11/4/12

പടക്കപ്പരമു

11-04-2012
കാലം തെറ്റി കടന്നെത്തുന്ന കാലാവസ്ഥ കണിക്കൊന്നയുടെ കണക്കുകളും തെറ്റിക്കുന്നു. പലതും നേരത്തെ പൂത്തുകൊഴിഞ്ഞു. ചിലതിൽ മാത്രം പേരിനുണ്ട് പൂക്കൾ. വിഷുവാണ്‌ വരുന്നത്, പരമുവിന്‌ സന്തോഷത്തിന്റെ നാളുകളാണ്‌.

പടക്കപ്പണിക്കാരനാണ്‌ പരമു. കറുത്ത എല്ലിച്ച മനുഷ്യൻ. എത്ര സമയം പണിയെടുത്താലും മുഷിവില്ലാത്തവൻ. എല്ലാവരേയും വിശ്വസിക്കുന്ന മനസ്സ്. എവിടെ, ആർക്കെന്തു സഹായത്തിനും ഉടനെ ഓടിയെത്തുന്ന പ്രകൃതം. സ്വന്തം ശരീരത്തെക്കാൾ മറ്റുള്ളവരുടെ ശരീരം നോവുന്നത് കാണുമ്പോള്‍ പ്രയാസപ്പെടുന്ന പരോപകാരി.

ഒരു കുഴപ്പമേയുള്ളു. വെള്ളത്തിനു പകരം പട്ടച്ചാരായമാണ്‌ പഥ്യം എന്നു മാത്രം കൂടെ കാജാ ബീഡിയും. ഇവ രണ്ടും വീട്ടിൽ സ്റ്റോക്കുണ്ടാകും. രണ്ടു പൊതി കാജാ ബീഡിയും ഒരു തീപ്പെട്ടിയും എപ്പോഴും ഇടതു കയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കും. പോക്കറ്റിലോ മടിയിലോ ഒന്നും വെയ്ക്കില്ല, വിയർപ്പിന്റെ നനവ് ബീഡിയിൽ പടർന്നിരിക്കും.

ഗന്ധകം കലർന്ന വെടിമരുന്നിന്റെ മണവും, വാറ്റ് ചാരായം കുടിച്ച് വിയർക്കുമ്പോഴുണ്ടാകുന്ന നാറ്റവും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത ദുർഗ്ഗന്ധമാണ്‌ പരമുവിനെപ്പോഴും. പീടികച്ചായ കുടിക്കൽ ഒരു ശീലമായതിനാൽ നൂറ്‌ മീറ്റർ ദൂരെയുള്ള കവലയിലെ ചായക്കടയിലേയ്ക്ക് ഇടയ്ക്കിടെ പോയ്ക്കൊണ്ടിരിക്കും. ചായ കുടിക്കണം എന്നു തോന്നിയാൽ ഉടനെ പണി നിർത്തി എഴുന്നേല്‍ക്കും. നല്ല വേഗത്തിൽ ഒറ്റ നടത്തം. കറുത്ത ദേഹത്ത് പടക്കത്തിന്റെ മരുന്ന് പറ്റിപ്പിടിച്ച് തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണാം. മരുന്നെടുക്കുന്ന കൈകൊണ്ട് ശരീരത്തിന്റെ എവിടെയെങ്കിലും ഒന്നു തൊട്ടാല്‍ അതവിടെ മിനുസത്തോടെ വെളുത്ത പാണ്ടായി കിടക്കും. തുടച്ചു കളയാൻ ശ്രമിച്ചാൽ കൂടുതൽ പരക്കും എന്നല്ലാതെ പ്രയോജനമുണ്ടാകില്ല. കഴുകിയാൽ മാത്രമെ പിന്നീടത് പോകു. ചായകുടി കഴിഞ്ഞ് ഒരു ബീഡിയും വലിച്ച് തിരികെ പോരും.

ഷർട്ടിടാതെ മുണ്ട് മടക്കിക്കുത്തിയാണ്‌ പണിക്കിരിക്കുക. മടക്കിക്കുത്തിയ മുണ്ടിന്റെ മടക്ക് പിന്നെ വൈകീട്ടേ അഴിയൂ. വെടിമരുന്നും അഴുക്കും ചേർന്ന് മുണ്ടും ഒരു കോലത്തിലാണ്‌. ആഴ്ചയിൽ ഒരിക്കലേ ആ തുണി കഴുകു എന്നതിനാൽ പരമുവിനെക്കാൾ നാറ്റമാണ്‌ ആ തുണിക്ക്. പണിക്കിറങ്ങിയാൽ ഭക്ഷണം കഴിക്കാൻ മാത്രമേ കൈ കഴുകു. മറ്റ് സന്ദർഭങ്ങളിൽ ഉടുതുണിയിൽ കൈ തുടക്കുക എന്നതാണ്‌.

അമിതലാഭവും മൂലധനക്കുറവും മാത്രമല്ല ഈ കുടിൽ വ്യവസായം സ്വീകരിക്കാൻ പരമുവിനെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായി തുടർന്നുപോന്ന തൊഴിലിനെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് വിശ്വസിച്ച് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ് മുഖ്യ കാരണം.  വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും, കൂടുതൽ ശ്രദ്ധ വേണ്ടതാണെന്നും മറ്റാരേക്കാളും പരമുവിന്‌ നല്ല ബോദ്ധ്യമുണ്ടായിരുന്നു. കർശനമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കർക്കശക്കാരനായിരുന്നു.

അടുത്ത് പനകളുള്ള വീടുകളിൽ നിന്ന് അവ കച്ചോടം ചെയ്ത് പനയോല വെട്ടി താഴെയിറക്കി വെയിലത്ത് വിരിച്ചിടുന്നത് പരമു തന്നെ. ഉണങ്ങിയ പനയോലകൾ കെട്ടാക്കി തലച്ചുമടായി വീട്ടിലെത്തിക്കുന്നത് പരമുവും ഭാര്യയും ചേർന്നാണ്‌. നാളത്തെ ആവശ്യത്തിനുള്ള പനയോലകൾ ഇന്ന് രാത്രി തന്നെ മുറ്റത്ത് വീണ്ടും വിരിച്ചിടും. രാത്രിയിലെ ചെറിയ മഞ്ഞിൽ ഓലയ്ക്ക് പശിമ കിട്ടും. നേരം നന്നായി വെളുക്കുന്നതിനു മുൻപേ ആ ഓലയെല്ലാം ഓലപ്പടക്കം കെട്ടുന്നതിനു വേണ്ട സൈസിൽ ചെറുതായി വാർന്നു* വെക്കും. വാർന്നു വെച്ച ഓലകൾ ചെറിയ കെട്ടുകളാക്കി വെള്ളം തളിച്ചോ, നനച്ച ചാക്കിൽ പൊതിഞ്ഞു വെച്ചോ വൈകുന്നേരം വരെ അതിന്റെ പശിമ നിലനിർത്താം. വെയിലുദിച്ചാൽ ഓല ഒടിയും എന്നതിനാലാണ്‌ നേരത്തേ വാര്‍ന്നു വെക്കുന്നത്. ഓല വാർന്നു വെക്കലും, പടക്കം പേണലും*, ചെങ്കല്ല് ഇടിച്ചുപൊടിച്ചത്  ഈർക്കിലിപ്പടക്കത്തിന്റെ കുറ്റിയുടെ ഒരറ്റത്ത് ഇടിച്ച് നിറയ്ക്കുന്നതും പരമു തന്നെ.

'തിരി'ക്കാവശ്യമായ കരിമരുന്ന് ഇടിച്ചെടുക്കുന്നത് മരത്തിന്റെ ഉരലിലാണ്‌. അരമീറ്റർ നീളത്തിൽ വേണ്ടത്ര വണ്ണത്തിൽ തരംതിരിച്ചെടുക്കുന്ന നൂലിൽ, കഞ്ഞിവെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയ കരിമരുന്ന് തേച്ചുപിടിപ്പിച്ച് വെയിലത്തുവെച്ച് ഉണക്കിയെടുക്കുന്ന പണി പരമുവിന്റെ ഭാര്യക്കാണ്‌. പിന്നീടവ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കും.

മൂന്നാല്‌ കുട്ടികളും ഒന്നുരണ്ട് സ്ത്രീകളുമാണ്‌ ഓലപ്പടക്കം കെട്ടാൻ വരുന്നത്. ഗന്ധകവും(ഫോസ്ഫറസ്), പൊട്ടാസും(പൊട്ടാസ്യം ക്ലോറൈറ്റ്), അലുമിനിയം പൗഡറും(അലിമിനിയം ഓക്സൈഡ്) കൂട്ടിയോജിപ്പിച്ച പൊടി വളരെ സൂക്ഷിച്ചാണ്‌ ഓരോരുത്തർക്കും നല്‍കുക. മണ്ണിന്റെ ചെറിയൊരംശംപോലും കയറാതെ കടലാസ്സിലാണ്‌ മരുന്ന് എടുക്കുക. മണ്ണിന്റെ തരി വീഴണമെന്നില്ല, ചെറിയൊരു ഘര്‍ഷണം മതി അത് കത്തിപ്പിടിക്കാന്‍. ഏറ്റവും അപകടകാരിയാണ് പൊട്ടാസ് എന്ന് വിളിക്കപ്പെടുന്ന പൊട്ടാസ്യം ക്ലോറൈറ്റ്. മരുന്ന് മിക്സ് ചെയ്യുമ്പോള്‍ വെറുതെ തിരിക്കുകയും മറിക്കുകയും മാത്രമെ ആകാവു എന്നാണ്. കൈകൊണ്ട് തിരുമ്മി മിക്സ് ചെയ്‌താല്‍പോലും കത്തിപ്പിടിക്കാം. നിയമപ്രകാരം ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. പക്ഷെ നല്ല ശബ്ദത്തോടെ പൊട്ടുന്നതിനു വേണ്ടി എല്ലാവരും ഇതു തന്നെയാണ് ഉപയോഗിക്കുക. പടക്കം കെട്ടുന്നതിനുള്ള മരുന്ന് കോരിയെടുക്കാൻ പനയോല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു കോരിയും ഉണ്ടാകും.

വിഷു കൂടാതെ കല്യാണങ്ങൾക്കും ചെറിയ അമ്പലപ്പരിപാടിക്കും ചെറിയ പള്ളികളിലേക്കും ചന്ദനക്കുടത്തിനും ഒക്കെ പരമുവിന്റെ പടക്കം ഉപയോഗിച്ചു വന്നിരുന്നു. കൂടുതലുണ്ടാക്കുന്ന പടക്കം 'ചന്തക്കുന്നിലെ കടയിൽ' കൊണ്ടുപോയി കൊടുക്കും.

പതിനഞ്ച് കിലോമീറ്ററിനുള്ളിൽ ആകെയുള്ള ഒരേയൊരു പടക്കക്കടയാണ്‌ ചന്തക്കുന്നിലേത്. ശിവകാശിയിൽ നിന്നു കൊണ്ടുവരുന്ന എല്ലാത്തരം പടക്കങ്ങളും അവിടെ കിട്ടും. പരമുവിനെപ്പോലെ ആ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്ന പടക്കങ്ങൾ മുഴുവൻ ആ കടയിലാണ്‌ കൊടുക്കുക.  ചെറിയ തോതിൽ ഡൈനയും ഗുണ്ടും ഏറ്‌പടക്കവും ഉണ്ടാക്കാൻ തുടങ്ങിയതോടെ പരമുവിനെ തേടി പൊലീസെത്തി. ലൈസൻസില്ലാതെയോ താമസിക്കുന്ന വീട്ടിൽ വെച്ചോ ഇപ്പണി നടപ്പില്ലെന്ന്‌ പൊലീസ് കർശനമായി താക്കീത്‌ ചെയ്തു.

നാട്ടുകാരുടെ മദ്ധ്യസ്ഥതയിൽ പൊലീസുമായി ഒത്തുതീർപ്പുണ്ടാക്കി. ഒരു മാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കണം. പരമുവിന്റെ ജീവിതമാർഗ്ഗം എന്ന രീതിയിൽ നാട്ടുകാർ അലിവോടെ കാര്യങ്ങൾ ആലോചിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനും ലൈസൻസ് സംഘടിപ്പിക്കുന്നതിനും നാട്ടുകാര്‍ ശ്രമം തുടങ്ങി. നാട്ടുകാര്‍ക്ക്‌ പരമുവിനോടുള്ള താല്പര്യമായിരുന്നു അതിനു പിന്നില്‍.

പ്രസാദ് എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത് ഈ സമയത്താണ്‌. പരമു പണിയും മേൽനോട്ടവും നടത്തിയാൽ മതി. മറ്റെല്ലാം പ്രസാദ് ഏറ്റെടുത്തു. ചെറുപ്പത്തിന്റെ ആവേശവും, പുതിയ ബിസ്സിനസ്സിന്റെ കണക്കുകൂട്ടലുകളും കൂടിച്ചേർന്നത് പുതിയ പടക്കക്കമ്പനിയുടെ ഉദയത്തിനായിരുന്നു. പ്രസാദിന്റെ ഭാവനക്കനുസരിച്ച് ഷെഡ്ഡ് തീർത്തപ്പോൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതിൽ പരമുവിന്‌ എതിർപ്പുണ്ടായിരുന്നു.

പരമുവിന്റെ എതിര്‍പ്പ് നോക്കിയിരുന്നാല്‍
ഷെഡ്ഡ് പണിത്‌ ലൈസെന്‍സെടുക്കുന്ന കാര്യം നടപ്പില്ലെന്ന് പ്രസാദിനറിയാമായിരുന്നു. കുറഞ്ഞത് നാല് ഷെഡ്ഡുകള്‍ വേണം. ഓരോ ഷെഡ്ഡുകള്‍ തമ്മിലും നാല്‍പത്‌ മീറ്റര്‍ അകലമെന്കിലും ഉണ്ടായിരിക്കണം. മരുന്ന് തയ്യാറാക്കാനും ഉണക്കാനും പ്രത്യേകം തറ. പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്ത്‌ വൈദ്യുതി ഉപയോഗിക്കാന്‍ പാടില്ല. പകല്‍ വെളിച്ചത്തിലേ നിര്‍മ്മാണം നടത്താവു. പൊട്ടുന്നതും പൊട്ടാത്തതുമായവ വെവ്വേറെ സൂക്ഷിക്കണം. ഷെഡ്ഡില്‍ നിന്നും നൂറ് മീറ്റര്‍ അകലെ മാത്രമേ വീടുകള്‍ ഉണ്ടാവാന്‍ പാടുള്ളൂ. അങ്ങിനെ പോകുന്നു നിബന്ധനകള്‍....

പ്രസാദിന്റെ  സ്വാധീനം ഉപയോഗപ്പെടുത്തി സ്വന്തം പുരയിടത്തിന്റെ ഒരറ്റത്ത് ഒറ്റഷെ
ഡ്ഡില്‍ ലൈസന്‍സ്‌ നേടിയെടുത്തു. വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. വീട്ടില്‍ നിന്ന് ഒളിവില്‍ വൈദ്യുതി തരപ്പെടുത്തി.

പരിമിതമായ അധികാരത്തിൽ പരമുവിന്‌ വിഷമമില്ലായിരുന്നു. അത്യാവശ്യം വേണ്ടവ നിസ്സാരമാക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. കുട്ടികളെ ഒഴിവാക്കി മുതിർന്നവരെ പണിക്ക് വെച്ചതിനു പിന്നിൽ പ്രസാദിന്റെ ചിന്തകളായിരുന്നു. അത് നന്നെന്ന് പരമുവിനും തോന്നി.

കേമന്മാരായ പണിക്കാരെത്തിയപ്പോൾ കമ്പനിയിൽ 'നില'യമിട്ടുകൾ വിരിയാൻ തുടങ്ങി.

ആകാശത്തിനു  കീഴെ തിളങ്ങുന്ന വര്‍ണ്ണങ്ങള്‍ വാരിവിതറി കാഴ്ചയില്‍ അസൂയ നിരത്തി. നിരനിരയായി ഉയര്‍ന്നു പൊങ്ങി പൊട്ടിവിരിയുന്ന മനോഹരമായ കാഴ്ച.

പൊട്ടി വിരിയാന്‍ തയ്യാറെടുക്കുന്ന വര്‍ണ്ണങ്ങളുടെ നിര്‍മ്മിതിയില്‍ അറിയപ്പെടാതെ പതിയിരിക്കുന്ന അപകട കാരണങ്ങള്‍ പല തീപ്പിടുത്തത്തിലേയും ഒന്നാം പ്രതിയാണ്. വര്‍ണ്ണങ്ങള്‍ വിരിയിക്കാന്‍ തയ്യാറാക്കുന്ന മിശ്രിതം തറയില്‍ പരത്തിവെച്ച് ചെറിയ കഷ്ണങ്ങളാക്കി ഉണക്കി സൂക്ഷിക്കും. വയലറ്റ്‌ പോലുള്ള നിറങ്ങളുടെ ഉണക്കി സൂക്ഷിക്കുന്ന ചെറു തുണ്ടുകള്‍ അന്തരീക്ഷത്തിന്റെ മാറുന്ന ഊഷ്മാവില്‍ തനിയെ കത്തുന്നു എന്നാണ് കാണപ്പെടുന്നത്. ചില ശ്രദ്ധക്കുറവുകള്‍ മൂലം ഉപയോഗിച്ച് മിച്ചം വരുന്ന കഷ്ണങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് പൊട്ടുന്ന പടക്കങ്ങള്‍ക്കരുകില്‍ തല്‍ക്കാലത്തേയ്ക്ക് എടുത്തു വെയ്ക്കാറുണ്ട്. പല പൊട്ടിത്തെറികള്‍ക്കും കാരണമായിട്ടുള്ളത് ഈ ശ്രദ്ധക്കുറവ് തന്നെ.

ഓർഡറുകൾ പിടിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും പ്രസാദിന്‌ പ്രത്യേക കഴിവായിരുന്നു. ഇടത്തരം വെടിക്കെട്ടുകൾ നടത്തിക്കഴിയുമ്പോൾ എല്ലാവരുടേയും ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു.

പണിക്കിടയിൽ ചാരായം കുടിക്കാൻ പാടില്ലെന്ന പ്രസാദിന്റെ താക്കീത് മാത്രമായിരുന്നു പ്രയാസം. അത് നന്നെന്ന് പരമുവിന്‌ പിന്നീട് ബോദ്ധ്യമായി. കാലത്തിനനുസരിച്ച ചില മാറ്റങ്ങൾ അംഗീകരിക്കേണ്ടതാണെന്ന് സ്വയം തീരുമാനിച്ചു.

കുറച്ചു നാളുകളിലെ പ്രവര്‍ത്തനം മൂലം കമ്പനിക്കുണ്ടായ പുരോഗതി വിലയിരുത്തിയാല്‍, കര്‍ക്കശമായ തീരുമാനത്തേക്കാള്‍ നല്ലത് പ്രായോഗികമായ വേഗമാണ് ഉചിതമെന്ന് പരമു മനസ്സിലാക്കി. പ്രസാദിന്റെ തീരുമാനങ്ങളാണ് കമ്പനിയുടെ വളര്‍ച്ചക്ക്‌ ഗുണം ചെയ്യുന്നത്. അല്ലെങ്കില്‍ ലൈസന്‍സ് പോലും തരപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഒളിവില്‍ വൈദ്യുതി എടുക്കാതിരുന്നെന്കില്‍ തിരക്ക്‌ സമയങ്ങളില്‍ പണികള്‍ ബാക്കിവന്നേനെ. പകല്‍ വെളിച്ചത്തില്‍ മാത്രം പണിയണമെന്ന നിയമം പാലിച്ചിരുന്നെങ്കില്‍ എത്ര വെടിക്കെട്ടുകള്‍ ഒഴിവാക്കേണ്ടി വരുമായിരുന്നു?

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. നാളെയാണ്‌ വിഷു. അങ്ങിങ്ങ് പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കാം. കവലയിൽ എല്ലാവരും സന്തോഷത്തിലാണ്‌. പരമുവിന്റെ ഇത്തവണത്തെ വിൽപന ആ കവലയിലാണ്‌. നല്ലോണം ‘വീശി’ സന്തോഷത്തോടെയാണ്‌ പുള്ളിക്കാരന്റെ നില്പ്.

പെട്ടെന്നാണ്‌ കാതടപ്പിക്കുന്ന ശബ്ദവും കൂട്ടപ്പൊരിച്ചിലും കേട്ടത്. പരിഭ്രമത്തോടെ പടക്കക്കമ്പനി ലക്ഷ്യമാക്കി ജനങ്ങള്‍ ഓടി. ഒരലർച്ചയോടെ വെളിവില്ലാതെയാണ്‌ പരമു പായുന്നത്.

ചിതറിത്തെറിച്ച പടക്കപ്പുരയുടെ അവശിഷ്ടങ്ങൾ ദൂരെക്കിടന്ന് കത്തുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില പൊട്ടലുകൾ മാത്രം കേൾക്കാം. ഷെഡ്ഡില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പ്രസാദിന്റെ അമ്മ പറഞ്ഞു. വൈദ്യുതി കണക്ഷനെടുക്കാനുപയോഗിച്ച വയറെല്ലാം ഈ സമയത്തിനിടക്ക് പ്രസാദ് മാറ്റിയിരുന്നു. തളർന്നു വീണ പരമുവിനെ പ്രസാദിന്റെ വീട്ടിൽ കിടത്തി. "ഇനി ഞാനില്ല..ഇനി ഞാനില്ല" എന്ന് ശബ്ദം കുറച്ച് പരമു മന്ത്രിക്കുന്നുണ്ടായിരുന്നു.

അച്ഛനപ്പൂപ്പന്മാരുടെ കാലം മുതൽ തുടങ്ങിയതാണ്‌. ഇതുവരെ ഒരപകടവും സംഭവിച്ചിട്ടില്ല. പിന്നെന്താണ്‌ ഇപ്പോഴിങ്ങനെ സംഭവിക്കാൻ? ലാഭം കൂട്ടാൻ വേണ്ടി ശ്രദ്ധിക്കേണ്ട പലതും വിസ്മരിക്കുന്നതാണോ? മരുന്നുകളിലും മായം കലർന്നിരിക്കുമോ? കൈക്കൂലിയുടെ കരുത്തില്‍ നിയമത്തിന്റെ താളം തെറ്റിക്കുന്നോ.... എന്തായാലും പരമു പടക്കപ്പണി നിർത്തി.

ആരില്ലെങ്കിലും ഇട്ട് പോകാൻ പ്രസാദ് തയ്യാറായില്ല. ഒരാഴ്ചക്കുള്ളിൽ പുതിയ ഷെഡ്ഡ്  ഉയർന്നു. തൊഴിലാളികളുടെ ജീവൻ കള്ളക്കണക്കായി ചേർത്ത് പുതിയ ലാഭക്കണക്കുകൾ മെനഞ്ഞ പ്രസാദിനു തെറ്റിയത് ഗ്രാമീണര്‍ വിവരമില്ലാത്തവരെന്ന തോന്നലാണ്, വളരുന്ന ഗ്രാമത്തെക്കുറിച്ച ബോധമില്ലായ്മയാണ്.

നേരം വെളുക്കുന്നതിനു മുൻപേ നാട്ടുകാർ കത്തിച്ച പുതിയ ഷെ
ഡ്ഡ് പിന്നീടുയർത്താൻ പ്രസാദും ശ്രമിച്ചില്ല.

എന്നാല്‍, അടുത്ത മാസത്തില്‍ത്തന്നെ തൊട്ടടുത്ത ഗ്രാമത്തില്‍ 'ചന്തക്കുന്നിലെ' പടക്കക്കടക്കാരന്റെ പുതിയ പടക്കനിര്‍മ്മാണശാലയ്ക്കുള്ള ഷെ
ഡ്ഡ് ഉയര്‍ന്നുകഴിഞ്ഞിരുന്നു.  

*വാര്‍ന്ന് എടുക്കുക= വാരല്‍ എന്നും പറയും. ഉണങ്ങിയ പനയോല പടക്കം കെട്ടേണ്ട രീതിയില്‍ മുറിച്ചെടുക്കുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്. അല്പം പരിചയം ഉള്ളവര്‍ക്കേ അത് കഴിയു.

*പടക്കം പേണുക= കയറില്‍ ഓരോ പടക്കങ്ങളും ചേര്‍ത്ത്‌ വെച്ച് മാല കേട്ടുന്നതിനെയാണ്
പടക്കം പേണുക എന്ന് പറയുന്നത്.

28/3/12

കുരങ്ങുകളി

28-03-2012
ആട് രാമ, ചാട് രാമ..
ആടിക്കളിയെട കൊച്ചുരാമ...
താളത്തിനനുസരിച്ചാണ്‌ അയാളത് വിളിച്ചു പറയുന്നത്. വട്ടത്തിലുള്ള ചെറിയ അലുമിനിയപ്പാത്രം തലയിൽ വെച്ച് രണ്ടു കൈകൊണ്ടും അമർത്തിപ്പിടിച്ച് കുട്ടിക്കുരങ്ങൻ കാണികൾക്കു മുന്നിലൂടെ നടന്നു. ചില്ലറകൾ പാത്രത്തിൽ വീണുകൊണ്ടിരുന്നു. അരക്കിട്ട് കുടുക്കിയ കയറിന്റെ ഒരറ്റം അയാള്‍ കയ്യിൽ പിടിച്ചിരുന്നു. വലതു കയ്യിൽ ചെറിയൊരു വടിയാണ്‌. ആ വടി കൊണ്ടാണ്‌ കുരങ്ങനെ നിയന്ത്രിച്ചിരുന്നത്. തലയിൽ പാത്രം വെച്ചുള്ള ചടുലമായ നടത്തം കാണാൻ ശേല്‌ തന്നെ. ചിലരൊക്കെ പോക്കറ്റിൽ കയ്യിടുമ്പോൾ കുരങ്ങൻ അവിടെ നിൽക്കും. സ്വയം നില്‍ക്കുന്നതാണോ അയാളുടെ നിയന്ത്രണം അനുസരിക്കുന്നതാണോ എന്നറിയില്ല.

നട്ടുച്ചയാണ്‌. നല്ല ചൂടാണ്‌. ബസ്റ്റാന്റിന്‌ തൊട്ടടുത്തായതിനാൽ ജനങ്ങൾ ധാരാളം. ബസ്സ് വരുന്നതിനിടയിലുള്ള സമയം ചിലവഴിക്കാൻ നല്ല നേരമ്പോക്ക്. കുട നിവർത്തിപ്പിടിച്ചും തലയിൽ ടവലുകൊണ്ട് മറച്ചും ചൂടിനെ പ്രതിരോധിച്ച് ജനങ്ങൾ കാഴ്ച കണ്ടുനിന്നു. കണ്ടു തഴമ്പിച്ച കാഴ്ച എന്നിരുന്നാലും അപൂർവ്വമായിക്കൊണ്ടിരിക്കുന്നു എന്നത് ആകാംക്ഷ നിലനിർത്തി.

കൃഷ്ണവേണി സാരിത്തലപ്പെടുത്ത് തലവഴി മൂടി ആൾക്കൂട്ടത്തിലൊരുവളായി. ഇന്നലെക്കണ്ട സീരിയലിലെ നടി ഉടുത്തിരുന്ന അതേ സാരി വാങ്ങാൻ ഇറങ്ങിയതാണ്‌. സാരിയെന്നാൽ ഭ്രാന്താണ്‌. ഇങ്ങിനെയൊരു ഭ്രാന്ത് ആർക്കെങ്കിലും കാണ്വൊ എന്നു സംശയാ.

അയാൾ കുരങ്ങന്റെ അരയിൽ കെട്ടിയിരുന്ന കയറൊന്ന് ചെറുതായി വലിച്ചു. 

കൃഷ്ണവേണിയുടെ മനസ്സൊന്നു പിടഞ്ഞു. ചെറുപ്പത്തിന്റെ ചില മോഹങ്ങളും ചിന്തകളും നഷ്ടപ്രണയവും ഭര്‍ത്താവും മനസ്സില്‍ ഓടിയെത്തി. 

അയാൾക്കെന്റെ ഭർത്താവിന്റെ നിഴൽരൂപം. കയറിന്റെ വലിച്ചിലിൽ എന്റെ ശരീരമാണോ ചെറുതായി വേദനിക്കുന്നത്? ചെറുതായല്ല, നന്നായി വേദനിക്കുന്നു.

ബന്ധങ്ങളോടുള്ള കടപ്പാടുകൾക്ക് കണക്കു തീർക്കാൻ വിധിക്കപ്പെട്ടത് പ്രണയവർണ്ണങ്ങളുടെ നിറം നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. സങ്കല്പസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം തല്ലിട്ട് നേടാൻ തന്റേടം തയ്യാറാകാതിരുന്നത് അന്നത്തെ ബന്ധങ്ങളുടെ തീവ്രത. പെണ്ണായ് പിറന്നതിനെ ശപിച്ച ദിനങ്ങൾ. വിവാഹത്തിന്റെ ആദ്യനാളുകൾ നിർവ്വികാരത ആശ്വാസം നൽകി. അപ്പോഴൊക്കെ താനൊരു വഞ്ചകിയാണോയെന്ന സംശയം മനസ്സിൽ കലശലായിരുന്നു.

നഷ്ടബോധം- നിരാശ- വെറുപ്പ്- മടുപ്പ്- ഇഷ്ടപ്പെടായ്ക- ദേഷ്യം- നിസ്സംഗത എന്നിങ്ങനെ മാറിമറിഞ്ഞ ഭാവങ്ങളിലൂടെ അവസാനത്തിലേക്ക് എത്തിനിൽക്കുന്നുവെന്ന തോന്നൽ....അവസാനത്തോടടുക്കുമ്പോഴുണ്ടാകുന്ന ആശങ്കകളും അപൂര്‍ണ്ണതകളും ആശയക്കുഴപ്പമായി തലപൊക്കുന്നു.

ജീവിതം മടുത്തത് പോലെ. അതുകൊണ്ടായിരിക്കാം മരണത്തെക്കുറിച്ച് ആലോചിക്കുന്നത്. കൂടെയുള്ളവരുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ചോർക്കുമ്പോഴാണ്‌ മരണഭയം ഉണ്ടാകേണ്ടത്. അത്തരം ഭയം തീരെയില്ല. ജീവിച്ചു തീരുന്നുവെന്ന അറിവ്, സഫലമാകാത്ത ആശകളെ പുല്‍കാൻ ഇനിയും മോഹിക്കുന്നതാവാം അതിന്‌ കാരണം. നടക്കില്ലെന്നറിഞ്ഞുകൊണ്ട് മോഹിച്ചുമോഹിച്ചൊരവസാനം.

വിവാഹത്തിനു മുൻപു കണ്ട സ്വപ്നങ്ങൾ ഓർക്കാതിരിക്കാൻ പഠിച്ചു കഴിഞ്ഞു, പ്രണയത്തിന്റെ നല്ല ഓർമ്മകള്‍ അയവിറക്കാനും. കാലപ്പഴക്കത്തിൽ സ്വപ്നങ്ങൾ വിസ്മരിക്കപ്പെട്ടെങ്കിലും അസ്തമയത്തോടടുത്തപ്പോൾ പുതിയ സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്നു, കാണുന്നു. ഒതുക്കിയ മോഹങ്ങൾ പൂർണ്ണതയ്ക്ക് വേണ്ടി കേഴുമ്പോലെ...

മകളുടെ വിവാഹാലോചനയെക്കുറിച്ച് ഭർത്താവ് സൂചിപ്പിക്കുമ്പോഴൊക്കെ അലക്ഷ്യമായ മൂളൽ എന്നിൽ നിന്നും പുറത്ത് വരുന്നതിനാലാണ്‌ ‘ഈയിടെയായി കൃഷ്ണവേണി എന്തായിങ്ങനെ’ എന്നദ്ദേഹം പലപ്പോഴും ചോദിച്ചിട്ടുള്ളത്.

‘എങ്ങിനെ’ എന്ന മറുചോദ്യം കൊണ്ട് തടയിടുമ്പോൾ, ചോദിച്ചത് വിഢ്ഢിത്തമായോ എന്നദ്ദേഹം കരുതിയിരിക്കും. ഒരിക്കലും പിടികൊടുക്കാതെ കുതറിമാറുന്ന ഒരു കള്ളിയാണ്‌ താനെന്ന് ഒരിക്കലും തോന്നിയിരിക്കില്ല. അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. പിന്നെ മനസ്സ്...വെറുതെ പറയാം, എന്റെ മനസ്സിൽ അങ്ങു മാത്രമേ ഉള്ളുവെന്ന്. അല്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഒരുപാട് തവണ പറയുകയും ചെയ്തിട്ടുണ്ട്.

പ്രായം മനസ്സിനെ ബാധിക്കാത്തതിനാലാകണം ഇന്നലെ കണ്ട സ്വപ്നത്തിന്‌ പതിനേഴിന്റെ മികവ്. അല്ലെങ്കിൽ പ്രായത്തെ കീഴ്പ്പെടുത്തി പ്രണയം ജ്വലിക്കുന്നതാവാം.

വെളുത്ത ഷർട്ടും കറുത്ത പാന്‍റും സോമേട്ടന്റെ പ്രായം കുറച്ചിരിക്കുന്നു. ഇപ്പോഴും സുന്ദരൻ തന്നെ. എന്നേക്കാൾ പ്രായം കുറവേ തോന്നു.

കടല്‍ക്കരയിൽ മറ്റാരും ഇല്ല. ഞങ്ങൾ രണ്ടുപേർ മാത്രം. ചിരിച്ച മുഖങ്ങളിൽ ശോകത്തിന്റെ നിഴൽ തെളിഞ്ഞിരുന്നത് ഞങ്ങള്‍ പരസ്പരം തിരിച്ചറിയുന്നുണ്ടായിരുന്നു. കുറ്റപ്പെടുത്തലുകളില്ലാതെ അടുത്തറിഞ്ഞ മനസ്സുകൾ വാചാലമാകാൻ തയ്യാറെടുക്കുന്നതായി എനിക്ക് തോന്നി.

"സുഖമല്ലേ കൃഷ്ണേ..?" സോമേട്ടനാണ്‌ തുടങ്ങിയത്.

"ഏട്ടനെന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടൊ എപ്പോഴെങ്കിലും....ഞാൻ വഞ്ചിച്ചുവെന്നും...?"

"എല്ലാമറിയുന്ന ഞാനെന്തിന്‌ കൃഷ്ണയെ വെറുക്കണം? പക്ഷെ, മറ്റൊരു വിവാഹത്തിന് നിനക്കെങ്ങനെ കഴിഞ്ഞുവെന്നോർത്ത് ആദ്യം പലപ്പോഴും അറപ്പ് തോന്നിയിട്ടുണ്ട്."

ആ വാക്കുകൾ ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സങ്കല്പങ്ങളിൽ വേറൊരാൾക്ക് സ്ഥാനമില്ലായിരുന്നല്ലോ. പെട്ടെന്ന് മറ്റൊരാളെ സ്വീകരിക്കുമ്പോൾ സോമേട്ടന്‌ അറപ്പ് തോന്നുന്നത് സ്വാഭാവികം. എന്നാലും ആ വാക്കുകൾ വല്ലാതെ നോവിച്ചു.

"കൃഷ്ണേ...പഴയത് നമുക്ക് വിട്ടേക്കാം. നമ്മളും മനുഷ്യരാണ്‌. അസൂയ- കുശുമ്പ്- വാശി- ദേഷ്യം എല്ലാമുള്ള മനുഷ്യർ. കൂടിയും കുറഞ്ഞും അത്തരം അവസ്ഥകളിലൂടെ നമ്മൾ സഞ്ചരിക്കും. അതിലുപരി നമ്മിൽ രൂപപ്പെട്ടിരുന്ന സ്നേഹവും പരസ്പരവിശ്വാസവും സ്ഥായിയായി നിലനിൽക്കും. അങ്ങിനെയാണിപ്പോൾ നമ്മൾ.."

"ഏട്ടൻ പറഞ്ഞത് ശരിയാണ്‌."

"കൃഷ്ണക്കെത്രയാ കുട്ടികൾ?"

"ഒരു പെൺകുട്ടി. വിവാഹം ആലോചിക്കുന്നു."

"അപ്പോൾ സുഖമാണ്‌...പിന്നേ..നമ്മളൊരുമിച്ചൊരു ചിത്രം ഞാൻ മൊബൈലിൽ എടുത്തോട്ടെ?"

"അതിനെന്താ?" സംശയങ്ങളില്ലാത്ത വിശ്വാസം. വിശ്വാസം മാത്രമല്ല, എന്റെ ആഗ്രഹം സോമേട്ടനിലൂടെ പ്രകടമാകുന്നത് ഗൂഢമായ നിർവൃതി നല്‍കുന്നു. ആവശ്യപ്പെടാതെ, ആഗ്രഹിച്ച ആനന്ദം അനുഭവിക്കാം. ശരിയല്ലെന്നോ മോശമെന്നോ തോന്നാവുന്നവ ആവശ്യപ്പെട്ടില്ലെന്ന തൃപ്തിയും ലഭിക്കും. എല്ലാം ഞങ്ങളുടെ മോഹങ്ങളായിരുന്നല്ലൊ...അതുകൊണ്ടായിരിക്കാം ഒരുമിച്ചൊരു ഫോട്ടോ...ഒട്ടിച്ചേർന്നിരിക്കൽ...അത്തരം മോഹങ്ങൾ പെരുകുമ്പോലെ...

സോമേട്ടൻ പോക്കറ്റിൽ നിന്ന് മൊബൈലെടുത്തു. ഫ്രണ്ട് ക്യാമറയാണ്‌ ഓണാക്കിയത്.

എന്നോട് ചേർന്ന് നിന്നു. വലതു കൈകൊണ്ട് മൊബൈൽ മുന്നിലേക്ക് അകത്തിപ്പിടിച്ചു. സോമേട്ടന്റെ സംസാരത്തിനും കൈകൾക്കും ചെറിയ വിറയൽ. കൂടുതൽ ചേർന്ന് നിൽക്കുന്തോറും വിറയൽ വർദ്ധിക്കുന്നു. ഞാൻ വെറുതെ നിൽക്കുന്നതിനാൽ എന്നിലെ പ്രകടമായ ഭാവങ്ങൾ സോമേട്ടനറിയാൻ കഴിയുന്നില്ല. എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ എല്ലാം അറിയാം. അതിനുപോലും പറ്റുന്നില്ലായിരിക്കും. അങ്ങെത്തിയിട്ടും ചെറുതിലെ വികാരം അതേപടി എന്നത് ശരിക്കും തിരിച്ചറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്‌. ഒരുപക്ഷെ പിരിയേണ്ടി വന്നപ്പോഴത്തെ സമയവും കാലവും കഴിഞ്ഞുള്ളത് അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സിന്റെ പിടിവാശിയും ആകാം ഇത്തരം വികാരങ്ങൾക്ക് നിദാനം.

ഞാനല്പംകൂടി അടുത്ത് നിന്നു. സോമേട്ടന്റെ ഇടതു കൈമുട്ട് മാറിടത്തിൽ അമർന്നു. ശരീരമാസകലം ഒരു പെരുപ്പ് കയറി. ഞാന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞുനിന്നു. സോമേട്ടനിത് അനുഭവപ്പെടുന്നില്ലായിരിക്കും. അല്ലെങ്കിൽ എന്നെപ്പോലെത്തന്നെ അറിയാത്തതുപോലെ  കൈമുട്ട് അമർത്തുന്നുണ്ടായിരിക്കും. കുറെ നേരം അങ്ങിനെത്തന്നെ നിന്നിരുന്നെങ്കിലെന്ന് മോഹിച്ചുപോയി.

രണ്ടുമൂന്ന് ഫോട്ടൊ എടുത്തു. സാധാരണപൊലെ  സംസാരിച്ചു തുടങ്ങാൻ സോമേട്ടൻ പാടുപെടുന്നത് മനസ്സിലായി. ഫോട്ടോകൾ ഒന്നും ശരിയായില്ല. എന്നെ കാണിച്ചു തന്നു. ഇതുമതി എന്നും പറഞ്ഞ് മൊബൈൽ പോക്കറ്റിലാക്കി.

ആഗ്രഹപൂർത്തീകരണം സ്വപ്നങ്ങളിലാകുമ്പോൾ പരിസരം മറക്കുന്നത് സംഭവിക്കുന്നതാണ്‌.

അയാൾ കുരങ്ങന്റെ കയറിൽ പിടിച്ചും, വടികൊണ്ട് നിർദ്ദേശിച്ചും കളി തുടരുന്നുണ്ടായിരുന്നു. വന്നുകൊണ്ടിരിക്കുകയും പോയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന യാത്രക്കാർ രസം പിടിച്ച് തലയാട്ടുന്നു.

കൃഷ്ണവേണിയുടെ മനസ്സ് വലിഞ്ഞുമുറുകി. ആകെ ഒരുതരം അസ്വസ്ഥത. ശരീരത്തിൽ കയറ്‌ മുറുകുകയും അയയുകയും ചെയ്യുന്നുണ്ടായിരുന്നു. തല പെരുത്തു.

"നിറുത്തെടൊ...!" കൃഷ്ണവേണിയില്‍  നിന്ന് പുറത്തു വന്നത് പേടിപ്പിക്കുന്ന ഒരു ശബ്ദമായിരുന്നു.

എല്ലാവരുടേയും ശ്രദ്ധ കൃഷ്ണവേണിയിലേക്കായി. കാര്യം എന്തെന്നറിയാതെ അയാളും പകച്ചു. കളിച്ചുകൊണ്ടിരുന്ന കുരങ്ങൻ കൈകൾ രണ്ടും മുഖത്തിനു മുകളിലൂടെ ഉയർത്തി തല പൊത്തിപ്പിടിച്ച് അയാളുടെ കാലിനരുകിൽ കുമ്പിട്ടിരുന്നു.

"അരയിൽ നിന്നതിന്റെ കയറഴിക്കെടൊ.!" അതൊരാജ്ഞയായിരുന്നു.

ആ മിണ്ടാപ്രാണിയെങ്കിലും അയാളിൽ നിന്ന് രക്ഷപ്പെട്ടോട്ടെ എന്ന് കരുതിക്കാണും. കുരുക്കഴിച്ചാൽ അതിന്‌ ഓടിപ്പോകുകയെങ്കിലും ചെയ്യാമല്ലൊ?

‘അത് ശരിയാ’ എന്ന് മുറുമുറുത്ത ജനം അതിനെ സ്വതന്ത്രമാക്കണമെന്നും പറഞ്ഞു. കുടുക്കില്ലാത്ത കുരങ്ങന്റെ കളി കാണാനാണ്‌ രസം എന്നുള്ളവർ സമ്മതഭാവത്തിൽ ചിരിച്ചൊഴിഞ്ഞു.

കുടുക്കഴിച്ചാൽ കുരങ്ങൻ ഓടിപ്പോകുമോ എന്ന ഭയം അയാളെ നിശ്ശബ്ദനാക്കിയെങ്കിലും ഒന്നിച്ചുള്ള ആരവത്തിനിടയിൽ പിടിച്ചു നിൽക്കാനായില്ല.

അയാൾ കുരങ്ങിന്റെ അരയിലെ കുരുക്കഴിച്ചു. ജനങ്ങൾ സന്തോഷത്തോടെ ആർത്തുവിളിച്ചു. കുരുക്കിൽ നിന്ന് വിമുക്തനായി കൂടുതൽ ഉന്മേഷത്തോടെ കളി തുടങ്ങി. വർദ്ധിച്ച സന്തോഷത്തോടെ അയാൾ പ്രോത്സാഹിപ്പിച്ചു. അയാൾക്കരുകിൽ കൂടുതൽ പറ്റിച്ചേർന്നാണ്‌ കുരങ്ങനിപ്പോൾ കളിക്കുന്നത്. ഒരിക്കൽപ്പോലും ഓടിപ്പോകാൻ ശ്രമിച്ചില്ല. അയാളുടെ ഭയം വെറുതെ...

കൃഷ്ണവേണിയുടെ വേവലാതികളും വെറുതെയാണോ? അതിന്‌ രക്ഷപ്പെടണ്ടെ?

എങ്ങോട്ട്..എന്തിന്‌...? 

10/3/12

ഹോര്‍മോണ്‍ സന്തതികള്‍

10-03-2012
അവരുടെ ഷർട്ടുകളിൽ പറ്റിപ്പിടിച്ച ഉണങ്ങാത്ത ചോര തെറിച്ച പാടുകൾ ഒരു നിഴൽ പോലെ കാഴ്ചയിൽ തങ്ങി.

രണ്ടു പേർ വീതമുള്ള രണ്ടു ബൈക്കുകൾക്ക് പുറകെ ഒരു കാറും പാഞ്ഞുപോയി. കയ്യിലിരുന്ന നാടൻ കോഴിയെ മുറുകെപ്പിടിച്ച് കടന്നുപോയ കാറിനെ തിരിഞ്ഞുനോക്കി. ക്ഷണനേരം കൊണ്ട് കാറ്‌ കാഴ്ചയിൽ നിന്ന് മറഞ്ഞിരുന്നു. അല്ലെങ്കിൽതന്നെ തിരിഞ്ഞ് നോക്കിയിട്ട് എന്ത് ചെയ്യാനാണ്‌? ഇഷ്ടമില്ലാത്തത് കാണുമ്പോൾ പ്രകടമാകുന്ന വെറുപ്പോ, സംഭവിച്ചത് അറിയാനുള്ള ആകാംക്ഷയോ ആയിരിക്കാം ആ വികാരത്തിനു പിന്നിൽ.

കയ്യിലിരുന്ന കോഴി ഒന്നു പിടഞ്ഞു. ഞാനൊരു നസ്രാണി ആണെ. ഞായറാഴ്ച ഇറച്ചി കൂടിയേ തീരു എന്ന് കെട്ട്യോൾക്ക് നിർബന്ധം. അതും നാടൻ കോഴി തന്നെ വേണം. അതിനവൾക്ക് ന്യായങ്ങളും ഉണ്ട്. ഹോർമോൺ കുത്തിവെച്ച കൊഴിയുടെ ഇറച്ചി പെൺകുട്ടികൾക്ക് കൊടുത്താൽ പെട്ടെന്ന് വയസ്സറിയിക്കുമത്രെ. നാല്പത് ദിവസം കൊണ്ട് വളർച്ചയവസാനിക്കുന്ന കോഴിയിറച്ചി ഉള്ളിൽ ചെന്നാൽ മനുഷ്യന്റെ ശരീരവും ത്വരിത വളർച്ചക്ക് വഴിവെക്കുമെന്നാണ്‌ അവൾ മനസ്സിലാക്കിയിരിക്കുന്നത്. നാല്പത് ദിവസത്തിൽ കൂടുതൽ പ്രായമുള്ള കോഴിയുടെ ഇറച്ചി തിന്നാനേ പാടില്ലെന്ന്.

ശരിയും തെറ്റും വിശ്വാസവും അന്ധവിശ്വാസവും കൂടിക്കുഴഞ്ഞ അവയിൽ മിശ്രിതമാണ്‌ അവളുടെ അറിവുകൾ. റേറ്റ്‌ കൂട്ടാന്‍ വേണ്ടി വാചകമടിക്കാന്‍ കഴിവുള്ളവനെ തെരഞ്ഞു പിടിച്ച് ചര്‍ച്ചകള്‍ തല്ലിക്കൂട്ടുന്ന ടീവികളിലെ അറിവുകാളാണെ അധികവും. ഒൻപതൊ പത്തൊ വയസ്സ് തികയുന്നതിനു മുൻപ് പ്രായപൂർത്തിയാകുന്ന പെൺകുട്ടികളെ ഉൾക്കണ്ഠയോടെയാണവൾ കണ്ടിരുന്നത്. അവർക്ക് ആയുസ്സ് കുറവാണത്രെ. ഇപ്പോള്‍ മനുഷ്യന്റെ ആയുർദൈർഘ്യം കൂടുതാലാണെന്ന് വാദിക്കുന്നവർക്ക് മുന്നിലേക്ക് ഒൻപത് വയസ്സിലെ പ്രായപൂർത്തി ഉയർത്തിക്കാട്ടും. പ്രായപൂർത്തിയുടെ ആറിരട്ടിയാണ്‌ ഒരു വ്യക്തിയുടെ ആയുർദൈർഘ്യത്തിന്റെ മാനദണ്ഡം എന്നതിനാൽ ഒൻപതുകാരി അൻപത്തിനാലിനോട് ചുറ്റിപ്പറ്റി നില്‍ക്കുമെന്ന്. വളർച്ചയുടെ എല്ലാ ഘട്ടങ്ങളും നേരത്തെ സംഭവിക്കുന്നു.

അവളുടെ പല ന്യായങ്ങളും സമ്മതിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു കണക്കിന്‌ ഒന്നുമറിയാതെ അറബിനാട്ടിൽ കിടക്കുന്നതാണ്‌ ഭേദം എന്ന് തോന്നിപ്പോകുന്നു. നേരിട്ടുള്ള കാഴ്ചകളിൽ നിന്നൊഴിയാം.

ഇതാണ്‌ എനിക്കുള്ള കുഴപ്പം. എന്തെങ്കിലും ചിന്തിച്ചാൽ പരിസരം മറന്ന് ഒന്നിനു പുറകെ ഒന്നായി ചിന്തകൾ പെരുകി കാട് കയറും. ഇപ്പോൾത്തന്നെ കോഴിയേയും പിടിച്ച് റോഡിലൂടെയാണ്‌ നടക്കുന്നതെന്നു പോലും മറന്നിരിക്കുന്നു. ചിന്തിച്ച് ചിന്തിച്ച് റോഡിന്റെ നടുവിലേക്ക് നീങ്ങിയാലും അറിയാൻ പോകുന്നില്ല.

റോഡിന്റെ അരികെ തന്നെയാണ്‌ വീട്. ഭാര്യ മുറ്റത്തിറങ്ങി നില്പുണ്ട്. ഞാനിനി കവലയിൽ പോകും എന്നതിനാൽ അവൾ കോഴിയെ വാങ്ങാൻ ഇറങ്ങി നില്‍ക്കുന്നതാണ്‌.

"വേഗം തിരിച്ച് വന്നേക്കണേ... ഇപ്പൊത്തന്നെ ഈ കവലയിൽ വെച്ച് സെയ്താലിക്കുട്ടിയെ ആരൊ കുത്തി എന്ന് പറയ്ണ കേട്ടു. അവ്ടെച്ചെന്ന് ഇനി ആ കേസിലൊന്നും കുടുങ്ങണ്ട. ജോസ്ച്ചായന്‌ തിരിച്ച് പോവാന്ള്ളതാ.“ കോഴിയെ വാങ്ങി തിരിഞ്ഞു നടന്ന ഭാര്യയുടെ താക്കീത്.

ഞാനറിയാതെ എന്റെ നടത്തത്തിന്‌ വേഗത കൂടി. സെയ്താലിക്കുട്ടി ചെറുപ്പം മുതലേ എന്റെ കൂട്ടുകാരനായിരുന്നു. ഓന്നിച്ച് കളിച്ച് വളർന്ന് പഠിച്ചവർ. ഒരേ ആശയത്തെ മുറുകെ പിടിച്ച് പ്രവർത്തിച്ചവർ. വാചകക്കസർത്തും നേതൃപാടവവും അവനെ വിദ്യാർഥിപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്കുയർത്തി. ന്യൂനപക്ഷമെന്ന ഔദാര്യം പ്രസ്ഥാനത്തിന്റെ പടവുകൾ കയറാൻ അവനെ തുണച്ചപ്പോൾ നിശ്ശബ്ദപ്രവർത്തകനായ ഞാൻ ഔദാര്യം പറ്റാൻ അർഹനല്ലാതായി. എനിക്കതിൽ ഒട്ടും പ്രായാസമില്ലായിരുന്നു. വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ സ്വന്തം കഴിവുകൾ പര്യാപ്തമല്ലെന്ന് എനിക്ക് നല്ല നിശ്ചയമായിരുന്നു.

സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും എതിരായി തിളക്കുന്ന യൗവ്വനം ശക്തമായി പ്രതികരിക്കുന്നതാണ്‌ പിന്നീട് ഞാൻ കണ്ടത്. പ്രസ്ഥാനത്തിന്‌ തെറ്റിയിട്ടില്ലെന്നും സെയ്താലിക്കുട്ടി ശക്തിയാണെന്നും എനിക്ക് പൂർണ്ണമായി ബോദ്ധ്യപ്പെട്ടു.

പ്രത്യയശാസ്ത്രത്തിനോടും ആശയത്തോടും എനിക്കുള്ള അകൽച്ച സംഭവിച്ചത് സ്വന്തം ജീവിതത്തെ നന്നായി കരുപ്പിടിപ്പിക്കണം എന്ന് തോന്നിയപ്പോഴാണ്‌. അതിനേറ്റവും യോജിച്ചത് എനിക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് വരുത്തിത്തീർക്കലാണ്‌. എത്ര ഇല്ലെന്ന് പറഞ്ഞാലും ഒരിഷ്ടം, ഒരു ചായ്‌വ് മനസ്സിൽ തങ്ങി നില്‍ക്കും. അപ്പോൾപ്പിന്നെ എനിക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് പറയുന്നത് അർത്ഥശൂന്യമാണ്‌.

ആഡംബരത്തിന്റെ ഇഴകൾ കൊരുത്തെടുക്കാൻ അറബ്നാട്ടിൽ എത്തിപ്പെട്ടപ്പോഴും കൂട്ട് ഇന്നലേകളിലെ സുഖമുള്ള ഓർമ്മകൾ തന്നെ. എന്തൊക്കെയൊ നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് നീളം വെക്കുന്നതല്ലാതെ തിരികെ നേടാൻ കഴിയാതാവുന്നു.

സെയ്താലിക്കുട്ടിയുമായുള്ള സൗഹൃദം കത്തെഴുത്തിലൂടെ കൂടുതൽ മധുരമാക്കി. ചെറുപ്പത്തിലേ എം എൽ എ സ്ഥാനാർത്ഥിയാകാൻ അവന് അവസരം ലഭിച്ചപ്പോൾ എന്റെ സന്തോഷം അവനില്ലായിരുന്നുവെന്നത് കത്തുകളിൽ കൂടി വായിച്ചറിഞ്ഞു. അധികാര സ്ഥാനങ്ങളിൽ കയറിയിരുന്നാൽ മോഹങ്ങൾ കുതിക്കുമെന്നും അവനവലിലേക്ക് ചുരുങ്ങാനുമുള്ള ത്വര വർദ്ധിക്കുമെന്നും അവന്‌ സംശയമുണ്ടായിരുന്നു. അത്തരം ത്വ്വരയെ അടക്കിക്കൊണ്ടു തന്നെ ഒന്നാം വട്ടം അവസാനിപ്പിച്ചത് രണ്ടാം വട്ടത്തെ ഊഴത്തിന്‌ കൂടുതൽ കരുത്ത് നൽകി.

സ്വന്തം അഭിഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളെ സ്വീകരിച്ചും സ്വീകരിക്കാതേയും മനുഷ്യർ ജീവിച്ചുകൊണ്ടിരുന്നു.

സെയ്താലിക്കുട്ടിയുടെ ഫോൺ വിളികളിൽ ഇപ്പോൾ നിരാശയും വിഷാദവും ഇടകലർന്നിരുന്നത് ഞാൻ കാര്യമാക്കിയില്ല. കാര്യമാക്കേണ്ട കാര്യമില്ലല്ലോ. അവന്‍ എം എല്‍ എ ആണ്. എങ്കിലും ഗൾഫുകാരന്‌ ജോലി നഷ്ടപ്പെടാൻ പോകുന്നു എന്ന് മനസ്സിലാകുമ്പോൾ ഉണ്ടാകുന്ന വെപ്രാളം പോലെ തോന്നിച്ചു.

കാലത്ത് തന്നെ റോഡ് സജീവമായിരുന്നു. ആകാംക്ഷയോടെ തിരക്കു പിടിച്ചോടുന്ന ജനങ്ങൾ. എന്തെങ്കിലും കേട്ടാൽ മതിയല്ലൊ ജനങ്ങൾക്ക് ഓടിത്തുടങ്ങാൻ. പാഞ്ഞ് പോയ ബൈക്ക്കാരിലെ ചോരക്കറ തെറിച്ച പാടുകൾ മനസ്സിൽ ഒന്ന് മിന്നി. കൊട്ടേഷൻ പണി തീർത്ത് പോയവരായിരിക്കും അവർ.

ഇത്തവണ ഞാന്‍ ലീവിലെത്തിയപ്പോൾ സെയ്താലിക്കുട്ടി മറ്റൊരു മനുഷ്യനായാണ്‌ എന്നെ കാണാൻ വന്നത്.

"നീ പാർട്ടി വിട്ടത് ശെര്യായില്ല. നീയൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. നമ്മളെടയ്ക്ക് ഫോൺ ചെയ്യാറൊള്ളതല്ലെ. തീരുമാനത്തിനു മുമ്പ് നിനക്കതെന്നോട് പറയായിരുന്നില്ലെ?"

"ജോസിനറിയാലൊ, ഞാനൊരു സാധാരണ മനുഷ്യനാ. വിദ്യാഭ്യാസം കഴിഞ്ഞൊടനെ എം എൽ എ ആയി. തൊടർച്ചയായി പത്ത് കൊല്ലം. മറ്റൊരു പണിയും ഞാൻ ചെയ്തിട്ടില്ല, അറിഞ്ഞുംങ്കൂട. ഭാര്യയും രണ്ട് മക്കളും ആയി. ഇന്നുവരെ ആരുടെ കയ്യീന്നും കൈക്കൂലി വാങ്ങിട്ടില്ല. മാസത്തില് കിട്ട്ണേന്ന് പാർട്ടിക്ക് കൊടുക്കേണ്ട വിഹിതം കഴിച്ചാ കയ്യിലെത്തുന്നോണ്ട് ചെലവ് നടക്കാണ്ടായി. ജോസ്ന്നല്ല, എന്റെ ഭാര്യാന്നല്ല, എന്നെ ഇഷ്ടപ്പെട്ണ ആരും ഇതംഗീകരിക്കില്യാന്ന് അറിഞ്ഞോണ്ട് ഞാൻ അഭിപ്രായം ചോയിച്ചോണ്ടെന്ത് പ്രയോജനം?"

"നീയിന്നൊരു വ്യക്ത്യല്ല. ഒരു പറ്റം മനുഷ്യര്ടെ പ്രതീക്ഷയാ. അവര് നിന്നെക്കാൾ സാമ്പത്തികായും അല്ലാണ്ടും താഴെയാ. അതെല്ലാം മറന്ന് നീ നിന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു."

"നടപ്പിലാക്കാൻ കഴിയാത്ത വാക്കുകള്‍ പ്രയോഗിക്കാൻ നിന്നെപ്പോലുള്ളോർക്ക് എളുപ്പാ. ഒരു പാർട്ടീലും ഇല്ലെന്നല്ല, ഒരു രാഷ്ട്രീയത്തിലുമില്ലെന്ന് പറഞ്ഞാ മതിയല്ലൊ. ചെല അസാധാരണ വ്യക്തിത്വങ്ങളെ ഒഴിച്ചു നിർത്തിയാ ബാക്കിയെല്ലാം ചപലതകളുള്ള മനുഷ്യര് തന്നെ."

"പിന്നെ നീയെന്തിന്‌ ഇതിലേക്കെറങ്ങി? വേറെ വെല്ല ജോലീം നോക്കിക്കൂടായിരുന്നൊ?"

"ഓരോ പ്രായത്തിലും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കണ്‌ണ്ട്, തിരുത്തലും നിരാശേം ഒക്ക്യായി. എം എൽ എ എന്നത് എനിക്കന്ന് ആവേശായിരുന്നു. ഭാര്യേം കുട്ട്യോളും ചെലവും വർദ്ധിച്ചു. ക്രമേണ എം എൽ എ സ്ഥാനം ജോല്യായി രൂപാന്തരം പ്രാപിക്കണത് ഇനിയ്ക്ക്  മനസ്സിലായിരുന്നില്ല. ഇന്നിനിയ്ക്ക്, അറിയണ പണി  നഷ്ടപ്പെട്ണേന്റെ മാനസിക സംഘര്‍ഷാ‌. എന്റെ പാർട്ടി ഒരാളെ രണ്ടു തവണെക്കൂടുതൽ തുടർച്ചയായി എം എൽ എ ആക്കില്ലെന്ന് അറിയാല്ലൊ?"   

"ഇത്തരം ചിന്ത്യോള് നിനക്ക് മാത്രാ ശരി. തെകഞ്ഞൊരു സ്വാർത്ഥനാകാൻ നിനക്കെങ്ങനെ കഴിഞ്ഞു?"

"ഏറ്റക്കൊറച്ചിലോടെ സാർത്ഥത എല്ലാരിലും ഇണ്ട്. കാലങ്ങളായി നീ ചെയ്യണ ഗൾഫിലെ നിന്റെ പണി നഷ്ടപ്പെടുന്നൂന്ന് വരുമ്പോ നിന്റ മനോഭാവം എന്താരിക്കും?"

"നീ എം എൽ എ സ്ഥാനം ജോല്യായി കാണുന്നു."

"അല്ലെ?"

"എങ്കിലെനിക്കൊന്നും പറയാനില്യ."

"ഇരുവത്തിനാല്‌ മണിക്കൂറും പാർട്ടിപ്രവർത്തനാവ്മ്പോ ഞാൻ വേറെന്ത് ജോല്യാ ചെയ്യുക? അഥവാ എന്തെങ്കിലും ജോലി ചെയ്താ നീയടക്കം അയ്നെ എങ്ങ്നെ കാണും? നിനക്ക് ലോണെടുത്ത് കുട്ട്യോളെ പഠിപ്പിക്കാം വീടുവെക്കാം. ഏതു മാർഗ്ഗത്തിലൂടേയും കാശ്ണ്ടാക്കി ലോണടക്ക്യാം. ഇനിക്കൊ?"

"നീ സുഖസൗകര്യങ്ങളെക്കുറിച്ചാണ്‌ പറയുന്നത്."

"അതെ."

"നമ്മ്ടെ ജനാധിപത്യരീതീലെ അധികാര രാഷ്ട്രീയത്തിൽ പത്ത് കൊല്ലത്തെ ജീവിതം എന്നില് ചെല ശീലങ്ങള് സമ്മാനിച്ചു. അവ്ടന്ന് താഴേയ്ക്ക് വര്ണത് ഇനിക്ക് ചിന്തിക്കാൻ കഴിയാത്തത."

"ഞാനടക്കൊള്ള ഒര് വെല്യ വിഭാഗത്തിന്‌, ഒള്ളത് നഷ്ടപ്പെട്ത്താനൊ താഴ്ന്ന് ജീവിക്കാനൊ കഴിയാത്തതാ പ്രശ്നം. പലേ ആത്മഹത്യക്ക് പിന്നിലും ഇത്തരം ദുരഭിമാനാണെന്ന് കാണാം. പക്ഷെ, നീയിങ്ങ്നെ ആയതിലാ എനിക്കത്ഭുതം."

"ഏച്ച് കൂട്ടുമ്പോ പൊട്ടിപ്പോകുന്നത് ഒരു പൂർണ്ണതയിലേക്കല്ലെന്ന തോന്നൽ."

"എനിക്കൊന്നേ നിന്നോട് പറയാനുള്ളു. കൊറച്ച്നാള് നോക്കീം കണ്ടും ശ്രദ്ധിച്ച് ജീവിക്കുക. എന്റെ കെട്ട്യോള് പറയാറുള്ളത് പോലെ അവസാനഘട്ടങ്ങൾ പെട്ടെന്നാക്കുന്ന ഹോർമോൺ പ്രക്രിയ മനുഷ്യന്റെ ചിന്തേലും പ്രവർത്തിക്കുന്നു എന്നാണ്‌. വിചാരങ്ങളും ചിന്തകളും ഒതുക്കി വികാരം കുതിച്ചു ചാടാൻ അധിക സമയം വേണ്ട."

രണ്ടു ദിവസം മുൻപാണ്‌ അവനുമായി ഇത്തരം സംസാരം നടന്നത്. അവന്‍ പറയുന്നതിനെ അപ്പാടെ തള്ളിക്കളയാന്‍ ആവില്ല. ഒരു കണക്കിന് ഞാനും ചെയ്യുന്നത് ഇതൊക്കെ തന്നെ. ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു.

ആംബുലൻസിനു പുറകെ രണ്ടു മൂന്ന് പോലീസ് ജീപ്പുകളും സംഭവസ്ഥലം വിട്ട് പോകുന്നു. അല്പം കൂടി നേരത്തെ എത്തേണ്ടതായിരുന്നു. നിറയെ ജനങ്ങളും പോലീസും തടിച്ചു കൂടിയിട്ടുണ്ട്. മുഴുവനുണങ്ങാത്ത ചോര ടാറിങ്ങ് റോഡിൽ അവശേഷിച്ചിരിക്കുന്നു.


മരിച്ചെന്നും ഇല്ലെന്നും രണ്ട് പക്ഷം. നേരിട്ട് കണ്ടവരായിരിക്കില്ല അഭിപ്രായം പറയുന്നത്. പാർട്ടി വിട്ടതിലുള്ള വൈരാഗ്യവും ഇനിയുള്ളവർക്ക് ഒരു മുന്നറിയിപ്പ് എന്ന രീതിയിലും പഴയ പാർട്ടിക്കാർ ചെയ്തതാണെന്ന് ഒരു വിഭാഗം. പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് ലഭിച്ചേക്കാവുന്ന സ്ഥാനത്തിന്‌ മറ്റൊരാൾ കടന്നു വരുന്നതിനെ ഇല്ലായ്മ ചെയ്യാനും, അതിനെ പഴയ പാർട്ടി ചെയ്തതാണെന്ന് വരുത്തിത്തീർക്കാനും മറ്റവര്‍ കൊട്ടേഷൻ കൊടുത്തതാണെന്ന് മറുഭാഗം.

ന്യായവാദങ്ങള്‍ക്കിടയിൽ സത്യം അറിയാനാകാതെ ഞാൻ തിരിച്ച് നടക്കുമ്പോൾ ഒന്നുറപ്പായിരുന്നു. അവനെ സ്നേഹിച്ചിരുന്ന പ്രവർത്തകർക്ക് ഇത്തരം ഒരാക്രമണത്തിന്‌ കഴിയില്ലായിരുന്നു, ആഗ്രഹിക്കില്ലായിരുന്നു.

15/2/12

മീന്‍

15-02-2012


സുലൈമാനെ മീഞ്ചൂരടിക്കണ്‌. മീങ്കച്ചോടക്കാരനെ പിന്നെ അത്തറ്‌ മണക്കൊ.

കക്ക പറക്കിയും ഞണ്ടിനെ പിടിച്ചും ചെറുപ്പകാലം. കടൽക്കാറ്റേറ്റ്‌ കറുത്ത ശരീരം. വഞ്ചിയും വലയും അറിഞ്ഞ മുക്കുവജീവിതം നല്ല പരിചയം. പഠിക്കുന്നതിനേക്കാൾ ചൂണ്ടയിടാനായിരുന്നു ഇഷ്ടം. ഉപ്പയും ഉമ്മയും എതിർത്തില്ല. കടൽക്കരയിലെ ജീവിതം ഇങ്ങിനെയെന്ന വിശ്വാസം. സ്ലെയിറ്റ്‌ തല്ലിപ്പൊട്ടിച്ച്‌ മൂന്നാം ക്ലാസ്സിൽ പഠിപ്പ്‌ നിർത്തി. കടലിന്റെ ചൂടും ചൂരും ആവാഹിച്ചെടുത്തു. ഉപ്പുവെള്ളത്തിൽ കുത്തിമറിഞ്ഞു.

കടൽത്തിര കഴുകിയ കലർപ്പില്ലാത്ത മണൽ ചുട്ടുപഴുത്ത്‌ കിടക്കുന്നു. അകലെ കടൽ വെള്ളത്തിനു മുകളിൽ വര പോലെ വഞ്ചികൾ കാണാറായി. ഉയരുകയും താഴുകയും ചെയ്യുന്നു. മീനും കൊണ്ടുള്ള വരവാണ്‌. ആഹ്ലാദവും കൂവലുമായി വഞ്ചികൾ കരക്കെത്തി.

കൂരകളിൽ നിന്ന് പെണ്ണുങ്ങൾ പുറത്ത്‌ ചാടി. കാക്കക്കൂട്ടം പോലെ വഞ്ചികൾക്ക്‌ ചുറ്റും കൂടി. നിശ്ശബ്ദമായിരുന്ന കടൽത്തീരം പെട്ടെന്ന് തിരക്ക്‌ പിടിച്ചു. ആകെ കലപില ബഹളം. ഉറക്കെയാണ്‌ വർത്താനങ്ങൾ. അല്ലെങ്കിൽ കടൽത്തിരയുടെ ശബ്ദത്തിൽ മുങ്ങിപ്പോകും. സൈക്കിളുകളും പെട്ടിവണ്ടികളും ഓട്ടൊറിക്ഷകളും അങ്ങിങ്ങായി പരന്നു കിടന്നു. അപൂർവ്വം ബൈക്കുകളും കാറുകളും. വട്ടകകളും കുട്ടകളും വഞ്ചിക്കു ചുറ്റും. ചില പെണ്ണുങ്ങൾ വട്ടക കയ്യിൽ തന്നെ പിടിച്ചിരിക്കുന്നു. താഴെ വെച്ചാൽ മാറിപ്പോയാലോ.

വഞ്ചികളിൽ നിറയെ ചാളയും അയിലയുമാണ്‌. ചിലതിൽ കുറച്ച്‌ ചെമ്മീനുണ്ട്‌. ചിലതിൽ പലവകയാണ്‌. വലിയ മീനുകളൊന്നും ഇല്ല. മുകളിൽ കാക്കകളും കിളികളും വട്ടം പറക്കുന്നു.

സുലൈമാൻ കുട്ടിയല്ലെ. അതുകൊണ്ട്‌ അവന്റെ ഊഴം അവസാനമാണ്‌. എന്നും കാണുന്നതാണവൻ. എന്നാലും ആകാംക്ഷയ്ക്ക് കുറവൊന്നും ഇല്ല. അറിയാതെ തിക്കിത്തിരക്കി കയറിപ്പോകും. ആരെങ്കിലും തലയ്ക്ക്‌ കിണുക്കുമ്പോൾ പിൻവലിയും.

കാക്കകളും കിളികളും ഇപ്പോൾ താഴ്‌ന്ന് പറക്കുന്നു. ചില കാക്കകൾ വഞ്ചികളിൽ തൊട്ട്‌ പറക്കുന്നു.

കാല്‌ കൊണ്ട്‌ തട്ടി വട്ടക വഞ്ചിക്കരുകിലേക്ക്‌ നീക്കി വെച്ചു. ഒരു പാവം കണക്കെ നിന്നു. കുറച്ച്‌ അടിയും പൊടിയും വാരിയിട്ട്‌ കൊടുത്തു. അൽപം അല്ലേ..അതിന്‌ പൈസ കൊടുക്കണ്ട. തലയിലെടുത്തു വെച്ച്‌ വെട്ടോഴിയിലേക്ക്‌ കേറി. രണ്ട്‌ മണിക്കൂർ ഓടിനടന്ന് വട്ടക കാലിയാക്കി. അന്നത്തെ വരുമാനം പതിനേഴ്‌ ഉറുപ്പിക. ഉമ്മാനെ ഏൽപിച്ചു.

വലുതായിക്കൊണ്ടിരുന്നപ്പോൾ കച്ചോടത്തിൽ അൽപാൽപ്പം പുരോഗതി വന്നു. പൈസ കൊടുത്ത്‌ മീൻ വാങ്ങി. സൈക്കിൾ വാങ്ങിച്ചു. പന്ത്രണ്ട്‌ കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക്‌ സൈക്കിൾ ചവിട്ടി.

ഗ്രാമം സുലൈമാനെ കാത്തിരിയ്ക്കാൻ തുടങ്ങി. വഴിയിലിറങ്ങി നിന്ന് പെണ്ണുങ്ങൾ മീൻ വാങ്ങി. സ്ഥിരം വാങ്ങുന്നവരെ കണ്ടില്ലെങ്കിൽ വിളിച്ച്‌ കൊടുത്തു. മിതമായ ലാഭം മാത്രം എടുത്തു. ഗ്രാമത്തിലേക്കുള്ള സുലൈമാന്റെ മീൻ തികയാതായി.

ഗ്രാമത്തിന്റെ നടുക്ക്‌ ഒരു ചെറിയ കവലയാണ്‌. രണ്ടുമൂന്ന് പീടികകൾ. തലമുടി വെട്ടുന്ന ഒരു കട. സുബ്രേട്ടന്റെ ചായപ്പീടിക. അന്തോണ്യാപ്ലേടെ പലചരക്ക്‌ പീടിക. പിന്നെ പഴയ ഒരു ക്ലബ്ബ്‌, നടുക്ക്‌. പുറമ്പോക്കിലാണ്‌ ക്ലബ്ബ്‌. അതിന്‌ മുന്നിൽ ഇച്ചിരി സ്ഥലം കൂടി ബാക്കിണ്ട്‌.

അവിടെ സുലൈമാൻ പ്ലാസ്റ്റിക്‌ ഷീറ്റ്‌ വിരിച്ചു. മീനതിൽ കൂട്ടിയിട്ടു. ഇരുന്നായി വിൽപന. ഒന്നുരണ്ടു ദിവസം കച്ചോടം അൽപം കുറഞ്ഞു. പിന്നെ കൂടി. എല്ലാരും അവിടെ വന്ന് മീൻ വാങ്ങാൻ തുടങ്ങി. വാടക കൊടുക്കുന്ന പെട്ടിവണ്ടിയിലായി പിന്നെ മീന്റെ വരവ്‌.

കുറെ ദിവസം കഴിഞ്ഞു. ചിലർക്കൊക്കെ മുറുമുറുപ്പ്‌. മീനിലെ ഐസുരുകി വെള്ളം താഴെ പോകുന്നതാണ്‌ കാര്യം. താഴെ പോകാതെ പാത്രത്തിൽ കോരിയെടുത്ത്‌ അകലെ കളയാറുണ്ട്‌ സുലൈമാൻ. എന്നാലും താഴെ വീഴും. മുഖത്ത്‌ നോക്കി ആരും പറഞ്ഞില്ല. കാരണം എല്ലാവർക്കും സുലൈമാനെ ഇഷ്ടമാണ്‌.

അല്പം തെക്ക്‌ മാറിയാണ്‌ ഗൽഫുകാരന്റെ പുതിയ കടമുറികൾ. പുതിയ എന്നു പറഞ്ഞാൽ രണ്ടു കൊല്ലം കഴിഞ്ഞവയാണ്‌. നാലഞ്ച്‌ മുറികൾ കാണും. ആരും വാടകക്ക്‌ എടുത്തിട്ടില്ല. ഈ കുഗ്രാമത്തിൽ എന്ത്‌ കച്ചോടം നടത്താനാണ്‌? തെക്കേ അറ്റത്തേത്‌ ചെറിയ മുറിയാണ്‌. ആദ്യം അവിടെ സ്റ്റുഡിയോ തുടങ്ങി. വൈകാതെ അത്‌ പൂട്ടി. പിന്നെ ലേഡീസ്‌ ബ്യൂട്ടി പാർലർ തുടങ്ങി. അതും അടച്ചു. അതുകഴിഞ്ഞ്‌ മൊബൈൽ റിപ്പയറിംഗ്‌. അതും കൂടി പൂട്ടിയപ്പോൾ സുലൈമാൻ കട നോട്ടം വെച്ചു.

ഇപ്പോൾ മീങ്കച്ചോടം ആ മുറിയിലായി. അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയ വലിയൊരു തട്ട്‌. കടയുടെ മുന്നിൽ നാലു കാലിൽ ഉറപ്പിച്ചിരിക്കുന്നു. അത്‌ നിറയെ മീൻ. മുകളിലെ ഷീറ്റിൽ നിന്ന് താഴേക്ക്‌ ഒരു ട്യൂബ്‌. അഴുക്ക്‌ വെള്ളം ട്യൂബിലൂടെ താഴെ ബക്കറ്റിൽ നിറയും. നിറയുമ്പോൾ അതെടുത്ത്‌ ദൂരെ കളയും.

സുലൈമാൻ പുതിയ പെട്ടിവണ്ടി വാങ്ങി. വണ്ടി ഓടിക്കാനും സഹായത്തിനുമായി ഒരാളെ വെച്ചു. അഞ്ചാറു സ്ഥലത്ത്‌ മീനെത്തിച്ചു കൊടുക്കുന്ന വാടക വേറെ കിട്ടും. ആറ്‌ പ്ലാസ്റ്റിക്ക്‌ പെട്ടി നിറയെ മീനാണ്‌ ഗ്രാമത്തിലേക്കിപ്പോൾ ആവശ്യം. മുന്തിയ തരം മീനുകളും ഇപ്പോൾ സുലൈമാന്റെ ഷീറ്റിനു മുകളിൽ കാണാം. പുറമെ നിന്നും ആളെത്തുന്നുണ്ട്‌ മീൻ വാങ്ങാൻ. നല്ല തിരക്കാണ്‌. ധാരാളം മീനും.

ഒരിക്കൽ ഒരു 'കടല്‍ബ്രാലി'നെ വിറ്റു. മൂന്നര കിലോയോളം തൂക്കം വരും. ബൈക്കിൽ വന്ന ഒരു മദ്ധ്യവയസ്ക്കൻ വില പറയാതെ തന്നെ എടുത്ത്‌ സഞ്ചിയിലാക്കി. സുലൈമാൻ കൂടുതൽ വാങ്ങില്ല എന്ന് എല്ലാവർക്കും അറിയാം. അയാൾ ആയിരത്തിന്റെ ഒരു നോട്ട്‌ കൊടുത്തു. സുലൈമാൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. നൂറുംങ്കൂടി...പൊക്കറ്റിൽ കയ്യിട്ട്‌ നൂറും കൂടി എടുത്ത്‌ കൊടുത്തു. ബൈക്ക്‌ തിരിച്ച്‌ അയാൾ പോയി. സലിയുടെ കണ്ണ് തള്ളി.

സലി ആരെന്നു പറഞ്ഞില്ലല്ലോ അല്ലെ. ബീരാനിക്കാടെ മോനാണ്‌ സലി. ബീകോം ജയിച്ചതാണ്‌. ബീരാനിക്കക്ക്‌ കല്ല് വെട്ടലാണ്‌ പണി. ഒറ്റ മോനാ. കഷ്ടപ്പെട്ട്‌ നല്ലോണം പഠിപ്പിച്ചു. പഠിപ്പിനൊത്ത പണി കിട്ടിയില്ല. ചുമ്മാ തെക്കുവടക്ക്‌ നടക്കും. ജോലിയ്ക്ക്‌ കാത്തിരിക്യാ.

സലിക്ക്‌ മീങ്കച്ചോടം കണ്ടിരിക്കണം. അത്രേയുള്ളു. ഈയിടെ എപ്പോഴും സുലൈമാന്റെ അരികെ സലിയെ കാണാം. സംശയങ്ങളും ചോദിക്കും സുലൈമാനോട്‌. സുലൈമാനിക്കാ ഈ മീന്റെ പേരെന്താ...ആ മീൻ നന്നാക്കുമ്പൊ തൊലി പൊളിക്കണൊ...ഈ മീനിനാണൊ രുചി കൂടുതൽ...അങ്ങിനെ...

ഒരു മീന് ആയിരത്തിയൊരുന്നൂറ്‌ രൂപ!

അന്നുമുതലാണ്  സലി സ്വപ്നം കാണാൻ തുടങ്ങിയത്. രാത്രിയിൽ ഉറക്കം കുറഞ്ഞു. ചിന്തകൾ തന്നെ. ജോലി കിട്ടിയാൽ തന്നെ ഇത്രേം പൈസ എവിടന്ന് കിട്ടാനാ? സുലൈമാനിക്ക ആറ്‌ പെട്ടി മീൻ വിക്കും. കുറഞ്ഞത്ത്‌ ഇരുപത്തിഅയ്യായിരം രൂപ. ഒരു ദിവസം! അതും ഈ ഗ്രാമത്തിൽ നിന്ന്. തിരിഞ്ഞും മറിഞ്ഞും കിടന്നു. എവിടെ....ഉറങ്ങാൻ പറ്റുന്നില്ല. കണ്മുന്നിൽ ഒരു മീനും ആയിരത്തൊരുന്നൂറ്‌ രൂപയും.

പത്ത്‌ പൈസക്ക്‌ വകയില്ല. ബീരാനിക്ക കല്ലുവെട്ട് മടയിൽ പോയാലേ ഇപ്പോഴും കഞ്ഞി വെക്കാനാവു. പാവത്തിന്‌ വയ്യാതായി. എന്നാലും മുടങ്ങാതെ പോകും. ബീകോം വല്യ്‌ പഠിപ്പാണെന്നാണ്‌ ബീരാനിക്കാടെ വിചാരം.

ഇനി എപ്പഴാണാവൊ ഉറക്കം വരുന്നത്‌.... മീങ്കച്ചോടം തന്നെ തുടങ്ങിയാലോ..ഏയ്‌..അത്‌ വേണ്ട. ഇത്രേം പഠിച്ചിട്ട്‌ അതിനൊത്ത ജോലിയെങ്കിലും വേണ്ടെ? ആളോള്‌ കളിയാക്കില്ലെ. മീനെടുത്ത്‌ കൊടുക്കുമ്പൊ ഒരു ജാളൃത തോന്നും. അതിനൊരാളെ വെക്കണം. എന്നിട്ട്‌ മേൽനോട്ടം മാത്രം നോക്കി നിന്നാപ്പോരെ. എന്നാലും ഒരകൽച്ച. അങ്ങിനെ നോക്കിയാ കാശുണ്ടാക്കാൻ പറ്റ്വോ?

നല്ല മീൻ കൊണ്ടരാം. കാശ്‌ കൊറച്ച്‌ വിക്കാം. അപ്പോൾ സുലൈമാനിക്കയെക്കാൾ നല്ല കച്ചോടം കിട്ടും. കൊറച്ച്‌ നാളോണ്ട്‌ നല്ല കാശും ഇണ്ടാക്കാം. ഒന്നുരണ്ട്‌ ദിവസം പരിചയം ഉള്ള ആളെ കൊണ്ടോകാം മീൻ വാങ്ങാൻ. പിന്നെ തനിച്ചാകാം. പതിയെ വണ്ടി വാങ്ങിയാൽ പിന്നെ പ്രശ്നമില്ല. മീൻ എടുത്ത്‌ കൊടുക്കാൻ ഒരാളെ വെക്കാതെ തരമില്ല. ഗള്‍ഫുകാരന്റെ അടച്ചിട്ട ഒരു മുറി തരപ്പെടുത്തണം. ചുളു വാടക കൊടുത്താൽ മതി. അടിപൊളി ഡെക്കറേഷൻ നടത്തണം. ഗ്ലാസ്സൊക്കെ പതിപ്പിച്ച്‌ നല്ല സ്റ്റൈലിൽ. ഒന്നൊ രണ്ടൊ ലക്ഷം ലോണെടുക്കാം.  മാസാമാസം അടച്ചാൽ മതി. കച്ചോടം തുടങ്ങിയാൽ ദിവസോം അടക്കാം. അത്‌ വലിയ പ്രശ്നമല്ല.

ലാഭവും വളർച്ചയും മാത്രം ചിന്തകളിൽ തെളിഞ്ഞ്‌ നിന്നു. ബാക്കിയെല്ലാം ഒത്തുതീർപ്പ്‌ പോലെ അവസാനിപ്പിച്ചു.

ഗൾഫുകാരന്റെ അടഞ്ഞു കിടന്ന മുറികളിൽ നടുമുറി. വലിയ മുറിയാണ്‌. കാലത്ത്‌ തന്നെ തുറന്നു. പാന്റും ഷർട്ടും ധരിച്ച്‌ സലി. ഒന്നും മനസ്സിലാകാതെ ബീരാനിക്ക. കാണുന്നവർക്ക്‌ അതിശയം. സുബ്രേട്ടന്റെ കടയിൽ നിന്ന് ചായയും പരിപ്പുവടയും. മീൻ വണ്ടിയെത്തി. സഹായികൾ ഇഷ്ടം പോലെ. പുത്തൻ മേശകളിൽ മീൻ നിരന്നു. സലിയുടെ മുഖം നിറയെ സന്തോഷം. ഉത്ഘാടനം കഴിഞ്ഞതോടെ വന്നവരൊക്കെ മീൻ വാങ്ങി. കണക്കും തൂക്കവും കാര്യമാക്കാതെ കച്ചോടം നടന്നു. ഉച്ചക്ക്‌ മുൻപ്‌ പകുതിയിലധികം മീനും തീർന്നു.

സുലൈമാൻ ഉച്ച തിരിഞ്ഞാണ്‌ കച്ചോടം തുടങ്ങുന്നത്‌. രണ്ടു മണി മുതൽ ആറര വരെ. അതിനിടയിൽ മുഴുവനും വിറ്റ്‌ തീർക്കും. ബാക്കി വരുത്തില്ല. ഇന്നാണെങ്കിൽ സുലൈമാൻ വന്നതുമില്ല.

നാലു മണിയോടെ സലിയുടെ മീനെല്ലാം തീർന്നു. നിറഞ്ഞ സന്തോഷം. ലാഭം കണക്ക്‌ കൂട്ടാൻ കഴിഞ്ഞില്ല. കണക്കെല്ലാം കുഴഞ്ഞു മറിഞ്ഞായിരുന്നു.

-സുലൈമാനെ മലർത്തിയടിച്ചു. പൂച്ചയെപ്പോലെ ഇരുന്നവൻ എല്ലാം പഠിച്ചു. സുലൈമാനോടാ അവന്റെ കളി. ഇന്നത്തെ കച്ചോടം നോക്കണ്ട. എന്നാലും അവൻ ആള്‌ ഭയങ്കരനാ. നോക്കിയിരുന്നവൻ പണി പറ്റിച്ചല്ലോ. ഇന്നവന്‌ ലാഭമൊന്നും കാണില്ല. നിസ്സാര വെലക്കെല്ലേ എല്ലാം വിറ്റത്‌. സുലൈമാന്റെ അടുത്ത്‌ മത്സരിക്കാൻ ഇവനാവൊ. അല്ലെങ്കിത്തന്നെ പാന്റും ഷർട്ടും ഇട്ട്‌ അവന്റെ ഒര്‌ കച്ചോടം. ഇവിടെ കച്ചോടത്തിന്‌ ഇത്രേം കാട്ടിക്കൂട്ടണ്ട കാര്യം എന്താ. അതും മീങ്കച്ചോടം. അറിയാത്ത ഓരോ പണിക്ക്‌ ഇറങ്ങും. എത്ര കാശാ വെറുതെ കളഞ്ഞേക്കണത്‌. പാവം, ബീരാനിക്ക രക്ഷപ്പെട്ടാ മത്യായിരുന്നു- നാട്ടുകാരുടെ അഭിപ്രായങ്ങൾ നീണ്ടു പോയി.

ഇന്നലത്തേക്കാൾ ഇരട്ടി മീൻ. ഒറ്റയും തറ്റയുമായി കച്ചോടം ഇഴഞ്ഞു. സലിയിൽ ചെറിയൊരു ആവലാധി രൂപപ്പെട്ടു. ഉച്ച കഴിഞ്ഞ് സുലൈമാനും എത്തി. ആവലാധി ആധിയായി.

സുലൈമാന്റെ കച്ചോടം പഴയത്‌ പോലെ നടന്നു. മീനൽപം കുറച്ചായിരുന്നു. അതുകൊണ്ടു തന്നെ പെട്ടെന്നു തീർന്നു.

-വലിയ മീനൊന്നും ഇവിടെ പോകില്ല. ചാളയും അയിലയും, കുറച്ച് പൊടിമീനും. അതുമതി. മോന്ത്യായാൽ ഇനി കച്ചോടം നടക്കില്ല. ഐസിട്ട്‌ വെച്ചില്ലെങ്കിൽ എല്ലാം കേടാവും- സലിയുടെ അരികില്‍ ചെന്ന സുലൈമാന്‍ ചെറിയൊരു ഉപദേശം കഴിഞ്ഞ്‌ തിരിച്ച്‌ പോയി.

അവന്റെയൊരുപദേശം! തല്ലിക്കൊല്ലാനുള്ള ദേഷ്യമാണ്‌ തോന്നിയത്‌. ഉള്ളിൽ ഒതുക്കി. ബാക്കി വന്നാലോ എന്നൊരു ധാരണ ഇല്ലായിരുന്നല്ലോ. ഒന്നും കരുതാഞ്ഞത്‌ അതാണ്‌. ഇനിയിപ്പൊ എന്താ ചെയ്യാ?

പിറ്റേന്ന് ഉച്ചക്ക്‌ സുലൈമാൻ മീനുമായി എത്തി. സലിയുടെ കട അടഞ്ഞു കിടന്നിരുന്നു.


15/1/12

"മലയാളം ന്യൂസ്" പത്രത്തില്‍ വന്നത്....



15-01-2012

ഒരു കഥ കൂടി ഇന്നത്തെ (15-01-2012) "മലയാളം ന്യൂസ്" പത്രത്തില്‍ വന്നത്....
"അവള്‍  വെറുതെ കിടന്നതാണ്" എന്ന കഥ നേരിട്ട് വായിക്കുവാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി


1/1/12

ഒളിച്ചോട്ടം തുടരുന്നു....

 05-01-2012

അന്നത്തെ ഒരു ധൈര്യം..!ഇപ്പോഴോർക്കുമ്പോൾ ഭയം തോന്നുന്നു. ഏറുകൊണ്ട പട്ടിയെപ്പോലെ കുരച്ച്‌ ചാടുകയല്ലായിരുന്നൊ ഓരോ വാക്കിന്‌ പുറകേയും. അച്ഛനൊ അമ്മയൊ നാട്ടുകാരൊ ആരായാലും ഒന്നും കേള്‍ക്കാൻ തയ്യാറല്ലാത്ത മനസ്സ്‌. പ്രേമത്തിന്റെ ഒരു ശക്തിയേ..!

നായര്‌ പെണ്ണ് ചെത്തുകാരന്റെ മോനെ സ്നേഹിച്ചാൽ മതമൊന്നായാലും ഉപജാതികൾ സഹിക്കില്ലത്രെ. കണ്ടും കേട്ടും മർദ്ദനങ്ങൾ സഹിച്ചും ഒടുവിൽ രാത്രിക്കുരാത്രി അപ്പുവുമൊത്ത്‌ വണ്ടി കയറി സ്ഥലം വിട്ടു. 

ഒരു കൊല്ലം മുൻപ്‌ അപ്പേട്ടനും മോനുമൊത്ത്‌ വിദേശജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിക്കുമ്പോൾ മനസ്സ്‌ നിറയെ ആശങ്കകളായിരുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ എല്ലാരേയും ധിക്കരിച്ച്‌ ഓടിപ്പോയവർ തിരിച്ചെത്തുമ്പോൾ ലഭിക്കാവുന്ന പ്രതികരണം മോശമായിരിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ്‌ യാത്ര തിരിച്ചത്‌. വളർത്തി വലുതാക്കിയവരെ ഒരു വികാരത്തിന്‌ ശത്രുക്കളാക്കിയതിന്റെ കുറ്റബോധവും, നാട്ടിൽ നഷ്ടപ്പെട്ട വേരുകൾ തിരിച്ച്‌ പിടിക്കുന്നതിന്റെ ബുദ്ധിമുട്ടും, മോന്റെ പഠിപ്പവിടെ പൂർത്തീകരിക്കണമെന്ന ആഗ്രഹവും ഒന്നിച്ചപ്പോഴാണ്‌ വരവ്‌ നീണ്ടുപോയത്‌.

നരച്ച മുടിയിഴകൾ കറുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സുനന്ദ ചിന്തിച്ചത്‌ കാലങ്ങൾ മായ്ച്ചുകളഞ്ഞ വൈരാഗ്യവും പണം അടുപ്പിക്കുന്ന ബന്ധങ്ങളേയുമാണ്‌.

കാലത്തിന്‌ മായ്ക്കാൻ കഴിയാത്ത കാര്യങ്ങളില്ലെന്ന ഉപദേശം കാര്യമാക്കിയില്ല. വർഷങ്ങൾക്കുശേഷം കാണുമ്പോഴുണ്ടാകുന്ന ആകാംക്ഷയേയും പണത്തിന്റെ ധാരാളിത്തം സൃഷ്ടിക്കുന്ന പുറംകാഴ്ചകളേയുമാണ് കാലം മായ്ച്ചു എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്‌, വിശ്വസിക്കുന്നത്‌. പ്രകടമായ മാറ്റങ്ങൾ സമ്മാനിച്ചിരിക്കുന്ന ശരീരങ്ങള്‍ ഒഴിച്ചുനിർത്തിയാൽ, പഴയ പലരും അന്ന് പറഞ്ഞ വാക്കുകൾ ഇന്നലത്തേതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു.

അരികിലെത്തിയ കാൽപ്പെരുമാറ്റം കേട്ട്‌ മുഖമുയർത്തിയപ്പോൾ അത്ഭുതപ്പെട്ടു. മഞ്ചു.പി. നായർ. തിരിച്ചെത്തിയപ്പോൾ ആദ്യം കാണാൻ ആഗ്രഹിച്ച മുഖം. പലരോടും അന്വേഷിച്ചു. ഒരു പണച്ചാക്കിനെ കല്യാണം കഴിച്ച്‌ സുഖമായി കഴിയുന്നു എന്നറിഞ്ഞു. ആ സുഖത്തിന്റെ ഭാവങ്ങളൊന്നും മഞ്ചുവിന്റെ മുഖത്ത്‌ കണ്ടെത്താനായില്ല. എല്ലിച്ച ശരീരത്തിൽ പണക്കൊഴുപ്പിന്റെ അടയാളമായി സാരി മാത്രമാണ്‌ തെളിഞ്ഞു നിന്നിരുന്നത്‌.

"ഇതാര്‌..? മഞ്ചു.പി.നായരോ? നിയ്യാകെ കോലം കെട്ടു പോയല്ലോ മോളെ." സമ്മിശ്രവികാരത്തോടെ അത്രയും പറയുമ്പോൾ അത്ഭുതം അടങ്ങിയിരുന്നില്ല.

"ആ പേരെല്ലാം കോളേജിലെ ചെല തമാശകളായിപ്പൊ തോന്നുന്നു സുനന്ദ. നിയ്യൊന്നും  ഇതുവരെ കേട്ടിട്ടില്ലാത്ത തെറികളാണ്‌ ഇപ്പോളെന്റെ പേരുകൾ. മൂക്കറ്റം കള്ളും കുടിച്ച്‌ വീട്ടിലെത്തുന്ന ന്റെ നായ്‌ര്ക്ക്‌ ഞാൻ പെല്യാട്ച്യും കൂത്തിച്യും ആണ്‌. പണംണ്ട്‌ ധാരാളം. അതോണ്ട്‌ ജീവിതാവൊ?"

മഞ്ചുവിന്റെ വാക്കുകളിൽ നിന്ന് അവളുടെ ജീവിതം വായിച്ചെടുത്തു. അവളുടെ ദുഃഖം  പുറത്ത്‌ ചാടാൻ വെമ്പൽ കൊള്ളുന്നതായി തോന്നി. രൂപം മാറിയെങ്കിലും സംസാരത്തിന്‌ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഞാൻ വർത്താനം തൊടങ്ങ്യാ ന്റെ കാര്യങ്ങളും അന്യന്റെ കുറ്റങ്ങളും മാത്രാവും. അതോണ്ട്‌ സുനന്ദ സുനന്ദേടെ  വിശേഷങ്ങള്‌ പറയ്‌."

"എനിക്ക്‌ സുഗാ മഞ്ചു. അപ്പേട്ടനും നല്ല സ്നേഹണ്ട്‌. മോനും അങ്ങനന്യാ."

"സുനന്ദ വന്നപ്പൊ മൊതല്‌ നിന്നെ കാണാൻ വരണംന്ന് വിജാരിച്ചിട്ട്‌ ഇപ്പ്ഴാ പറ്റീത്‌. ഞാൻ തനിച്ച്‌ പൊറത്ത്‌ പോയാ ന്റെ നായ്‌ര്‌ക്ക്‌ പിടിക്കില്യ. പിന്നെ തെറീം ബഹളാ. അതോണ്ടാ വൈകീത്‌. ഇപ്പൊത്തന്നെ ചെല്ലുമ്പൊ എന്താണ്ടാവാന്ന് അറീല്യ. ന്നാലും നിന്നെക്കണ്ട്‌ ഞാൻ നിന്നോട്‌ ചെയ്ത തെറ്റിന്‌ മാപ്പ്‌ പറയാണ്ട്‌ ഒര്‌ സമാധാനോംല്യ."

"നിയെന്ത്‌ തെറ്റാ എന്നോട്‌ കാട്ടീത്‌? അതൊക്കെ പഠിക്കണ സമയത്ത്‌ ഇണ്ടാവണ വികൃതീം കുശൂമ്പും ഒക്ക്യല്ലെ. അതൊന്നും തെറ്റല്ല. ഞാനാലോജിക്കുമ്പൊ, നിങ്ങളൊക്കെക്കൂടി അന്ന് അങ്ങനെ ചെയ്തോണ്ടാ ഇന്നിനിക്ക്‌ അപ്പേട്ടനൊന്നിച്ച്‌ ജീവിക്കാൻ പറ്റ്ണേന്നാ."

"അസൂയ തന്നെയായിരുന്നെന്നാ തോന്നണേ. അന്ന്, നിന്നെക്കാൾ സൗന്ദര്യൊള്ള ഇനിയ്ക്കി പറ്റാത്തത്‌ നീ ചെയ്തപ്പൊ തോന്നീത്‌. ന്റെ അഹങ്കാരത്തിന്റെ ഫലാ ഇനിയ്ക്കി കിട്ട്യെ നായ്‌രും. വേറൊരു കാര്യങ്കൂടി പറയവ്വേണ്ടിട്ടാ തെരക്ക്‌ പിടിച്ച്‌ വന്നത്‌." 

"അതെന്താ മഞ്ചു?"

"നിന്റെ മോനല്ലെ ഉണ്ണി?"

"അതെ."

"ഞങ്ങടെ അട്ത്തൊള്ളൊരു കര്‌വാത്തിപ്പെണ്ണായി അവൻ സ്നേഹത്തിലാ."

"ഉണ്ണി നമ്മെപ്പോലൊന്ന്വല്ല മഞ്ചു. അവന്‌ എല്ലാരും സുഹൃത്ത്ക്കളാ."

"അങ്ങന്യല്ല സുനന്ദ. ഇവ്ട്ന്ന് കൊറെ ദൂരംണ്ടല്ലോ. അതോണ്ട്‌ നിയ്യറിയാഞ്ഞിട്ടാ. ഞാമ്പണ്ട്‌ നിന്നോട്‌ കാട്ട്യ തെറ്റിനൊര്‌ പരിഹാരാവൂല്യേന്ന് വെച്ചാ ഞാമ്പറഞ്ഞത്‌."

"ഇത്‌ പരിഹാരല്ല മഞ്ചു. തെറ്റ്‌ ആവർത്തിക്കലാ. ഇനി അങ്ങനെന്തെങ്കിലും അവന്‌ തോന്ന്യാത്തന്നെ അത്‌ നടത്തിക്കൊട്ക്ക്ണേലെന്താ തെറ്റ്‌?"

"ആ കര്‌വാത്തിപ്പെണ്ണിന്യോ? സങ്ങതി അവളൊര്‌ മൊതലാ. ആര്‌ കണ്ടാലും നോക്കി നിക്കേം ചെയ്യും. പണംല്യേലും അവൾടെ മിട്ക്കോണ്ട്‌ പഠിച്ച് കമ്പ്യൂട്ടർ ഇഞ്ചിനിയറായി. എന്നുവെച്ച്‌ മണ്ണും പൊടീം പിടിച്ച്‌ കെടക്കണ കര്‌വാന്റെ ആലേലെ പെണ്ണിനെ കെട്ട്വെ..? കള്ളുങ്കുടിച്ച്‌ ബൊതല്യാണ്ട്‌ നടക്കണ അയാടെ മോളെ കെട്ട്വെ..?നിനക്കൊരന്തസ്സില്യെ?"

"അതിനയാൾടെ മോളെന്ത്പെഴച്ചു? അവന്‌ ഇഷ്ടാണെങ്കി ഞങ്ങളെതിർക്കില്ല മഞ്ചു."

"നിയ്യൊരു പാവാ സുനന്ദേ. കണ്ണടച്ച്‌ എല്ലാരേം അങ്ങ്ട്‌ വിശ്വസിക്കും."

"മഞ്ചു വെഷമിക്കണ്ട. ഞാനവനോട്‌ ചോദിക്കാം."

"ഇന്നന്നെ ചോയ്ക്കണം. അവനും ഇവ്ടെ ണ്ടാവുന്നാ ഞാങ്കര്‌ത്യെ. നേരിട്ട്‌ പറയാന്നും കര്‌തി."

"ഇതിപ്പൊ ഇത്രേം തെരക്കെന്താ?"

"തെരക്ക്ണ്ട്‌...ആ പെണ്ണിനേ....ഇപ്പൊ വയ്റ്റ്ലിണ്ട്‌. ഞങ്ങടെ അട്ത്ത്‌ എല്ലാരും അറിഞ്ഞു."

ഒരു നിമിഷം അരുതാത്തത്‌ എന്തൊ കേട്ടത്‌ പോലെ തോന്നിച്ചു. കാര്യത്തിന്റെ ഗൗരവം ഇങ്ങിനെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

"നേരം ഒര്‌ പാടായി. ഞാമ്പോട്ടെ സുനന്ദേ. നിന്റെ അപ്പേട്ടനെ കാണാമ്പറ്റീല്യല്ലൊ."

"അപ്പേട്ടൻ വൈകീട്ടേ എത്തൂ. ചെറിയൊര്‌ ബിസിനസ്‌ണ്ട്‌. ജീവിക്കണ്ടേ‌?"

"കളിയാക്കല്ലെ മോളെ."

"ഞങ്ങളെല്ലാരുംങ്കൂടെ ഒരീസം നിന്റെ വീട്ടിലേക്ക്‌ വരണ്‌ണ്ട്‌."

മഞ്ചു പോയിക്കഴിഞ്ഞപ്പോൾ പഴയതു പോലെ ഒരു ഭയം കടന്നു കൂടി. എങ്ങും എത്താത്ത ഒരുപിടി ചിന്തകൾ കലമ്പൽ കൂട്ടി. മഞ്ചു പറഞ്ഞത്‌ നുണയാണെന്ന് വിശ്വസിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

എന്റെ മോൻ എന്നെപ്പോലെയോ അപ്പേട്ടനെപ്പോലെയോ ആയിരിക്കില്ലേ? ഇനി അങ്ങിനെ അല്ലെന്നാണൊ മഞ്ചു പറഞ്ഞതിൽ നിന്നു കരുതേണ്ടത്‌? അത്തരം മോശപ്പെട്ട സംഭവങ്ങളൊന്നും ഇതുവരെ അവനിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. കുറഞ്ഞ സമയം കൊണ്ട്‌ ഇങ്ങിനെ ഒരു ബന്ധം സാധ്യമാണോ? അപ്പേട്ടനോട്‌ ആദ്യമായി ഒന്ന് മിണ്ടിക്കിട്ടാൻ ഒരു കൊല്ലത്തോളം കാത്തിരിക്കേണ്ടി വന്നത്‌ ഓർത്തു.

അപ്പുവിന്റേയും ഉണ്ണിയുടേയും സാന്നിദ്ധ്യത്തിൽ, മഞ്ചു വന്നതും പറഞ്ഞതും, എടുത്തിട്ടു. കേട്ട്‌ കഴിഞ്ഞിട്ടും പ്രത്യേക ഭാവഭേദങ്ങളൊന്നും ഉണ്ണിയിൽ കണ്ടില്ല.

അവിശ്വസനീയത നിഴലിച്ച അപ്പുവിൽ ക്രമേണ രൂപഭാവങ്ങൾ മാറി ക്രോധം സ്പുരിച്ചു. ദേഷ്യം ജ്വലിച്ച മുഖത്തേക്ക്‌ നോക്കാൻ ഭയം തോന്നി. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം.

"നീയിത്‌ എന്ത്‌ ഭാവിച്ചാ ഉണ്ണീ." അപ്പു ഉണ്ണിയോടായി ചോദിച്ചു.

അവനൊന്നും മനസ്സിലാകാത്തത്‌ പോലെ ഡാഡിയെ നോക്കി, തെറ്റ്‌ ചെയ്യാത്ത കുട്ടിയുടെ ഭാവത്തോടെ.

"നിയാ പെണ്ണിനെ കല്യാണം കഴിക്കാനാണൊ തീരുമാനിച്ചിരിക്കുന്നത്‌?"

"അതിനെന്താ കുഴപ്പം?" പെട്ടെന്ന് ഞാനതില്‍ കയറിപ്പിടിച്ചു.

"ആ കരുവാത്തിപ്പെണ്ണിനെ.....അല്ലേ? അതിയനവർക്കെന്ത്‌ യോഗ്യതയാടി." അയാളുടെ ശരീരം വിറച്ചു തുടങ്ങി.

ആപ്പേട്ടന്റെ പുതിയൊരു മുഖം ആദ്യമായി കാണുകയായിരുന്നു. അപ്പേട്ടന്‌ എന്ത്‌ യോഗ്യത ഉണ്ടായിട്ടാണ്‌ എന്നെ ഇറക്കിക്കൊണ്ടുപോയത്‌ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്‌ മിണ്ടിയില്ല.

കാലങ്ങൾ മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങൾ ഇത്രയും തീവ്രമാകുന്നതെങ്ങിനെ? പഴയ കാലം പാടെ വിസ്മരിച്ച്‌ ജീവിക്കാൻ കഴിയുന്നതെങ്ങനെ? പറയുന്ന വാക്കിന്‌ ഒരു ഉളുപ്പ്‌ പോലും തോന്നാത്തതെന്താ? നേടിയതിനേക്കാള്‍ നേടണമെന്ന ആർത്തിയോ? അപ്പോൾ അപ്പേട്ടൻ സ്വാർത്ഥനാണ്‌. ഞാനന്ന് ഒന്നും ആലോചിക്കാതെ അപ്പേട്ടനെക്കൂടെ ഒളിച്ചോടിയത്‌ വെറും വികാരമായിരുന്നൊ? അപ്പേട്ടന്‌ അന്നൊരു ജോലി കിട്ടിയില്ലായിരുന്നെങ്കിൽ തന്റെ സ്ഥിതി എന്താകുമായിരുന്നു? അല്ലെങ്കിൽ അപ്പേട്ടനിലെ ഈ ആർത്തി ദുരഭിമാനത്തിന്റെ ലക്ഷണമല്ലേ? ഒരു പിടിയും കിട്ടുന്നില്ലല്ലോ.

"ഡാഡിയും മമ്മിയും ഇക്കാര്യത്തിലെന്തിനാ വെറുതെ തർക്കിക്കുന്നത്‌? അവിടത്തെ എന്റെ സുഹൃത്തുക്കളെപ്പറ്റി നിങ്ങൾക്കറിയാലൊ. അവരാരെങ്കിലും എന്നെപ്പറ്റി ഇന്നുവരെ ഒരു കമ്പ്ലെയിന്റ്‌ പറഞ്ഞിട്ടുണ്ടൊ?"

"അതുപോലാണൊ ഇത്‌..?"  സംശയത്തോടെ....

"എന്താ വിത്യാസം? ഇവിടേയും എനിക്ക്‌ കുറെ സുഹൃത്തുക്കളുണ്ട്‌. അവരിലൊരുവളാണിവൾ." നിസ്സാരം.

മകനെ മനസ്സിലാക്കുന്നതിൽ തെറ്റ്‌ പറ്റിയതൊ, കാലത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനുള്ള കഴിവില്ലായ്മയൊ, വ്യത്യസ്ഥമായ രണ്ട്‌ സാഹചര്യങ്ങൾ തമ്മിലുള്ള മത്സരമൊ എന്താണെന്ന് നിശ്ചയമില്ലാതായി.

"എടാ..അവൾ ഗർഭിണിയാണ്‌." ഞാന്‍ സ്വരം താഴ്ത്തി പറഞ്ഞു.

"അതിനെന്താ?"

"ഒരു പരിഹാരം വേണ്ടെ?"

"പരിഹാരൊ....അതവളാണ്‌ ചിന്തിക്കേണ്ടത്‌. സൗഹൃദം നിലനിർത്തേണ്ടത്‌ രണ്ടുപേരുടേയും ഉത്തരവാദിത്വമാണ്‌ അതിന്‌ വിഘാതമായി വരുന്ന സംഭവങ്ങളെ ഇല്ലായ്മ ചെയ്യാൻ അവളും ബാദ്ധ്യസ്ഥയാണ്‌."

"എടാ...ഇത്‌ ഗ്രാമമാണ്‌. ഇവിടെ ചെല സംസ്ക്കരംണ്ട്‌. അതിനെ ധിക്കരിച്ച്‌ കഴിയാന്നാണൊ നീ വിചാരിക്കുന്നത്‌?"

"പിന്നെ ഞാനെന്താ ചെയ്യേണ്ടത്‌?"

"നീയ്യവളെ വിവാഹം കഴിക്കണം."

"അത്‌ പറ്റില്ല!! സൗഹൃദം സൗഹൃദമാണ്‌. അതിന്റെ പരിധി തീരുമാനിക്കേണ്ടത്‌ സുഹൃത്തുക്കൾ തമ്മതമ്മിലാണ്‌. സൗഹൃദത്തിലൂടെ വേണമെങ്കിൽ ഇണയെ തെരഞ്ഞെടുക്കാം. ഇണയെ തെരഞ്ഞെടുക്കനുള്ള വഴി മാത്രമല്ല സൗഹൃദം."

"മതി നിന്റെ വേദാന്തം. വേദാന്തോം പറഞ്ഞോണ്ടിരുന്നാ നാട്ടുകാരുടെ തല്ല് കൊള്ളാം."

"ഇവിടെ ജീവിക്കാൻ എനിക്ക്‌ താൽപര്യമില്ലെന്ന് ഞാൻ അമ്മയോട്‌ നേരത്തെ പറഞ്ഞിരുന്നതല്ലേ?"

പറിച്ചുനടൽ പച്ച പിടിക്കണമെങ്കിൽ കാലാവസ്ഥയിൽ മാറ്റം സംഭവിക്കരുതെന്നു മനസ്സിലാക്കാൻ കായ്ഫലങ്ങൾ ഉണ്ടാകുന്നത്‌ വരെ കാത്തിരിക്കേണ്ടി വന്നു. സ്വയം ആശ്വാസത്തിന്റെ പഴുതുകൾ തേടുമ്പോൾ കൂടെയുള്ളവരെ അറിയാമെന്ന് നടിക്കുന്നത്‌ നാട്യം മാത്രം. അവന്‌ അവന്റെ ശരികൾ. ദീർഘനിശ്വാസം....

"മതി...ഇനി പിന്നെയാവാം." കിടക്കാനായി എഴുന്നേറ്റ അപ്പുവിൽ കോപം വിട്ടകന്ന ആശ്വാസം കാണാനായി.

"നാളെയായാലും മറ്റന്നാളായാലും എന്നായാലും എനിക്കിതേ പറയാനുള്ളു." അവന്റെ സ്വരം ദൃഢമായിരുന്നു.

കാഴ്ചകൾ ഇരുട്ടിൽ ഒളിച്ച്‌ കിടക്കുന്ന ഒരു രാത്രി.

കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ വീമാനത്താവളം ലക്ഷ്യമാക്കി കാറ്‌ പായുകയാണ്‌. ആരും കാണാതെ ആരേയും അറിയിക്കാതെ ഒരൊളിച്ചോട്ടം.

മൂന്ന് മനസ്സുകൾ നിശബ്ദമാണ്‌ കാറിനകത്ത്‌ -പിൻതുടരുന്ന കുറ്റബോധം, ദുരഭിമാനത്തിന്റെ കെട്ട്‌ പിണച്ചിൽ, നിസ്സംഗതയോടെ നിസ്സാരമായി- 

19/12/11

പ്രതിഷേധസമരം
19-12-2011
ജയലക്ഷ്മി പാവമാണ്‌. വീട്ടിലെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിൽ സർക്കാർ സ്കൂളിൽ പഠിക്കുന്നു. ആവരേജ്‌ പഠിപ്പ്‌. മറ്റുള്ളവരെപ്പോലെ മാതാപിതാക്കളെ നോക്കണം എന്നാണ്‌ ചിന്ത മുഴുവനും. എസ്‌.എസ്‌.എൽ.സി. കടന്നു കൂടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്‌ നേരത്തേ ചിന്തിച്ചു തുടങ്ങി. പഠിച്ചുകൊണ്ടതിന്‌ കഴിയില്ലെന്ന്‌ ജയലക്ഷ്മിക്ക്‌ നല്ല ബോദ്ധ്യമുള്ളതിനാൽ മറ്റു മാർഗ്ഗങ്ങളെക്കുറിച്ച അന്വേഷണത്തിലാണ്‌.

മോണോ ആക്റ്റ്‌, ഓട്ടന്തുള്ളൽ, നാടോടി നൃത്തം എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്‌ അർഹത നേടിയ ജയലക്ഷ്മി വെറും പാവമല്ലെന്ന്‌ സ്കൂൾ മുറുമുറുത്തു. ജയലക്ഷ്മിക്ക്‌ പക്ഷെ അവിടേയും തൃപ്തി കൈവന്നില്ല. ചുരുങ്ങിയത്‌ അഞ്ചെട്ട്‌ ഐറ്റത്തിനെങ്കിലും പങ്കെടുക്കാൻ ആയാലെ കാര്യമുള്ളു എന്നായി. ചിത്രം വരക്കാനൊ പാട്ട്‌ പാടാനൊ കഴിവ്‌ വേണം. ഭരതനാട്യമൊ മറ്റ്‌ ഡാൻസുകളൊ ആവാമെന്നു വെച്ചാൽ ഡ്രസ്സുകൾക്കുള്ള പണത്തിന്‌ എവിടെ പോകും? ഇവിടേയും പ്രതീക്ഷകൾ നശിക്കുന്നതായി അനുഭവപ്പെട്ടു. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സ്‌ കലുഷിതമായി തുടർന്നു.

സ്കൂൾ ഗ്രൗണ്ടിൽ സൊറ പറഞ്ഞ്‌ നടന്നപ്പോൾ ഒരു രസത്തിനാണ്‌ കൂട്ടുകാരിയുടെ അസ്ഥാനത്ത്‌ ഒന്ന് തോണ്ടിയത്‌. ഒപ്പം മൈതാനത്തിന്റെ അങ്ങേ തലക്കലേക്ക്‌ ഒരോട്ടവും കൊടുത്തു. സ്കൂളിന്റെ വേഗമേറിയ താരമുണ്ടൊ വിടുന്നു? അവൾ ജയലക്ഷ്മിയെ ഓടിച്ചു. പിടിക്കാനായില്ല. കിതച്ച്‌ തളർന്ന് ഗ്രൗണ്ടിന്റെ അറ്റത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്ന ജയലക്ഷ്മിക്കരുകിൽ ഓടിയെത്തിയ കൂട്ടുകാരിയുടെ ചമ്മൽ മുഖത്ത്‌ തെളിഞ്ഞു കാണാമായിരുന്നു.

കലാരംഗം എന്ന തട്ടകം കായിക രംഗത്തേക്ക്‌ വഴി മാറിയത്‌ ആ സംഭവത്തോടെയായിരുന്നു. ബാലാരിഷ്ടതകൾ കടന്ന്, ചെന്നെത്തി നിന്നത്‌ നൂറ്‌ മീറ്റർ ഓട്ടത്തിൽ. കൂട്ടുകാരിയുടെ വേഗവും മറികടന്ന് കുതിക്കുന്നതിന്‌ ശക്തി കിട്ടിയത്‌ കുടുംബത്തിലെ ജീവിതത്തിന്റെ തുറിച്ചു നോട്ടമാണ്‌.

തിരിഞ്ഞു നോക്കാതെ ജയലക്ഷ്മി കുതിച്ചു കൊണ്ടിരുന്നു. പഴയ റെക്കോഡുകൾ തിരുത്തി പുതിയ റെക്കോഡുകൾ സ്ഥാപിച്ചു‌. സബ്ജില്ല, ജില്ല, സംസ്ഥാനം, ദേശിയം എന്നിങ്ങനെ പടർന്നു കയറിയ വേഗം എസ്‌.എസ്‌.എൽ.സിയും കടന്ന് മുന്നോട്ട്‌ പോകാൻ സുഗമമായ വഴിയൊരുക്കി. അന്തർദ്ദേശിയ മത്സരങ്ങളിലെ സാന്നിദ്ധ്യം റെയിൽവേയിലെ ജോലിക്ക്‌ കാരണമായി. ഉൾക്കാഴ്ചയോടെയുള്ള നിശ്ചയദാർഢ്യത്തിന്റെ ചിഹ്നമായി ലഭിച്ച ഉദ്യോഗത്തിൽ ഏറെ സന്തോഷിച്ചു. ആഗ്രഹിച്ചത്‌ നേടിയെടുക്കാനായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന്‌ പങ്ക്‌ വഹിച്ച ദൃശ്യ-മാധ്യമ മീഡിയകൾക്ക്‌ ജയലക്ഷ്മി നന്ദി പറഞ്ഞു.

ഉദ്യോഗസ്ഥ ആയതോടെ കുടുംബവും ജീവിതവും കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചത്‌ കായിക രംഗത്തോട്‌ ചെറിയ അകൽച്ചക്ക്‌ കാരണമായി. പിന്നീട്‌, ഉദ്യോഗത്തിലെ ഉയർച്ചക്ക്‌ വേണ്ടി മാത്രം ട്രാക്കിലേക്കിറങ്ങുന്ന ജയലക്ഷ്മി വിവാഹം കഴിച്ചത്‌ സ്പോർട്ട്സ്‌ താരത്തെ തന്നെ.

കഠിന പ്രയത്നം നടത്തിയാണെങ്കിലും രാജ്യത്തിന്റെ യസസ്സ്‌ ഉയർത്തുന്നതിന്‌ അന്താരാഷ്ട്ര
വേദികളിൽ കടന്നു കൂടാനുള്ള ഭർത്താവിന്റെ ആഗ്രഹങ്ങൾ പലപ്പോഴും നിഷ്പ്രഭമായിത്തീർന്നു. കൂട്ടിയാൽ കൂടാത്ത തന്റെ കഴിവില്ലായ്മയെ പഴിക്കാതെ ജയലക്ഷ്മിയിലൂടെ അത്‌ നേടിയെടുക്കാമെന്ന്‌ അയാൾ കണക്കു കൂട്ടി.

അയാളുടെ കണക്ക്‌ കൂട്ടലുകൾ ജയലക്ഷ്മിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. മറിച്ച്‌ ദാമ്പത്യത്തിൽ അത്‌ ചെറിയ കല്ലുകടിയായി മുഴച്ചു നിന്നു.

റെയിൽവേയിൽ ജയലക്ഷ്മിക്ക്‌ ലഭിക്കാവുന്ന ഉയർന്ന മേഖലകൾ കൈപ്പിടിയിലൊതുക്കി കായികരംഗത്തെ കൈവെടിഞ്ഞു. ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിച്ചു നിലനിർത്താൻ കായികവേദി തടസ്സമാകുമെന്നും, കുടുംബസുഖത്തിന്റെ തൃപ്തിക്ക്‌ അതൊരു ബാദ്ധ്യതയാകുമെന്നും അവൾ ഭർത്താവിനോട്‌ വാദിച്ചു.

ജനിച്ച രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിയെടുക്കാൻ ഗവൺമന്റ്‌ ചെയ്യുന്ന സഹായങ്ങൾ സ്വന്തം ജീവിത സൗകര്യങ്ങൾക്ക്‌ മാത്രമായി ചുരുക്കി കാണുന്നത്‌ രാജ്യസ്നേഹമില്ലായമയാണ്‌. രാജ്യസ്നേഹം മുന്‍നിര്‍ത്തി തുടർന്നു വരുന്ന പ്രതിഭകൾക്ക്‌ ലഭിച്ചേക്കാവുന്ന നാടിന്റെ സഹായങ്ങൾ നഷ്ടപ്പെടുത്തുന്നതിന്‌ ഇത്തരം സംഭവങ്ങൾ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പുകൾ അവൾക്ക്‌ നൽകിയെങ്കിലും അതൊന്നും കേട്ടതായിപ്പോലും ജയലക്ഷ്മി നടിച്ചില്ല.

അവൾക്ക്‌ അവളുടെ ജീവിതമാണ്‌ വലുത്‌. അതിനു വേണ്ടി നടത്തുന്ന മത്സരം മാത്രം. അതിനിടയിൽ പല മാർഗ്ഗങ്ങളും സ്വീകരിച്ചേക്കാം. ലക്ഷ്യം നേടിക്കഴിയുമ്പോൾ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. അത്രമാത്രം. അതിലെ ന്യായാന്യായങ്ങൾ ചികയാൻ മുതിരാറില്ല.

അവളുമായുള്ള തർക്കങ്ങൾ കാലപ്പഴക്കത്തിൽ അലിഞ്ഞലിഞ്ഞ്‌ തകർന്നപ്പോൾ ഒരു കാലത്ത്‌ രാജ്യത്തിന്റെ അഭിമാനമെന്ന് പത്രങ്ങൾ വാഴ്ത്തിയ ജയലക്ഷ്മി തടിച്ച്‌ കൊഴുത്ത്‌ ഒരു ഡിപ്പാർട്ട്‌മന്റിനെ കൈപ്പിടിയിലൊതുക്കി സസുഖം വാഴുകയാണ്‌.

ഗാന്ധിപ്രതിമക്ക്‌ തൊട്ടരുകിലായി ജയലക്ഷ്മി കാറ് നിറുത്തി.

മുന്‍വശത്തെ മൈതാനം നിറയെ ജനങ്ങൾ. ഉണർന്നു വരുന്ന മോഹങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളും ഗ്രൗണ്ടിലെ ട്രാക്കുകളിൽ ഊഴവും കാത്ത്‌ ആകാംക്ഷ നിരത്തി കാത്തിരിക്കുന്നു.

ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മൽസരങ്ങളുടെ ആദ്യദിനം.

ഇരുപതോളം പേരടങ്ങുന്ന ഒരു ചെറു സംഘം ഗാന്ധിപ്രതിമക്ക്‌ ചുറ്റും പ്ലെക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്‌. പോയ വർഷങ്ങളിൽ കഴിവ്‌ തെളിയിച്ച്‌ പല മത്സരങ്ങളിലും പങ്കെടുത്ത്‌ ഇന്നിപ്പോൾ ജീവിക്കാൻ വഴിയില്ലാതെ, സർക്കാരുകൾ വേണ്ടത്ര ഗൗനിക്കാതെ, ജോലിയില്ലാത്തവർ. കായിക രംഗത്തെ പ്രതിഭകളെ നാടിന്‌ ഗുണകരമായ രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിൽ സർക്കാരുകൾ കാണിക്കേണ്ട ഉത്തരവാദിത്വത്തിലെ നിസ്സംഗത തുറന്നു കാണിക്കുന്നതിന്‌ വേണ്ടിയുള്ള പ്രതിഷേധം.

ഗാന്ധിപ്രതിമയോട് ചേർന്ന് നിന്ന് ജയലക്ഷ്മി പ്രതിഷേധസമരം ഉൽഘാടനം ചെയ്തു.

"നാളത്തെ വാഗ്ദാനങ്ങളാണ്‌ മുന്നിൽ കാണുന്ന ആ മൈതാനത്തിൽ അണിനിരന്നിരിക്കുന്നത്‌. അസ്തമിച്ച പ്രതീക്ഷകൾക്ക്‌ ഇനിയും ആശ്വാസം ലഭിക്കും എന്ന വിശ്വാസത്തോടെയല്ല ഇന്നിവിടെ ഈ മൈതാനത്തിനു മുന്നില്‍ നമ്മള്‍ പ്രധിഷേധം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇവരുടെ ഗതി, ഇന്ന് മൈതാനത്തിറങ്ങിയിരിക്കുന്ന കുട്ടികൾക്ക്‌ നാളെ വരാതിരിക്കാൻ ഗവൺമന്റിന്റെ ശ്രദ്ധ ഇവിടേക്ക്‌ തിരിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌. സർക്കാർ ജോലി നൽകി ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ഭാരതത്തിന്‌ നഷ്ടപ്പെടുന്നത്‌ നല്ല കായിക താരങ്ങളെയായിരിക്കുമെന്ന് ഓർക്കുന്നത്‌ നന്ന്. വർഷങ്ങളായി സ്കൂളുകളിലും കോളേജുകളിലും മറ്റ്‌ മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളിൽ ചിലരാണ്‌ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്‌. വേണ്ട പോലെ പഠിപ്പിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇവർ ഇന്നും നേരിയ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു എന്നത്‌ വാസ്തവം. സർക്കാരിന്റെ കനിവുണ്ടെങ്കിൽ ഈ യുവതിയുവാക്കൾക്ക്‌ ഇനിയും ജീവിതത്തിന്റെ വഴിയിലേക്ക്‌ നടന്നു കയറാനാകും."

മുകളിലൂടെ പറന്നു പോയ ഒരു കാക്ക തൂറിയത്‌ ജയലക്ഷ്മിയുടെ തലയിലൂടെ ഇഴുകി സാരിയിൽ പടർന്നു

1/12/11

പേടി

01-11-2011

"ഈയമ്മക്കെന്തിന്റെ കേടാ? പഠിക്കാനും സമ്മതിക്കില്ല....."ടീവിയിൽ നിന്ന് കണ്ണെടുത്ത്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ നിവർത്തിക്കൊണ്ട്‌ അനൂപ്‌ പിറുപിറുത്തു.

"സ്കൂളീന്ന് വന്നാ പുസ്തകം തുറന്നു നോക്കാത്ത നിനക്കിന്നെന്താ ഒരു പഠിപ്പ്‌? കരിന്തിരി കത്തുന്ന ആ വെളക്കെടുത്ത്‌ അകത്ത്‌ വെക്കാൻ പറഞ്ഞതിനാണൊ നിന്റെ ഈ ദേഷ്യം?" നാളെ കലത്ത്‌ കറി വെക്കാനുള്ള പയറ്‌ നന്നാക്കുന്നതിനിടയിൽ ടീവി സീരിയലിൽ നിന്ന് കണ്ണെടുക്കാതെ അമ്മ കോപിച്ചു.

വീട്ടിലിരുന്ന് മുഴുവൻ സമയവും പഠിക്കാത്തതിൽ അമ്മക്കുള്ള നീരസം വാക്കുകളിൽ വ്യക്തമാണ്‌. തന്നെ സംബന്ധിച്ച്‌ ടീ വി കാണൽ നിർബന്ധമുള്ള കാര്യമല്ല. പുറത്തെ ഇരുട്ടിലേക്ക്‌ കണ്ണോടിക്കുമ്പോൾ തോന്നുന്ന ഭയമാണ്‌ പ്രശ്നം. ഇരുട്ടിലേക്ക്‌ നോക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാലും അറിയാതെ നോക്കിപ്പോകുന്നു. 

മടിച്ച്‌ മടിച്ചെങ്കിലും ഉമ്മറത്ത്‌ നിന്ന് പതിയെ നിലവിളക്കെടുത്തു. പുകഞ്ഞുകൊണ്ടിരുന്ന തിരിയെടുത്ത്‌ പുറത്തേക്കെറിഞ്ഞു. അറിയാതെ ഇരുട്ടിലേക്ക്‌ നോക്കിപ്പോയി. ദേഹമാസകലം ഒരു കുളിര്‌, ഭയം.

പറമ്പിന്റെ തെക്ക്‌കിഴക്ക്‌ ഭാഗത്തായി ഇരുട്ടിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. പിൻതിരിയാതെ പുറകോട്ട്‌ നടന്ന് അകത്ത്‌ കയറി കതകടച്ചു. മുറിയിലെ വെളിച്ചത്തിൽ ഇരുട്ടിൽ നിന്ന് മോചനം കിട്ടി. എങ്കിലും മനസ്സിൽ കട്ടപിടിച്ച ഇരുട്ട്‌. ടീവിയിൽ നോക്കിയിരുന്നിട്ടും ശ്രദ്ധ മറ്റെങ്ങോ സഞ്ചരിച്ചു.

ഒരു കൊല്ലം മുൻപ്‌ പതിനൊന്നില് പഠിക്കുമ്പോഴാണ്‌ അപ്പൂപ്പൻ മരിക്കുന്നത്‌. തെക്കേപ്പുറത്തെ അതിരിനോട്‌ ചേർന്ന് വീടായതിനാൽ  കെഴക്കേപ്പുറത്ത്‌ തെക്കോട്ട്‌ നീക്കിയാണ്‌ ശവം ദഹിപ്പിക്കാൻ തീരുമാനിച്ചത്‌. 'സ്പുടം' ചെയ്യുകയായിരുന്നു.

തെക്കുവടക്കായി ആറടി നീളത്തിൽ ചെറിയൊരു തോട്‌ കീറി. പോള മാറ്റാത്ത വാഴപ്പിണ്ടി രണ്ടു വശത്തും നീളത്തിൽ വെച്ചു. അതിനു മുകളിൽ നാലഞ്ച്‌ കൈതത്തണ്ട്‌ കുറുകെ നിരത്തി. പിന്നെ, ഉണങ്ങിയ ചെറിയ വിറകും, ചാണവർളിയും, ചിരട്ടയും ചെറുതായി വിരിച്ച്‌ കിടക്ക പോലെ വരുത്തി രാമച്ചം വിരിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരം കിടത്തി. ചിരട്ട കൊണ്ടു തീർത്ത വലിയ മാലകൾ ദീർഘവൃത്താകൃതിയിൽ മൂന്ന് തട്ടുകളായി ചുറ്റും വെച്ചു. മൃതശരീരം മുഴുവനായി മൂടിയതിനു ശേഷം പഞ്ചസാരയും നെയ്യും രാമച്ചവും വിതറി മുകളിൽ ചാണവർളി നിരത്തി. പുറംഭാഗം കനം കുറച്ച്‌ വക്കോൽ നിരത്തി മുകളിൽ നനച്ച ചാക്കുകൊണ്ട്‌ മുഴുവനും മൂടി. പിന്നീട്‌ ചവുട്ടിക്കുഴച്ച കളിമണ്ണുകൊണ്ട്‌ പൂർണ്ണമായും തേച്ചുപിടിപ്പിച്ചു. ഇപ്പോൾ പുറത്തേക്ക്‌ ഒന്നും കാണാൻ കഴിയില്ല. ഏറ്റവും മുകളിലായി കളിമണ്ണും ചാക്കും തുരന്ന് മൂന്നിടത്ത്‌ വൃത്തത്തിൽ ദ്വാരമുണ്ടാക്കി.

അന്തരീക്ഷത്തിന്‌ പച്ചമാംസം കരിഞ്ഞ മണം. ആളുകളെല്ലാം ഒഴിഞ്ഞു. മൂന്ന് ദ്വാരങ്ങളിലൂടെ കട്ടപിടിച്ച പുക മുകളിലേക്ക്‌ ഉയരുന്നതൊഴിച്ചാൽ മറ്റ്‌ കാഴ്ചകളൊന്നും ഇല്ലായിരുന്നു. ചുറ്റും മതിൽ ഉണ്ടായിരുന്നെങ്കിൽ അയൽവക്കക്കാർക്കെങ്കിലും ഈ കാഴ്ചകളിൽ നിന്നും രക്ഷപ്പെടാമായിരുന്നു.

വർഷമൊന്ന് കഴിഞ്ഞിട്ടും എല്ലം ഇന്നലെ കണ്ടതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു. പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതിനാലാണൊ ഇത്രയും ഭയം? ടീവി കാഴ്ചകളിലെ നേരിൽ കാണാത്ത പ്രേതങ്ങളും പിശാചുക്കളും മനസ്സിനെ കഴിവ്‌ കെട്ടതാക്കുന്നതാണോ? ഭയവും, ഭയം മൂലം രൂപപ്പെടുന്ന മടിയും മറച്ചുവെക്കാൻ നുണ പറയാൻ ശീലിക്കുന്നുവൊ? ന്യായമായ സംശയങ്ങൾ.

അമ്മയുടെ ശകാരം കേട്ടാണ്‌ കാലത്തെഴുന്നേറ്റത്‌. അതൊരു ശീലമായി. അമ്മ ദേഷ്യപ്പെട്ടില്ലെങ്കിൽ എഴുന്നേൽക്കാൻ സമയമായില്ലെന്ന് തോന്നും.

അടുത്ത വീട്ടിലെ മണിക്കുട്ടന്റെ അമ്മൂമ്മ മരിച്ചിരിക്കുന്നു. അവിടെ പോകാനാണ്‌ അമ്മ വിളിച്ചെഴുന്നേൽപിക്കുന്നത്‌.

മരണവീട്ടിൽ പോകാനും മരിച്ചുകിടക്കുന്നവരെ കാണാനും എന്തോ ഒരിത്‌. കഴിവതും പോകാറില്ല. കുറെ നാളത്തേക്ക്‌ ആ രൂപം മനസ്സിലങ്ങനെ കിടക്കും. രാത്രിയിൽ ഭയപ്പെടുത്തും.

അയൽവക്കങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക്‌ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ തിരിച്ചിങ്ങോട്ടും പ്രതികരണം അതേപോലെ ആയിരിക്കുമെന്നാണ്‌ അമ്മക്ക്‌ പേടി. അച്ഛൻ സ്ഥലത്തില്ലാത്ത നിലക്ക്‌ അമ്മ പറയുന്നതും കാര്യമാണ്‌. താൻ തന്നെയാണ്‌ പോകേണ്ടത്‌.

മണിക്കുട്ടൻ നന്നായി കരയുന്നുണ്ട്‌. അമ്മൂമ്മക്ക്‌ അവനെ ജീവനായിരുന്നു, അവന്‌ അമ്മൂമ്മയേയും. തന്നെക്കാൾ പേടിത്തൊണ്ടനെങ്കിലും ആ ഭയമൊന്നും ഇപ്പോൾ അവനെ അലട്ടുന്നില്ല. നഷ്ടപ്പെട്ടതിന്റെ വേദനയാണ്‌ അവന്റെ മുഖത്ത്‌.

അഞ്ചു സെന്റ്‌ സ്ഥലം. ഒരു ചെറിയ പുര. തൊട്ടടുത്തായി ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു.

ഒരു വർഷത്തിനുശേഷം അവിടേയും  നിറയെ മാറ്റങ്ങൾ കടന്നുവന്നിരിക്കുന്നു. ചാണവർളിയും, വക്കോലും, ചാക്കും, കളിമണ്ണും ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു. സമയവും പണവും ലാഭിക്കാൻ പല മാറ്റങ്ങളും...

കനം കുറഞ്ഞ ഇരുമ്പ്‌ പട്ടികകളും കമ്പികളും വെൽഡ്‌ ചെയ്ത ആട്ടുതൊട്ടിൽ പോലെ ഒന്ന്. ആറടിയോളം നീളം വരുന്ന അതിന്റെ അടിഭാഗത്ത്‌ നാല്‌ ചെറിയ കാലുകൾ. കുറച്ച്‌ ഉണക്കവിറക്‌, കുറച്ച്‌ ചകിരിമടൽ, കുറച്ച്‌ ചിരട്ട. എല്ലാം ഒരു പെട്ടിവണ്ടിയിൽ നിന്ന് താഴെ ഇറക്കി.

പുരയുടെ തൊട്ടരുകിലായി കുറച്ച്‌ സ്ഥലം നിരപ്പാക്കി അവിടെ തൊട്ടിൽ എടുത്ത്‌ വെച്ചു. ശരിയാണ്‌, അതിനകത്ത്‌ കത്തിത്തീരുമ്പോൾ ചാരമെല്ലാം അഴികൾക്കിടയിലൂടെ താഴെ വീഴും. രണ്ടുപേർ ചേർന്ന് തൊട്ടിൽ തറയിൽ നന്നായി ഉറപ്പിക്കുകയാണ്‌.

ശരീരം പെരുത്ത്‌ വരുന്നത്‌ പോലെ തോന്നി. കൺമുന്നിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. കരയുന്ന മണിക്കുട്ടന്റെ ദയനീയഭാവം. ഭയം കൊണ്ടവൻ തന്നെ കെട്ടിപ്പിടിക്കുന്നതായി തോന്നി. ദേഹമാസകലം ഒരു വിറയൽ.

പെട്ടെന്നായിരുന്നു എല്ലാം. തൊട്ടിലിന്റെ ഒരു തല പിടിച്ചുയർത്തി അനൂപ്‌ താഴേക്ക്‌ മറച്ചിട്ടു. കൂടി നിന്നവരെല്ലാം ഓടി അകന്നതിനാൽ ആരുടേയും ദേഹത്ത്‌ തട്ടിയില്ല.


ഒരു കാരണവർ ഓടിവന്ന് അനൂപിനെപ്പിടിച്ച്‌ തല്ലി, താഴേക്ക് തള്ളിയിട്ടു. എല്ലാരും ഓടിക്കൂടി. അമ്മ അവനെ പിടിച്ചെഴുന്നേൽപിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു.

അവന്‍ കരഞ്ഞില്ല. അവന്‌ കണ്ണീര്‌ വന്നില്ല. കിതച്ചുകൊണ്ടിരുന്നു. ചിലർ ചേർന്ന് അനൂപിനെ അനുനയിപ്പിച്ച്‌ മാറ്റി നിർത്തി. ആർക്കും ഒന്നും പിടി കിട്ടിയില്ല.
പലരും അനൂപിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തൊട്ടിൽ സൂക്ഷിച്ചു നോക്കി അവന്‍‍ കിതച്ചുകൊണ്ടിരുന്നു.

പഞ്ചമിയിൽ മരിച്ചതിന്റെ അനർത്ഥം തുടങ്ങി എന്ന് ആൾക്കൂട്ടത്തിൽ പിറുപിറുപ്പ്‌.

തൊട്ടിൽ വീണ്ടും പഴയപടി വെച്ചു. അവന്റെ മുഖം ചുവന്നു. ശ്വാസഗതി വർദ്ധിച്ചു. ഭ്രാന്തമായ ആവേശത്തോടെ കുതിച്ചു ചെന്ന് തൊട്ടിലെടുത്തുയർത്തി വീണ്ടും മറിച്ചിട്ട്‌ അലറി. താഴെനിന്ന് കനം കൂടിയ വിറകു കൊള്ളിയെടുത്ത്‌ ശക്തിയോടെ ആഞ്ഞുവീശി. "കൊന്നുകളയും" എന്നലറി നടന്നു. പെട്ടെന്നാരും അടുക്കാൻ ധൈര്യപ്പെട്ടില്ല. കരഞ്ഞുകൊണ്ട്‌ ഓടിയടുത്ത അമ്മയെ കണ്ടപ്പോൾ വിറക്‌ താഴെയിട്ടു. അമ്മയെ കെട്ടിപ്പിടിച്ച്‌ തോളിൽ തല ചായ്ച്ച്‌ പൊട്ടിക്കരഞ്ഞു.

അനൂപിനേയും ചേർത്ത്‌ പിടിച്ച്‌ അമ്മ വീട്ടിലേക്ക്‌ നടന്നു. അവന്‍ പതിയെ തിരിഞ്ഞ്‌ നോക്കി അമ്മയോട്‌ കരഞ്ഞു പറഞ്ഞു. "അമ്മേ, മണിക്കുട്ടന്‌ പേട്യാവും...."