ട്‌ വേണം ആ മരണവീട്ടില്‍ പോയി ഒന്ന് മുഖം കാണിക്കാന്‍.

സാധനങ്ങളും വാങ്ങി തിരികെ എത്തിയപ്പോള്‍ മണി മൂന്ന് കഴിഞ്ഞു. എന്തൊരു തിരക്കായിരുന്നു സ്റ്റോറില്‍. ഇനിയിപ്പൊ പിള്ളേര്‌ സ്കൂളില്‍ നിന്ന് എത്താറായി. അവര്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കണം. മരണ വീട്ടില്‍ ഇനി എപ്പഴാ ഒന്ന് പോകാന്‍ പാറ്റ്ക ആവൊ.

ഓരോന്ന് ചിന്തിച്ചിരുന്നപ്പോള്‍ ഏട്ടന്‍റെ അമ്മ വന്നു. അമ്മ തറവാട്ടില്‍ അനിയന്‍റെ കൂടെയാണ്‌ നില്‍ക്കുന്നത്‌. അമ്മയെ കണ്ടപ്പോള്‍ ഭയം. അമ്മേടെ വായേന്ന് ഇനി എന്തൊക്കെയാണാവൊ വീഴാന്‍ പോകുന്നത്‌. എന്തായാലും നല്ലതൊന്നും കേള്‍ക്കില്ലെന്ന് ഉറപ്പ്‌.

"മരിച്ചോടത്ത്‌ പോയില്ലെ നിയ്യ്‌..?"

"ഇതുവരെ പോകാന്‍ പറ്റീട്ടില്ല അമ്മെ"

"കാലത്തേ ഉടുത്തൊരുങ്ങി പോണത്‌ കണ്ടല്ലൊ? ഏതവന്‍റെ അടുത്തേക്കാടി എന്നും നിന്‍റെ ഈ തുള്ളിച്ച. എന്‍റെ മോന്‍ അറബി നാട്ടീക്കെടന്ന് മാസാമാസം അയച്ചുതരുന്നുണ്ടല്ലൊ അല്ലെ. നിനക്കിവിടെ പൌഡറും പൂശി കുണ്ടീം കുലുക്കി നടന്നാ മതീല്ലൊ. മേലനങ്ങാതെ തിന്ന് മുടിച്ചാ മതി. അല്ലെങ്കില്‍ നേരം വെളുത്തിട്ട്‌ ഇത്രേ ആയി. ആ മരിച്ചോടത്തൊന്ന് കടന്ന് പോകാന്‍ ഇതുവരെ സമയം കിട്ടീലാന്ന് നീ ആരോടാ പറയണെ. അതിനെങ്ങിനെയാ..അവനൊരു പെണ്‍കോന്തന്‍. അവധിക്ക്‌ വന്നാ നിന്‍റെ മൂടും താങ്ങിയല്ലെ അവന്‍റെ നടപ്പ്‌. അപ്പോ നിനക്ക്‌ തോന്നിയത്‌ പോലെ ജീവിക്കാലൊ. അഴിഞ്ഞാട്ടക്കാരി...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട." ഇത്രയും പറഞ്ഞ്‌ അവര്‍ തിരിച്ച്‌ പോയി.

നളിനിയ്ക്ക്‌ കരച്ചില്‍ വന്നു. എന്ത്‌ ചെയ്താലും പഴിമാത്രം കേള്‍ക്കെണ്ടിവരുന്ന വിധിയെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. ഏട്ടന്‍ അയച്ച പൈസയെടുക്കാന്‍ മിനിയാന്ന് പോയി. ഇന്നലെ ഫോണ്‍ ബില്ലടയ്ക്കാന്‍ പോയി. ഇന്നിപ്പൊ ഇങ്ങിനേം കഴിഞ്ഞു. ഇതെല്ലാം ആരോട്‌ എങ്ങിനെ പറഞ്ഞാ മനസ്സിലാക്കാ. പുറമേന്ന് നോക്കുമ്പോള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നു. ‌ ഗള്‍ഫ്കാരന്‍റെ ഭാര്യ. അവള്‍ക്കെന്തിന്‍റെ കുറവാ....! കാലം മാറിയപ്പോള്‍ ഗള്‍ഫ്കാരോടും അവരുടെ കുടുംബത്തോടും ഉള്ള നാട്ടുകാരുടേം വീട്ടുകാരുടേം തോന്നല്‍ മാറി എന്ന് പറയുന്നത്‌ വെറുതെ...

സ്കൂളില്‍ നിന്നെത്തിയ മക്കള്‍ക്ക്‌ ചായ കൊടുത്ത്‌ മരിച്ചോടത്ത്‌ പോയി ഒന്ന് മുഖം കാണിച്ച്‌ തിരിച്ച്‌ വന്നു. മുറിയെല്ലാം തൂത്ത്‌ വാരി വിളക്ക്‌ വെക്കുമ്പോള്‍ ഏട്ടന്‍റെ ഫോണ്‍ വന്നു.

നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌. കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍ ഒരുമിച്ച്‌ ജീവിച്ചിരുന്ന ചുരുങ്ങിയ നാളുകളിലെ ഓര്‍മ്മകള്‍ താലോലിച്ച്‌ രാത്രി കഴിച്ച്‌ കൂട്ടാം എന്ന് സമാധാനിച്ചു.

ഇന്നത്തെ അലച്ചില്‍ കാരണം പെട്ടെന്ന് ഉറങ്ങിപ്പോകും എന്ന് കരുതിയത്‌ വെറുതെയായി. ഏട്ടന്‍റെ ഫോണ്‍ വന്നാല്‍ അങ്ങിനെയാണ്‌. അന്ന് പിന്നെ ഉറക്കം കണക്കാ. എന്നാലും എപ്പോഴോ ഉറങ്ങിപ്പോയി.

"അമ്മേ..അമ്മേ..ദേ വാതിലില്‍ ആരോ മുട്ടുന്നു." മകന്‍റെ അടക്കിപ്പിടിച്ച പരിഭ്രമം കലര്‍ന്ന ശബ്ദം കേട്ട്‌ നളിനി ഉണര്‍ന്നു. സമയം രാത്രി ഒന്നൊന്നര ആയിക്കാണും.

നല്ല മഴ പുറത്ത്‌. ശക്തിയായ കാറ്റ്‌. ഇടിമിന്നലും ഇടിവെട്ടും. വര്‍ദ്ധിച്ച ഭയത്തോടെ നളിനി കാതോര്‍ത്തു. ശരിയാണ്‌...പരിചയമുള്ള ആരോ വാതിലില്‍ മുട്ടുന്നത്‌ പോലെ.. മെല്ലെ മെല്ലെ... ചങ്കിടിപ്പ്‌ പെരുകി. കട്ടിലില്‍ നിന്ന് അനങ്ങാനൊ എഴുന്നേല്‍ക്കാനൊ കഴിയുന്നില്ല. കൈകാല്‍ വിറക്കുന്നു. മകന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ശബ്ദം പോലും പുറത്ത്‌ വരാതായി.

ഒരു കണക്കിന്‌ എഴുന്നേറ്റ്‌ പുറത്തെ ലൈറ്റിട്ടു. എമര്‍ജന്‍സിയെടുത്ത്‌ കയ്യില്‍ പിടിച്ച്‌ ഹാളിനകത്തേക്ക്‌ കടന്നു. കുറച്ചുനേരം കാത്ത്‌ നിന്നിട്ടും പിന്നെ അനക്കമൊന്നും കേട്ടില്ല. കുറേ നേരം കൂടി ശ്വാസം അടക്കിപ്പിടിച്ച്‌ ശ്രദ്ധിച്ചു. ഇല്ല. ഒന്നുമില്ല.

 കാറ്റ് ജനല്പാളികളില്‍ അടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണെന്ന് മനസ്സിലായി. എന്നിട്ടും തിരിച്ച്‌ വന്ന് കിടക്കുമ്പോള്‍ ഭയം ഒരു സംശയം പോലെ പരന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ കേള്‍‍ക്കുന്ന സുപ്രഭാതത്തിന്‌ കാതോര്‍ത്ത്‌ മയങ്ങിയോ...

നിശ്ചയമില്ല.

9/8/10

അവള്‍ വെറുതെ കിടന്നതാണ്‌

03-08-2010

"വേണ്ട..ഞാനുണ്ടാക്കിക്കോളാം...ഒരു ചായയുടെ കാര്യമല്ലെ. അതിനി തന്‍റെ മൂഡ്‌ നശിപ്പിക്ക‍ണ്ട."

നേരിയ തണുപ്പിന്‍റെ സുഖം നുകര്‍ന്ന്‌ മക്കളെ രണ്ടുപേരേയും ചേര്‍ത്ത്‌ പിടിച്ച്‌ കമ്പിളിക്കടിയില്‍ വീണ്ടും ചുരുണ്ടു കൂടി അവള്‍.

കൃത്യം ഏഴരക്ക്‌ തന്നെ അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങാറുള്ളതാണ്‌. ഇന്നല്‍പം ലേറ്റാകുന്നതിന്‍റെ വെപ്രാളം എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നു. അലാറം അടിച്ചെങ്കിലും മറ്റുള്ളവര്‍ സുഖമായി കിടക്കുന്നത്‌ കണ്ടപ്പോള്‍ വെറുതെ ഒന്നുകൂടി കിടന്നതാണ്‌.

സ്റ്റൌ കത്തിച്ച്‌ വെള്ളം വെക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു.

കാലത്തെഴുന്നേറ്റ്‌ കുളികഴിഞ്ഞ്‌ ഏറ്റവും ആദ്യം അടുക്കളയിലെത്തിയിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി. ഉയര്‍ന്ന വിദ്യാഭ്യാസം വരുത്തിയേക്കാവുന്ന ആഢംബരങ്ങളുടെ അണുക്കള്‍ ബാധിക്കാതിരുന്ന അയളുടെ ഭാര്യ. കുടുംബത്തെ സ്വര്‍ഗ്ഗമാക്കി സംരക്ഷിച്ചിരുന്ന വീട്ടമ്മ.

പിന്നെ എവിടെയാണ്‌ തെറ്റിയത്‌?

അവളെ ഗല്‍ഫിലേക്ക്‌ വലിച്ചിട്ട തന്‍റെ തീരുമാനമൊ? പഞ്ഞമില്ലാതെ എത്തിച്ചേരുന്ന പണത്തിനിടയില്‍ മോഹങ്ങള്‍ക്ക്‌ മൂക്ക്‌ കയറിടാന്‍ ചിന്തകള്‍ അനുവദിക്കില്ലല്ലൊ...പുതിയവയെ കൈനീട്ടി വരവേല്‍ക്കുമ്പോഴും പഴയതെല്ലാം ആവിയായ്‌ തീരുന്നത്‌ മനസ്സിന്‍റെ കോണിലെവിടെയൊ അറിയാതെ അടിഞ്ഞ്‌ കൂടുന്നുണ്ടായിരുന്നു.

ഏതൊരു പെണ്ണിനേയും പോലെ ഭര്‍ത്താവൊത്ത്‌ ഒരുമിച്ച്‌ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഗള്‍ഫിലെ ഭാര്യയാകാന്‍ എന്തുകൊണ്ടൊ ആദ്യം മുതലെ അവള്‍ക്കിഷ്ടമല്ലായിരുന്നു. അവളുടെ ഇഷ്ടത്തേക്കാള്‍ തന്‍റെ ആഗ്രഹമായിരുന്നു അവളെ ഇവിടെ എത്തിച്ചത്‌.

പ്രവാസ ഭൂമിയുടെ തനിനിറം നേരിട്ട്‌ കണ്ടപ്പോഴാണ്‌ അവള്‍ കൂടുതല്‍ അസ്വസ്ഥയായത്‌. ദൂരങ്ങളോളം നീണ്ട്‌ കിടക്കുന്ന മണലാരണ്യങ്ങള്‍. മരുഭൂമിയെ പകുത്ത്‌ കേടുപാടുകളില്ലാതെ കറുത്ത റോഡ്‌ നീളത്തില്‍. പച്ചപ്പുകള്‍ അവശേഷിക്കുന്ന ഈന്തപ്പനകള്‍ അങ്ങിങ്ങ്‌. ആട്ടിന്‍പറ്റം പോലെ ചിലയിടത്ത്‌ കെട്ടിടങ്ങള്‍. തീര്‍ന്നു...അവളുടെ കാഴ്ചകള്‍.

അവളെ കുറ്റപ്പെറ്റുത്തുന്നതില്‍ ന്യായമില്ലെന്ന്‌ അയാള്‍ക്കും തോന്നിയിരുന്നു. ചെടികളും പൂക്കളും മഞ്ഞും മഴയും തിക്കിത്തിരക്കിയ നാട്ടന്തരീക്ഷം അകന്ന്‌ പോയപ്പോള്‍ പെട്ടെന്ന്‌ ഉള്‍‍ക്കൊള്ളാനായില്ലെന്നത്‌ നേര്‌.

കലുഷിതമായ മനസ്സുമായി അവളുടെ ആദ്യനാളുകള്‍ കടന്നുപോയി.

അയാളുടെ ആഹാരക്രമത്തിലെ അടുക്കും ചിട്ടയും തിരികെ കിട്ടി. ഫ്രീസറിനകത്തെ തണുത്ത്‌ മരവിച്ച കോഴിയെ അവള്‍ കറി വെച്ചെടുക്കുമ്പോള്‍ നാടന്‍ സ്വാദ്‌. ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന്‌ മുക്തി നേടി.

അടഞ്ഞ മുറിക്കുള്ളിലെ സുലഭമായ വെളിച്ചത്തിന്‍റെ തെളിച്ചവും കാര്‍പ്പെറ്റ്‌ നിരത്തിയ തറയും ഒട്ടും ഈര്‍പ്പമില്ലാത്ത അന്തരീക്ഷവും അവള്‍ക്കിഷ്ടപ്പെട്ടുവന്നു. കൊടുംചൂടും തണുപ്പും നിയന്ത്രിക്കുന്ന ഏസിയുടെ ശീതളിമയില്‍ മണ്ണുമായുള്ള ബന്ധം വേര്‍പ്പെട്ട കാലുകള്‍ പശിമയോടെ ഫ്ലാറ്റിനകത്ത്‌ സുഖിച്ചു. ഭര്‍ത്താവ്‌ മാത്രമായ കുടുംബത്തില്‍ തിരക്കൊഴിഞ്ഞ ശാന്തത ലഭിച്ചു. വെറുതെയാകുന്ന സമയത്തെ തള്ളിനീക്കാന്‍ ഉറക്കത്തേയും ടീവിയേയും കൂട്ട്‌ പിടിച്ചു. പതിവില്ലാതിരുന്ന രണ്ട്‌ സ്വഭാവം ക്രമേണ പതിവായി.

മഴയുടെ നനവും വീട്ടുപണിയുടെ വേവലാധിയും അകന്നുകൊണ്ടിരുന്ന മനസ്സില്‍ അവളറിയാതെ കയറിക്കൂടിയത് ഒന്നും ചെയ്യാനില്ലാതെ, ചിന്തകളെ തുരുമ്പെടുപ്പിക്കുന്ന അലസതയായിരുന്നു. ഫിലിപ്പൈനികളും പാക്കിസ്ഥാനികളും മാറ്റ് അറബ് വംശജരും അയല്‍വക്കക്കാരായതിനാല്‍ ഫ്ലാറ്റില്‍ നിന്ന് പുരത്തിറങ്ങേണ്ടി വരാറില്ല. ഇരുപത്തിനാല് മണിക്കൂറും അടഞ്ഞ മുറിയുടെ അകത്ത്‌ തന്നെ.  സമയാസമയങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും തോന്നിക്കാത്ത കിടപ്പ് തന്നെ ശരണം.

ആദ്യമായി നാട്ടിലേക്ക്‌ പോകുന്നത്‌ പ്രസവത്തിന്‌ വേണ്ടിയാണ്‌. മനസ്സില്‍ പതുങ്ങിക്കിടന്നിരുന്ന നാടും തോടും കാറ്റും മഴയും എല്ലാം കാര്‍മേഘങ്ങളായ്‌ ഉരുണ്ട്‌ കൂടി. പ്രസവം എന്നതിനേക്കാള്‍ നാടിനെ കെട്ടിപ്പുണരാന്‍ കൊതിച്ചു.

വിമാനത്താവളത്തില്‍ നിന്ന്‌ പുറത്ത്‌ കടന്നപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. ചെളി പിടിച്ച തറയിലേക്ക്‌ കാലെടുത്ത്‌ വെച്ചപ്പോള്‍ എന്തോ ഒരു വേണ്ടായ്ക അനുഭവപ്പെട്ടു. നാട്ടിലെ കാറുകള്‍ക്കെല്ലാം ഭംഗി കുറഞ്ഞെന്ന്‌ തോന്നി. തീരെ ഷെയ്പ്പില്ലാതെ ഒരു വക കാറുകള്‍. ഗള്‍ഫില്‍ പോകുന്നതിന്‌ മുന്‍പ്‌ ഈ കാറുകളെല്ലാം ഭംഗിയുള്ളവ ആയിരുന്നല്ലൊ...?

കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകള്‍ നിറയെ വളവും തിരിവും. വീടിനോട്‌ അടുക്കുന്തോറും പരിചയമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത്‌ പോലെ.

"ചേച്ചി നല്ലോണം തടിച്ചു. പഴേ സ്ളിം തന്നെയായിരുന്നു ഭംഗി."

അഭിപ്രായങ്ങള്‍ക്ക്‌ ചിരി സമ്മാനിക്കുമ്പോഴും ഒരതൃപ്തി കൂട്ടിനുണ്ടായിരുന്നു..

സാമാന്യം ഭേദപ്പെട്ട ആശുപത്രിയിലാണ്‌ പ്രസവം നടന്നത്‌. എന്നിട്ടും ആ ആശുപത്രി പരിസരവുമായി പൊരുത്തപ്പെടാനാകാതെ കുഴഞ്ഞു. പതിയെ നാടിന്‍റെ രുചിയില്‍ അലിഞ്ഞ്‌ ചേരാന്‍ തുടങ്ങി. അപ്പോഴും എന്തോ ഒരു കുറവ്‌ അലട്ടിക്കൊണ്ടിരുന്നു.

അവളുടെ നിര്‍ബന്ധം നേരത്തെയുള്ള തിരിച്ച്‌ പോക്കിന്‌ വഴിവെച്ചു.

മണല്‍ക്കാറ്റേറ്റ്‌ അവള്‍ ഉണര്‍ന്നു. ഉന്‍മേഷം ഉയര്‍ന്ന്‌ പൊങ്ങി.

കുഞ്ഞിന്‍റെ പരിചരണത്തില്‍ മുഴുകിയപ്പോള്‍ സമയമില്ലെന്ന പരിഭവം. ഭക്ഷണ കാര്യങ്ങളില്‍ നോട്ടമില്ലാതായി. എല്ലാം മറന്നുള്ള ഉറക്കം നഷ്ടപ്പെട്ടതിലെ പ്രയാസം.

കാത്ത്‌ നില്‍ക്കാതെ കടന്ന്‌ പോയ വര്‍ഷങ്ങള്‍ക്കിടയില്‍ അലസത പെരുകിക്കൊണ്ടിരുന്ന ദിനങ്ങള്‍....

രണ്ടാമത്തെ പ്രസവത്തിന്‌ നാട്ടിലേക്ക്‌ പോകാന്‍ അവള്‍ കൂട്ടാക്കിയില്ല. വല്ലപ്പോഴുമുള്ള നാട്ടില്‍ പോക്ക്‌ സുഖയാത്രപോലെ ചുരുങ്ങി. ബന്ധുക്കളോടുള്ള തീവ്രത നേര്‍ത്ത്‌ വന്നു. ബന്ധങ്ങളും കടപ്പാടുകളും വാക്കുകളില്‍ ഒതുങ്ങി.

അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങുന്നതിനുശേഷം ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാതെ അവള്‍ എഴുന്നേല്‍ക്കും. മക്കളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതോടെ ഒരു ദിവസത്തെ ഭാരം തീര്‍ന്നു എന്ന തോന്നല്‍. പേരിനെന്തെങ്കിലും വീട്ട്‌ ജോലികള്‍ ആകാമെന്ന്‌ വെച്ചാല്‍ തന്നെ കഴിയാറില്ല. വീണ്ടും കട്ടിലിലേക്ക്‌....

വെറുതെ ഇരുന്ന്‌ സമയം പോകാത്ത ഭാര്യക്ക്‌ അയാള്‍ കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തിരുന്നു. ഒന്നും ചിന്തിക്കാനില്ലാതെ കണ്ണടച്ച്‌ കിടക്കുന്നതിന്‍റെ സുഖം കമ്പ്യൂട്ടര്‍ അവള്‍ക്ക്‌ നല്‍കിയില്ല.

വളരെ ഫാസ്റ്റായി ഉണ്ടാക്കാവുന്ന ഭക്ഷണം തയ്യാറാക്കി ശീമപ്പന്നിയെപ്പോലെ തടിച്ച്‌ കൊഴുത്ത്‌ കഴിഞ്ഞ ശരീരത്തില്‍ തണുത്ത വെള്ളം കോരിയൊഴിച്ച്‌ കുളിക്കും.

കുറേ കാലമായി ഭക്ഷണത്തിലെ അരുചി അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു. അതിന്‌ അയാളവളെ കുറ്റപ്പെടുത്തിയില്ല. പകരം ചിലപ്പോഴൊക്കെ ഹോട്ടലില്‍ പോയിരുന്നു എല്ലാരുമൊത്ത്‌. പിന്നീട്‌ രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നാക്കുന്നതില്‍ അവള്‍ ഉത്സാഹിച്ചു.

"ഇന്നെന്ത്‌ പറ്റി? ചായപ്പാത്രം തീ പിടിക്കുമല്ലൊ..ആശാനിതെവിടെയാ....ഓഫീസില്‍ പോകണ്ടെ..ചായ ഏട്ടന്‍ ഉണ്ടാക്കിക്കോളാം എന്ന്‌ പറഞ്ഞിട്ടല്ലെ ഞാന്‍ എഴുന്നേല്‍ക്കാതിരുന്നത്‌."തൊട്ട്‌ പുറകില്‍ അവള്‍.

അയാള്‍ വാച്ച്‌ നോക്കി. സമയം എട്ടര ആയിരിക്കുന്നു.

"ഏട്ടന്‍ പോയി കുളിച്ച്‌ വാ. ചായ ഞാന്‍ റെഡിയാക്കാം."

ചായപ്പാത്രത്തിലേക്ക്‌ വീണ്ടും വെള്ളം ഒഴിക്കുമ്പോള്‍ അയാള്‍ കുളിമുറിയില്‍ കയറി. തണുത്ത വെള്ളം കൊരിയോഴിച്ചുക്കൊണ്ടിരുന്നിട്ടും തലയിലെ പെരുപ്പ്‌ അടങ്ങിയില്ല. തിരക്ക്‌ കൂട്ടാതെ അയാള്‍ ഡ്രസ്സ്‌ മാറി ഹാളിനകത്ത്‌ വന്നിരുന്നു. ടീവി ഓണ്‍ ചെയ്തു. അവള്‍ ചായയുമായി എത്തി.

"ടീവി കണ്ടിരുന്നാല്‍ മതിയൊ? ഓഫീസ്സിലൊന്നും പോകണ്ടെ?"

"ഇന്ന്‌ പോകുന്നില്ല. ഇനി എന്നും ഓഫീസ്സിലേ പോകണ്ട എന്ന്‌ തീരുമാനിച്ചു. നമുക്ക്‌ നാട്ടില്‍ പോകാം. മതി സമ്പാദിച്ചത്‌. ജീവിക്കാനുള്ളതിലും അപ്പുറം ഉണ്ടല്ലൊ. ഇനി നാട്ടില്‍ എന്തെങ്കിലും ചെയ്യാം."

അവളില്‍ ഒരു ഞെട്ടല്‍. വിശ്വസിക്കാനായില്ല.

"ഏട്ടനെന്താ ഭ്രാന്ത്‌ പറയുന്നൊ? നാട്ടില്‍ ഇത്രേം എങ്ങിനെ‍ കിട്ടാനാ. മണ്ടത്തരം കാണിക്കല്ലെ. അല്ലെങ്കില്‍ തന്നെ നാട്ടില്‍ പോയിട്ട്‌ ഈ തിരക്കും ബഹളത്തിനും ഇടയില്‍ എങ്ങിനെ‍ ജീവിക്കാനാ...എനിക്ക്‌ വയ്യ. ഞാനില്ല."

"ആര്‍ത്തി മൂത്താല്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വരും" അയാള്‍ കൂടുതലൊന്നും പറഞ്ഞില്ല.

നാട്ടിലേക്ക്‌ പോകേണ്ട കാര്യങ്ങള്‍ ശരിയാക്കിവരാം എന്ന്‌ പറഞ്ഞ്‌ കാറിന്‍റെ ചാവിയെടുത്ത്‌ അയാള്‍ പുറത്തേക്കിറങ്ങി.

24/7/10

ഗ്രാമങ്ങള്‍ ഇനിയും ഉറങ്ങരുത്.

19-07-2010

ഷാഫി പമ്മിപ്പമ്മിയാണ്‌ ഇറച്ചിപ്പുരയോട്‌ ചേര്‍ന്നുള്ള തോട്ടരുകില്‍ എത്തിയത്‌.

വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്ത വെളുപ്പാന്‍ കാലം. ആരും അറിയാതെയാണ്‌ എഴുന്നേറ്റു പോയത്‌.

കുറച്ചിട ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കാട്ടുചെടികള്‍ ചോര കുടിച്ച്‌ വീര്‍ത്തു നില്‍ക്കുന്നു. ശേഷിക്കുന്ന ഭാഗം തുറസ്സായി കിടക്കുന്നു. നെഞ്ചിടിപ്പുണ്ടെങ്കിലും കാട്ടുചെടികള്‍ക്കിടയിലെ അരിക്കിലാമ്പിന്‍റെ വെളിച്ചം ഭയത്തെ നേര്‍പ്പിച്ചു.

"ആരടാ അത്‌?" ആ നേരത്ത്‌ ഒന്നു ഞെട്ടിക്കാന്‍ വറീതാപ്ളയുടെ ചുക്കിച്ചുളിഞ്ഞ ശബ്ദത്തിനു കഴിഞ്ഞു.

"ഞാനാ വറീതാപ്ളെ..ഷാഫി"

"ങേ..മോനായിരുന്നോ...എന്താ ഈ നേരത്ത്‌?"

"ഒന്നു കാണാന്‍ വേണ്ടിയാ....."

"അതിനെന്താ..? മോനാ മരത്തിന്‍റെ കടയ്ക്കലേക്ക്‌ നീങ്ങി നിന്നോ..പേടീണ്ടോ?"

"ഇച്ചിരീശ്ശെ ഇണ്ട്"

മരത്തിന്‍റെ കടയോടു ചേര്‍ന്ന്‌ ആകാംക്ഷയോടെ നിന്നു.
മൂന്നുനാലു പേരുണ്ട് അവിടെ.

ചോര ചീറ്റിയപ്പോള്‍ മൂരി ഒന്നു പിടഞ്ഞു. ബന്ധിച്ചിരുന്ന കൈകാലുകള്‍ ശക്തിയോടെ കുതറി വിറച്ചു.

ചോര കണ്ട്‌ രണ്ടു കൈകൊണ്ടും കണ്ണുപൊത്തി. കൈവിരലുകള്‍ക്കിടയിലൂടെ എന്നിട്ടും കണ്ണ്‌ പുറത്തേക്കു നീണ്ടു. ഇരുട്ടിനുള്ളിലെ അരിക്കിലാമ്പിന്‍റെ വെളിച്ചത്തില്‍ ചോരയ്ക്കു കറുപ്പു നിറം. അത്‌ ഭീകരതയുടെ കാഠിന്യം കുറച്ചു.

തോലു നീക്കം ചെയ്ത്‌ ചെറിയ ഭാഗങ്ങളായി പിന്നീട്‌ ഇറച്ചിപ്പുരയിലേക്ക്. ഓല വെച്ചുകെട്ടിയ ഒരു താല്‍ക്കാലിക ഷെഡ്ഡാണ്‌ ഇറച്ചിപ്പുര. വീടിരിക്കുന്ന പറമ്പിന്‍റെ തെക്കേ മൂലയിലാണ്.

വെളിച്ചം വീണു തുടങ്ങിയ ഇരുട്ടിലൂടെ പന്ത്രണ്ടു വയസുകാരന്‍റെ കുസൃതിയോടെ വീട്ടിലേക്ക്‌ കുതിച്ചു. ഭയപ്പെട്ടതു പോലെ സംഭവിച്ചിരിക്കുന്നു. അയല്‍ വീടുകളില്‍ ജോലിക്കു പോകാനായി ഉമ്മ നേരത്തേ എഴുന്നേറ്റിരിക്കുന്നു. തന്നെ കാണാതുള്ള പരിഭ്രമം ഉമ്മയുടെ കയ്യിലിരിക്കുന്ന ചിമ്മിനി വെട്ടത്തില്‍ തെളിയുന്നുണ്ട്‌.

ഉമ്മ കാണാതെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പതുങ്ങി നിന്നപ്പോള്‍ ക്ഷയരോഗിയായ ഉപ്പായുടെ ചുമ ചെമ്പുകുടം തറയില്‍ വീണതു പോലെ കുലുങ്ങി.

മൂത്തവര്‍ മൂന്നു പേരും സഹോദരികളാണ്. ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത മൂത്തവള്‍ ഉമ്മയോടൊപ്പം പോകും. ഉപ്പായുടെ നിറം മങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നും പുറത്തു വരുന്ന കുപ്പായങ്ങള്‍ക്ക്‌ ബട്ടന്‍സ്‌ തുന്നി രണ്ടാമത്തവളും ജീവിക്കാനുള്ള സഹായം നല്‍കി വീട്ടില്‍ തന്നെ. മൂന്നാമത്തവള്‍ക്കാണ്‌ വീട്ട്‌ ജോലികള്‍. പരിചയമുള്ള എല്ലാവരും ഒരു സഹായം പോലെ തുണികള്‍ തുന്നാന്‍ ഉപ്പായെ ഏല്‍പിക്കും. വീട്ടിലിരുന്നാണ്‌ തയ്ച്ചു  കൊടുക്കുന്നത്. അസഹ്യമായ ചുമ വരുമ്പോള്‍ മാത്രം തുന്നല്‍ മെഷീനില്‍ നിന്ന്‌ അല്‍പനേരം വിട്ടു നില്‍ക്കും.

മൂന്നാമത്തേതും പെണ്ണായതുകൊണ്ടാണ്‌ നാലാമതും ഉമ്മാക്ക്‌ പെറേണ്ടി വന്നത്. തലമുറകളായി താമസിച്ചിരുന്ന വീടിനോട്‌ ചേര്‍ന്ന പത്തു സെന്‍റ്‌ സ്ഥലം കൃസ്ത്യന്‍‍ പള്ളിക്കാര്‍ കുടികിടപ്പവകാശം തന്നതാണ്.

വീട്ടുകാരെ സഹായിക്കണമെന്ന ചിന്ത കൌമാര മനസ്സില്‍ കലശലായി. വറീതാപ്ളയുടെ സഹായിയായി. സൈക്കിളില്‍ പല വീടുകളിലും ഇറച്ചി എത്തിച്ചു കഴിഞ്ഞാല്‍ അല്ലറ ചില്ലറ എല്ലു പറക്കലായി ഞായറാഴ്ചകളില്‍ ചെറിയ വരുമാനം. പണം ഉപ്പായെ ഏല്പിക്കുമ്പോള്‍ അഭിമാനം തോന്നി.

പഠിത്തത്തില്‍ ഒന്നാമനായിരുന്ന ഷാഫി സ്ക്കൂളിലും നാട്ടിലും വേണ്ടപ്പെട്ടവനായി മാറി.

എട്ടില്‍ പഠിക്കുമ്പോള്‍ തന്നെ ഉപ്പ മരിച്ചു.

അനാഥമായ കുടുംബത്തിന്‍റെ ഭാരം പേറേണ്ടിവന്നപ്പോള്‍ പഠിപ്പ്‌ നഷ്ടപ്പെട്ടു. ചുമട്ടു തൊഴിലാളിയായി പരിണാമം സംഭവിച്ചപ്പോള്‍ ഇറച്ചിക്കട വിട്ടു. പകരം സ്വന്തമായി ആടുകളെ വാങ്ങി ഞായറാഴ്ചളില്‍ അവയെ അറുത്തു വിറ്റും സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ യത്നിച്ചു.

അല്പം മെച്ചപ്പെട്ട കുടുംബാന്തരീക്ഷം എല്ലാവരിലും ആവേശമുണര്‍ത്തി. സഹോദരിമാരുടെ ശരീരത്തില്‍ എണ്ണമയം തിളങ്ങി. ചിന്തകളന്ന ചിരികളില്‍ സൗന്ദര്യം തുടിച്ചു.

താമസിയാതെ സഹോദരിമാരുടെ വളര്‍ച്ച ഷാഫിയുടെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി. ചെയ്യുന്ന ജോലിയുടെ വരുമാനത്തില്‍ ഒതുങ്ങി നിന്ന്‌ സഹോദരി മാരെ കെട്ടിച്ചയയ്ക്കാന്‍ ആകില്ലെന്ന ചിന്ത സദാസമയവും...

വല്ലപ്പോഴും മാത്രം എത്തിച്ചേരുന്ന ലോഡിങ്ങിനെ മാത്രം ആശ്രയിക്കാതെ ആടിനെ അറവ്‌ ഞായറാഴ്ച എന്ന ഒറ്റ ദിവസത്തിലൊതുക്കാതെ ഇട ദിവസങ്ങളിലേക്കും ഉയര്‍ത്തിനോക്കി. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ അലട്ടുന്ന ചിന്തകള്‍ തന്നെ ബാക്കിയായി.

വാചാലമായിരുന്ന ഷാഫിയുടെ സ്വരത്തില്‍ വിളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങിയത് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ വാക്കുകളിലെ അനുഭാവം തൃപ്തി നല്‍കാതെ പണത്തിനു വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു മനസ്സ്‌.

എങ്ങിനേയും പണം ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമായി..!!

രണ്ടു ദിവസം കാണാതിരുന്ന ഷാഫി തിരിച്ചെത്തിയത്‌ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തിയായിരുന്നു. പുത്തന്‍ ബൈക്കും പുത്തന്‍ ഡ്രസ്സുമായി ഗ്രാമത്തിന്‍റെ നെഞ്ചില്‍ ഊക്കോടെ ചാടിയിറങ്ങി.

പുതിയ ജോലി ലഭിച്ചെന്നറിഞ്ഞതില്‍ സഹപ്രവര്‍ത്തകരില്‍ സന്തോഷം. ചുമട്ടുതൊഴിലാളി പട്ടം തിരിച്ചു നല്‍കിയതും ആടിന്‍റെ ചുടുചോര അറപ്പായതും പിന്നീട്‌ സംഭവിച്ചത്‌.

സഹോദരിമാര്‍ നല്ല കുപ്പായങ്ങളിട്ട്‌ സുന്ദരികളായി. നിഴലായി കൂടിയിരുന്ന വിഷാദ ഭാവങ്ങള്‍ ഓടിയകന്നു. ഉമ്മയോട്‌ വീട്ടു ജോലികള്‍ക്ക്‌ ഇനി പോകെണ്ടെന്നു പറഞ്ഞപ്പോള്‍ കൂട്ടാക്കിയില്ല. പക്ഷെ തരിശായി കിടന്നിരുന്ന പത്തു സെന്റില്‍ വലിയ വീടായപ്പോള്‍ അയല്‍വക്കങ്ങള്‍ തന്നെ ഉമ്മയെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കി.

അപ്പോഴും ഷാഫിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കാതെ ഗ്രാമം ഉണര്‍ന്നെണീറ്റുകൊണ്ടിരുന്നു.

അധിക സമയവും ബൈക്കില്‍ കറങ്ങി നടക്കുന്ന ഷാഫി വല്ലപ്പോഴും ഒരാഴ്ചയൊ രണ്ടാഴ്ചയൊ തുടര്‍ച്ചയായി മാത്രമാണ്‌ നാടു വിട്ട്‌ ജോലിക്കു പോയ്ക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള ഷാഫിയുടെ ഉയര്‍ച്ചയില്‍ ആദ്യം ഗ്രാമം അത്ഭുതപ്പെട്ടിരുന്നെങ്കിലും പിന്നീടത്‌ ചുരുങ്ങി വന്നു. അത്ഭുതം അസൂയയിലേക്കും, അസൂയ അംഗീകാരത്തിലേക്കും വഴിമാറിയത്‌ പണത്തിന്‍റെ ശക്തി തന്നെ.

ഗ്രാമവാസികളില്‍ ഷാഫിയെന്ന വ്യക്തിത്വം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയപ്പോഴും പുറം കാഴ്ചകളിലെ ഭ്രമത്തില്‍ ഗ്രാമം കുടുങ്ങിക്കിടന്നു...

വെട്ടും കുത്തും കൊലപാതകവും കവര്‍ച്ചയും കള്ളനോട്ടും ബലാല്‍ക്കാരവും പത്രങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോഴും ഷാഫിയുടെ ഗ്രാമം ശാന്തമായി തുടിച്ചു, വിദ്വേഷങ്ങളില്ലാതെ പകയില്ലാതെ.

അപ്പോഴും ഷാഫി ഇടക്കെല്ലാം ദൂരെ ജോലിക്ക്‌ പോയ്ക്കൊണ്ടേയിരുന്നു. ബൈക്കിന് പകരം മുന്തിയ കാറായെന്ന് മാത്രം.....

രണ്ടു സഹോദരിമാരുടെ വിവാഹം ഒരുമിച്ചാണ്‌ നടത്താന്‍ തീരുമാനിച്ചത്. ഗ്രാമം അതുവരെ കണ്ടിട്ടില്ലാത്ത ആഡംബരക്കല്യാണം.

"അവനെ സമ്മതിക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വാപ്പ മരിച്ചപ്പോള്‍ എല്ലാം തീര്‍ന്നേനെ. ആരേയും ദ്രോഹിക്കാതെ അവന്‍ കഷ്ടപ്പെട്ട്‌ വലിയ നിലയിലായി. നമ്മളൊക്കെ അവനെ കണ്ടാണ്‌ പഠിക്കേണ്ടത്....." വിവാഹത്തിനെത്തിയവര്‍ വിലയിരുത്തി.

"അവനെപ്പോലെ ഒരു ജോലി നമുക്കും കിട്ടിയാല്‍ നമ്മളും ഇങ്ങിനെയൊക്കെ ആവും. ശരിക്കും അവന്‍റെ ജോലി എന്താ..? ഏത് സ്ഥലത്താ അവന്‍റെ ജോലി..?"

"അതൊക്കെ എന്തിനാ നോക്കണേ... നാട്ടില്‍ എല്ലാവരേയും സഹായിക്കുക എന്നല്ലാതെ അവനാര്‍ക്കും ഇതുവരെ ദ്രോഹൊന്നും ചെയ്തിട്ടില്ലല്ലൊ? പിന്നെ നമ്മളെന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്.....!"

"വാ.. നമുക്ക്‌ ബിരിയാണി കഴിക്കാം. അവസാനം അല്ലെങ്കില്‍ അടിയും പൊടിയും മാത്രേ കാണൂ."

അപ്പോഴും ഷാഫി ആരോടൊ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു....!!!

5/7/10

ബാലകൃഷ്ണന്‍ മാഷും നടക്കുകയാണ്.

05-07-2010

നേരം പരപരാ വെളുത്തപ്പോള്‍ ബാലകൃഷ്ണന്‍ മാഷ്‌ നടക്കാനിറങ്ങി.

സ്ക്കൂള്‍ അദ്ധ്യാപകനാണ്‌.

ഡോക്ടറുടെ കര്‍ശന നിര്‍ദേശമാണ്‌ എന്നും രാവിലെ അര മണിക്കൂറെങ്കിലും നടക്കണം എന്നത്‌. വെറുതെ നടന്നാല്‍ പോര. പതിയെ തുടങ്ങി പിന്നെ കയ്യ്‌ വീശി കാല്‌ നീട്ടി വെച്ച്‌ നിവര്‍ന്ന്‌ വേണം നടക്കാന്‍. തിരിച്ചെത്തുമ്പോഴേക്കും നന്നായി വിയര്‍ക്കണം.

ഇപ്പോള്‍ കാലത്തും വൈകീട്ടും റോഡ്‌ നിറയെ നടത്തക്കാരാണ്‌. ജോലി കഴിഞ്ഞ്‌ വരുന്ന സ്തീകള്‍ വീടെത്തുന്നതിന്‍റെ രണ്ടൂമൂന്ന്‌ സ്റ്റോപ്പ്‌ മുന്‍പ്‌ ബസ്സില്‍ നിന്നിറങ്ങി, നടക്കും. പണ്ടൊക്കെ സ്കൂളില്‍ പോയിരുന്ന സമയത്ത്‌ ബസ്സില്‍ കയറി സ്കൂളില്‍ പോകാന്‍ കൊതിയായിരുന്നു. അതെല്ലാം മാറി ഒന്നു്‌ നടന്നു പോകാന്‍ കൊതിയായിത്തുടങ്ങി. കൊതിച്ചാലും നടക്കാന്‍ കഴിയാതായിരിക്കുന്നു. രണ്ടടി വെച്ചാല്‍ അണപ്പാണ്‌. പിന്നെ, നടക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ അഭിമാനം ഉടനെ തകര്‍ന്ന്‌ വീഴേം ചെയ്യും.

ആരോടും കൂടാതെ ഒറ്റയ്ക്കാണ്‌ നടപ്പ്‌. ആദ്യമൊക്കെ നടക്കാന്‍ ഒരു ചമ്മലായിരുന്നു. ആരെങ്കിലും കണ്ടാല്‍ ഒരു രോഗിയാണെന്ന്‌ ധരിച്ചെങ്കിലൊ എന്നൊക്കെ. അതുകൊണ്ട്‌ നേരം വെളുക്കുന്നതിന്‌ മുന്‍പേ നടത്തം നടത്തിയിരുന്നു. അപ്പോള്‍ രാവിലെ സൈക്കിളില്‍ പത്രം കൊണ്ടിടുന്ന പിള്ളേരും ചായക്കടയിലേക്ക്‌ പാല്‌ കൊണ്ടുപോകുന്ന ചിലരേയും മാത്രമെ കാണാനാകു. തിരിച്ച്‌ വരുമ്പോള്‍ പീടികച്ചായ കുടിക്കാന്‍ പോണവരേയും കാണാം. ഇരുട്ട്‌ വിട്ട്‌ മാറിയിട്ടില്ലാത്തതിനാല്‍ പട്ടികളുടെ ശല്യം കൊണ്ടാണ്‌ നേരം വെളുത്തതിനു ശേഷം നടന്നാല്‍ മതിയെന്ന്‌ തീരുമാനിച്ചത്‌. അപ്പോഴേക്കും ചമ്മലും കുറഞ്ഞ്‌ തുടങ്ങിയിരുന്നു.

ഓരോന്ന്‌ ചിന്തിച്ച്‌ ആരേയും ശ്രദ്ധിക്കാതെ തന്നെയാണ്‌ മാഷ്‌ നന്നിരുന്നത്‌. വീടിന്‍റെ പടി ഇറങ്ങുന്നതും ചിന്തകള്‍ ഓടിക്കയറുന്നതും ഒരുമിച്ചാണ്‌.

തൊണ്ണൂറ്റിനാലാമത്തെ വയസ്സില്‍ ഒരു അടയ്ക്കാമരം വെട്ടിപ്പൊളിക്കുന്നതിടയില്‍ കുഴഞ്ഞു വീണാണ്‌ അച്ഛാച്ചന്‍ മരിക്കുന്നത്‌. ഒത്ത ശരീരവും അതിനൊത്ത പൊക്കവും. ഒരു നിമിഷവും വെറുതെ ഇരിക്കാത്ത ഇരുനിറക്കാരാന്‍. മൂന്ന്‌ കെട്ട്‌ തെറുപ്പ്‌ ബീഡിയും ഒരു കെട്ട്‌ ചുരുട്ടും ഒരു ദിവസം വലിച്ച്‌ തള്ളും. ചെത്താന്‍ കൊടുത്ത തെങ്ങിന്‍റെ പാട്ടമായി ലഭിക്കുന്ന ഒരു കപ്പ്‌ കള്ള്‌ രാവിലെ അകത്താക്കും. അഞ്ചെട്ടെണ്ണത്തില്‍ മൂന്നാമനായ താനായിരുന്നു അച്ഛാച്ചന്റെ സഹായി. കള്ള്‌ മോന്തുന്നത്‌ നോക്കിയിരിക്കുമ്പോള്‍ കപ്പിന്‍റെ അടിഭാഗം നുണയാന്‍ കിട്ടിയിരുന്നു.

പാടത്ത്‌ മത്തനും കുബളവും പടവലവും പാവയ്ക്കായും നട്ട്‌ വളര്‍ത്തിയിരുന്നതിന്‌ നനയ്ക്കാന്‍ അച്ഛാച്ചനോടൊപ്പം കൂടിയിരുന്നു. വെള്ളം തിരിക്കുന്ന പണി തന്റേതാണ്‌. അച്ഛാച്ചന്‍ തേവും. എഞ്ചിനും കറണ്ടും ഒന്നും എത്തി നോക്കിയിട്ടില്ലാത്തതിനാല്‍ ത്-ലാത്തേക്കായിരുന്നു വീട്ടില്‍. മുഴുവന്‍ മുള കൊണ്ട്‌ കെട്ടിയുണ്ടാക്കിയ അന്നത്തെ നനയന്ത്രമായിരുന്നു ത്-ലാവ്‌ എന്ന്‌ പറയുന്ന പലതില്‍ ഒന്നായ ത്-ലാത്തേക്ക്‌. പിന്നെയുള്ളത്‌ കാളത്തേക്കാണ്‌. അന്ന്‌ രണ്ട്‌ കാളകളെ വാങ്ങാന്‍ കഴിവുള്ളവന്‍ നാട്ടിലെ ചെറുപ്രമാണിയാണ്‌. അച്ഛാച്ചന്‌ അത്രയൊന്നും സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു.

ക്രമേണ വെള്ളം തേവാന്‍ പഠിച്ചു. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തേക്ക്‌ പൂര്‍ണ്ണമായും ഏറ്റെടുത്തു. വെള്ളം തിരിയ്ക്കാന്‍ അനിയത്തിയും. അച്ഛാച്ചന്‌ വീട്ടില്‍ വേറെ പണികള്‍ കാണും.

നല്ല ആയാസമുള്ള പണിയായിരുന്നു തേക്ക്‌(തേവല്‍‍). കിണറിനോളം തന്നെ നീളമുള്ള ത്-ലാക്കണ എന്ന ഒരു മുളയില്‍ വെള്ളം കോരിയെടുക്കാന്‍ പാകത്തില്‍ പലക കൊണ്ട്‌ തയ്യാറാക്കിയ ഒരു ത്-ലാക്കൊട്ട പിടിപ്പിക്കും. കിണറിന്‌ മുകളില്‍ പാലം പോലെ മെതി വെച്ചിരിക്കും. പാലത്തില്‍ കയറി മുളയില്‍ പിടിച്ച്‌ താഴ്ത്തി കിണറിന്‍റെ അടിയില്‍ നിന്ന്‌ ത്-ലാക്കൊട്ടയില്‍ വെള്ളം നിറയ്ക്കും. മെതിയില്‍ കുനിഞ്ഞ്‌ നിന്ന്‌ രണ്ട്‌ കൈകൊണ്ടും മുളയില്‍ പിടിച്ച്‌ ശക്തിയോടെ മുകളിലേക്ക്‌ ഒറ്റ ശ്വാസത്തില്‍ പൊക്കിവിടും. കിണറിന്‍റെ മദ്ധ്യഭാഗം വരെ ആ ആച്ചലില്‍ വെള്ളം അടങ്ങിയ ത്-ലാക്കൊട്ട ഉയര്‍ന്ന്‌ വരും. പിന്നീട്‌ ഓരോ കൈ മാറിമാറി മുളയില്‍ പിടിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടിരിക്കും. മുകളിലെത്തിയ വെള്ളം പ്രത്യേകമായി കെട്ടിയുണ്ടാക്കിയ തേപ്പട്ക്ക എന്ന ഭാഗത്തേക്ക്‌ ഒഴിക്കും. അതങ്ങിനെ ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കും.

നാലഞ്ച്‌ കൊട്ട വെള്ളം എത്തിക്കുന്നതിനിടയില്‍ വിയര്‍ത്ത്‌ കുളിച്ചിരിക്കും. ശരീരത്തിന്‍റെ ഓരോ ഭാഗവും ഇളകും.

നാല്‍പത്തിയഞ്ച്‌ മിനിറ്റിനുള്ളില്‍ ആവശ്യത്തിനുള്ള വെള്ളം തേവിക്കഴിയും. തേക്ക്‌ നിര്‍ത്തി ഇടവിളത്തോട്ടത്തിലെ ചെടികളുടെ വളര്‍ച്ചയും പൂക്കളും നോക്കി ചുറ്റിത്തിരിയുന്നതിനിടയില്‍, വേരുകള്‍ കൊണ്ട്‌ സ്പ്രിംഗ്‌ നിര്‍മ്മിച്ച്‌ മുകളിലേക്ക്‌ കയറിപ്പോകുന്ന പടവലത്തിന്‍റെ തണ്ടില്‍ നിന്ന്‌ ചെറിയ പടവലം ഞാന്ന്‌ കിടക്കുന്നത്‌ കണ്ടു. വാഴനാരില്‍ ഒരു ചെറിയ കല്ല്‌ കെട്ടി പടവലത്തിന്‍റെ താഴെ ഞാത്തിയിട്ടു. അല്ലെങ്കില്‍ നീളം വെക്കുന്ന പടവലം ചുരുണ്ട്‌ കൂടി വികൃതമാകും.

പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും വിയര്‍പ്പ്‌ എല്ലാം വറ്റി. കിണറ്റിന്‍ കരയിലെത്തി രണ്ട്‌ കൊട്ട വെള്ളം കോരി തേപ്പട്ക്കയില്‍ നിന്ന്‌ സുഖമായി കുളിച്ചു. ത്-ലാക്കൊട്ട ഊരി തോളില്‍ കമിഴ്ത്തി വെച്ച്‌ വീട്ടിലേക്ക്‌ നടന്നു. സ്കൂളില്‍ പോകേണ്ട സമയം ആയിരിക്കുന്നു. കാന്താരി മുളക്‌ അരച്ച ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ച്‌ സ്കൂളിലേക്ക്‌ പുറപ്പെട്ടു. മൂന്നര കിലോമീറ്റര്‍ നടന്നുവേണം സ്കൂളിലെത്താന്‍.

നടക്കാന്‍ വേണ്ടി നടന്ന ബാലകൃഷ്ണന്‍ മാഷ്‌ വാച്ച്‌ നോക്കി. ഇന്ന്‌ ഇരുപത്‌ മിനിറ്റ്‌ കൊണ്ട്‌ തിരിച്ചെത്തി. ഓ..സാരമില്ല. അല്ലെങ്കിലും ഇത്‌ നനയും തേക്കുമൊന്നും അല്ലല്ലൊ കൃത്യമായി ചെയ്യാന്‍..? നമ്മുടെ സൌകര്യത്തിന്‌ ചില വിട്ടുവീഴ്ചകളൊക്കെ ആകാം.

മുറ്റത്ത്‌ സൈക്കിള്‍ ചവുട്ടിക്കൊണ്ടിരുന്ന മകനെ ഭാര്യ ശകാരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ വീടിന്‍റെ പടി കയറിയത്‌.

"നേരം വെളുത്തപ്പോള്‍ തൊടങ്ങ്യതാണ്‌ അവന്‍റെയൊരു സൈക്കിള്‌ ചവിട്ട്‌. വെയര്‍ത്തൊഴുകുന്നത്‌ കണ്ടൊ? നീയിന്ന്‌ എന്തെങ്കിലും വരുത്തിവെയ്ക്കും. പനി പിടിച്ച്‌ കെടന്നാല്‍ അവ്ടെ കെടക്കലെ ഇണ്ടാകു. നീയ്യാ തെക്കേലെ ഉണ്ണ്യെ കണ്ട്‌ പഠിക്ക്‌...അവന്‌ എല്ലാത്തിനും ഏ-പ്ളസ്സാ. നിനക്ക്‌ ഒരെണ്ണത്തില്‌ മാത്രല്ലെ ഏ-പ്ളസ്‌ കിട്ടീത്‌. പഠിക്കുന്നില്ലെങ്കില്‍ പോട്ടെ, കംബ്യൂട്ടറുണ്ടിവിടെ....ഈ നേരം കൊണ്ട്‌ അതിലെന്തെങ്കിലും പഠിച്ചാ എത്ര കാര്യംണ്ട്‌? ആരോട്‌ പറയാനാ...അവനൊരു കുലുക്കം ഇണ്ടോന്ന്‌ നോക്ക്‌ ഞാനിത്രേം കൊരച്ചിട്ട്‌..?"

"പ്ളീസ്‌ അമ്മേ..പത്ത്‌ മിനിറ്റ്‌ കൂടെ.. "

"അല്ലെങ്കിലും ഞാന്‍ പറയണേന്‌ ഇവ്ടെ ആര്‍ക്കാ വെല...പട്ട്യേപ്പോലെ കൊരച്ച്‌ തൊള്ളേലെ വെള്ളം വറ്റിക്കാന്നല്ലാണ്ട്‌..?ദേഷ്യത്തോടെ അടുക്കളയിലേക്ക്‌ നടന്നു.

"അമ്മ പറയുന്നത്‌ കേക്ക്‌ മോനെ. സൈക്കിള്‌ വൈകീട്ടായാലും ചവ്ട്ടിക്കൂടെ?"

സൈക്കിള്‍ നിറുത്തി താഴെ ഇറങ്ങി.

"അപ്പൊ അച്ഛന്‌ ഒന്നും പറയാനില്ല അല്ലെ? അച്ഛന്‌ നേരം വെളുക്കുമ്പം നടക്കാന്‍ പുവ്വാം. ഇനിക്ക്‌ സൈക്കിള്‌ ചവ്ട്ടാന്‍ പാടില്ല. നാല്‌ മണിക്ക്‌ സ്കൂള്‌ വിട്ടെത്തിയാ അപ്പത്തന്നെ ട്യൂഷന്‌ പോണം. അത്‌ കഴിഞ്ഞ്‌ വന്നാ പിന്നേം പഠിക്കണം. ഒന്ന്‌ മൂത്രം മുള്ളാങ്കൂടി അമ്മ സമ്മതിക്കില്ല. പിന്നെവിട്യാ നേരം...?" ദേഷ്യത്തോടെ സൈക്കിള്‍ ഒതുക്കി വെച്ചു.

പിള്ളേരോട്‌ പോലും നോക്കീം കണ്ടും പറയേണ്ട കാലം. മാഷ്‌ അകത്തേക്ക്‌ കയറി. ഇനിയും കുറേ നേരം ബാക്കിയാണ്‌ സ്കൂളിലേക്ക്‌ പോകാന്‍. സ്കൂട്ടറൊന്ന്‌ തുടച്ച്‌ വെച്ചാലൊ..പിന്നീടാകാം...! ടീവി ഓണ്‍ ചെയ്ത്‌ കട്ടിലില്‍ കിടന്നു.

"അപ്പോഴേക്കും അനന്തശയനം തുടങ്ങിയൊ?" അടുക്കളയില്‍ നിന്ന്‌ ഭാര്യയുടെ പരിഭവം.

"നേരം വെളുത്തപ്പോ മുതല്‍ ഞാനീ അടുക്കളേല്‌ കെടന്ന്‌ മറിയാ. ഒരു പണീം ഇല്ലെങ്കി ഇവ്ടെ വന്നിരുന്ന്‌ രണ്ട്‌ ഉള്ളി തൊണ്ട്‌ പൊളിച്ചെങ്കിലും തന്നൂടെ. അതെങ്ങിനെയാ...വള ഊരിപ്പോകില്ലെ, സ്കൂള്‍ മാഷല്ലെ? ആ കട്ടില്‌ ആദ്യം തല്ലിപ്പൊളിച്ച്‌ കളയണം. നേരം വെളുക്കുമ്പോത്തന്നെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..."

അവള്‍ക്കിന്ന്‌ ചെകുത്താന്‍ കയറിയിരിക്കയാണ്‌. ഇനി രക്ഷയില്ല. കട്ടില്‌ കളഞ്ഞാലും ടീവി കളയില്ലവള്‍.

മാഷ്‌ അടുക്കളയിലേക്ക്‌ നടന്നു

20/6/10

മോര്‍ച്ചറിയുടെ മരവിപ്പ്

15-06-2010


(എന്‍റെ കഴിഞ്ഞ കഥ ശാപമാകുന്ന ശവങ്ങളുടെ ഒരു തുടര്‍ച്ച ഞാനിവിടെ കുറിക്കുന്നു.)


ഇന്ന്‌ ഞായറാഴ്ചയാണ്‌.

മധുസൂദനന്‍പിള്ളയുടെ മൃതദേഹം അധികം വൈകാതെ വീട്ടിലെത്തും.

ഒരു സാധാരണ ഗ്രാമപ്രദേശം. ഒഴുകിയെത്തുന്ന ജനങ്ങളെ ഉള്‍‍ക്കൊള്ളാനാകാതെ കൊച്ചുഗ്രാമം വീര്‍പ്പ്‌ മുട്ടി നിന്നു. പത്ത്‌ മണിക്ക്‌ വീട്ടിലെത്തിക്കുന്ന മൃതദേഹത്തെ അധികം വൈകിക്കാതെ മറവ്‌ ചെയ്യുമെന്നതിനാല്‍ തിക്കിത്തിരക്കി നേരത്തെ എത്തിയവരാണ് അധികവും. മൌനം പൂണ്ട്‌ ദു:ഖം തളം കെട്ടി നിന്ന നാല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുടുംബത്തെ അനാഥമാക്കിയെത്തുന്ന അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍.

അത്രയൊന്നും അറിയപ്പെടുന്ന വ്യക്തി അല്ലാതിരുന്നിട്ടും മരണവീട്ടിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങളില്‍ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചത്‌ നല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പെന്ന്‌ വ്യക്തം. ഞായറാഴ്ച കൂടി ആയതോടെ ആ നാട്ടില്‍ ഒരു നോക്ക്‌ കാണാനെത്തിയവരുടെ ഏറ്റവും വലിയ കൂട്ടമായി മാറി.

ആകാംക്ഷ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വീടിന്‍റെ പുറം കാഴ്ചയിലെ വലിപ്പം നാട്ടുകാരില്‍ ഉളവാക്കിയ പിള്ളയുടെ സാമ്പത്തികനില മുഴച്ചു നില്‍ക്കുന്നതായിരുന്നു.

ശരിയാണ്‌. പിള്ള ഒരു വീടുണ്ടാക്കി എന്നതാണ്‌ ശേഷിക്കുന്ന അയാളുടെ കുടുംബത്തിന്‍റെ ദുരന്തം. സമ്പന്നതയുടെ അടയാളമായി വീട്‌ മാറുമ്പോള്‍ ആ വീട്ടില്‍ കഞ്ഞിവെക്കാന്‍ വകയില്ലെന്ന്‌' ചിന്തിക്കാന്‍ ആര്‍ക്കും ആകില്ല. വലിയ ചിന്തകളില്ലാതെ ജീവിക്കാന്‍ മാത്രമായി കുടിയേറുന്ന ഒരു സാധാരണക്കാരന്‍റെ ചിന്തകളെ മായക്കാഴ്ചയുടെ മാസ്മരികത സ്വാധീനിക്കുന്നത്‌ സ്വാഭാവികം മാത്രം. നാട്ടിന്‍പുറത്തെ വിവാഹം, അടിയന്തിരം, പിറന്നാള്‍, പെരുന്നാല്‍, ഓണം, കൃസ്തുമസ്സ്‌ എല്ലാം ഒരു ചടങ്ങുപോലെ ഓര്‍മ്മകളില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ പിന്നെ ജോലിയും പണവും മാത്രമായി രൂപാന്തരപ്പെടുന്ന മനസ്സിലേക്ക്‌ പുതിയ ചിന്തകളുടെ വേലിയേറ്റം സ്വയമറിയാതെ കടന്ന്‌ കയറുമ്പോള്‍ ആഢംബര ജീവിതത്തിന്‍റെ ആലസ്യം അവനില്‍ കുന്നുകൂടുന്നത്‌ ഒരു സാധാരണ ജീവിതത്തിന്‍റെ ഭാഗമായ തോന്നല്‍ ഉളവാക്കുന്നു.

പിള്ളയുടെ ഭാര്യ സരസു നാല്‍പത്തിയാറ്‌ ദിവസം കൊണ്ട്‌ ശക്തി ക്ഷയിച്ച ഒരു രൂപം മാത്രമായി. മുറിഞ്ഞുവീഴുന്ന കരച്ചിലില്‍ നിരാലംബയുടെ നിശ്വാസം പടരുന്നത്‌ ഏവരേയും തളര്‍ത്തി.

അന്ന്‌, മരണവാര്‍ത്ത അറിഞ്ഞ ദിവസം ഓടിക്കൂടിയ ജനങ്ങള്‍ അധികം വൈകാതെ പിരിഞ്ഞു പോയിരുന്നു. രണ്ട്‌ ദിവസം കൊണ്ട്‌ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കായ സരസു കടിച്ചമര്‍ത്തിയ വേദന വിങ്ങിപ്പൊട്ടുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.

ലഭിച്ചേക്കാവുന്ന പണത്തിന്‍റെ അവ്യക്തത മനസ്സില്‍ സംശയം വിതച്ച അപൂര്‍വ്വം ചിലരൊഴികെ മറ്റാരും ഇന്നുവരെ ആ വീടിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. സഹായിക്കേണ്ടി വന്നെങ്കിലൊ എന്ന ഭയവും ആവശ്യമില്ലാതെ ബാദ്ധ്യത തലയിലേറ്റേണ്ടെന്ന ചിന്തയും മുന്‍നിര്‍ത്തി പലരും അകന്നു നിന്നു.

ചിന്തിക്കാനാകാതെ സഹായിക്കാനാളില്ലാതെ എന്തുചെയ്യണമെന്നറിയാതെ ചോദ്യമായി മാറിക്കഴിഞ്ഞ മക്കളെ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍ മോര്‍ച്ചറിയുടെ മരവിപ്പ്‌ സരസുവിനെ പിടി കൂടുന്നു. ഇനിയും വറ്റാത്ത കണ്ണുനീര്‍ കവിള്‍ത്തടങ്ങളിലൂടെ അരിച്ചിറങ്ങി. ശ്വാസം നിലച്ച നേര്‍ പാതിയെ കാത്തിരിക്കുന്ന അമ്മയും മക്കളും തിന്നെങ്കിലായി ഉടുത്തെങ്കിലായി കുളിച്ചെങ്കിലായി എന്ന്‌ തിട്ടമില്ലാതെ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നറിയാതെ ജീവച്ഛവങ്ങളായി ജീവിക്കേണ്ടതിന്‍റെ ദുര്യോഗം പേറി ദൈര്‍ഘ്യമേറിയ ദിനങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു.

സഹതപിക്കാന്‍ മാത്രമായി വന്നെത്തുന്ന പലരില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്ന മൂര്‍ച്ചയുള്ള വാക്കുകള്‍ ചിതറിവീണിരുന്നു. എല്ലാം സഹിച്ച്‌ ശവത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ആശ്വാസത്തിനായി കൊതിച്ച അവരെ സാന്ത്വനിപ്പിക്കാന്‍ നൌഷാദിന്‍റെ കുടുംബം വന്നു കയറിയത്‌ വീട്ടുകാരിലും ഒപ്പം നാട്ടുകാരിലും മുറുമുറുപ്പിന്റെ ചീളുകള്‍ ചിതറിച്ചുകൊണ്ടായിരുന്നു.

പിള്ള പറഞ്ഞറിഞ്ഞ ബന്ധങ്ങള്‍ സരംക്ഷണത്തിന്‌ പകരം സംഹരിക്കാനുള്ള വഴി തേടുന്നവരാണെന്ന്‌ മനസ്സിലാക്കിയ നൌഷാദിന്‍റെ നിര്‍ദേശം ഭാര്യ റസിയയും മകനും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മരണം കഴിഞ്ഞ്‌ അധികം വൈകാതെ അവരെത്തിയപ്പോള്‍ നഷ്ടപ്പെടലിന്‍റെ തീവ്രത ചുരുങ്ങുന്നത്‌ സരസു കണ്ടെത്തി. അപ്പോഴും വെറുതെയുള്ള കാത്തിരിപ്പ്‌ ചങ്ക്‌ തകര്‍ത്തു കൊണ്ട്‌ തന്നെ.

നേരം വെളുക്കുന്നതും അന്തിയാകുന്നതും ഒന്നും അറിയാതെ ഓരോ ദിവസവും ഇനിയും മരിച്ചിട്ടില്ലെന്ന വിശ്വാസം മനസ്സിലേക്ക്‌ തള്ളിക്കയറ്റിയ നിമിഷങ്ങള്‍ വെറുതെ ആശിപ്പിച്ചുകൊണ്ട്‌ കടന്നു പോകുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുന്നത്‌ പോലെ.

ആദ്യനാളുകളില്‍ റസിയയുടെ സാമിപ്യം ആശ്വാസം നല്‍കിയെങ്കിലും പതിയെപ്പതിയെ ആ ആശ്വാസത്തിന്‍റെ ശക്തി ക്ഷയിക്കുന്നത്‌ കാത്തിരിപ്പിന്‍റെ വേദന തന്നെ. ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മരണത്തിന്‍റെ നേരിലേക്ക്‌ ഇനിയും എത്ര നാള്‍... നാല്‍പത്‌ ദിവസം കഴിഞ്ഞിരിക്കുന്നു. ഇനിയും എത്ര മാസം എന്ന് കരുതിയാണ് ഇങ്ങിനെ...

"ഞാനിനി എങ്ങിനെ ജീവിക്കും റസിയ.... ?

"ചേച്ചി വിഷമിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ?"

"എത്ര ദിവസം....?

പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള ഈ ചോദ്യത്തിന് ആദ്യമൊന്നും റസിയയ്ക്ക്‌ ഉത്തരമില്ലായിരുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. നൌഷാദുമായി നിരന്തരം ഫോണിലൂടെ സംസാരിച്ച്‌ രണ്ടുപേരും കൂടി ഒരു പോംവഴി കണ്ടെത്തിയിരിക്കുന്നു. പെട്ടെന്നാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനത്തിന്‌ സരസുവിന്‍റെ പ്രതികരണം മാത്രമെ ആവശ്യമുള്ളു. നൌഷാദില്‍ നിന്ന്‌ ആദ്യം കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാനാകാതെ റസിയ പരിഭവിച്ചെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ ശരിയെന്ന്‌ തോന്നി. ഒന്നുമില്ലെങ്കിലും പറയാനും കേള്‍ക്കാനും മനസ്സറിഞ്ഞ്‌ സ്നേഹിക്കാനും കൂടുതല്‍ പേരെ ലഭിക്കുന്നത്‌ രണ്ട്‌ കൂട്ടര്‍ക്കും ആശ്വാസം തന്നെ. പക്ഷെ ഇപ്പോഴെങ്ങിനെ ഇക്കാര്യം അവതരിപ്പിക്കും? മൃതദേഹം എന്നെത്തുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതുവരെ കാത്തിരിക്കാന്‍ റസിയയ്ക്ക് എന്തുകൊണ്ടോ ആയില്ല.

"ഇനിയുള്ള കാലം നമുക്ക്‌ ഒരേ വീട്ടില്‍ ഒരുമിച്ച്‌ കഴിയാമെന്നാണ്‌ ഇക്ക ഇന്നലെ എന്നോട്‌ പറഞ്ഞത്‌. ചേച്ചിയുടെ അഭിപ്രായം ചോദിച്ച്‌ അറിയിക്കാനും എന്നോട്‌ പറഞ്ഞു."

പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഈ സമയത്ത്‌ പറയണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ സരസുവിന്റെ പ്രയാസം മറ്റാരെക്കാളും മനസ്സിലാക്കിയിരുന്ന റസിയ വ്യക്തമല്ലാത്ത കാത്തിരിപ്പിന് ആശ്വാസം നല്‍കി.

ഒരു നിമിഷം സ്തംഭിച്ചുപോയ സരസു ഉറച്ച തീരുമാനത്തിനായി ഉഴറി. എന്ത്‌ പറയണമെന്നറിയാതെ മനസ്സ്‌ വികലമായി.

"പെട്ടെന്ന്‌ ഒരുത്തരം പറയണ്ട. ചേച്ചി ആലോചിച്ച്‌ സാവധാനം പറഞ്ഞാ മതി. ഇവിടെയൊ അവിടെയൊ നമുക്ക്‌ ഒരുമിച്ച്‌ ജീവിക്കാം. ആരോടെങ്കിലും ചോദിക്കാനൊ പറയാനൊ ഉണ്ടെങ്കില്‍ അത്‌ കഴിഞ്ഞ്‌ മതി. നാട്ടുകാരുടെ പഴി കുറയ്ക്കാന്‍ ഇവിടെ താമസിക്കുന്നതാണ്‌ നല്ലതെന്നും ഇക്ക പറഞ്ഞു. ചേച്ചി പറയുന്നത്‌ പോലെ ചെയ്യാം എന്നാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ പറയേണ്ടെന്ന് കരുതിയതാണ്. എനിക്ക് പറയാതിരിക്കാന്‍ ആയില്ല ചേച്ചി"

യോജിക്കാനാകാത്ത വിഷയം പോലെ തോന്നിയെങ്കിലും കൂടുതല്‍ ചിന്തിക്കുന്തോറും നേരായ വഴി തെളിഞ്ഞ സംതൃപ്തി നിറഞ്ഞു വന്നു. ഉറച്ചെടുത്ത തീരുമാനത്തിനൊടുവില്‍ അറിയിക്കേണ്ടവരെ അറിയിച്ചപ്പോള്‍ എല്ലാരും ഉറഞ്ഞ്‌ തുള്ളി.

"മുസ്ളീംങ്ങളെ കൂടെ കയറ്റി താമസിപ്പിക്കാനാണ്‌ ഭാവമെങ്കില്‍ ഇനി ഞങ്ങളെ നീ പ്രതീക്ഷിക്കേണ്ട" എല്ലരും കട്ടായം പറഞ്ഞു.

സ്വന്തമായി തീരുമാനമെടുക്കാന്‍ ത്രാണിയില്ലെന്ന്‌ പിള്ള ധരിച്ചിരുന്ന സരസു മറ്റുള്ളവരുടെ എതിര്‍പ്പ്‌ വകവെക്കാതെ നൌഷാദിനെ അറിയിക്കാന്‍ റസിയയ്ക്ക്‌ വാക്ക്‌ കൊടുത്തു. ചെറിയൊരു സഹായത്തിന്‌ പോലും ലഭിക്കാതിരുന്ന സ്വന്തക്കാരും വീട്ടുകാരും അവരുടെ പൊള്ളയായ അഭിമാനം ഉയര്‍ത്തി അക്രോശിക്കുമ്പോള്‍ നാളെയുടെ നീര്‍ച്ചുഴിക്ക്‌ ഒരു കൈത്താങ്ങായി വന്നെത്തിയ സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‌ കനിവ്‌ കാണിക്കാത്ത ഭദ്രകാളിയായി സരസു യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

ആബുലന്‍സിന്‍റെ ശബ്ദം കൂട്ടം കൂടി നില്‍ക്കുന്നവരില്‍ അനക്കം സൃഷ്ടിച്ചു. കരച്ചില്‍ അലമുറകളായി പരിണമിച്ചു. ജനങ്ങളെ നിയന്ത്രിക്കാന്‍ അല്‍പം പണിപ്പെട്ടെങ്കിലും ഡെഡ്ബോഡി അടങ്ങുന്ന നീളന്‍ പെട്ടി ഉമ്മറത്ത്‌ തയ്യാറാക്കിയ മേശയിലേക്ക്‌ വെച്ചു.

ചുണ്ടുകള്‍ കടിച്ചുപിടിച്ച്‌ പെട്ടിയിലേക്ക്‌ നോക്കിനില്‍ക്കുന്ന നൌഷാദില്‍ നിന്ന്‌ കണ്ണുനീര്‍ പൊട്ടിയടര്‍ന്നത്‌ ഒരലര്‍ച്ചയോടെയായിരുന്നു.

അര മണിക്കൂറ്‍ നേരത്തെ പൊതു ദര്‍ശനത്തിന്‍ ശേഷം ശവം മറവ്‌ ചെയ്തു.

നൌഷാദിനെ സമീപിച്ച്‌ നല്ല വാക്കുകള്‍ പറയുന്ന നാട്ടുകാര്‍ക്കിടയില്‍ മുഖം വീര്‍പ്പിച്ചവരും നടന്നു നീങ്ങിയപ്പോള്‍ ആശ്വാസത്തിന്‍റെ ചെറിയ വെള്ളിവെളിച്ചം തെളിഞ്ഞ സരസുവിന്‍റെ കുടുംബം പുതിയൊരു നാളെയുടെ പുത്തന്‍ ഉദയത്തിനായി കാത്തുനിന്നു.

7/6/10

ശാപമാകുന്ന ശവങ്ങള്‍

02-06-2010

മരണത്തിന്‍റെ പകപ്പുകള്‍ കുത്തിനിറച്ച മുറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തെ താലോലിച്ച്‌ വെന്റിലേറ്ററിന്‍റെ കാരുണ്യത്തോടെ ജീവന്‍ വെറും ചെറുതുടിപ്പുകളായ്‌ അവശേഷിക്കുമ്പോഴും സ്വന്തം നാടും ഭാര്യയും മക്കളുമെല്ലാം നിറം മങ്ങിയ നിഴലുകളായി മാത്രം നശിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ഓരത്ത്‌ കൊത്തിവലിക്കുന്നു. പണക്കൊഴുപ്പിന്‍റെ ധാരാളിത്തം ആശുപത്രിയിലെ ഓരോ അണുവിലും പ്രതിഫലിക്കുമ്പോള്‍ ഗള്‍ഫെന്ന സ്വപ്നഭൂമിയുടെ തിളക്കം നഷ്ടപ്പെടുത്താതെ വേദനകളുടെ വിമ്മിട്ടം വെറുമൊരു നെടുവീര്‍പ്പുപോലെ അലിഞ്ഞില്ലാതായി.

ഏത്‌ നിമിഷവും പിടി മുറുക്കിയേക്കാവുന്ന മരണത്തെ കണ്‍മുന്നില്‍ കാണുമ്പോഴും ഇരുപത്തിമൂന്ന്‌ വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ യൌവ്വനവും ദാമ്പത്യവും ശരീരവും നഷ്ടപ്പെട്ട ഒരു മനുഷ്യായുസ്സിനെക്കുറിച്ച്‌ ആലോചിക്കാതെ ജീവിച്ചിരിക്കുന്ന സ്വന്തങ്ങള്‍ക്ക്‌ ഒന്നും കരുതിവെയ്ക്കാന്‍ കഴിയാതിരുന്നതിന്‍റെ നിസ്സഹായത മധുസൂദനന്‍ പിള്ളയില്‍ ചുറ്റിത്തിരിഞ്ഞു നിന്നു. തുച്ഛമായി ലഭിക്കുന്ന വേതനം മാസാമാസം നാട്ടിലേക്കെത്തിച്ചുകൊണ്ടിരുന്നപ്പോഴും നാളെ നന്നാവും എന്ന വിശ്വാസം ഇപ്പോഴവസാനിച്ചിരിക്കുന്നു. ഒന്ന്‌ കഴിയുമ്പോള്‍ മറ്റൊന്നായി കുമിഞ്ഞുകൂടുന്ന വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുമ്പോള്‍ മനസ്സില്‍ നാളെ ഒരു നീറ്റലായി എന്നും അയാളില്‍ കുരുങ്ങിക്കിടന്നിരുന്നു. നേരിയ തോതിലെങ്കിലും വേതനത്തിന്റെ വര്‍ദ്ധനവ്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ലഭിക്കില്ലെന്നറിയുമ്പോള്‍ രോഷവും വേദനയും പുറത്ത്‌ കാണിക്കാനാവാതെ ഒതുങ്ങിക്കൂടി പണിയെടുക്കേണ്ട സാഹചര്യം വീടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അയാളില്‍ വന്ന്‌ ചേരുകയായിരുന്നു.

അറിയാതെ അല്‍പനേരം മയങ്ങിപ്പോയ അയാള്‍ കണ്ണ്‌ തുറന്ന്‌ ആശകള്‍ കൈവിടാതെ ചുറ്റും കണ്ണോടിക്കുമ്പോള്‍ യന്ത്രങ്ങളുടെ ഭയപ്പെടുത്തുന്ന ചെറു മര്‍മ്മരമല്ലാതെ സാന്ത്വനത്തിന്റെ നേരിയ കണിക വിരിക്കാന്‍ ഭാര്യയോ സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കളുമായി‌ മക്കളോ സഹായത്തിന്റെ മനസ്സുമായി സുഹൃത്തുക്കളോ അരികിലില്ലെന്ന തിരിച്ചറിവ്‌....ക്രൂരം തന്നെ.

ഓര്‍മ്മകളില്‍ നിഴലായ്ക്കൊണ്ടിരിക്കുന്ന ഭാര്യയേയും മക്കളേയും അവസാനമായി കാണണമെന്ന മോഹം പ്രവാസദു:ഖത്തിന്‍റെ അവസാന നെരിപ്പോടായ്‌ അവശേഷിക്കുകയാണോ...

മൂത്ത മകളേയും താഴെയുള്ള മകനേയും വേണ്ട വിധത്തില്‍ പഠിപ്പിക്കാന്‍ പോലും കഴിയാതെവന്ന അയാളില്‍ ധര്‍മ്മസങ്കടത്തേക്കാള്‍ മൈനസായ ബാങ്ക്‌ ബാലന്‍സും ഇനിയും തവണകള്‍ അവസാനിച്ചിട്ടില്ലാത്ത ലോണും ആധി പടര്‍ത്തി. ആറ്‌ മാസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം സ്വപ്നഭൂമിയിലേക്ക്‌ ചേക്കേറുമ്പോള്‍ നിറം പിടിപ്പിച്ച ചിത്രങ്ങള്‍ മനസ്സിനെ ഉന്‍മാദാവസ്ഥയില്‍ എത്തിച്ചിരുന്നു. തന്റെ അഭാവത്തില്‍ സ്വന്തം നിലനില്‍പിനുവേണ്ടി എന്തെങ്കിലും ചെയ്ത്‌ ജീവിക്കാന്‍ ഇനിയും ത്രാണിയില്ലാത്ത ഭാര്യയുടെ മുഖം അയാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.

"എന്താ പിള്ളച്ചേട്ടാ...ഉഷാറായല്ലൊ?" മലയാളി എന്ന പരിഗണന നേടിത്തന്ന ആശ്വാസം. തന്നെ പരിചരിക്കുന്ന ഈ മലയാളി നേഴ്സിന്റെ വാക്കുകള്‍ മാത്രമാണ്‌ ഇപ്പോള്‍ സ്വന്തമായി അവശേഷിക്കുന്നത്‌.

"അല്‍പം ആശ്വാസം തോന്നുന്നുണ്ട്‌. ഇന്ന്‌ തന്നെ എന്നെ വാര്‍ഡിലേക്ക്‌ മാറ്റാന്‍ മോള്‌ ഡോക്ടറോട്‌ ഒന്ന്‌ പറയണം. ആശുപത്രിയിലെ ചെലവ്‌ കമ്പനി വഹിക്കില്ല."

"ഞാന്‍ സംസാരിക്കാം..."

സ്നേഹവും ബഹുമാനവും കലര്‍പ്പില്ലാതെ വാരിവിതറുന്ന പരിചാരിക പുഞ്ചിരിയോടെ മൊഴിയുമ്പോള്‍ സ്വന്തം നാടിന്റെ നന്‍മ അല്‍പം പോലും നഷ്ടപ്പെടുത്താതെ സഹജീവിയോട്‌ കാണിക്കുന്ന സഹതാപത്തിന്റെയൊ സഹായിക്കാന്‍ കഴിയാത്തതിന്റെ പരിമിതികളോ മുഖത്ത്‌ ദൃശ്യമാക്കാതെ മറ്റൊരു ജീവന്‍ മുറി വിടുന്നത്‌ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.

ഇനിയും നന്‍മകള്‍ വറ്റിവരണ്ടിട്ടില്ലാത്ത നേഴ്സ്‌ നേടിത്തന്ന ഔദാര്യത്തിന്റെ ആനുകൂല്യം ജനറല്‍ വാര്‍ഡിലേക്കുള്ള മാറ്റത്തിന്‌ സഹായമായപ്പോള്‍ മാത്രമാണ്‌ കാലങ്ങളായി ഒരുമിച്ചുണ്ട്‌ ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത്‌ നൌഷാദിനെ കാണാനായതും മനസ്സിനിത്തിരി അയവ്‌ ലഭിച്ചതും.

പോയ വര്‍ഷങ്ങളിലെ സഹവാസം നേടിത്തന്ന സ്നേഹത്തിന്റെ മാസ്മരികമായ കരുത്ത്‌ രക്തബന്ധത്തേക്കാള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ നൌഷാദ്‌ അന്യനല്ലാത്തതുപോലെ അയാള്‍ക്കവനും അന്യനല്ലെന്ന തിരിച്ചറിവ്‌ പരസ്പരം തിരിച്ചറിയാന്‍ അധിക കാലം വേണ്ടിവന്നിരുന്നില്ല. ഒരു ദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ മൂന്ന്‌ ദിവസം ആപ്സന്റാകുന്ന കമ്പനി നിയമങ്ങളെ അവഗണിച്ച്‌ ഒരു രോഗിക്ക്‌ കൂട്ടിരിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷം അവനിലുണ്ടാക്കിയിരുന്ന നിരാശയുടെ കരിനിഴല്‍ മുഖത്ത്‌ നിന്ന്‌ മാഞ്ഞുപോയിട്ടില്ല. പരിമിതമായി ലഭിക്കുന്ന ശബളംകൊണ്ട് ആശുപത്രിയിലെ ഇത്രയും ഭീമമായ തുക എങ്ങിനെ കൊടുക്കാനായി എന്നതിന്‌ ലഭിച്ച മറുപടി ഗല്‍ഫ്‌ രാജ്യങ്ങളില്‍ മാത്രം കാണുന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്നേഹസ്പര്‍ശത്തിന്റെ നനവാണ്.

ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അടുത്ത്‌ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെ സമീപിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ച്‌ അവരുടെ സുഹൃത്തുക്കളെ കൂടി കണ്ട്‌ അങ്ങിനെ അങ്ങിനെ ഓരോ ദിവസവും....

ചിലയിടങ്ങളില്‍ നിന്ന്‌ കേട്ടിരുന്ന പുച്ഛവും പരിഹാസവും നിറഞ്ഞ വാക്കുകളടക്കം അവന്‍ സ്വരുപിച്ച പണമായിരുന്നു ഇപ്പോള്‍ മരണത്തില്‍ നിന്ന്‌ തല്‍ക്കാലത്തേക്കെങ്കിലും തന്നെ രക്ഷപ്പെടുത്തിയിരിക്കുന്നത്‌. സ്വന്തം കൂടപ്പിറപ്പ്‌ പോലും തിരിഞ്ഞ്‌ നോക്കാതായിരിക്കുന്ന കാലത്താണ്‌ ഒരു പബ്ളിസിറ്റിക്കോ നാലാളെ അറിയിക്കാനോ ആഗ്രഹിക്കാതെ സാദ്ധ്യമാകില്ല എന്ന്‌ കരുതാവുന്ന ഒന്നിന്‌ വേണ്ടി സമയവും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നത്‌. അടുത്തുള്ള ആര്‍ക്കും സഹായം വേണ്ട ഘട്ടങ്ങളിലെല്ലാം സ്വന്തം സാമ്പത്തിക പരിമിതിയോ സമയമോ കണക്കിലെടുക്കാതെ സാദ്ധ്യമാകുന്നതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന ദൃഢനിശ്ചയത്തെ നൌഷാദില്‍ കാണാന്‍ പ്രയാസമില്ല. ആരും അറിയാതെ പോകുന്ന അല്ലെങ്കില്‍ അറിയാനാഗ്രഹിക്കാത്ത എത്രയോ നല്ല മനസ്സുകളുടെ കനിവാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന നിരവധി മനുഷ്യരെ സഹായിച്ചവരുടെ കൂട്ടത്തില്‍ നൌഷാദും നിറഞ്ഞുനില്‍ക്കുമ്പോള്‍ മധുസൂദനന്‍ പിള്ളക്ക്‌ അഭിമാനം തോന്നി.

അസൂയയുടേയും പകയുടേയും നേരിയ നിഴല്‍ പോലും വീഴാതെ വ്യത്യസ്ഥ ജില്ലകളില്‍ താമസിക്കുന്ന രണ്ട്‌ കുടുംബങ്ങളും സ്വന്തബന്ധങ്ങളേക്കാള്‍ കൂടിക്കഴിച്ചിലുകള്‍ തുടരുമ്പോള്‍ അവരറിയാത്ത രോഗിയായ മധുസൂദനന്‍ പിള്ള അവരെ ഓര്‍ത്ത്‌ ദു:ഖിക്കുന്നത്‌ അയാള്‍ക്ക്‌ മാത്രം അറിയാവുന്ന സത്യം. പ്രതീക്ഷകള്‍ക്ക്‌ ആശ്വാസം നല്‍കി ഉണര്‍വ്വിന്റെ ഉന്മേഷം എത്തിനോക്കിയ മധുസൂദനന്‍ പിള്ളയുടെ സന്തോഷം നുകര്‍ന്ന്‌ നൌഷാദ്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സമയം രാത്രി പത്ത്‌ കഴിഞ്ഞിരുന്നു. നൌഷാദിന്റെ സാമിപ്യം പോലും സാന്ത്വനമാകുന്ന അയാളിലെ അപ്പോഴത്തെ അവസ്ഥ ശൂന്യത പടര്‍ന്ന ഇരുട്ടായി പരിണമിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ ഇറിക്കിയടച്ചു.

പിറ്റേന്ന്‌ പതിവ്‌ പോലെ കമ്പനിയിലെത്തിയ നൌഷാദ്‌ മധുസൂദനന്‍ പിള്ളക്ക്‌ ഫോണ്‍ ചെയ്യാന്‍ മുതിര്‍ന്നപ്പോഴാണ്‌ ചങ്ക്‌ തകര്‍ന്ന വാര്‍ത്ത കേട്ടത്‌.

ഇന്നലെ രാത്രി പതിനൊന്നു മണിക്ക്‌ ഹെവി അറ്റാക്ക്‌ മൂലം പിള്ള മരിച്ചു.

തിരിച്ചറിയാനാകാത്ത വികാരത്തിനടിമപ്പെട്ട്‌ തറയില്‍ തളര്‍ന്നിരുന്ന നൌഷാദിന്റെ തലച്ചോറില്‍ നിന്ന്‌ അരിച്ചിറങ്ങിയ മൂളല്‍ ദേഹമാസകലം ഉഴിഞ്ഞ്‌ പുറത്തേക്ക്‌ പ്രവഹിച്ചത്‌ ഉണ്ടായിരുന്ന ശക്തിയും ക്ഷയിപ്പിച്ചു കൊണ്ടായിരുന്നു. അല്‍പം വെള്ളം കുടിച്ച്‌ സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചത്‌ ചിന്തകളുടെ അവസാനിക്കാത്ത പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കണ്ണുനീര്‍ കയത്തിലേക്കായിരുന്നു.

പിള്ളയുടെ ഭാര്യയും മക്കളും...? മറ്റൊരു ചിന്തയും നൌഷാദിനെ സ്വാധീനിച്ചിരുന്നില്ല അപ്പോള്‍.

സ്ഥലകാലബോധം വീണ്ടെടുത്ത്‌ അടുത്ത നടപടികളുടെ ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ വഴി തേടിയെത്തിയത്‌ കാരുണ്യ പ്രവര്‍ത്തകരുടെ സംഘടന എന്നിടത്താണ്‌. മൃതശരീരം ഇവിടെ മറവ്‌ ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനാല്‍ എത്രയും വേഗം നാട്ടിലെത്തിക്കുകയാണ്‌ ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ത്തന്നെ ജീവനോടെ ജീവിതമാര്‍ഗ്ഗം തേടിപ്പൊയ മനുഷ്യന്റെ ജീവനറ്റ ശരീരത്തേയെങ്കിലും ഒരു നോക്ക്‌ നേരില്‍ കാണാതെ ഏത്‌ മനസ്സുകള്‍ക്കാണ്‌ സമാധാനിക്കാനാകുക.... !

നിരവധി ദിവസത്തെ കഠിനമായ പ്രയത്നങ്ങള്‍ക്കൊടുവില്‍ നാല്‍പത്തിയാറാമത്തെ ദിവസം എല്ലാ പേപ്പറുകളും തയ്യാറാക്കി ഡെഡ്ബോഡി നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറായി. കൂടെ അനുഗമിക്കാനുള്ള നൌഷാദിന്റെ തീരുമാനം അംഗീകരിക്കാതിരുന്ന കമ്പനിയില്‍ നിന്ന്‌ ജോലി ഉപേക്ഷിച്ച്‌ സ്വന്തം ശരീരത്തോട്‌ ഇഴുകിച്ചേര്‍ന്ന ഹൃദയ ബന്ധത്തിന്റെ തീവ്രത കാത്ത്‌ സൂക്ഷിക്കാനുള്ള തീരുമാനത്തിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല.

ഒരു മരീചിക പോലെ നീണ്ട്‌ കിടക്കുന്ന രണ്ട്‌ കുടുംബങ്ങളുടെ നാളെയെക്കുറിച്ചോര്‍ത്ത്‌ വീമാനത്താവളത്തിലെ ഒഴുക്കിനിടയില്‍ ശൂന്യമായ മനസ്സോടെ നാട്ടിലേക്കുള്ള ഊഴം കാത്തിരിക്കുന്ന നൌഷാദില്‍ ശവം പോലും ശാപമാകുന്ന പ്രവാസി ഭവനങ്ങളിലെ വേദന തളം കെട്ടുമ്പോള്‍ മരിച്ചാലും മരിക്കാത്ത മുറിവുകള്‍ നല്‍കാന്‍ വിധിക്കപ്പെട്ട മധുസൂദനന്‍ പിള്ളയുടെ മൃതശരീരവും ഒരു നിയോഗം പോലെ...... !
     
      തുടരും....

23/5/10

മീസാന്‍ കല്ലുകള്‍ കാത്തിരിക്കുന്നു

15-05-2010

വെളുത്ത തുണികൊണ്ട്‌ മൂടി ഇട്ടിരിക്കയാണ്‌ എന്‍റെ മയ്യത്ത്‌.

മയ്യത്ത്‌ കട്ടില്‍ കൊണ്ടുവരാന്‍ നാല്‌ പേര്‌ പള്ളിയിലേയ്ക്ക് പോയിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്ന് ആദ്യമായി ഹജ്ജിനുപോയ മൂസാ ഹാജിയാണ്‌ മയ്യത്ത്‌ കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കിയത്‌. നാല്‌ പതിറ്റാണ്ട് മുന്‍പ്‌ ഒരു കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കുക എന്നാല്‍ അതൊരു വലിയ സംഭവമാണ്‌. ഹാജിയാര്‍ക്ക്‌ അന്നതിനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളു. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അല്‍പം തലയെടുപ്പും ഹാജിയാര്‍ക്കുണ്ടായിരുന്നു.

ഏഴടിയോളം നീളം വരുന്ന മയ്യത്ത്‌ കട്ടില്‍ വരാന്തയ്ക്ക്‌ താഴെ ഉമ്മറത്ത്‌ കൊണ്ടുവെച്ചപ്പോള്‍ എന്‍റെ ബീവി കരച്ചിലിന്‍റെ ശബ്ദത്തിന്‌ വേഗത കൂട്ടി. അവള്‍ മാത്രമാണ്‌ ഉച്ചത്തില്‍ കരയുന്നത്‌. മറ്റുള്ളവര്‍ അവാര്‍ഡ്‌ സിനിമപോലെ ശബ്ദമുണ്ടാക്കാതെ മുഖത്ത്‌ ദയനീയഭാവം വരുത്തി മറ്റെന്തൊക്കെയൊ ചിന്തിച്ചിരിപ്പാണ്‌. മൂക്ക്‌ പിഴിയുന്നവരേയും കണ്ണ് തുടയ്ക്കുന്നവരേയും പലരും ശ്രദ്ധിക്കുന്നുണ്ട്‌. ഇതിനിടയിലും മരണവീട്ടിലെ നിശ്ശബ്ദദയെ കീറി മുറിക്കുന്നത്‌ അവളുടെ എണ്ണിപ്പെറുക്കിയുള്ള നിലവിളിയാണ്‌. ഇനിയൊരിക്കലും ഇത്രയും കരയേണ്ടിവരില്ലല്ലൊ എന്നതായിരിക്കാം ഉച്ചത്തില്‍ അലമുറയിടാന്‍ പ്രേരിപ്പിക്കുന്ന വികാരം. ഇതിനുമുന്‍പും ഞാനവളെ ഒരുപാട്‌ കരയിപ്പിക്കാറുണ്ടായിരുന്നു. അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത്‌ വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം.

ഇന്നലെ രാത്രി മുതല്‍ ഇതേ ഇരിപ്പാണ്‌ എല്ലാരും. പലരുടേയും മുഖത്ത്‌ ഉറക്കച്ചടവ്‌ ദൃശ്യമാണ്. ഇന്നലെ രാത്രി വന്നെത്തിനോക്കിപ്പോയ പലരും സുഖമായുറങ്ങി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്‌. ഇനിയീപണ്ടാരത്തെ എങ്ങിനെയും ഖബറിസ്ഥാനിലെത്തിക്കണമെന്നാണവരുടെ ചിന്ത. എന്നാലെ സ്വന്തം കര്യത്തിനായി തിരിയാന്‍ പറ്റു.

ഒരു മരണവീട്ടിലെ ഗന്ധം അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്നുണ്ട്‌. പലരും കൂട്ടമായ്‌ നിന്ന് സ്വകാര്യം പറച്ചില്‍ പോലെ സംസാരിക്കുന്നു‌. മരണവീടാവുമ്പോള്‍ അങ്ങനെയാണല്ലൊ വേണ്ടതും. ഉച്ചത്തില്‍ സംസാരിക്കുകയൊ ചിരിക്കുകയൊ ചെയ്യെരുതെന്നാണല്ലൊ അലിഖിത നിയമം. അത്‌ പാലിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്‌. സമയം ഇനിയും വൈകിക്കാതെ എന്നെ, മയ്യത്ത്‌ കട്ടിലിനകത്താക്കാനാണ്‌ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. പോകാന്‍ തിരക്കുള്ളവരാണ്‌ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്‌. ചത്തെങ്കിലും ഈ കാത്തുകിടപ്പ്‌ എനിയ്ക്കും അരോചകമാണ്‌.

എത്ര മണിക്കൂറുകളാണ്‌ അവള്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടിരിക്കുന്നത്‌. ഒരു മടുപ്പുപോലും തോന്നുന്നില്ല. ശല്യം ഒഴിവായി എന്നു കരുതി സമാധാനിക്കേണ്ടതിനു പകരം കരച്ചിലോടുകരച്ചില്‍. അവള്‍ക്കങ്ങനെ കരുതാന്‍ കഴിയുമായിരിക്കില്ലായിരിക്കാം. വര്‍ഷങ്ങളോളം ഒരുമിച്ച്‌ ജീവിച്ചതല്ലെ. രണ്ടു തരം സ്വഭാവമായിരുന്നെങ്കിലും രണ്ട് പിള്ളേരുണ്ടായല്ലൊ.

പണം സമ്പാദിക്കാനുള്ള ത്വര കൂടിയതിനാല്‍ മറ്റുള്ളവരുടെ സങ്കടവും പ്രയാസവും കാണാന്‍ എനിക്കായില്ല. പണം സമ്പാദിക്കണമെങ്കില്‍ മനസ്സില്‍ ദയ പാടില്ലെന്നാണ്‌ എന്‍റെ പോളിസി. അതുകൊണ്ടുതന്നെ വളരെയേറെ സമ്പാദിക്കാനും എനിക്കായി. ആരേയും സഹായിക്കാന്‍ തുനിയാഞ്ഞതാണ് അവളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഒരു കാരണം.

അയല്‍ വീട്ടിലെ മൊയ്തുക്കയുടെ ഏഴ് മക്കളില്‍ മൂത്തവളായ ആയിഷയുടെ നിക്കാഹ്‌ നടത്താന്‍ പണ്ട് അവളെന്നോട്‌ അയ്യായിരം രൂപ്‌ കൊടുത്ത്‌ സഹായിക്കന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കലി തുള്ളി. ഞാനവളെ അടിക്കുകയും ഇടിക്കുകയും ചെയ്തു. പണമില്ലാതെ ആ നിക്കാഹും മുടങ്ങി.

വീടുവീടാന്തിരം കയറി ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന ഒരു തമിഴന്‍റെ കൂടെ ആയിഷ പിന്നീട്‌ ഓടിപ്പോയി. ഒന്നരവര്‍ഷം കഴിഞ്ഞ്‌ ഒരു കൈക്കുഞ്ഞുമായി വീട്ടില്‍ തിരിച്ചെത്തി. കാണാന്‍ മൊഞ്ചത്തിയായ ആയിഷ പേറ് കഴിഞ്ഞപ്പൊ ഒന്ന് കൂടി പെരുത്തു. പ്രായധിക്യം കൊണ്ടു വളഞ്ഞുതുടങ്ങിയ മൊയ്തുക്ക അപ്പോഴും കുട്ടയും മുറവും കാവില്‍ തൂക്കി വില്‍പനയ്ക്കിറങ്ങുമായിരുന്നു. കൈ കാലുകള്‍ സാധാരണയില്‍ കവിഞ്ഞ നീളമുള്ള മൊയ്തുക്ക കറുത്തതാണെങ്കിലും പല്ലുകള്‍ നഷ്ടപ്പെട്ട്‌ മെലിഞ്ഞിരുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ ഗാന്ധിജിയെപോലിരിക്കും.

മൂക്ക്‌ പിഴിയുന്നവരുടെ കൂട്ടത്തില്‍ ആയിഷയെ കണ്ടപ്പോള്‍ അല്‍പം വേദന തോന്നി. അന്നൊന്ന് സഹായിച്ചിരുന്നെങ്കില്‍ ആയിഷയ്ക്കൊരു ജീവിതം ഉണ്ടായേനെ. ആയിഷ തന്തയില്ലാത്ത കൊച്ചിനെ നോക്കി ജീവിക്കേണ്ട ഗതികേടിനുത്തരവാദി ഞാനും കൂടിയാണ്‌.

ഒരീച്ച മൂക്കില്‍ വന്നിരുന്നു.ആരൊ കൈവീശി അതിനെ ഓടിച്ചു. വീണ്ടും അതേ സ്ഥാനത്തുതന്നെ ഈച്ച പിന്നേയും വന്നിരുന്നു. ഏറെ കോപം വരേണ്ടതാണ്‌. എന്തുകൊണ്ടൊ യാതൊരു വികാരവും തോന്നിയില്ല. ബീവി ഇടയ്ക്കിടെ ദയനീയമായി എന്‍റെ മുഖത്തേക്ക്‌ നോക്കുന്നുണ്ട്‌. പാവം...കരഞ്ഞുകരഞ്ഞ്‌ തളര്‍ന്നിരിക്കുന്നു.

കരഞ്ഞ്‌ തളര്‍ന്നിരിക്കുന്ന ഈ മുഖം ഇതിനുമുന്‍പ്‌ പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്‌. പക്ഷെ അപ്പോഴൊന്നും ഇനി തനിച്ചായി എന്ന ഭാവം ആ മുഖത്ത്‌ കാണാറില്ലായിരുന്നു. ഇപ്പോള്‍ ചന്ദ്രേട്ടന്റെ ഭാര്യ ലീലേച്ചിയാണ് അവളെ സമാധാനിപ്പിക്കുന്നത്.

ചന്ദ്രേട്ടന്‍ ക്യാന്‍സര്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ വിവരം ഒരിക്കല്‍ ബീവി പറഞ്ഞത് ഓര്‍ക്കുന്നു. വെറുതെ പറഞ്ഞതല്ല. അവര്‍ക്കും അല്‍പം സാമ്പത്തിക സഹായം വേണമത്രെ! ലീലേച്ചി കരഞ്ഞുകൊണ്ടോടിയെത്തിയത്‌ എന്‍റെ ബീവിയുടെ അരികില്‍. മനസ്സലിഞ്ഞ അവള്‍ പണം കൊടുക്കാമെന്നേറ്റു. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ ഡ്രൈവറായിരുന്നുങ്കിലും മൂന്ന് പെണ്‍മക്കളുടെ വിവാഹത്തോടെ ചന്ദ്രേട്ടന്‍ പാപ്പരായി. കിടപ്പാടം പണയത്തിലായി ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ പെന്‍ഷനും ആയി. ഇതിനിടയിലാണ്‌ ക്യാന്‍സര്‍ എത്തിപ്പെട്ടത്‌.

പണത്തെച്ചൊല്ലി ഞാനും ബീവിയും ശണ്ഠ കൂടി.

“കൊടുക്കുന്ന പണം തിരിച്ചുതരാന്‍ ചന്ദേട്ടനിനി എങ്ങിനെ കഴിയും-“

“ലീലേച്ചി അതെങ്ങിനേയും തന്ന് വീട്ടിക്കോളും” ബീവി വീറോടെ വാദിച്ചു.

“എങ്ങിനെ എന്നുകൂടി നീ തന്നെ പറയണം. മാത്രമല്ല ഈ പണം ബാങ്കില്‍ കിടന്നാല്‍ സുരക്ഷിതവുമാണ്‌, പലിശയും കിട്ടും”

“പലിശപ്പണം നമുക്ക്‌ ഹറാമല്ലെ?”

ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ വെളുത്ത കവിള്‍ത്തടം ചുവന്ന് തുടുത്തു.പലപ്പോഴും ഉത്തരം കിട്ടാതെ വരുമ്പോള്‍ ബീവിയുടെ കവിള്‍ത്തടമായിരുന്നു ആശ്വാസം. അവളുടെ വിട്ടുമാറാത്ത പല്ലുവേദനയുടെ കാരണവും എന്‍റെ പലപ്പോഴായുള്ള ഉത്തരം മുട്ടലായിരുന്നു.

“നിങ്ങളെ ഖബറിലേക്കെടുക്കുമ്പോള്‍ ഈ പണവും കെട്ടിപ്പിടിച്ച്‌ കിടക്കാം” കണ്ണീരൊഴുകിയ കവിള്‍ത്തടം തലയിണയിലമര്‍ത്തി തേങ്ങി.

ഒരു വെളുപ്പാങ്കാലത്ത്‌ ചന്ദ്രേട്ടന്‍ ചത്തു. വീട്ടിലെത്തിയ മൃതദേഹത്തില്‍കെട്ടിപ്പിടിച്ച് ലീലേച്ചിയും മക്കളും ഭ്രാന്തമായ ആവേശത്തോടെ അലറി വിളിച്ചു. എന്‍റെ ബീവി നിസ്സംഗയായി ജനാലിലൂടെ നോക്കി നിന്നു, നേരിയ കണ്ണീര്‍ ചാലുകളോടെ. അന്നല്‍പം സഹായിച്ചിരുന്നെങ്കില്‍ ചന്ദ്രേട്ടന് കുറച്ചു കാലം കൂടി ജീവിച്ചിരിക്കാമായിരുന്നു.

വളരെ ശ്രദ്ധയോടെ എന്നെ തൂക്കിയെടുത്ത്‌ മയ്യത്ത്‌ കട്ടിലില്‍ കിടത്തി. ഇപ്പോള്‍ പല താളത്തില്‍ കരച്ചില്‍ ഉയരുന്നു. ബീവി കരച്ചില്‍ മൂലം തളര്‍ന്നു വീണു.

ശവമഞ്ചം പതിയെ പള്ളിയിലേക്ക്‌ നീങ്ങി.

ഖബറ്‌ തയ്യാറായിരിക്കുന്നു.

പച്ച മാംസത്തിന്‍റെ ഗന്ധമുള്ള കമ്മ്യൂണിസ്റ്റ്‌ പച്ച കാട്‌ പിടിച്ച്‌ കറുത്തിരുണ്ട് നില്‍ക്കുന്നു. അതിനോട്‌ ചേര്‍ന്നാണ്‌ ആറടി നീളമുള്ള എന്‍റെ കുഴി. കുഴിയ്ക്കിരുവശവും കറുത്ത മണ്ണ് കോരി വെച്ചിക്കുന്നു. മീസാന്‍ കല്ല് ഊഴവും കാത്ത്‌ കിടക്കുന്നു.

ഇനി അധികം താമസമില്ല. കുഴിയിലേക്കിറക്കിയാല്‍ പിന്നെ എല്ലാം പെട്ടെന്നാകും. എല്ലാരും മണ്ണ് വാരി എന്‍റെ മേലെ ഇടും.

-പടച്ചോനെ- ഇതിനായിരുന്നോ ദേഹത്ത്‌ അഴുക്ക്‌ പറ്റിക്കാതെ ഇത്രയും കാലം പലരേയും ദ്രോഹിച്ച്‌ സമ്പാദിച്ചുകൂട്ടിയത്‌...! സമ്പാദിച്ച പണമത്രയും വെറുതെ ആയല്ലോ.

മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.


(ഞാന്‍ ബ്ലോഗ്‌ ആരംഭിച്ച് ആദ്യമായി [19-01-2009] പ്രസിദ്ധീകരിച്ച കഥ വീണ്ടും റീ പോസ്റ്റ്‌ ചെയ്യുന്നതാണ്.)