23/5/10

മീസാന്‍ കല്ലുകള്‍ കാത്തിരിക്കുന്നു

15-05-2010

വെളുത്ത തുണികൊണ്ട്‌ മൂടി ഇട്ടിരിക്കയാണ്‌ എന്‍റെ മയ്യത്ത്‌.

മയ്യത്ത്‌ കട്ടില്‍ കൊണ്ടുവരാന്‍ നാല്‌ പേര്‌ പള്ളിയിലേയ്ക്ക് പോയിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്ന് ആദ്യമായി ഹജ്ജിനുപോയ മൂസാ ഹാജിയാണ്‌ മയ്യത്ത്‌ കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കിയത്‌. നാല്‌ പതിറ്റാണ്ട് മുന്‍പ്‌ ഒരു കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കുക എന്നാല്‍ അതൊരു വലിയ സംഭവമാണ്‌. ഹാജിയാര്‍ക്ക്‌ അന്നതിനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളു. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അല്‍പം തലയെടുപ്പും ഹാജിയാര്‍ക്കുണ്ടായിരുന്നു.

ഏഴടിയോളം നീളം വരുന്ന മയ്യത്ത്‌ കട്ടില്‍ വരാന്തയ്ക്ക്‌ താഴെ ഉമ്മറത്ത്‌ കൊണ്ടുവെച്ചപ്പോള്‍ എന്‍റെ ബീവി കരച്ചിലിന്‍റെ ശബ്ദത്തിന്‌ വേഗത കൂട്ടി. അവള്‍ മാത്രമാണ്‌ ഉച്ചത്തില്‍ കരയുന്നത്‌. മറ്റുള്ളവര്‍ അവാര്‍ഡ്‌ സിനിമപോലെ ശബ്ദമുണ്ടാക്കാതെ മുഖത്ത്‌ ദയനീയഭാവം വരുത്തി മറ്റെന്തൊക്കെയൊ ചിന്തിച്ചിരിപ്പാണ്‌. മൂക്ക്‌ പിഴിയുന്നവരേയും കണ്ണ് തുടയ്ക്കുന്നവരേയും പലരും ശ്രദ്ധിക്കുന്നുണ്ട്‌. ഇതിനിടയിലും മരണവീട്ടിലെ നിശ്ശബ്ദദയെ കീറി മുറിക്കുന്നത്‌ അവളുടെ എണ്ണിപ്പെറുക്കിയുള്ള നിലവിളിയാണ്‌. ഇനിയൊരിക്കലും ഇത്രയും കരയേണ്ടിവരില്ലല്ലൊ എന്നതായിരിക്കാം ഉച്ചത്തില്‍ അലമുറയിടാന്‍ പ്രേരിപ്പിക്കുന്ന വികാരം. ഇതിനുമുന്‍പും ഞാനവളെ ഒരുപാട്‌ കരയിപ്പിക്കാറുണ്ടായിരുന്നു. അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത്‌ വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം.

ഇന്നലെ രാത്രി മുതല്‍ ഇതേ ഇരിപ്പാണ്‌ എല്ലാരും. പലരുടേയും മുഖത്ത്‌ ഉറക്കച്ചടവ്‌ ദൃശ്യമാണ്. ഇന്നലെ രാത്രി വന്നെത്തിനോക്കിപ്പോയ പലരും സുഖമായുറങ്ങി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്‌. ഇനിയീപണ്ടാരത്തെ എങ്ങിനെയും ഖബറിസ്ഥാനിലെത്തിക്കണമെന്നാണവരുടെ ചിന്ത. എന്നാലെ സ്വന്തം കര്യത്തിനായി തിരിയാന്‍ പറ്റു.

ഒരു മരണവീട്ടിലെ ഗന്ധം അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്നുണ്ട്‌. പലരും കൂട്ടമായ്‌ നിന്ന് സ്വകാര്യം പറച്ചില്‍ പോലെ സംസാരിക്കുന്നു‌. മരണവീടാവുമ്പോള്‍ അങ്ങനെയാണല്ലൊ വേണ്ടതും. ഉച്ചത്തില്‍ സംസാരിക്കുകയൊ ചിരിക്കുകയൊ ചെയ്യെരുതെന്നാണല്ലൊ അലിഖിത നിയമം. അത്‌ പാലിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്‌. സമയം ഇനിയും വൈകിക്കാതെ എന്നെ, മയ്യത്ത്‌ കട്ടിലിനകത്താക്കാനാണ്‌ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. പോകാന്‍ തിരക്കുള്ളവരാണ്‌ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്‌. ചത്തെങ്കിലും ഈ കാത്തുകിടപ്പ്‌ എനിയ്ക്കും അരോചകമാണ്‌.

എത്ര മണിക്കൂറുകളാണ്‌ അവള്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടിരിക്കുന്നത്‌. ഒരു മടുപ്പുപോലും തോന്നുന്നില്ല. ശല്യം ഒഴിവായി എന്നു കരുതി സമാധാനിക്കേണ്ടതിനു പകരം കരച്ചിലോടുകരച്ചില്‍. അവള്‍ക്കങ്ങനെ കരുതാന്‍ കഴിയുമായിരിക്കില്ലായിരിക്കാം. വര്‍ഷങ്ങളോളം ഒരുമിച്ച്‌ ജീവിച്ചതല്ലെ. രണ്ടു തരം സ്വഭാവമായിരുന്നെങ്കിലും രണ്ട് പിള്ളേരുണ്ടായല്ലൊ.

പണം സമ്പാദിക്കാനുള്ള ത്വര കൂടിയതിനാല്‍ മറ്റുള്ളവരുടെ സങ്കടവും പ്രയാസവും കാണാന്‍ എനിക്കായില്ല. പണം സമ്പാദിക്കണമെങ്കില്‍ മനസ്സില്‍ ദയ പാടില്ലെന്നാണ്‌ എന്‍റെ പോളിസി. അതുകൊണ്ടുതന്നെ വളരെയേറെ സമ്പാദിക്കാനും എനിക്കായി. ആരേയും സഹായിക്കാന്‍ തുനിയാഞ്ഞതാണ് അവളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഒരു കാരണം.

അയല്‍ വീട്ടിലെ മൊയ്തുക്കയുടെ ഏഴ് മക്കളില്‍ മൂത്തവളായ ആയിഷയുടെ നിക്കാഹ്‌ നടത്താന്‍ പണ്ട് അവളെന്നോട്‌ അയ്യായിരം രൂപ്‌ കൊടുത്ത്‌ സഹായിക്കന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കലി തുള്ളി. ഞാനവളെ അടിക്കുകയും ഇടിക്കുകയും ചെയ്തു. പണമില്ലാതെ ആ നിക്കാഹും മുടങ്ങി.

വീടുവീടാന്തിരം കയറി ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന ഒരു തമിഴന്‍റെ കൂടെ ആയിഷ പിന്നീട്‌ ഓടിപ്പോയി. ഒന്നരവര്‍ഷം കഴിഞ്ഞ്‌ ഒരു കൈക്കുഞ്ഞുമായി വീട്ടില്‍ തിരിച്ചെത്തി. കാണാന്‍ മൊഞ്ചത്തിയായ ആയിഷ പേറ് കഴിഞ്ഞപ്പൊ ഒന്ന് കൂടി പെരുത്തു. പ്രായധിക്യം കൊണ്ടു വളഞ്ഞുതുടങ്ങിയ മൊയ്തുക്ക അപ്പോഴും കുട്ടയും മുറവും കാവില്‍ തൂക്കി വില്‍പനയ്ക്കിറങ്ങുമായിരുന്നു. കൈ കാലുകള്‍ സാധാരണയില്‍ കവിഞ്ഞ നീളമുള്ള മൊയ്തുക്ക കറുത്തതാണെങ്കിലും പല്ലുകള്‍ നഷ്ടപ്പെട്ട്‌ മെലിഞ്ഞിരുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ ഗാന്ധിജിയെപോലിരിക്കും.

മൂക്ക്‌ പിഴിയുന്നവരുടെ കൂട്ടത്തില്‍ ആയിഷയെ കണ്ടപ്പോള്‍ അല്‍പം വേദന തോന്നി. അന്നൊന്ന് സഹായിച്ചിരുന്നെങ്കില്‍ ആയിഷയ്ക്കൊരു ജീവിതം ഉണ്ടായേനെ. ആയിഷ തന്തയില്ലാത്ത കൊച്ചിനെ നോക്കി ജീവിക്കേണ്ട ഗതികേടിനുത്തരവാദി ഞാനും കൂടിയാണ്‌.

ഒരീച്ച മൂക്കില്‍ വന്നിരുന്നു.ആരൊ കൈവീശി അതിനെ ഓടിച്ചു. വീണ്ടും അതേ സ്ഥാനത്തുതന്നെ ഈച്ച പിന്നേയും വന്നിരുന്നു. ഏറെ കോപം വരേണ്ടതാണ്‌. എന്തുകൊണ്ടൊ യാതൊരു വികാരവും തോന്നിയില്ല. ബീവി ഇടയ്ക്കിടെ ദയനീയമായി എന്‍റെ മുഖത്തേക്ക്‌ നോക്കുന്നുണ്ട്‌. പാവം...കരഞ്ഞുകരഞ്ഞ്‌ തളര്‍ന്നിരിക്കുന്നു.

കരഞ്ഞ്‌ തളര്‍ന്നിരിക്കുന്ന ഈ മുഖം ഇതിനുമുന്‍പ്‌ പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്‌. പക്ഷെ അപ്പോഴൊന്നും ഇനി തനിച്ചായി എന്ന ഭാവം ആ മുഖത്ത്‌ കാണാറില്ലായിരുന്നു. ഇപ്പോള്‍ ചന്ദ്രേട്ടന്റെ ഭാര്യ ലീലേച്ചിയാണ് അവളെ സമാധാനിപ്പിക്കുന്നത്.

ചന്ദ്രേട്ടന്‍ ക്യാന്‍സര്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ വിവരം ഒരിക്കല്‍ ബീവി പറഞ്ഞത് ഓര്‍ക്കുന്നു. വെറുതെ പറഞ്ഞതല്ല. അവര്‍ക്കും അല്‍പം സാമ്പത്തിക സഹായം വേണമത്രെ! ലീലേച്ചി കരഞ്ഞുകൊണ്ടോടിയെത്തിയത്‌ എന്‍റെ ബീവിയുടെ അരികില്‍. മനസ്സലിഞ്ഞ അവള്‍ പണം കൊടുക്കാമെന്നേറ്റു. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ ഡ്രൈവറായിരുന്നുങ്കിലും മൂന്ന് പെണ്‍മക്കളുടെ വിവാഹത്തോടെ ചന്ദ്രേട്ടന്‍ പാപ്പരായി. കിടപ്പാടം പണയത്തിലായി ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ പെന്‍ഷനും ആയി. ഇതിനിടയിലാണ്‌ ക്യാന്‍സര്‍ എത്തിപ്പെട്ടത്‌.

പണത്തെച്ചൊല്ലി ഞാനും ബീവിയും ശണ്ഠ കൂടി.

“കൊടുക്കുന്ന പണം തിരിച്ചുതരാന്‍ ചന്ദേട്ടനിനി എങ്ങിനെ കഴിയും-“

“ലീലേച്ചി അതെങ്ങിനേയും തന്ന് വീട്ടിക്കോളും” ബീവി വീറോടെ വാദിച്ചു.

“എങ്ങിനെ എന്നുകൂടി നീ തന്നെ പറയണം. മാത്രമല്ല ഈ പണം ബാങ്കില്‍ കിടന്നാല്‍ സുരക്ഷിതവുമാണ്‌, പലിശയും കിട്ടും”

“പലിശപ്പണം നമുക്ക്‌ ഹറാമല്ലെ?”

ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ വെളുത്ത കവിള്‍ത്തടം ചുവന്ന് തുടുത്തു.പലപ്പോഴും ഉത്തരം കിട്ടാതെ വരുമ്പോള്‍ ബീവിയുടെ കവിള്‍ത്തടമായിരുന്നു ആശ്വാസം. അവളുടെ വിട്ടുമാറാത്ത പല്ലുവേദനയുടെ കാരണവും എന്‍റെ പലപ്പോഴായുള്ള ഉത്തരം മുട്ടലായിരുന്നു.

“നിങ്ങളെ ഖബറിലേക്കെടുക്കുമ്പോള്‍ ഈ പണവും കെട്ടിപ്പിടിച്ച്‌ കിടക്കാം” കണ്ണീരൊഴുകിയ കവിള്‍ത്തടം തലയിണയിലമര്‍ത്തി തേങ്ങി.

ഒരു വെളുപ്പാങ്കാലത്ത്‌ ചന്ദ്രേട്ടന്‍ ചത്തു. വീട്ടിലെത്തിയ മൃതദേഹത്തില്‍കെട്ടിപ്പിടിച്ച് ലീലേച്ചിയും മക്കളും ഭ്രാന്തമായ ആവേശത്തോടെ അലറി വിളിച്ചു. എന്‍റെ ബീവി നിസ്സംഗയായി ജനാലിലൂടെ നോക്കി നിന്നു, നേരിയ കണ്ണീര്‍ ചാലുകളോടെ. അന്നല്‍പം സഹായിച്ചിരുന്നെങ്കില്‍ ചന്ദ്രേട്ടന് കുറച്ചു കാലം കൂടി ജീവിച്ചിരിക്കാമായിരുന്നു.

വളരെ ശ്രദ്ധയോടെ എന്നെ തൂക്കിയെടുത്ത്‌ മയ്യത്ത്‌ കട്ടിലില്‍ കിടത്തി. ഇപ്പോള്‍ പല താളത്തില്‍ കരച്ചില്‍ ഉയരുന്നു. ബീവി കരച്ചില്‍ മൂലം തളര്‍ന്നു വീണു.

ശവമഞ്ചം പതിയെ പള്ളിയിലേക്ക്‌ നീങ്ങി.

ഖബറ്‌ തയ്യാറായിരിക്കുന്നു.

പച്ച മാംസത്തിന്‍റെ ഗന്ധമുള്ള കമ്മ്യൂണിസ്റ്റ്‌ പച്ച കാട്‌ പിടിച്ച്‌ കറുത്തിരുണ്ട് നില്‍ക്കുന്നു. അതിനോട്‌ ചേര്‍ന്നാണ്‌ ആറടി നീളമുള്ള എന്‍റെ കുഴി. കുഴിയ്ക്കിരുവശവും കറുത്ത മണ്ണ് കോരി വെച്ചിക്കുന്നു. മീസാന്‍ കല്ല് ഊഴവും കാത്ത്‌ കിടക്കുന്നു.

ഇനി അധികം താമസമില്ല. കുഴിയിലേക്കിറക്കിയാല്‍ പിന്നെ എല്ലാം പെട്ടെന്നാകും. എല്ലാരും മണ്ണ് വാരി എന്‍റെ മേലെ ഇടും.

-പടച്ചോനെ- ഇതിനായിരുന്നോ ദേഹത്ത്‌ അഴുക്ക്‌ പറ്റിക്കാതെ ഇത്രയും കാലം പലരേയും ദ്രോഹിച്ച്‌ സമ്പാദിച്ചുകൂട്ടിയത്‌...! സമ്പാദിച്ച പണമത്രയും വെറുതെ ആയല്ലോ.

മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.


(ഞാന്‍ ബ്ലോഗ്‌ ആരംഭിച്ച് ആദ്യമായി [19-01-2009] പ്രസിദ്ധീകരിച്ച കഥ വീണ്ടും റീ പോസ്റ്റ്‌ ചെയ്യുന്നതാണ്.)

13/5/10

ഭ്രൂണം

03-05-2010
അമ്മയുടെ പേര് നിങ്ങള്‍ക്കറിയില്ലല്ലൊ...
സുമംഗലഭായി.
നല്ല പേര്‌ അല്ലെ? പേര്‌ പോലെ തന്നെ സുന്ദരിയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ നിറയെ കാമുകന്‍മാരായിരുന്നു. പക്ഷെ അമ്മയ്ക്കാരേയും ബോധിച്ചില്ല. എല്ലാം വെള്ളമൊലിപ്പിച്ച്‌ പിന്നാലെ നടന്നത്‌ മെച്ചം.

പഠിപ്പ്‌ അവസാനിക്കുന്നതിന്‌ മുന്‍പ്‌ അച്ഛന്‍ അമ്മയെ കെട്ടി. അച്ഛനും സുന്ദരനാണ്. ബിസ്സിനനുകാരന്. വിവാഹക്കമ്പോളത്തിലെ ഡിമാന്‍റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ ബിസ്സിനസ്സുകാരന്‍ എന്ന്‌ പറയുന്നത്. ഒരു തുക്കട തുണിക്കട നടത്തുന്ന ആള്‍ എങ്ങിനെയാണ്‌ ബിസ്സിനസ്സുകാരന്‍ ആകുന്നത്‌.? എന്തായാലും അച്ഛന്‍റെ ബിസ്സിനസ്സില്‍ അമ്മേടെ കുടുംബം കുടുങ്ങി എന്ന്‌ പറയുന്നതാവും ശരി. ദോഷം പറയരുതല്ലൊ, അമ്മേടെ വരവോടെ അച്ഛന്‌ വെച്ചടി വെച്ചടി കേറ്റമായിരുന്നു.

അമ്മ പക്ഷെ അന്നൊക്കെ നിരാശയിലായിരുന്നു. വര്‍ഷം ഒമ്പത്‌ കഴിഞ്ഞിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. വീട്ടുകാരെല്ലാവരും അമ്മയെ കുരുത്തം കെട്ടവള്‍ എന്ന്‌ പറഞ്ഞ്‌ നടന്നു. ഒരു കുഞ്ഞിക്കാല്‌ കാണാന്‍ കഴിയാതെ അച്ഛന്‍റെ അമ്മ പഴി പറഞ്ഞ്‌ ശണ്ഠ കൂട്ടി. അച്ഛനും അമ്മയും കൂടി അമ്പലങ്ങളായ അമ്പലങ്ങളൊക്കെ നിരങ്ങി ഉരുളി കമഴ്ത്തി. ഫലം കാണാതെ രണ്ട്‌ വര്‍ഷം മുന്‍പ്‌ അമ്പലം തെണ്ടല്‍ നിര്‍ത്തി. പകരം ഡോക്ടര്‍മാരെ തിരക്കിയിറങ്ങി. സര്‍വ്വ ടെസ്റ്റ്‌ നടത്തിയിട്ടും രണ്ട്‌ പേര്‍ക്കും ഒരു കുഴപ്പവും ഇല്ലത്രെ..! ഊണും ഉറക്കവും ഇല്ലാതെ എല്ലും തോലും ആയി അമ്മ. അച്ഛന്‌ അത്രക്ക്‌ പ്രയാസം ഉണ്ടെന്ന്‌ തോന്നിയില്ല.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ അമ്മ ഗര്‍ഭിണിയായി. അതിരില്ലാത്ത ആഹ്ളാദത്തോടെ അമ്മയും അഭിമാനത്തോടെ തലയുയര്‍ത്തി അച്ഛനും ശണ്ഠക്ക്‌ പകരം സ്നേഹം പൊതിഞ്ഞ്‌ അമ്മൂമ്മയും. ആകെക്കൂടി സന്തോഷമയം.

പ്രശ്നം ഇതൊന്നുമല്ല. എനിക്കപ്പോള്‍ നാല്‌ മാസം മാത്രമെ വളര്‍ച്ച എത്തിയിട്ടുള്ളു. ഞാനപ്പോഴും സുമംഗലഭായിയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവരുന്ന കൈയ്യും കാലും ഒതുക്കിവെച്ച്‌ അടങ്ങിക്കിടക്കുന്ന പകുതി വളര്‍ച്ച മാത്രമായിട്ടുള്ള മനുഷ്യക്കുഞ്ഞായിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടയില്‍ സുമംഗലഭായി പടിഞ്ഞാമ്പുറത്തെ ചാച്ചിറക്കിലിരുന്ന്‌ പെണ്‍സഭകളില്‍ വിളമ്പിയ കാര്യങ്ങളായതുകൊണ്ടാണ്‌ എനിക്കിതൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗര്‍ഭപാത്രം സുരക്ഷിതമായ ഒരിടമായി തോന്നുന്നു. എല്ലാം മറ്റുള്ളവര്‍ ചെയ്തോളും. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഊര്‍ജ്ജമെല്ലാം പൊക്കിള്‍കൊടിവഴി എനിക്ക്‌.; മൂത്രമൊഴിക്കണ്ട, കക്കൂസില്‍ പോകണ്ട, പല്ല്‌ തേക്കണ്ട, കുളിക്കണ്ട, തുണി മാറണ്ട. അങ്ങിനെ എല്ലാം കൊണ്ടും പരമസുഖം. വളഞ്ഞുകൂടി ഒരേ കിടപ്പാണെങ്കിലും ഒരു മടുപ്പും ഇല്ലായിരുന്നു. എന്നെ തട്ടാതേയും മുട്ടാതേയും കൊണ്ടുനടക്കാന്‍ എന്ത്‌ സന്തോഷമായിരുന്നു പാവം അമ്മയ്ക്ക്. അമ്മയെ പ്രയാസപ്പെടുത്താതെ ഞാനും അടങ്ങിക്കിടക്കുമായിരുന്നുട്ടോ.

എന്‍റെ ചലനങ്ങള്‍ കേള്‍ക്കാന്‍ അച്ഛന്‍ അമ്മയുടെ വയററില്‍ ചെവി ചേര്‍ക്കുമ്പോള്‍ ഞാനനങ്ങാതെ കിടക്കും. അല്ലെങ്കില്‍ തന്നെ എനിക്കപ്പോള്‍ വലിയ അനക്കമൊന്നും ആയിട്ടില്ല.

കൊച്ചുകുട്ടികള്‍ അമ്മയുടെ വയറ്റില്‍ തടവി സന്തോഷിപ്പിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ ദേഷ്യം വരും. അമ്മയെ ആരെങ്കിലും തൊടുന്നത്‌ എനിക്കിഷ്ടമല്ല. അമ്മ എന്‍റെ മാത്രമാണ്‌., അങ്ങിനെയിപ്പൊ ആരും തൊടണ്ട. ഈ വിവരം എങ്ങിനെ അറിയിക്കും? എല്ലാം ഉള്ളിലൊതുക്കി. പുറത്തെ വിവരങ്ങളൊക്കെ എനിക്കറിയാന്‍ കഴിയുന്നു എന്ന്‌ അമ്മക്കറിയില്ലല്ലൊ.

രണ്ട്‌ പേരും കൂടി ടീവി കാണുമ്പോഴാണ്‌ പൊതു വിവരങ്ങള്‍ ലഭിക്കുന്നത്. അമേരിക്കയും, റഷ്യയും, ഗള്‍ഫും, മന്‍മോഹന്‍സിങ്ങും, അച്ചുതാനന്ദനും ഒക്കെ എനിക്കറിയാം. അമ്മ തനിച്ച്‌ ടീവി കാണുമ്പോള്‍ കാമ്പില്ലാത്ത കുറേ സീരിയലും കാണാം. അമ്മ പത്രം വായിക്കാത്തതുകൊണ്ട്‌ അച്ഛന്‍ അമ്മയോട്‌ പറയുന്നത്‌ കേട്ട്‌ വേണം അങ്ങിനെയുള്ള വിവരങ്ങള്‍ അറിയാന്‍.

വളരേ നേരത്തെ മുതല്‍ ഞാന്‍ ആണൊ പെണ്ണൊ എന്നറിയാന്‍ അമ്മയ്ക്കാണ്‌ തിടുക്കം. സ്കാന്‍ ചെയ്താല്‍ അറിയാമെന്ന്‌ അമ്മ. ഏഴ്‌ മാസം ഗര്‍ഭിണിയായിരുന്ന വടക്കേലെ സറീനയെ സ്കാന്‍ ചെയ്ത്‌ പറഞ്ഞത്‌ പെണ്ണായിരുന്നെന്നും പ്രസവിച്ചപ്പോള്‍ ആണായി പോയതും പറഞ്ഞ്‌ അച്ഛന്‍ കളിയാക്കി. ഞാനിപ്പൊ ആണായാലും പെണ്ണായാലും അമ്മയ്ക്കെന്താ? ഇതാ ചിലപ്പോഴൊക്കെ എനിക്ക്‌ ദേഷ്യം വരുന്നത്‌.

പെണ്ണായാല്‍ മറ്റുള്ളവര്‍ എന്ത്‌ പറയും എന്നാണ്‌ അമ്മയുടെ ഏറ്റവും വലിയ ആധി. പിന്നെ പെണ്ണുങ്ങളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന ഓരോരൊ കഥകള്‍ , പ്രായമാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ സ്വര്‍ണ്ണം ഉണ്ടാക്കേണ്ടത്.......അങ്ങിനെ പോകുന്നു.

കുട്ടികളില്ലെങ്കില്‍ ഉണ്ടാവത്തതിന്‍റെ വിഷമങ്ങള്‍ . പഴി പറച്ചിലും, കുത്തുവാക്കുകളും, കളിയാക്കലും, അമ്പലവും, പള്ളിയും, ആശുപത്രിയും, ഡോക്ടറുമായി അങ്ങിനെ. അഥവാ ഉണ്ടായാലോ..ആഴ്ച ചെക്കപ്പ്‌, മാസചെക്കപ്പ്‌, സ്ക്കാന്‍, ടെസ്റ്റ്‌, കുഞ്ഞിന്‍റെ കുത്തിവെയ്പ്‌, പാല്‌, പോഷകാഹാരം, സ്ക്കൂള്‍, ഉന്നതപഠനം, കല്യാണം ഇങ്ങിനേയും. മനുഷ്യരുടെ ഓരോരു കാര്യങ്ങളേ. എ‍ങ്ങിനെ ചിരി വരാതിരിക്കും..?

അഞ്ച്‌ മാസം ആയപ്പോഴേക്കും എനിക്ക്‌ പുറത്ത്‌ വരണമെന്ന്‌ തോന്നിത്തുടങ്ങി. മറ്റു കുട്ടികളുടെ ചിരിയും കളിയും മൊബൈല്‍ തമാശകളും ഒക്കെ കാണുമ്പോള്‍ ഈ കിടപ്പ്‌ അത്ര സുഖമല്ലെന്ന തോന്നല്‍ വന്ന്‌ തുടങ്ങി. ഒതുങ്ങിക്കൂടിയുള്ള ഒളിച്ചിരിപ്പ്‌ ആദ്യമൊക്കെ രസമായിരുന്നു. പക്ഷെ പുറത്തെ കാഴ്ചകളാണ്‌ മധുരം. ഇനിയും എത്ര നാള്‍ ഇവിടെ ഒതുങ്ങിക്കൂടേണ്ടി വരുമെന്നറിയില്ല. പുതിയതോരോന്ന്‌ കാണുമ്പോഴും ഇപ്പൊ വേണം എന്ന തോന്നല്‍ ശക്തമായി തുടങ്ങി.

അമ്മയോടുള്ള സ്നേഹം കൊണ്ട്‌ ഇത്രനാളും അടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അത്യാവശ്യം അനങ്ങാനും മറിയാനും ശ്രമിക്കുന്നുണ്ട്. പണ്ടത്തെ കാലമൊന്നും അല്ലല്ലൊ. പണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള ഭ്രൂണങ്ങളെ വയറ്റിലിട്ട്‌ അലക്കലും തേക്കലും കുളിക്കലും എന്തിനേറെ വാര്‍ക്കപ്പണിവരെ ചെയ്യുന്ന അമ്മമാരായിരുന്നു. അന്ന്‌ പെറാന്‍ മാത്രമായിരുന്നു അമ്മമാര്‍ക്ക്‌ ഒഴിവ്‌ കിട്ടിയിരുന്നത്. ഇന്ന്‌ അണ്ഡത്തില്‍ ബീജം പ്രവേശിക്കുമ്പോള്‍ മുതല്‍ റെസ്റ്റാണ്. അപ്പോപ്പിന്നെ ഞങ്ങള്‍ അനങ്ങേം മറിയേം ചെയ്താല്‍ ഒരു തെറ്റുമില്ല.

ഒരീസം തെക്കേലെ ടോണിച്ചേട്ടന്‍ നെറ്റിലൂടെ എന്തോ വേണ്ടാത്തതൊക്കെ കാണുകയോ ചെയ്യുകയോ ചെയ്തെന്നും പറഞ്ഞ്‌ നെറയെ പോലീസ്‌ വന്നു. ടോണിച്ചേട്ടന്‍റെ അമ്മ കരയേം മൂക്ക്‌ പിഴിയേം എല്ലാം ചെയ്തീട്ടും പൊലീസ്‌ കുലുങ്ങിയില്ല. അവര്‌ ചേട്ടനേം കൊണ്ടുപോയി. ഈ വേണ്ടാത്തത്‌ എന്തെന്ന്‌ എനിക്കൊരു പിടിയും കിട്ടുന്നില്ല. എന്തായാലും രസമുള്ളതായിരിക്കും. അല്ലെങ്കില്‍ ഇത്ര കുഴപ്പം വരാവുന്ന കാര്യം കാണിക്കില്ലല്ലൊ. അതെങ്ങിനാ ഒന്ന്‌ അറിയാന്‍ പററ്വാ. കൊറേ പിള്ളേര്‌ നെറ്റില്‍ വേണ്ടാത്തതാണ്‌ കണുന്നതെന്ന്‌ അമ്മ പറഞ്ഞ്‌ ഞാനും കേട്ടിട്ടുണ്ട്. എന്തായാലും അതൊന്നറിഞ്ഞിട്ട്‌ തന്നെ കാര്യം. അതിനെങ്ങിനെയാ? എനിക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അമ്മേടെ വയറ്‌ ചവുട്ടിപ്പൊളിച്ച്‌ പുറത്ത്‌ ചാടും. ഇനീം മൂന്ന്‌ മാസം കഴിഞ്ഞ്‌ പുറത്ത്‌ കടക്കുമ്പോഴേക്കും ഈ വേണ്ടാത്തതൊക്കെ വേണ്ടതായാലോ....അപ്പൊ ഒരു രസോം ഇണ്ടാവില്ല. എനിക്കിപ്പൊത്തന്നെ കാണണം.

ഞങ്ങടെ നാട്ടിലെ വെല്യേ ആശുപത്രീല്‌ അമ്മേനെ കൊണ്ടോയി. ബ്ളെയിഡ്‌ കമ്പനീന്ന എല്ലാരും വിളിക്കണേ. കാല്‌ തല്ലിപ്പൊട്ടിയാലും മല-മൂത്ര-രക്ത ടെസ്റ്റുകള്‍ കൂടാതെ എക്സ്രെ-സ്ക്കാന്‍ അടക്കം മിനിമം അഞ്ച്‌ ടെസ്റ്റ്‌ നടത്താതെ മരുന്ന്‌ കുറിക്കാന്‍ പാടില്ലെന്നാണ്‌ അവിടത്തെ നിയമം. എല്ലാം ഒരു സ്ഥലത്ത്‌ നടത്താം എന്നതിനാല്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്ത എല്ലാരും ആ ആശുപത്രിയെ നല്ല ആശുപത്രീന്നു പറയും. ഞാന്‍ ആണൊ പെണ്ണൊ എന്നറിയാനാണ്‌ അമ്മയെ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട്‌ സ്കാന്‍ മാത്രം മതി.

ഒരു നേഴ്സ്‌ വന്ന്‌ അമ്മയെ ഇത്തിരിക്കോളം പോന്ന മേശപ്പുറത്ത്‌ കിടത്തി സാരി അടിവയറിനു താഴെ വരെ ഇറക്കിവെച്ചു. തണുപ്പ്‌ കൊണ്ട്‌ എനിക്ക്‌ വരെ കുളിര്‌ വന്നു. ഉടനെ ഞാനെന്‍റെ വര്‍ഗ്ഗം തെളിയിക്കുന്ന ഭാഗം പൊത്തിപ്പിടിച്ച്‌ ഡോക്ടറെ പറ്റിക്കാന്‍ നോക്കി. പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ എല്ലാം കഴിഞ്ഞു.

ഞാന്‍ ആണ്‍കുട്ടിയാണെന്ന്‌ ഡോക്ടറുടെ സര്‍ട്ടിഫിക്കററ്. അച്ഛന്‌ സന്തോഷം, അമ്മക്ക്‌ അതിലേറെ. എല്ലാം ശുഭം.

വീട്ടുപടിക്കല്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ പിള്ളേരൊക്കെ മുറ്റത്ത്‌ ക്രിക്കറ്റ്‌ കളിക്കുന്നു. വയറ്‌ പൊട്ടിച്ച്‌ ചാടണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. അമ്മയിപ്പോള്‍ എളിയില്‍ കൈകുത്തിയാണ്‌ നടപ്പ്. അതിനര്‍ത്ഥം ഏതാണ്ടൊക്കെ ആയിത്തുടങ്ങി എന്നാണ്. എന്നാലും ഇനിയും രണ്ട്‌ മാസം ബാക്കി കിടക്കയാണ്. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കാവില്ല. പെട്ടെന്ന്‌ പെട്ടെന്നാണ്‌ പുതിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോള്‍ എനിക്കും അത്തരം മാറ്റങ്ങള്‍ സ്വാഭാവികമല്ലെ? ഇതൊക്കെ ആരോട്‌ എങ്ങിനെയാ ഒന്ന്‌ ഞാന്‍ ചോദിയ്ക്കാ. പണ്ടത്തെ കൂട്ടുകുടുംബം ആയിരുന്നെങ്കില്‍ അപ്പൂപ്പന്‍റെയും അമ്മൂമ്മയുടേയും അമ്മാവന്‍റെയും വെല്ലിച്ഛന്റേം ഒക്കെ അഭിപ്രായം അറിയാമായിരുന്നു. ഒറ്റയ്ക്ക്‌ ഒരു തീരുമാനം എടുക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല. ഇപ്പൊ അതാണൊ സ്ഥിതി? എനിക്കിനി തീരെ കാത്തിരിക്കാന്‍ വയ്യ.

അച്ഛന്‍ ടീവി ഓണാക്കിയപ്പോള്‍ അമ്മയും അടുത്ത്‌ ചെന്നിരുന്നു. വാര്‍ത്തകള്‍ വായിക്കുകയാണ്‌ ഒരു സുന്ദരിക്കോത.
"എണ്‍പതില്‍ പരം രാജ്യങ്ങളിലെ ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞര്‍ ഫ്രാന്‍സ്‌-ന്യൂസിലാന്‍റ്‌ അതിര്‍ത്തിയിലെ കടലിനടിയില്‍ അന്‍പത്‌ മുതല്‍ നൂറ്റിഎഴുപത്തഞ്ച്‌ മീറ്റര്‍ വരെ താഴ്ചയില്‍ ഇരുപത്തിഏഴ്‌ കിലോമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന വായുശൂന്യമായ ഉപകരണത്തില്‍ കണികാപരീക്ഷണം തകൃതിയായി നടത്തുന്നു. പ്രപഞ്ചസൃഷ്ടിക്ക്‌ ശാസ്ത്രലോകം കണ്ടെത്തിയ കാരണമെന്ന്‌ കരുതുന്ന മഹാവിസ്പോടനം നടന്ന്‌ ഏതാനും മൈക്രോ സെക്കന്‍റുകള്‍ക്കുള്ളിലുള്ള പ്രപഞ്ചാവസ്ഥ സൃഷ്ടിച്ച്‌ കണികാരഹസ്യം കണ്ടുപിടിക്കുക എന്ന മഹാസംഭവം ആണ്‌ പരീക്ഷിക്കപ്പെടുന്നത്. പരീക്ഷണം പരാജയപ്പെട്ടാല്‍ ലോകം നശിക്കുമെന്ന്‌ വിമര്‍ശനം ഉയര്‍ന്ന്‌ കഴിഞ്ഞു. പരീക്ഷണം കൊണ്ട്‌ ഭൂമിയില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുമെന്നും ഭൂമിയുടെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കുമെന്നും പറയപ്പെടുന്നു."

അമ്മയ്ക്ക്‌ ഒന്നും മനസ്സിലായില്ല എഴുന്നേറ്റ്‌ പോയി കട്ടിലില്‍ കിടന്നു.
എനിക്കാകെ പരവേശം തുടങ്ങി. ഇനി ഞാനെന്ത്‌ ചെയ്യും? ഇവന്‍മാരുടെ ഒക്കെ പരീക്ഷണം കൊണ്ട്‌ ലോകം നശിച്ചാലോ? ഞാനീ വയറ്റിനകത്തെ വഴുവഴുപ്പില്‍ ഒടുങ്ങും. ഒരു ദിവസം പോലും ഒന്നും കാണാനാകാതെ നശിക്കും.

അമ്മയുടെ വേദനയും അച്ഛന്‍റെ വിഷമവും എല്ലാം എനിക്കന്യമായി. എന്‍റേതു മാത്രമായ ഒരു ലോകത്തേക്ക്‌ ചുരുങ്ങി. നഷ്ടപ്പെടലുകളെക്കുറിച്ച്‌ ചിന്തിക്കാനാകാതെ കൈകാലിട്ടട്ച്ച്‌ ബഹളം കൂട്ടി.

അമ്മയുടെ നിലവിളി കേട്ട്‌ അച്ഛന്‍ ഓടിവന്നു. സുമംഗലഭായി വേദന കൊണ്ട്‌ പുളുകയാണ്. അച്ഛന്‌ കാര്യം മനസ്സിലായില്ല. എന്‍റെ ശക്തമായ പിടച്ചിലാണ്‌ വേദനക്ക്‌ കാരണം. വയറു പൊത്തിപ്പിടിച്ച്‌ ഞെരിപിരികൊള്ളുന്നത്‌ കണ്ടു നില്‍ക്കാനാകാതെ അച്ഛന്‍ തളര്‍ന്നു. പ്രസവിക്കാന്‍ രണ്ട്‌ മാസവും കൂടി ബാക്കിയിരിക്കെ പെട്ടെന്നുണ്ടായ വേദന എല്ലാവരിലും ആശങ്കയുണര്‍ത്തി. ആരു ശ്രമിച്ചിട്ടും സമാധാനിപ്പിക്കാനാകാതെ പിടയുന്ന അമ്മയെ ഉടനെ ആശുപത്രിയിലെത്തിച്ചു.

ബോധരഹിതയായിരുന്ന സുമംഗലഭായിയുടെ അനങ്ങിക്കൊണ്ടിരുന്ന വയറ്‌ കണ്ട്‌ ആശുപത്രി അധികൃതരിലും ഭയം കടന്നുകൂടിയിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ഉടനെ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക്‌ കയറ്റി. എന്നിലും ഭയം കടന്നുകൂടി. ഓപ്പറേഷന്‍ നടക്കുമ്പോള്‍ കണക്ക്‌ തെറ്റി ബ്ളെയിഡ്‌ താഴ്ന്നാല്‍ ശരീരം മുറിയുമെന്ന ഭയം. എല്ലാ ശക്തിയും സംഭരിച്ച്‌ ഞാന്‍ പുറത്തേക്ക്‌ ചാടാന്‍ ശ്രമിച്ചു.

ഓപ്പറേഷന്‌ മുന്‍പ്‌ തന്നെ പ്രസവം നടന്നു.

കൈകാലിട്ടടിച്ച്‌ കരച്ചിലോടെ പുറത്തേക്കു വന്നത്‌ മാത്രമെ എനിക്കോര്‍മ്മയുള്ളു.


(മാസം തികയാതെ പ്രസവിക്കുമോള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം നശിച്ച്‌ പോകാനാണ്‌ ഏറെ സാദ്ധ്യത. ക്ഷമയില്ലാതെ വളര്‍ന്നു വരുന്ന ഒരു പുതു തലമുറ സഹനശക്തി നഷ്ടപ്പെടുത്തി കാണുന്നതെല്ലാം സ്വന്തമാക്കാന്‍ എന്തും ചെയ്യാവുന്ന വിധത്തില്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ (തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രാദേശികവാദത്തിനും പുതിയ അംഗങ്ങളെ ലഭിക്കുന്ന പോലെ) തെറ്റും ശരിയും തിരിച്ചറിയാനാകാതെ സുഖം തേടി നശിക്കുകയല്ലെ...? നശിപ്പിക്കുകയല്ലെ...? പഴയ തലമുറ കാണാതെപോകുന്നതും പുതിയ തലമുറ മനസ്സിലാക്കാനാകാതെ പിടയുന്നതും ഒരു കഥയിലൂടെ ലളിതമായി പറയുവാന്‍ ശ്രമിക്കുകയാണ്‌ ഞാനിവിടെ. ഇനി ഇത്‌ പൂര്‍ണ്ണമാക്കേണ്ടത്‌ വായിക്കുന്ന ഓരോരുത്തരും അഭിപ്രായം പറഞ്ഞാണ്.)

ചിത്രം ഗൂഗിളില്‍ നിന്ന്. 

28/4/10

രേഷ്മ എങ്ങോട്ടാണ്‌...... !

18-04-2010
(എന്റെ കഴിഞ്ഞ കഥ കവര്‍ന്നെടുക്കുന്ന നഗ്നത വായിച്ച ചില സുഹൃത്തുക്കളുടെ സ്നേഹത്തോടെയുള്ള ചില നിര്‍ദേശങ്ങളും ആഗ്രഹവും കണക്കിലെടുത്താണ്‌ ഞാനൊരു തുടര്‍ച്ച തയ്യാറാക്കാന്‍ മുതിര്‍ന്നത്‌. വായിച്ച്‌ അഭിപ്രായം പറയേണ്ടത്‌ നിങ്ങളാണ്‌)

കാര്‍പോര്‍ച്ചിലേക്ക്‌ കയറ്റിയിട്ട ആഡംബരക്കാറായ ഹമ്മറില്‍ നിന്ന്‌ രേഷ്മയാണ്‌ ആദ്യം ഇറങ്ങിയത്‌. മുട്ടോളം വരുന്ന ഫ്രോക്കിനു താഴെ വലതുകാല്‍ കാറിനു വെളിയിലേക്ക്‌ നീണ്ടു. രണ്ടിഞ്ച്‌ ഹൈഹീല്‍ ചെരിപ്പ്‌ തറയില്‍ പതിഞ്ഞപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ തിളങ്ങിയ വലത്‌ കാല്‍വിരലുകളൂന്നി അനായാസം ഇടതുകാലും പുറത്തേക്കിഴഞ്ഞു. ചോരച്ചുവപ്പ്‌ പടര്‍ന്ന വെളുത്ത കാലുകള്‍ക്ക്‌ മുകളില്‍ കറുത്ത ഫ്രോക്ക്‌ മനോഹരമാണ്‌.

ഒരു ചെറു ചിരിയോടെ ഷോണ്‍ ഡ്രൈവിങ്ങ്‌ സീറ്റില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ കയ്യിലിരുന്ന കാറിന്‍റെ റിമോട്ട്‌ അടങ്ങിയ കീ ചെയിന്‍ താഴെ വീണു. ആറടിയോളം ഉയരമുള്ള അയാളത് കുനിഞ്ഞെടുത്ത്‌ കാറിന്‍റെ മുന്‍വശത്തുകൂടി രേഷ്മയുടെ അരികിലെത്തി. ഇരു കൈകളും അവളുടെ തോളിലൂടെ കടത്തിയിട്ട്‌ ചേര്‍ത്ത്‌ നിര്‍ത്തി ചുംബിക്കുമ്പോള്‍ അനില വീടിന് വെളിയിലേക്ക്‌ വന്നു.

അരുതായ്ക കണ്ടെന്ന ആശ്ചര്യമൊ അമ്പരപ്പോ ദേഷ്യമൊ ഓടിയെത്താതെ നനഞ്ഞൊരു വികാരം അരിച്ചിറങ്ങിയപ്പോള്‍ മകള്‍ക്കൊ മകളുടെ ബോയ്ഫ്രണ്ടിനൊ അതുപോലും ഇല്ലായിരുന്നു.

'ഹലോ ആന്റി ...ഹൌ ആര്‍ യു.." കെട്ടിപ്പിടുത്തത്തില്‍ നിന്ന്‌ സാവധാനം മുക്തനായി ഷോണ്‍ അനിലയോട്‌ ചോദിച്ചു. അനിലയുടെ തോളിലൂടെ കയ്യിട്ട്‌ അയാള്‍ അകത്തേക്ക്‌ കയറുമ്പോള്‍ വെറുപ്പ്‌ തോന്നിയെങ്കിലും അനുസരിക്കാനെ അനിലക്ക് കഴിഞ്ഞുള്ളൂ. രേഷ്മ പുറകെ നടന്നു.
പേരിനല്പം സൌഹൃദ സംഭാഷണം.
ഷോണ്‍ യാത്ര പറഞ്ഞിറങ്ങി.

"മമ്മി..ആ മരുന്ന്‌ കഴിച്ചിട്ടും അബോര്‍ഷന്‍ ആയില്ലെന്ന്‌ തോന്നുന്നു. വേറൊരു ഡോക്ടറെ കണ്ട്‌ ഒന്ന്‌ ചെക്കപ്പ്‌ ചെയ്താലൊ എന്നെനിക്ക്‌ തോന്നുന്നു."

ഒന്ന്‌ മൂളുക മാത്രം ചെയ്ത അനില ഓര്‍ക്കുകയായിരുന്നു.
ഏഴ്‌ വര്‍ഷം മുന്‍പ്‌ പാശ്ചാത്യസംസ്ക്കാരത്തിന്‍റെ ചിറകിനുള്ളിലൊളിക്കാന്‍ ചാടിയിറങ്ങിയപ്പോള്‍ പുതു സംസ്ക്കാരവുമായി ഒത്തുചേരാനാകുമെന്ന വിശ്വാസം തെറ്റായിരുന്നെന്ന്‌ ബോദ്ധ്യപ്പെടുന്നത്‌ ഇപ്പോഴാണ്. മനസ്സിന്‍റെ സ്ഥായിയായ ഭാവങ്ങള്‍ എത്ര ഒളിച്ചുകളിക്കിടയിലും പുറത്ത്‌ ചാടും. മനസ്സിനെ തൃപ്തിപ്പെടുത്താനാകുന്നില്ലെങ്കില്‍ അത്തരം പുതുമകളെ പുല്‍കുന്നത്‌ സ്വയം ആത്മഹത്യയെ വരിക്കലാണ്‌.

കളങ്കത്തിന്‍റെ നേരിയ കറ പോലും കയറാതെ നിര്‍മ്മലമായിരുന്ന രേഷ്മയെ വേരോടെ പിഴുതെടുത്ത്‌ അന്യസംസ്ക്കാരത്തിന്‍റെ ആഴങ്ങളില്‍ നട്ട്‌ പിടിപ്പിക്കുമ്പോള്‍ അവള്‍ വാവിട്ട്‌ കരഞ്ഞിരുന്നത്‌ ഇന്നും ഓര്‍ക്കുന്നു. പിന്നീട്‌ എത്ര പെട്ടെന്നാണ്‌ അവളീ സംസ്ക്കാരവുമായി ഇണങ്ങിയത്. ജനിച്ച നാടിന്‍റെ ആഴങ്ങളില്‍ നിന്ന്‌ മാറി മാറ്റങ്ങള്‍ക്ക്‌ വിധേയമായി പക്വമാകാത്ത മനസ്സില്‍ പക്വമായ പാശ്ചാത്യ സംസ്ക്കാരം വേരുറച്ചു കഴിഞ്ഞു, അടര്‍ത്തി മാറ്റാനാകാത്ത വിധം. തനിക്ക്‌ പക്ഷെ, നാടിന്‍റെ നന്‍മ വേരുറച്ച മനസ്സിനെ താല്‍ക്കാലികമായി ഒന്നകറ്റാന്‍ കഴിഞ്ഞപ്പോഴും മറ്റൊരു സംസ്ക്കാരത്തിന്‌ കീഴ്പെടാതെ മനസ്സ്‌ കലുഷിതമാകുന്നു. ഇവിടെ എത്തിപ്പെട്ട ആദ്യനാളുകളില്‍ മനസ്സിനല്‍പം ആശ്വാസം കിട്ടിയിരുന്നെങ്കിലും അതെല്ലാം നൈമീഷികമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ സ്വന്തം മകളെ നശിപ്പിച്ചെന്ന കുറ്റബോധം വല്ലാതെ പിന്തുടരുന്നു. അരുതാത്തത്‌ സംഭവിച്ചപ്പോള്‍ കടിഞ്ഞാണിടാന്‍ കഴിയാതിരുന്ന വികാരത്തിനു മുകളില്‍ സ്വയം തീരുമാനം എടുക്കുമ്പോള്‍ വരാനിരിക്കുന്ന തലമുറ വഴിതെറ്റി സഞ്ചരിക്കുന്ന ലോകത്തേക്കാണ്‌ യാത്രയാവുന്നത്‌ എന്ന്‌ നിനച്ചില്ല. നേരുകളെ നേരേ കാണേണ്ടിവരുമ്പോള്‍ പോയ കാലങ്ങളിലെ തീരുമാനങ്ങളില്‍ പച്ഛാത്തപിച്ചാലും പുതുതലമുറയെ തിരിച്ച്‌ കൊണ്ടുവരാന്‍ കഴിയാതെ അവര്‍ വികൃതപ്പെട്ട്‌ ഒരു സ്പോടനത്തിന്‍റെ വക്കിലെത്തിയിരിക്കും എന്നത്‌ സത്യം.

എല്ലാം തന്‍റെ തോന്നലണെന്ന്‌ കരുതാന്‍ ശ്രമിച്ചു. വെറുതെ ഒരു പാഴ്ശ്രമം. നേരുകളും സംഭവങ്ങളും എങ്ങിനെ തോന്നലാകും..വര്‍ത്തമാനകാലത്തിലെ നേര്‍ക്കാഴ്ചകള്‍ കണ്ടില്ലെന്ന്‌ നടിക്കുമ്പോള്‍ വരാനിരിക്കുന്ന കാലം ഭീകരരൂപം പ്രാപിക്കുമെന്ന്‌ തീര്‍ച്ചയാണ്‌. അവളെ അവളുടെ വഴിക്ക്‌ വിട്ടാല്‍ തനിക്കെന്നും സമാധാനമില്ലായ്ക മാത്രമായിരിക്കും സംഭവിക്കുന്നത്. അവളെ മറിച്ചൊരു ചിന്തയിലേക്ക്‌ പ്രേരിപ്പിക്കുക എന്നത്‌ അസംഭാവ്യവും. ആകെക്കൂടി നിലയില്ലാക്കയത്തില്‍ അകപ്പെട്ടതു പോലെ അനില പെരുകി. കൂട്ടിയോജിപ്പിക്കാനാകാതെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്ന ചിന്തകളെ അടുക്കിയെടുക്കാനൊ അടുപ്പിക്കാനൊ കഴിയാതെ വീര്‍പ്പ്‌ മുട്ടിയപ്പോള്‍ തല പെരുത്തു.

"വാട്ട്‌ ആര്‍ യു തിങ്കിങ്ങ്‌ മമ്മി? ഇന്നലെ ജെയിംസ്‌ എന്നെ കാണാന്‍ വന്നിരുന്നു. അവനാകെ ചൂടിലാണ്‌. ഞാനവനെ വിട്ട്‌ ഷോണിനോട്‌ കൂടിയത്‌ അവനിഷ്ടമായില്ലെന്ന്. ജയിംസിനെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ റിവെഞ്ച്‌ ചെയ്യുമെന്ന്. ഫൂൾ.... അതിന്‌ അവനെന്തവകാശം എന്നില്‍?"

ഷോണിനു മുന്‍പ്‌ രേഷ്മയുടെ ബോയ്ഫ്രണ്ടായിരുന്നു മലയാളിയായ ജയിംസ്. അതിനുമുന്‍പ്‌ സ്റ്റെറ്റ്സണ്‍, സ്റ്റാഷ്‌, മിഖാസി അങ്ങിനേയും ചിലര്‍...

"നീ വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കല്ലെ? അവനില്‍ വെറുപ്പ്‌ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്ക്.അവനൊരു മലയാളിയാണെന്നത്‌ മറക്കരുത്"

മകളെ വഴി തിരിച്ച്‌ വിടാന്‍ ആവത്‌ ശ്രമിക്കുമ്പോഴും എങ്ങുമെത്താതെ പടര്‍ന്നു പെരുകുന്ന അസ്വസ്ഥതകള്‍ മനസ്സിനെ വ്യാകുലപ്പെടുത്താന്‍ മാത്രം കാരണമാകുന്നു. നാട്ടിലേക്ക്‌ തിരിച്ച്‌ പോകാം എന്ന തീരുമാനത്തിലേക്കാണ്‌ മനസ്സ്‌ പായുന്നത്. ഒരിക്കല്‍ സാഹചര്യങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ നാടിനെ ഉപേക്ഷിച്ചതെങ്കിലും, അകാരണമായ തെറ്റിദ്ധാരണ കൊണ്ടുനടക്കാന്‍ കഴിയാത്ത ഒരു പെറ്റമ്മയുടെ വാത്സല്യത്തോടെ തന്നെ സ്വീകരിക്കാന്‍ സ്വന്തം നാടിന്‌ മടിയുണ്ടാവില്ല. വിശ്വാസം അള്ളിപ്പിടിക്കുമ്പോള്‍ തിരിച്ച്‌ പോകുക എന്നതിലേക്കു തന്നെയാണ്‌ അവസാനം എത്തിച്ചേരുന്നത്. അവളെ പറഞ്ഞ്‌ സമ്മതിപ്പിക്കാന്‍ കഴിയുമൊ എന്ന കാര്യത്തില്‍ സംശയമാണ്. വെറും ലൈഗീകത മാത്രമാണ്‌ ജീവിതം എന്ന്‌ വിശ്വസിച്ച്‌ മനസ്സിന്‍റെ ത്രസിപ്പിക്കുന്ന ഭാവങ്ങളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച്‌ ചിത്രം മെനയുന്ന കൌമാരത്തിന്‍റെ കളിവിളയാട്ടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന അവളെ എങ്ങിനെ തിരുത്തും..!

എല്ലാം വിധിയെന്നു കരുതി സമാധാനിക്കാന്‍ കഴിയുന്നില്ല. ഒരഭിശപ്ത മുഹൂര്‍ത്തത്തില്‍ ജീവിതത്തിന്‍റെ താളം തെറ്റിച്ച്‌ തിരിച്ചറിയാത്ത ഒരു മേഖലയെ കെട്ടിപ്പുണരേണ്ടി വന്നതിന്‍റെ വിവരക്കേടിനെ തിരുത്താനാകാതെ കുഴയുമ്പോള്‍ സംഭവിച്ച ദുരന്തത്തെ ശപിക്കാനല്ലാതെ മറ്റൊന്നിനും ആകുന്നില്ല.

ജോലി കഴിഞ്ഞെത്തിയ വൈശാഖിന്‍റെ മുഖത്ത്‌ തൃപ്തിയുടെ ഭാവം കണ്ടെത്താന്‍ പ്രയാസമാണ്. എന്തൊക്കെയോ നഷ്ടപ്പെടുത്തുന്നു എന്ന നിഴല്‍ വ്യക്തമാണ്‌.

"പപ്പ ഇന്നെന്താ നേരത്തേ?"

"ഒരു സുഖം തോന്നിയില്ല. ഞാനിങ്ങ്‌ പോന്നു"

"പപ്പാ..ആ ജയിംസ്‌ വെറുതെ പ്രശ്നമുണ്ടാക്കുന്നു."

"ഞാനൊന്നു ഫ്രഷാകട്ടെ..എന്നിട്ട്‌ പോരെ..?"

"എന്‍റെ കാര്യങ്ങള്‍ പറഞ്ഞാല്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ല. എല്ലാര്‍ക്കും തിരക്ക്. മമ്മിയാണെങ്കില്‍ എപ്പോഴും ആലോചന തന്നെ. പണ്ടെന്നൊ ഹോട്ടലില്‍ വെച്ച്‌ അറിയാതെ ഒരു വീഡിയോ ചിത്രം എടുത്തെന്നുവെച്ച്‌... അതിത്ര വലിയ പ്രശ്നമാണോ. ഇപ്പോഴും അതാലോചിച്ച്‌ ഒരുമാതിരി...സൊ ബാഡ്.... ഇത്രയായിട്ടും പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ മമ്മിക്കാകുന്നില്ലല്ലോ..?"

വേദന കിനിഞ്ഞുവരുന്ന രംഗങ്ങളില്‍ നിന്ന്‌ അകലാനായി വൈശാഖ്‌ അകത്തേക്കു പോയി.

പഴയ സംഭവങ്ങളേക്കാള്‍ മകളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളായിരുന്നു അനിലയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നത്. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒന്നും ഇപ്പോള്‍ പ്രയാസമൊ സങ്കടമൊ ആകാറില്ല. സ്വന്തം കുടുംബം ചിന്നിച്ചിതറുന്നു എന്ന നീറ്റല്‍ താങ്ങാനാവുന്നില്ല. ചെറിയ സംഭവങ്ങള്‍ക്കു പോലും ലോകം കീഴടക്കിലിന്‍റെ മാനം കൈവരിക്കുന്ന രേഷ്മയുടെ ചിന്തകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം വര്‍ദ്ധിക്കുന്നു. ജീവിതത്തെ സുഖലോലുപതയില്‍ മാത്രം തളച്ചിടുന്ന യുവതലമുറയുടെ തരംതാഴലിനെ ഉള്‍ക്കൊള്ളാനാകാതെ അനില ഉരുകി.

അപ്രതീക്ഷിതമായ ജയിംസിന്‍റെ വരവ്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. കാണാനിഷ്ടമില്ലാത്ത വസ്തു കണുന്നത്‌ പോലെ രേഷ്മ മുഖം കോട്ടി. വലിയ ഗൌരവമില്ലാത്ത വിഷയം എന്ന അനിലയുടെ ചിന്ത ജയിംസിനെ സ്വീകരിച്ചിരുത്തി. അതൃപ്തി നിറഞ്ഞനിന്ന ജയിംസിനെ നാട്ടുവിശേഷങ്ങള്‍ നിരത്തി അനില സൌഹൃദ സംഭാഷണം കൊണ്ട്‌ വാചാലനാക്കിയപ്പോഴും രേഷ്മയില്‍ എന്തോ തിരയുകയായിരുന്നു അവൻ. സംഭാഷണത്തില്‍ രേഷ്മ കൂടി സഹകരിച്ചതോടെ വിഷയം ഷോണില്‍ എത്തി.

സംസാരത്തിനിടയില്‍ പകയും വിദ്വേഷവും നിറഞ്ഞ്‌ വന്നു. രണ്ട്‌ പേരേയും നിയന്ത്രിക്കാനാകാതെ അനില വിഷമിച്ചപ്പോള്‍ വൈശാഖ്‌ പുറത്തേക്ക്‌ വന്നു. അല്‍പം ഗൌരവത്തോടെ ജയിംസിനെ താക്കീത്‌ ചെയ്തു. പ്രതികാരവും നിരാശയും കത്തിപ്പടര്‍ന്ന ജയിംസിന്‍റെ മുഖം ചുവന്ന്‌ തുടുത്തു.

ക്ഷണനേരം കൊണ്ട്‌ ജയിംസ്‌ പാന്റിന്‍റെ പോക്കറ്റില്‍ നിന്ന്‌ റിവോള്‍വറെടുത്ത്‌ രേഷ്മയെ വെടിവെച്ചു.
ഒന്നല്ല.
പല തവണ...

തറയില്‍ വീണ്‌ പിടയുന്ന രേഷ്മയെ താങ്ങിയെടുക്കാന്‍ അനില വെപ്രാളപ്പെടുമ്പോള്‍ ജയിംസ്‌ തിരിഞ്ഞ്‌ നടന്നു.

31/3/10

ചുവന്ന കണ്ണുകള്‍

23-03-2010

വേലിക്കുറുപ്പല്ല ശരിക്കും വേലുക്കുറുപ്പാണ്‌.
ഉണ്ണിക്ക്‌ പക്ഷെ വേലിക്കുറുപ്പാണ്‌. ഉണ്ണിക്ക്‌ മാത്രമല്ല ആ ഗ്രാമത്തില്‍ എല്ലാരും വേലിക്കുറുപ്പ്‌ എന്നു തന്നെയാണ്‌ വിളിച്ചിരുന്നത്‌. കുറുപ്പ്‌ എന്നു പറയുമ്പോള്‍ സംശയിക്കേണ്ട. ഇത്‌ അമ്പട്ടന്‍ വിഭാഗത്തില്‍പ്പെട്ട കുറുപ്പാണ്‌.

വേലിക്കുറുപ്പാണ്‌ അന്ന്‌ മുടി വെട്ടുന്നതില്‍ വിദഗ്ദന്‍. ഉണ്ണി രണ്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‌ വേലിക്കുറുപ്പ്‌ ആദ്യമായി അവന്റെ മുടിവെട്ടിയത്‌.

ഒരു പ്രത്യേക തരം മനുഷ്യന്‍. കറുത്തിട്ടാണ്‌. അതും ഒരു മയമില്ലാത്ത കറുപ്പ്‌. എണ്ണ തൊടാതെ മൊരി പിടിച്ച കൈകാലുകള്‍. നടക്കുമ്പോള്‍ ഒരു കാല്‍മുട്ടിനു മുകളില്‍ മറ്റേ കാല്‍മുട്ട്‌ പിണഞ്ഞ്‌ വരും. രണ്ട്‌ മുട്ട്‌ കാലുകളും അല്‍പം അകത്തേക്ക്‌ തള്ളിയാണ്‌. കയ്യുടെ കക്ഷത്തില്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ കത്രികയും ചീര്‍പ്പും. ഉയര്‍ന്നും വളഞ്ഞും ഇരിക്കുന്ന കൈവിരലുകള്‍. കാലിന്റെ വിരലുകള്‍ രണ്ട്‌ ഭാഗത്തേക്കും ചരിഞ്ഞ്‌ വളര്‍ന്നിരിക്കുന്നു. ഷര്‍ട്ടിടില്ല. വെളുത്ത ഒറ്റമുണ്ടാണ്‌ വേഷം. അടിയില്‍ മറ്റൊന്നും ഉപയോഗിക്കില്ല.

അന്നാഗ്രാമത്തില്‍ കുറുപ്പിനെ കൂടാതെ മുടി വെട്ടാനുണ്ടായിരുന്നത്‌ പത്രോസ്സാപ്ളയാണ്‌ (പത്രോസ്‌ മാപ്പിള). ആളല്‍പം ലൂസാണ്‌. ചെറുപ്പമാണ്‌. മുടിവെട്ടിയാല്‍ മുഴുവന്‍ കത്തിരപ്പഴുതും. അതുകൊണ്ട്‌ വേലിക്കുറുപ്പ്‌ തന്നെയാണ്‌ അന്നത്തെ താരം. കടകളില്‍ ബോര്‍ഡ്‌ വെച്ച്‌ മുടി വെട്ടില്ലായിരുന്നു അന്ന്‌. ഓരോ വീട്ടിലും കയറി ഇറങ്ങിയാണ്‌ മുടി വെട്ടിയിരുന്നത്‌. മുറ്റത്ത്‌ ഒരു സ്റ്റൂളില്‍ കണ്ണാടിയും പിടിച്ച്‌ മുതിര്‍ന്നവര്‍ മുടി വെട്ടാനിരിക്കുമ്പോള്‍ ഉണ്ണിയെപ്പോലുള്ളവര്‍ താഴെ മുട്ടിപ്പലകയിലിരുന്നാണ്‌ തല നീട്ടി കൊടുത്തിരുന്നത്‌.

താഴെ ഇരിക്കുമ്പോള്‍ കുറുപ്പിന്‌ ഒരു സൌകര്യമുണ്ട്‌. മുട്ട്‌ കാലുകള്‍ അല്‍പം ഉള്ളിലേക്ക്‌ തള്ളിയിരിക്കുന്നതിനാല്‍ കുട്ടികളുടെ തല കാല്‍മുട്ടുകള്‍ക്കിടയിലാക്കി ഇറുക്കി പിടിക്കും. കുട്ടികളാവുമ്പോള്‍ തല ഇളക്കാതിരിക്കാനാണ്‌ അങ്ങിനെ ചെയ്യുന്നത്‌. ഉണ്ണി ഒരു നാള്‍ ഒരു പണി പറ്റിച്ചു. മുടി വെട്ടാനിരിക്കുന്നതിടയില്‍ കുറുപ്പ്‌ ഒന്ന്‌ നടു നിവര്‍ത്തിയപ്പോള്‍ ഉണ്ണി തല ചരിച്ച്‌ മുകളിലേക്ക്‌ നോക്കി. നല്ല രസം. കുറുപ്പ്‌ അതറിഞ്ഞില്ല. കുറേ നാളായി അത്തരം ഒരാഗ്രഹം മനസ്സില്‍ തത്തിക്കളിക്കയായിരുന്നു. ഇതൊന്നും അറിയാതെ വീണ്ടും മുടി വെട്ട്‌ തുടര്‍ന്നു. കുനിഞ്ഞിരിക്കുന്ന ഉണ്ണി മുറ്റത്തെ മണ്ണ്‌ വാരിയും ചെറിയ കല്ലുകളെടുത്തിട്ടും അനുസരണയോടെ ഇരുന്നു കൊടുത്തു. കത്രികക്ക്‌ മൂര്‍ച്ചയില്ലാതെ പലപ്പോഴും മുടി പിടിച്ച്‌ വലിക്കുന്നതു പോലെ അനുഭവപ്പെട്ടു. അപ്പോഴൊക്കെ 'അ' എന്നൊരു ശബ്ദം ഉണ്ണി പുറപ്പെടുവിക്കും. മുടിവെട്ട്‌ തീര്‍ന്നപ്പോള്‍ താഴെ നിന്ന്‌ പൊറുക്കിയ ഒരു കുഞ്ഞിക്കല്ല്‌ ഉണ്ണിയുടെ കയ്യില്‍ ഉണ്ടായിരുന്നു.

"ഇനി എന്‍റ്റോ" എന്ന്‌ പറഞ്ഞ്‌ കുറുപ്പ്‌ നിവര്‍ന്ന്‌ നിന്നു.
കുനിഞ്ഞിരുന്ന ഉണ്ണി മടക്കിക്കുത്തിയ കുറുപ്പിന്റെ മുണ്ടിനടിയിലൂടെ താഴെനിന്ന്‌ മുകളിലേക്ക്‌ കല്ല്‌ തെറിപ്പിച്ചു. കല്ല്‌ തെറിപ്പിച്ചതും ശരം വിട്ടതുപോലുള്ള ഉണ്ണിയുടെ പാച്ചിലും ഒന്നിച്ചായിരുന്നു. കുറുപ്പ്‌ കൈകൊണ്ടൊന്നുഴിഞ്ഞ്‌, ഉണ്ണിയെ പിടിക്കാന്‍ നോക്കിയെങ്കിലും അവന്റെ പൊടി പോലും കാണാനായില്ല.

വൈകുന്നേരം അഞ്ചു മണിയായാല്‍ കുറുപ്പ്‌ കള്ള്‌ ഷാപ്പിലേക്ക്‌. രണ്ട്‌ കുപ്പി അകത്താക്കും. കുറുപ്പ്‌ ചെല്ലുന്ന എല്ലാ സമയത്തും പത്രോസ്സാപ്ള അവിടെ ഉണ്ടാകും. പത്രോസിന്‌ കുറുപ്പിന്റെ വക രണ്ട്‌ ഗ്ളാസ്സ്‌ എപ്പോഴും ഫ്രീ ആണ്‌. അത്‌ കഴിഞ്ഞ്‌ ആടിയാടി "കായലരികത്ത്‌...."എന്ന പാട്ട്‌ കുറുപ്പിന്റെ ഈണത്തില്‍ ഉറക്കെ പാടി റോഡിലൂടെ നടന്നു നീങ്ങും. കുറുപ്പിന്റെ പാട്ട്‌ കേള്‍ക്കാന്‍ പലരും റോഡുവക്കിലേക്ക്‌ ശ്രദ്ധിക്കാറുണ്ട്‌. യാതൊരു ശല്യവുമില്ലാത്ത കുറുപ്പിനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

നാലാംതരം കഴിഞ്ഞതോടെ മകന്‍ പുരുഷന്‍ ഒരു നിഴലായി കുറുപ്പിന്റെ കൂടെ കൂടി. അവന്‍റെ അമ്മയെ ആരും കണ്ടിട്ടില്ല. അതാരും അന്വേഷിച്ചിട്ടില്ലതാനും. പുരുഷന്‍ പക്ഷെ വെളുത്തിട്ടാണ്‌. നല്ല മുഖം. വള്ളിട്രൌസറുമിട്ട്‌ അച്ഛന്റൊപ്പം നടന്നു നടന്ന്‌ മുടിവെട്ട്‌ പഠിച്ചു. കുറുപ്പിനത്‌ കുറെ സഹായമായി.
എവിടെ പോണേലും കുറുപ്പിന്‌ പുരുഷന്‍ വേണം, പുരുഷന്‌ കുറുപ്പും......

അവന്‍ കുറുപ്പിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ഒഴിവു സമയം ധാരാളമായി. കള്ളുകുടിയുടെ ദൈര്‍ഘ്യം കൂടി. ഇടക്കൊക്കെ പുരുഷനും ലഭിച്ചിരുന്നു കള്ള്‌. അവന്‍ പിന്നീട്‌ ഒരു പലചരക്കുകടയുടെ ചെരുവില്‍ ഒരു കസേരയും കണ്ണാടിയും സ്ഥാപിച്ച്‌ മുടിവെട്ടിന്‌ ഒരാസ്ഥാനം ഉണ്ടാക്കി. വീടുകളില്‍ പോയി വെട്ടുന്നത്‌ കുറക്കുകയൊ അല്ലെങ്കില്‍ ആ ജോലി കുറുപ്പ്‌ ഏറ്റെടുക്കുകയൊ ചെയ്തു. വരുമാനം വര്‍ദ്ധിച്ചു.

സ്ഥലങ്ങള്‍ മാറിക്കൊണ്ടേ ഇരുന്നു. കറങ്ങുന്ന കസേര, മേശ, മുന്നിലും പിന്നിലും കണ്ണാടി ഒക്കെ വന്നപ്പോല്‍ ഹെയര്‍ കട്ടിങ്ങ്‌ സലൂണ്‍ ആയി. കുറിപ്പിനേക്കാള്‍ വേഗത്തില്‍ മുടി വെട്ടുന്നതിനാല്‍ പുരുഷന്‌ മതിപ്പ്‌ കൂടി. കുറുപ്പ്‌ വൈകുന്നേരം അല്‍പം അകത്താക്കി മകന്റെ കടയില്‍ വന്നിരിക്കും. അപ്പോള്‍ പാട്ട്‌ പാടാറില്ല. അതൊരിക്കല്‍ മകന്‍ തന്നെ വിലക്കിയതാണ്‌.

അല്ലെങ്കിലും ഈയിടെയായി അച്ഛനോടുള്ള മമത അല്‍പം കുറഞ്ഞിട്ടുണ്ട്‌. ബീഡി പോലും വലിക്കാത്ത അച്ഛന്റെ കള്ളുകുടി ഇഷ്ടമല്ലാതായിത്തുടങ്ങി. പാന്റും ഇസ്തിരിയിട്ട ഷര്‍ട്ടുമായ്‌ നടന്നു. കുറുപ്പിന്റെ തുറന്നു കിടക്കുന്ന ശരീരം കണ്ട്‌ അവജ്ഞ തോന്നിത്തുടങ്ങി. വല്ലാത്തൊരു വെറുപ്പ്‌.

പയ്ക്കറ്റ്‌ കണക്കിന്‌ പനാമ സിഗരറ്റും വിസ്ക്കിയുമാണ്‌ പുരുഷന്‌ താല്‍പര്യം. കള്ളിനോട്‌ പുച്ഛം. വളരുന്തോറും കുറുപ്പിനോടുള്ള അകല്‍ച്ച വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കുറുപ്പ്‌ നടക്കാന്‍ പാടില്ല, ആടാന്‍ പാടില്ല, നിക്കാന്‍ പാടില്ല, പാടാന്‍ പാടില്ല. എന്നുവേണ്ട പുറത്തിറങ്ങാന്‍ പാടില്ല എന്നു വരെയായി.

ഉണ്ണിയുടെ അച്ഛന്‍ എപ്പോഴും പറയും... "നിയാ പുരുഷനെ കണ്ട്‌ പഠിക്ക്‌. ഇത്ര ചെറുപ്പത്തിലേ അവനെത്രയാ സമ്പാദിക്കുന്നത്‌? അവനെന്തു പഠിച്ചിട്ടാ...? നീയോ... ഒരു ഡിഗ്രീം കൈയ്യീപ്പിടിച്ച്‌ ജോലിക്ക്‌ തെണ്ടി നടക്കുന്നു. എന്നിട്ടെന്തായി..? ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്ക്‌."

ഈ ഒരു പുരുഷന്‍ കാരണം ഞങ്ങള്‍ക്ക്‌ കണ്ണും ചെവിയും പൊത്തേണ്ടി വന്നിരിക്കുന്നു. ഇവനെ ഇങ്ങിനെ വിട്ടാല്‍ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റില്ല. അവനെ പുരുഷ കുറുപ്പെന്ന്‌ ആരും വിളിക്കുന്നുമില്ല. ഒരമ്പട്ടനാണെന്ന്‌ അവന്‍ പോലും മറന്നിരിക്കുന്നു. അവന്റെ കടയില്‍ ഇപ്പോള്‍ അഞ്ചുപേരാണ്‌ ജോലിക്കാര്‍.

പുരുഷന്‍ അവിടം കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

യാത്ര തുടര്‍ന്നു....ഇത്തവണ ടൌണില്‍ തന്നെ ഒരു മുറി ഒപ്പിച്ചെടുത്തു. നല്ല സ്ഥലസൌകര്യമുള്ള ഒരു മുറി. അപാരമായ ഗ്ളാസ്സൊക്കെ പതിപ്പിച്ച്‌ പുതുപുത്തന്‍ ഡിസൈനോടു കൂടിയ ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തി ഒരടിപൊളി ഫാഷന്‍ ഹോമാക്കി മാറ്റി.

സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അക്ഷരങ്ങളില്‍ 'ഐശ്വര്യ ബ്യൂട്ടിപാര്‍ലര്‍ കം മസാജ്‌ സെന്റര്‍' എന്ന്‌ തിളങ്ങി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍. കസ്റ്റമേഴ്സിന്‌ സ്വര്‍ഗ്ഗത്തിലെത്തുന്ന പ്രതീതി. നിറയെ ജോലിക്കാര്‍. വൃ‍ത്തിയായ ഡ്രസ്സുകളും സുഗന്ധപൂരിതമായ അന്തരീക്ഷവും. ഒരിക്കല്‍ കയറിയവന്‍ വീണ്ടും വീണ്ടും കയറിച്ചെല്ലാന്‍ ആഗ്രഹിക്കുന്നു. പുരുഷന്‌ തീരെ സമയമില്ല. തിരക്കോട്‌ തിരക്ക്‌. ആവശ്യക്കാരുടെ തള്ളിച്ച ആവേശമായി. ജോലിക്കാരുടെ എണ്ണം കൂട്ടിയും തൊട്ടടുത്ത സ്ഥലം കൈക്കലാക്കിയും പ്രസ്ഥാനം വികസിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.

വീട്ടില്‍ പോക്ക്‌ വല്ലപ്പോഴുമൊക്കെയായി. ഇത്രയൊക്കെയായിട്ടും കുറുപ്പ്‌ മുടിവെട്ട്‌ നിറുത്തിയിരുന്നില്ല. പക്ഷ്‌ ഇപ്പോള്‍ വെട്ടുന്നത്‌ പ്രായമായി നടക്കാന്‍ വയ്യാത്തവരുടെ മുടി ആണെന്നുമാത്രം. മകന്‍ ഇത്രയും ഉയരത്തിലെത്തിയിട്ടും കുറുപ്പ്‌ മുടിവെട്ടുന്നതിനെ നാട്ടുകാര്‍ പരിഹസിച്ചിരുന്നു. പണ്ടത്തെ മധുരമില്ലെങ്കിലും കുറുപ്പിന്‌ കള്ള്‌ കുടിക്കാന്‍ മറ്റൊരു വഴിയും ഇല്ലായിരുന്നു. മകന്‍ എപ്പോഴെങ്കിലും വന്നെങ്കിലായി. എന്തെങ്കിലും കൊടുത്തെങ്കിലായി. പുരുഷനെ കാണാതെ പലപ്പോഴും കുറുപ്പ്‌ ഐശ്വര്യയില്‍ പോകാറുണ്ട്‌. ഷര്‍ട്ട്‌ ഇടാത്തതിനാല്‍ അകത്ത്‌ കയറാന്‍ ശ്രമിക്കാറില്ല. ദൂരെ നിന്ന്‌ മകനെ കണ്ട്‌ സംതൃപ്തിയോടെ മടങ്ങും. നേരിട്ട്‌ കണ്ടാല്‍ അവന്‍ വഴക്ക്‌ പറയുമെന്നറിയാം. ചിലപ്പോള്‍ രണ്ടടിയും തന്ന്‌ ചവുട്ടി പുറത്താക്കുമെന്നും നിശ്ചയമുണ്ടായിരുന്നു.

കുറുപ്പ്‌ ഇന്ന്‌ ഷര്‍ട്ടിടാന്‍ ഒരു കാരണമുണ്ട്‌. ഐശ്വര്യയില്‍ കയറാനും മകനെ കാണാനും കുറുപ്പ്‌ തീരുമാനിച്ചു. സെക്യൂരിറ്റിക്കാരെ ധിക്കരിച്ച്‌ അകത്ത്‌ കയറാന്‍ കഴിയാതെ വന്ന സമയത്താണ്‌ പുരുഷന്റെ വരവ്‌. ചുവന്ന കണ്ണുകള്‍ കോപം കൊണ്ട്‌ വിറച്ചു.

"എന്നെ നാറ്റിച്ചേ അടങ്ങു ഈ കിഴവന്‍. ഇവിടെ വരരുതെന്ന്‌ ഞാനെത്രവട്ടം പറഞ്ഞു. ഇന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ വരുന്നുണ്ട്‌. അപ്പൊ കാണിച്ചു തരാം" എന്നു പറഞ്ഞ്‌ കുറുപ്പിനെ തള്ളി താഴെ ഇട്ടു
..........

ഐശ്വര്യയുടെ മുന്നില്‍ ജനക്കൂട്ടം. പതിവില്ലാതെ ബ്യൂട്ടി പാര്‍ലര്‍ പോലീസ്‌ വളഞ്ഞിരിക്കുന്നു. ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം ഓരോ ചലങ്ങളും നിരീക്ഷിക്കുന്നു. കൈയ്യാമം വെച്ച്‌ പുരുഷനെ പുറത്തേക്ക്‌ കൊണ്ടുവന്നു. ഐശ്വര്യയില്‍ നിന്നും പുറത്തു വന്ന സ്ത്രീകളേയും പുരുഷന്‍മാരേയും വരിവരിയായി ജീപ്പുകളിലേക്ക്‌ കയറ്റി. ഐശ്വര്യയുടെ വാതില്‍ പോലീസുകാര്‍ പൂട്ടി സീല്‍ ചെയ്തു. വേലിക്കുറുപ്പിന്റെ കൊലയാളിയെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാര്‍ക്ക്‌ ബോണസായി ലഭിച്ചതായിരുന്നു അനാശാസ്യത്തിന്റെ ഇരകളെ.

പുരുഷന്റെ കണ്ണുകള്‍ അപ്പോഴും ചുവന്നു തന്നെ ഇരുന്നു....

11/3/10

വിയര്‍ക്കുന്ന ജന്‍മങ്ങള്‍......!

11-03-2010
നട്ടുച്ച.
തലനാരിഴ പോലും കരിഞ്ഞു പോകാന്‍ ശക്തിയുള്ള ചൂട്‌.
പറഞ്ഞറിഞ്ഞതില്‍ നിന്ന്‌ ഏറെ വ്യത്യാസമുണ്ട്‌ അനുഭവിച്ചറിയുമ്പോള്‍.
എത്ര വെള്ളം കുടിച്ചിട്ടും ദാഹത്തിന് ശമനമില്ല.
കുറെ നേരമായി
പൊടിക്കാറ്റിലിങ്ങിനെ നിലയുറപ്പിച്ചിട്ട്‌ . ചൂടിനെക്കുറിച്ചും തണുപ്പിനെക്കുറിച്ചും പലരും പറഞ്ഞിരുന്നെങ്കിലും ഇത്രയും ക്രൂരമായിരിക്കുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയില്ല. നാട്ടില്‍ വെച്ച്‌ കണ്ണെത്താ ദൂരത്ത്‌ കാണാനായിരുന്ന മരിചിക ഇവിടെ തൊട്ടുമുന്നില്‍ നൃത്തം ചെയ്യുന്നു. നീണ്ടു കിടക്കുന്ന മണലാരണ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഈന്തപ്പനകളും കെട്ടിടങ്ങളും.

വെള്ളിയാഴ്ച ആയതിനാല്‍ ഫാക്ടറികളില്‍ നിന്നുള്ള രൂക്ഷ ഗന്ധത്തിന്‌ അയവുണ്ട്‌. അരമണിക്കൂറിലേറെയായി മനു വെയിലിനോട്‌ മല്ലിട്ട്‌ ഈ നില്‍പ്‌ തുടരുന്നു. ഇതിനിടയില്‍ പല വാഹനങ്ങളും കടന്നു പോയി. ഒന്നുപോലും നിറുത്തിയില്ലെന്നു മാത്രം.
കൂട്ടുകാര്‍ എന്നും തന്റെ ദൌര്‍ബല്യമായിരുന്നു.
അതുകൊണ്ടുതന്നെ ഞാനവനെക്കാണാന്‍ പോകുന്നു.
മരുഭൂമിയേയും ഇവിടത്തെ മനുഷ്യരേയും കൂടുതലറിയാന്‍ ഒരുപക്ഷെ ഈ സന്ദര്‍ശനം ഉപകരിച്ചേക്കാം. ഈ ഭാഗത്ത്‌ ടാക്സികളും മറ്റും കുറവായതിനാലാകണം ഇന്നേ ദിവസം യാത്രക്കാരെ കാണാനാകാത്തത്‌.

ഇവിടം പുതുമുഖമായ തനിക്ക്‌ യാത്രകളിലെ വിരസതയും അലസതയും കാത്തുനില്‍പും പുത്തനാണല്ലൊ. എല്ലാം അറിയാനുള്ള ആകാംക്ഷ മുന്നിട്ട്‌ നില്‍ക്കുമ്പോള്‍ കാത്തുനില്‍പ്‌ വിരസമാകുന്നില്ല.
ചൂടേറ്റിട്ടും വിയര്‍ക്കുന്നില്ലെന്നത്‌ ആശ്വാസം.
പഴയൊരു വെളുത്ത കാര്‍ ബ്രേക്കിട്ടു.
മനുവിന്റെ മനസ്സില്‍ പുതിയ ആശങ്കകള്‍ വിരിഞ്ഞു. കൂട്ടുകാരുടെ ഉപദേശം മനസ്സില്‍ തെളിഞ്ഞു. ഒരാള്‍ മാത്രമുള്ള കാറില്‍ കയറരുത്‌. പേഴ്സും പൈസയും പുറത്ത്‌ കാണിക്കരുത്‌. ഒറ്റക്ക്‌ ആര്‌ ക്ഷണിച്ചാലും എങ്ങോട്ടും പോകരുത്‌-ഉപദേശങ്ങളുടെ പട്ടിക ഇനിയും നീണ്ടതാണ്‌.

അതേക്കാള്‍ മനുവിനെ അപ്പോള്‍ അലട്ടിയിരുന്നത്‌ ഇയാളുമായി എങ്ങിനെ ആശയവിനിമയം നടത്തും എന്നതായിരുന്നു. അറബി ഭാഷ കേട്ടു തുടങ്ങുന്നതേ ഉള്ളു. ഇംഗ്ളീഷും ഹിന്ദിയുമാണെങ്കില്‍ അയാള്‍ക്കറിയണമെന്നില്ലല്ലൊ. ഡ്രൈവര്‍ ഒരു മലയാളി ആയിരിക്കണമേ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാറിനകത്തേക്ക്‌ നോക്കി.
'മലയാളി ആണോ? എവിടേക്കാ..?' താടി തടവിക്കൊണ്ട്‌ ഡ്രൈവര്‍.
സന്തോഷവും സമാധാനവും ഒരുമിച്ച്‌ ലഭിച്ചു മനുവിന്‌.
'അസിസിയ..'
'ഞാന്‍ വിട്ടു തരാം.' ഡോര്‍ തുറന്ന്‌ മുന്നില്‍ കയറി. ചെറുചിരിയോടെ അയാള്‍ മനുവിനെ എതിരേറ്റു . വൃത്തിയായി ചെത്തി മിനുക്കിയ കുറ്റിത്താടിയുള്ള ഡ്രൈവറെ നല്ല പരിചയം തോന്നി. ചിലപ്പോള്‍ അങ്ങിനെയാണ്‌, ചില മുഖങ്ങള്‍ക്ക്‌ പരിചയത്തിന്റെ ആവരണം....

മിനിറ്റുകള്‍ക്ക്‌ ശേഷമാണ്‌ ചൂടിന്റെ വലയത്തില്‍ നിന്നും മുക്തി തേടി കാറിനകത്തെ ശീതളിമയില്‍ ഒത്തുചേരാനായത്‌.

'അസിസിയായില്‍ എവിടെയാണ്‌ പോകേണ്ടത്‌..'
'കൃത്യമായ സ്ഥലം എനിക്കറിയില്ല. കൂട്ടുകാരന്‍ അവിടെകാത്തുനില്‍ക്കാംഎന്നാണ്‌പറഞ്ഞിരിക്കുന്നത്.'
'സൌദിയില്‍ വന്നിട്ട്‌ എത്ര നാളായി..?'
'രണ്ട്‌ മാസം ആകുന്നതേ ഉള്ളു.'
'അപ്പോള്‍ കൂട്ടുകാരന്‍ ഇങ്ങോട്ട്‌ വരുന്നതല്ലായിരുന്നൊ നല്ലത്‌..'
'വെറുതെ അവനെ എന്തിന്‌ ബുദ്ധിമുട്ടിക്കണം എന്ന്‌ കരുതി. ഞാനാണെങ്കില്‍ പുതിയ ആള്‍ എന്ന നിലക്ക്‌ കാര്യമായ പരിപാടികളൊന്നും ഇല്ലല്ലൊ. ചേട്ടന്‍റെ നാട്‌ എവിടെയാ?'
'കണ്ണര്. മണിയറ എന്ന്‌ പറയും. കേട്ടിട്ടുണ്ടൊ'
'മണിയറ കേട്ടിട്ടില്ല. ഞാന്‍ തൃശ്ശൂര്‍. നെല്ലായി എന്ന സ്ഥലത്ത്‌. പേര്‌ മനു. ബീകോം കഴിഞ്ഞ്‌ കംബ്യൂട്ടറും പഠിച്ച്‌ അങ്ങിനെ ഇരിക്കുമ്പോഴാണ് വിസ തരപ്പെട്ടത്‌. ഒന്നര ലക്ഷം കൊടുത്തെങ്കിലും നല്ല കമ്പനിയാണെന്ന്‌ പറഞ്ഞു. ഇപ്പോള്‍ ലേബറാണ്‌. ക്രമേണ മാറിക്കിട്ടും എന്നാണ്‌ പറഞ്ഞത്‌. പന്തീരായിരം രൂപ മാസം കിട്ടും. ഇപ്പോള്‍ പണി അല്‍പം കഠിനമാണെങ്കിലും പിന്നീട്‌ ശരിയാവും എന്ന്‌ ഏജെന്റ്റ് പറഞ്ഞിരുന്നു. '

' പ്രതീക്ഷകളാണ് മനു മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌. ഈ മണല്‍ ഭൂമിയെക്കുറിച്ച്‌ ഏറെ അറിയാന്‍ കിടക്കുന്നതേ ഉള്ളു. ഞാനിവിടെ പതിനേഴു വര്‍ഷമായി. പലപല ജോലി ചെയ്തു. രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തായ് ലാന്റ് ലോട്ടറിയെക്കുറിച്ചറിയാമൊ..? നമ്മുടെ നാട്ടിലെ സിക്കിം ബൂട്ടാന്‍ ലോട്ടറി പോലെ മാസത്തില്‍ രണ്ടു തവണ ഇവിടേയും ഒളിവില്‍ നടത്തുന്ന ചൂതാട്ടം. ഇതിന്റെ ഏജന്‍റുമാര് കോടിക്കണക്കിനാണ്‌ പണമുണ്ടാക്കുന്നത്‌. ഇതിന്‍റെയെല്ലാം ഇരകള്‍ പ്രതീക്ഷകള്‍ നശിച്ചു തുടങ്ങുന്ന ഒട്ടനേകം സ്വപ്നാടകര്‍. സ്വപ്നങ്ങള്‍ തകരുന്നത്‌ ഉള്‍ക്കൊള്ളാനാകാതെ നിലയില്ലാക്കയത്തില്‍ അകപ്പെട്ടവര്‍. പ്രതീക്ഷകള്‍ വെറും പ്രതീക്ഷ മാത്രമായി അസ്തമിക്കുമ്പോള്‍ നിരവധി രോഗങ്ങള്‍ കൂട്ടിനായി കൂട്ടിക്കൊണ്ടു പോകുന്നവര്‍.'

എല്ലം കേട്ടിരുന്ന മനുവില്‍ നിന്ന്‌ ഒരു നിശ്വാസമുയര്‍ന്നു. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവ കേട്ടതുപോലെ. തന്റെ വിശ്വാസങ്ങള്‍ക്കപ്പുറത്ത്‌ ക്രൂരമായ ഒരു മുഖം കൂടി ഇവിടെ കുടിയിരിക്കുന്നു. മനുവിന്റെ ചിന്തകളില്‍ ഒരിക്കലും എത്തിപ്പെടാത്തവ.
കട്ടാല്‍ കട്ടവന്റെ കൈ വെട്ടുന്ന നാട്‌. കൊന്നാല്‍ കൊന്നവന്റെ തല വെട്ടുന്ന നാട്‌.

മനസ്സില്‍ സംശയങ്ങള്‍ പെരുകി.
'അപ്പോള്‍ പുറമെ കാണിക്കുന്ന ചിരി കാപട്യം നിറഞ്ഞതാണോ?' മനു ചോദിച്ചു.

' എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. നന്‍മകള്‍ ശേഷിക്കുന്നവര്‍ ഇനിയും നമുക്ക്‌ ചുറ്റുമുണ്ട്‌. പക്ഷെ നന്‍മ നശിച്ചവരും നശിപ്പിക്കുന്നവരുമാണ്‌ അധികവും. ലോകമാകെ പണത്തിനു വേണ്ടി പരക്കം പായുന്നു. ഈ പാച്ചിലിനിടയില്‍ മനുഷ്യന്റെ മനുഷ്യത്വം നശിക്കുന്നതാണ്‌.
ഇവിത്തന്നെ നമുക്ക്‌ കാണാം.
വര്‍ഷങ്ങളായി പണിയെടുക്കുന്നവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ അവനെ കൊത്തിവലിക്കുന്നു. കഴിഞ്ഞത്‌ ഓര്‍ക്കാതെ ഭാവിക്ക്‌ വേണ്ടി കൈ നീട്ടുന്നവരുടെ ഒരു പട തന്നെ അവനെ വീണ്ടും പിടിച്ചു വലിക്കുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയുമൊന്നും ബാധകമല്ലാത്തവരാണല്ലൊ പ്രവാസികള്‍...!'

പക്ഷെ മനുവിലെ ആശകള്‍ പുഷ്പിക്കാന്‍ തന്നെ വെമ്പിനിന്നു. ധരിച്ചുവെച്ചിരിക്കുന്ന വിശ്വാസത്തെ തള്ളിക്കളയാന്‍ മനസ്സിന്‌ കഴിയുന്നില്ല. മനസ്സിലെ വിശ്വാസങ്ങള്‍ക്ക്‌ എതിരാണ്‌ വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ എന്ന്‌ കണ്‍മുന്നില്‍ കാണുമ്പോഴും അതംഗീകരിക്കാന്‍ തയ്യാറാകാത്ത മനസ്സ്‌.
കാറ്‌ നിന്നു.
അസിസിയ എത്തിയിരിക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ ഡോര്‍ തുറന്ന്‌ പുറത്തിറങ്ങി. ഡ്രൈവറെ നോക്കി പുഞ്ചിരിച്ച്‌ പുറം തിരിഞ്ഞ്‌ നടക്കുമ്പോള്‍"മനു" എന്ന വിളി.
കൂട്ടുകാരനായിരിക്കും എന്ന്‌ കരുതി തിരിഞ്ഞുനോക്കിയത്‌ ഡ്രൈവറുടെ മുഖത്ത്‌.
'രണ്ട്‌ റിയാല്‍ തന്നില്ല'
വൃത്തിയുള്ള താടിക്കുള്ളിലെ മന്ദസ്മിതം കലര്‍ന്ന ഡ്രൈവറുടെ നിര്‍വ്വികാരതയില്‍ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍രേഖ തനിക്കുനേരെ തുറിച്ചു നോക്കുന്നതായി മനു തിരിച്ചറിയുകയായിരുന്നു.

രണ്ട്‌ റിയാല്‍ കൈ നീട്ടി വാങ്ങുമ്പോഴും അയാളുടെ മുഖത്ത് മന്ദസ്മിതത്തില്‍ അലിഞ്ഞ നിര്‍വ്വികാരത അതേപടി നിലനിന്നിരുന്നു. ചുറ്റും കണ്ണോടിച്ച് കൂട്ടുകാരനെ തിരഞ്ഞു.

ഇനി അവന്‍ വരാതിരിക്കുമൊ എന്ന സംശയം ആദ്യമായി മനസ്സില്‍ ഓടിയെത്തി.

മൊബൈലെടുത്ത്‌ വിളിച്ചു നോക്കി.

സ്വിച്ച്‌ ഓഫ്‌..!
ഇപ്പോള്‍ വെയിലിന്റെ ചൂടില്‍ വിയര്‍ക്കാനും തുടങ്ങി.

6/3/10

ചുഴലി കയറിയ പാര്‍വതി

2010 ഫെബ്രുവരി 18

ഞങ്ങള്‍, പെണ്ണുങ്ങള്‍ക്ക്‌ അവളോട്‌ അസൂയയാണ്‌. അസൂയയുടെ കാരണവും ഞങ്ങള്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌.
കടഞ്ഞെടുത്ത ശരീരമാണ്‌ പാര്‍വതിയുടേത്. എണ്ണക്കറുപ്പ്‌. നീളം കുറഞ്ഞതെങ്കിലും തിങ്ങി ഇടതൂര്‍ന്ന മുടി. വശ്യതയുടെ മര്‍മരം ഒളിഞ്ഞിരിക്കുന്ന കണ്ണുകള്‍ക്കു മുകളില്‍നീളം കൂടിയ പുരികങ്ങള്‍ ഒരലങ്കാരമാണ്‌. അല്‍പം ഉയര്‍ന്ന നെറ്റിത്തടത്തില്‍ അനുസരണയില്ലാത്ത മുടിയിഴകള്‍ താളം തെറ്റി തെറിച്ചു നില്‍പുണ്ട്‌. കവിള്‍ത്തടങ്ങള്‍ എണ്ണമയം ഏറ്റതുപോലെ തിളങ്ങുന്നു. ഉയര്‍ന്ന മൂക്കിനു താഴെ തടിച്ചു വിടര്‍ന്ന ചുണ്ടുകള്‍. അരികുചേര്‍ന്ന്‌ നിര തെറ്റി വളര്‍ന്ന മുകള്‍നിരയിലെ കൊച്ചുപല്ല്‌ ഏഴഴകാണ്‌. ചിരിക്കുമ്പോള്‍ തെളിയുന്ന വലതു കവിളിലെ നുണക്കുഴി തേന്‍പൊഴിക്കും. മിനുസമുള്ള താടിയില്‍ തൊടാന്‍ കൊതി തോന്നും.

പാര്‍വതിക്ക്‌ ചുഴലി കയറി.....
അതാണവളുടെ ശാപം. മുപ്പത്തഞ്ച്‌ കഴിഞ്ഞിട്ടും മംഗല്യം നടന്നില്ല. അയല്‍ വക്കവീടുകളിലെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവളൊരു സഹായിയായിരുന്നു. വീട്ടിലെ ചെറിയ ചെറിയ പണികള്‍ക്ക്‌ അവളെ വിളിക്കും. പണിയെടുപ്പിക്കുന്നതിനേക്കാള്‍ അവളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്‍െറ ഭര്‍ത്താവിന്റെ കണ്ണുവെട്ടത്തുനിന്ന് അവളെ അകറ്റി നിര്‍ത്താന്‍ ഞാന്‍ വളരെ പാടുപെട്ടിരുന്നു. ഒതുങ്ങിവികസിച്ച അരക്കെട്ടിന്‌ വെളുത്ത ഒറ്റമുണ്ട്‌ നന്നായി ചേരുമായിരുന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞാണ്‌ പാര്‍വതിക്ക്‌ രോഗം കൂടിയ വിവരം അറിഞ്ഞത്‌. ഒരുദിവസം വായില്‍ നിന്ന്‌ നുരയും പതയും വന്ന്‌ പുഞ്ചപ്പാടത്തെ തോട്ടുവക്കില്‍ വീണുകിടന്നത്‌ അയാളാണ് കണ്ടത്‌. അച്ചുതന്‍ നായരും പര്‍വതിയും പുഞ്ചപ്പാടത്തിന്‍റെ മദ്ധ്യത്തില്‍. നുരയും പതയും ഒലിപ്പിച്ച്‌ താഴെ കിടന്നു പിടയുന്ന പാര്‍വതിയെ നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അവളുടെ ശരീരത്തില്‍ തൊടാന്‍ എന്തുകൊണ്ടോ കൈ വിറച്ചു. പകപ്പോടെ ചുറ്റും നോക്കിയതല്ലാതെ അനങ്ങാനായില്ല. സമയം കളയാതെ അയാള്‍ വയല്‍ വരമ്പിലൂടെ വീട്ടിലേക്കോടി. ഒറ്റ ശ്വാസത്തില്‍ ഭാര്യയോട്‌ വിവരങ്ങള്‍ പറഞ്ഞു. ഭാര്യയും സംഘവും പുഞ്ചപ്പാടത്തേക്കു പാഞ്ഞു.

പര്‍വതി എഴുന്നേറ്റിരുന്ന്‌ ചിറി തുടച്ച്‌ മോന്ത കഴുകി. പതിയെ എഴുന്നേറ്റ്‌ ഉടുമുണ്ടില്‍ പറ്റിയ ചളി തുടച്ചു നീക്കുമ്പോള്‍ സംഘം എത്തി. അവരോടൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ സഹതാപത്തിന്‍റെ സാന്ത്വനം നിറഞ്ഞ വാക്കുകള്‍ ചുറ്റും ചിതറി വീണു. അച്ചുതന്‍ നായര്‍ അവര്‍ക്കു പിന്നാലെ എന്തോ നഷ്ടപ്പെട്ടതു പോലെ കുമ്പിട്ട്‌ നടന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഇനി പാര്‍വതിയുടെ സ്ഥിതി കൂടുതല്‍ വഷളാകാനാണ്‌ സദ്ധ്യത. വീട്ടുപണിയില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നതാണ്‌ ഉചിതം. എന്തൊ, അവളെ ഒഴിവാക്കികൊണ്ടൊരു തീരുമാനത്തിന്‌ എനിക്കാകുന്നില്ല. അസൂയയുണ്ടെങ്കിലും അവളുടെ സൌന്ദര്യത്തില്‍ ഞാന്‍ അടിമപ്പെട്ടിരിക്കുന്നു എന്ന ബോധം തിരിച്ചറിയുന്നു.

ഒന്നും സംഭവിക്കാത്തതുപോലെ പിറ്റെ ദിവസം പാര്‍വതി എത്തി. വന്നപാടെ ചൂലെടുത്ത്‌ മുറ്റം തൂത്തുവാരി. തെക്കുഭാഗത്തെ അടുക്കള ചെരുവില്‍ കുന്തുകാലിലിരുന്ന്‌ പാത്രങ്ങള്‍ ഓരോന്നായി എടുത്ത്‌ കഴുകുവാന്‍ തുടങ്ങി. ഞാനെല്ലാം നോക്കിനിന്നു. ഇന്നവള്‍ക്ക്‌ പതിവിനു വിപരീതമായി കൂടുതല്‍ അഴക്‌ തോന്നുന്നു. കുനിഞ്ഞിരുന്ന്‌ പാത്രം കഴുകുന്ന പാര്‍വതിയുടെ ഇടത്‌ ചെവിക്കും കൈത്തോളിനുമിടയിലൂടെ എന്‍െറ കണ്ണുകള്‍ കള്ളപ്രദക്ഷിണം നടത്തി.

പര്‍വതിയുടെ മനോനിലയില്‍ മാറ്റം സംഭവിച്ചുതുടങ്ങിയത്‌ തൊട്ടടുത്ത ദിനങ്ങളിലായിരുന്നു. പിന്നീടങ്ങോട്ട്‌ വീട്ടില്‍ വരവ്‌ വല്ലപ്പോഴുമായി. അലസമായ വസ്ത്രധാരണം തന്നെ അതിനു ഉദാഹരണമായിരുന്നു. വീട്ടില്‍ തീരെ വരാതായിത്തുടങ്ങിയപ്പോള്‍ എനിക്ക്‌ വേവലാധിയായി. ആരോട്‌ തിരക്കാന്‍. വളരെ നാളായി അച്ചുതന്‍ നായരുടെ ഭാര്യയെ കണ്ടിട്ട്‌. അവര്‍ ഇടക്കിടെ വരുമായിരുന്നെങ്കില്‍ ധാരാളം നാട്ടുവാര്‍ത്തകള്‍ കിട്ടുമായിരുന്നു. പുറത്തിറങ്ങാത്തതിനാല്‍ എനിക്കണെങ്കില്‍ വര്‍ത്തകളൊന്നും ലഭിക്കുമായിരുന്നില്ല. പിന്നീടെപ്പോഴൊ അവര്‍ തന്നെയായിരുന്നു പര്‍വതിയെക്കുറിച്ച്‌ വിവരങ്ങള്‍ അറിയിച്ചത്‌.

അവളിപ്പോള്‍ പുറത്തേക്കിറങ്ങാറില്ലത്രെ. വീട്ടില്‍ തന്നെയാണ്‌. അവളുടെ അമ്മയാണ്‌ കൂട്ടിരിപ്പ്‌. സദാസമയവും ചിന്തിച്ചുകൊണ്ട്‌ ഏകാന്തതയില്‍ നോക്കിയിരിക്കും. ഇടക്കിടക്ക്‌ ചുഴലി വരും. മനോനില ആകെ തകര്‍ന്നു. വീട്ടിലേക്ക്‌ സന്ദര്‍ശകരെ ആരേയും കടത്താറില്ല അവളുടെ അമ്മ. കാരണം അവള്‍ ബ്ലൌസ് ഉപേക്ഷിച്ചിരിക്കുന്നു. അരയ്ക്കു മുകള്‍ ഭാഗം നഗ്നമേനിയാണ്‌. എന്‍െറ അസൂയ ക്രമേണ അലിഞ്ഞില്ലാതായി. പകരം അലിവ്‌ തോന്നി. ഉടനെത്തന്നെ അവളെ കാണണമെന്ന്‌ മനസ്സ്‌ പറഞ്ഞു. അവളുടെ അമ്മ സമ്മതിക്കാതെ വരുമൊ എന്ന ശങ്ക നില്‍നില്‍പുണ്ടെങ്കിലും കാണാതിരിക്കാനാകില്ല. ഒപ്പം എന്തൊക്കെയൊ നഷ്ടപ്പെട്ടെന്ന തോന്നലും. സത്യത്തില്‍ തോന്നലായിരുന്നില്ല, നഷ്ടപ്പെടല്‍ തന്നെയായിരുന്നു. ഇനി അവളെ ഒന്നരുകില്‍ കിട്ടുമൊ എന്നുപോലും തിട്ടമില്ല. പതിയെ പതിയെ എല്ലാം ആസ്വദിക്കാമെന്നു കരുതിയതായിരുന്നു.

ഒരു കൊച്ചു വീടാണ്‌ അവളുടേത്‌. ഞാനങ്ങോട്ട്‌ കയറുമ്പോള്‍ താടിയ്ക്ക്‌ കയ്യും കൊടുത്ത്‌ ഉമ്മറത്ത്‌ അവളുടെ അമ്മ ഇരിപ്പുണ്ട്‌. എന്നെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റ്‌ കരഞ്ഞുകൊണ്ടടുത്തുവന്നു. ഏന്തിയേന്തികരയുന്നതില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. ഞാനവളെയൊന്നു കാണട്ടെയെന്നു പറഞ്ഞ്‌ അകത്തു കയറി.

മുറിക്കകത്ത് കടന്നപ്പോള്‍ എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവളുടെ അര്‍ദ്ധനഗ്നമേനിയുടെ അഴകു കണ്ടപ്പോള്‍ മനോവിഭ്രാന്തിയെക്കുറിച്ചുള്ള എന്‍െറ അറിവ്‌ നഷ്ടപ്പെട്ടു. കണ്ണിമവെട്ടാതെ നോക്കിനിന്നു. അവളുടെ ചുണ്ടിന്‍റെ കോണിലൊരു മന്ദഹാസം വിരിഞ്ഞു.

ശില്‍പികളുടെ കരവിരുതിനെ വെല്ലുന്ന അവളുടെ സ്തനങ്ങള്‍. ചിത്രം വരച്ച പോലെ അത്ര മനോഹരം. ജാളൃത കൂടാതെ അവളെന്‍റെ അരുകിലേക്കു വന്നു. ഒന്നു തൊടണമെന്ന്‌ തോന്നി. അഭിമാനം അനുവദിച്ചില്ല. അരികില്‍ വന്ന്‌ ദയനീയമായി എന്‍െറ കണ്ണുകളിലേക്ക്‌ നോക്കി.പിന്നെ തിരിച്ചു നടന്നു. അരക്കെട്ടിലിറുകിയ വെള്ളമുണ്ടിനു മുകളില്‍ ചന്തികള്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടകന്നു.

നേരം വളുത്തപ്പോള്‍ പര്‍വതി രക്തത്തില്‍ കുളിച്ച്‌ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റിയില്ല. കഴുത്ത്‌ ഞെരിച്ച്‌ കൊലചെയ്യപ്പെട്ട നിലയില്‍ അവളുടെ അമ്മ ഉമ്മറത്ത്‌.

അച്ചുതന്‍ നായരെ കാണാനില്ലെന്ന വാര്‍ത്ത ഇതോടു ചേര്‍ക്കേണ്ടതാണ്‌.

വാല്‍ക്കഷ്ണം :ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രി എന്ന് എവിടെയോ വായിച്ചു. അപ്പോള്‍ അത് ആസ്വദിക്കാനും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല.
ഒരു പഴയ പോസ്റ്റ് ആണ് . വായിച്ചവര്‍ ക്ഷമിക്കണം.

17/1/10

അച്ഛന്‍ മരിച്ചു

2010 ജനുവരി 18

കാക്കേം പട്ടീം തൂറിയ ഭാരതപ്പുഴയുടെ പഞ്ചാരമണലില്‍ മുട്ടുകാല്‍
ഊന്നിയിരുന്നാണ് അച്ഛനെ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കയച്ചത്‌.
ചെളിപിടിച്ച് വൃത്തികെട്ട പുണൂല്‍ ധാരികളായ രണ്ടു നമ്പൂതിരിമാരാണ്‌
അച്ഛനെ യാത്രയാക്കാന്‍ കാര്‍മ്മികത്വം നല്‍കിയത്‌.
കേട്ട്‌ തഴമ്പിച്ച ഏതോ മന്ത്രോച്ചാരണങ്ങള്‍ പറപറ ശബ്ദത്തോടെ
നമ്പൂതിരിമാരുടെ വായില്‍ നിന്ന്‌ പുറത്തുചാടിക്കൊണ്ടിരുന്നു.

രാവിലെ നാലുമണി കഴിഞ്ഞതെ ഉള്ളു. തണുപ്പില്‍ ശരീരമാകെ മരവിച്ചിരിക്കുന്നു. തണുപ്പിന്‍റെ കാഠിന്ന്യത്താല്‍ ശരീരം വിറച്ചുകൊണ്ടിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ഭാരതപ്പുഴയിലെ തണുത്ത വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന്‌ മണലില്‍ വന്നിരുന്നപ്പോള്‍ നമ്പൂതിരിമാരെ മനസ്സില്‍ പിരാകി. എന്‍റൊപ്പം രണ്ടനിയത്തിമാരേയും
നമ്പൂതിരിമാര്‍ വെള്ളത്തില്‍ മുക്കിച്ചു. ദര്‍ഭപ്പുല്ലുകൊണ്ട്‌ ചെറിയ വളയമുണ്ടാക്കി എന്‍റെ കൈവിരലിലിട്ടു. നനച്ചുവെച്ചിരിക്കുന്ന എള്ളും അരിയും എടുത്ത്‌ അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ നാക്കിലയിലേക്കിട്ടു. നമ്പൂതിരിമാര്‍ കല്‍പിച്ചുകൊണ്ടേയിരിക്കുന്നു
-പൂവെട്ക്കൂ..
ധ്യാനിക്കൂ..
ഇടു..
അരിയെടുക്കൂ.. ധ്യാനിക്കൂ..ഇടു- പല തവണ ആവര്‍ത്തിച്ചു.

ഇനി ദക്ഷിണ വെക്കു. ദക്ഷിണ കൊടൂത്തു. നമ്പൂതിരിമാരുടെ നോട്ടം
നോട്ടിലേക്കായി.
ദക്ഷിണ വാങ്ങി നോക്കിയ അവര്‍ വീണ്ടും മുങ്ങി വരാന്‍ കല്‍പിച്ചു. മനസ്സലിഞ്ഞതുകൊണ്ടാകാം ഇത്തവണ
അനിയത്തിമാരെ മുങ്ങലില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു.

ഞാന്‍ മുങ്ങി നിവര്‍ന്ന്‌ വിറച്ചുകൊണ്ട്‌ ബലിത്തറയിലേക്ക് നടന്നു.
സഹോദരിമാരുടെ നനഞ്ഞൊട്ടിയ ശരീരം നമ്പൂതിരിമാരുടെ
ചൂഴ്ന്നിറങ്ങുന്ന കഴുകന്‍ കണ്ണുകള്‍ കൊത്തിവലിക്കുന്നു.
അച്ഛനെ മാത്രം മനസ്സില്‍ നിനച്ച്‌ തൊഴുകൈകളോടെയിരിക്കുന്ന സഹോദരിമാര്‍ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി. എന്‍റെ തിരിച്ചുവരവ്‌ അവര്‍ക്ക്‌ ധൈര്യം പകര്‍ന്നു.
വീണ്ടും മണലിലിരുന്ന്‌ അരിയും പൂവും ഏറ്‌ തുടര്‍ന്നു.
-ദക്ഷിണ-.
ദക്ഷിണയുടെ കനം കുറയുമ്പോള്‍ അവരെന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്
വെള്ളത്തില്‍ മുക്കിക്കൊണ്ടിരുന്നു.
ആ സമയം സഹോദരിമാരെ മണലിലിരുത്തി അവരുടെ സൗന്ദര്യം ആവോളം നുകര്‍ന്നുകൊണ്ടിരുന്നു ആ വൃത്തികെട്ട ജന്തുക്കള്‍.
ഞാന്‍ തണുത്ത്‌ വിറച്ച്‌ മരിച്ച്‌ പോകുമൊ എന്നുപോലും ഭയപ്പെട്ടു. നിരവധി തവണ ഭാരതപ്പുഴയില്‍ മുങ്ങിമുങ്ങി എന്‍െറ ക്ഷമ നശിച്ചു.

അവസാനനാളുകളില്‍ അച്ചനും ഇങ്ങിനെ ക്ഷമ നശിച്ചിട്ടുണ്ടാകാം. മരിക്കാനായ്‌ കിടക്കുന്നു എന്ന തിരിച്ചറിവ്‌ ഒരുപക്ഷെ ക്രൂരമായിരുന്നിരിക്കണം.

എണ്‍പത്‌ വയസ്സ്‌ പിന്നിട്ടെങ്കിലും പ്രായത്തിന്‍റേതായ തളര്‍ച്ച
അവസാനനാളുകളിലും ശരീരത്തെ ബാധിച്ചിരുന്നില്ല.
ചെറുപ്രായത്തില്‍ നന്നായി അദ്ധ്വാനിച്ചിരുന്നതുകൊണ്ടായിരിക്കണം ആ പ്രായത്തിലും ആരോഗ്യം ക്ഷയിക്കാതിരുന്നത്‌.
പെട്ടെന്നാണ് ശരീരം തളര്‍ന്നത്‌.
സംസാരിക്കുന്നതിന്‌ പ്രയാസമില്ലായിരുന്നു.
അന്നൊന്നും മരിക്കുമെന്ന്‌ അച്ഛനും കരുതിയിട്ടുണ്ടാകില്ല.
പിന്നെപ്പിന്നെ വീട്ടില്‍ കിടക്കാന്‍ കഴിയാത്ത അവസ്ഥയായി.
ഇളയസഹോദരിയായിരുന്നു അന്നൊക്കെ അച്ഛനെ പരിചരിച്ചിരുന്നത്‌.

കുറെ ദൂരെ, അന്നന്നത്തെ അന്നത്തിനുവേണ്ടിയുള്ള തത്രപ്പാടില്‍ പാടുപെടുകയായിരുന്നു ഞാന്‍. അതിനിടയില്‍ അച്ഛനെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം ഇപ്പോഴെന്നെ വേട്ടയാടുന്നുണ്ട്‌. വളരെ കഷ്ടപ്പെട്ടാണെങ്കിലും ആശ്രുപത്രിയിലെ എന്‍െറ സാന്നിധ്യം അച്ഛന് ആശ്വാസമായിരുന്നെന്നു്
ഞാന്‍ മനസ്സിലാക്കിയിരുന്നു.

സംസാരിക്കന്‍ കഴിയുന്നില്ല, തീരെ ക്ഷീണിച്ചു എന്നൊക്കെ അനിയത്തി
ഫോണില്‍ പറഞ്ഞപ്പോഴും ഞാനിത്രയ്ക്കും കരുതിയിരുന്നില്ല.
കണ്ടപ്പോള്‍ വല്ലായ്മ തോന്നി.
ശരീരമെല്ലാം ശോഷിച്ച്‌ എല്ലും തോലുമായിരിക്കുന്നു.
ആരോഗ്യം ക്ഷയിച്ച് അനങ്ങാനാകാതെ കട്ടിലില്‍ തളര്‍ന്നുകിടപ്പാണ്‌.
എന്നെ കണ്ടതും ചലനശേഷി നഷ്ടപ്പെടാത്ത കണ്ണുകളില്‍
തെളിച്ചത്തിന്‍റെ നീര്‍കണങ്ങള്‍ നിറഞ്ഞതും വേദനയുടെ രൌദ്രഭാവങ്ങള്‍
ഇടതു ചുണ്ടിനു താഴെ വിറയാര്‍ന്നതും ഒന്നിച്ചായിരുന്നു.
ഞാന്‍ പൊട്ടിക്കരയുമൊ എന്ന്‌ ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല.
കനം തൂങ്ങിയ തൊണ്ടയിലെ കിടുകിടുപ്പ്‌ മുരടനക്കി ഞാന്‍ നിയന്ത്രിച്ചു.
സംസാരിക്കാനൊ അനങ്ങാനൊ കഴിയുന്നില്ലെങ്കിലും എല്ലാം കാണാനും
കേള്‍ക്കാനും സാധിക്കുന്നുണ്ട്‌.
അതാണ്‌ ഏറ്റവും പ്രയാസവും. സഹോദരിമാര്‍ രണ്ടു പേരും സദാസമയവും അച്ഛനടുത്തുണ്ട്.

മുറിക്കു ചുറ്റും ഒന്ന്‌ കണ്ണോടിച്ചു. ആശുപത്രിയിലെ മണം എനിക്ക്‌ പണ്ടെ പിടിക്കില്ലായിരുന്നു മനസ്സിലലയടിക്കുന്ന പ്രയാസങ്ങളും വിഷമങ്ങളും മറന്ന്‌
രോഗികളെ പരിചരിക്കുന്ന മാലാഖമാരെ കണ്ടപ്പോള്‍
ഞാനൊക്കെ എന്ത് എന്ന് തോന്നി.
കൈത്തണ്ടയില്‍ കുത്തിയിറക്കിയ സൂചിയിലൂടെ കയറിപ്പോകുന്ന
ഗ്ളൂക്കോസിന്‍റെ തെളിമ നോക്കി നിന്നപ്പോള്‍ വേദന വിങ്ങി.
കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്ന്‌ ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. മൂക്കിലൂടെ ഓക്സിജന്‍ കടത്തിവിടുന്നതാണ്‌ ഏറെ പ്രയാസമുണ്ടാക്കുന്നത്‌. അവസാനനാളുകളില്‍ ഇത്രയും ക്രൂരത........

മരിക്കാറായെന്നു് എല്ലാവര്‍ക്കുമറിയാം.
എന്നിട്ടും എന്തിനാണിത്രയും ക്രൂരത ആ മനുഷ്യനോട്‌ കാണിക്കുന്നത്‌ ?
ഒന്നൊ രണ്ടൊ ദിവസം കൂടി ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി
വേദനിപ്പിക്കുന്നതിന്‌ ഒരു കണക്കില്ലെ..!
അനാവശ്യമായ സാമ്പത്തികനഷ്ടം....
ചലനമറ്റ്‌ വേദനതിന്ന്‌ രണ്ടൊ നാലൊ ദിവസം കൂടി കിടന്നാല്‍ എന്ത്മെച്ചം.... നമ്മള്‍ക്കെന്ത് കിട്ടാന്‍.....
കുറെ വേദനയും പണനഷ്ടവും മാത്രം.
എന്നെ കണ്ടതുകൊണ്ടായിരിക്കണം സഹോദരിമാര്‍ പുറത്തേക്കുപോയി. വരാന്തയില്‍ നിന്ന്‌ അവര്‍ എന്തൊക്കെയൊ ചര്‍ച്ചകള്‍ നടത്തുകയാണ്‌.

എല്ലാരും പുറത്തു പോയതിനാലായിരിക്കണം അച്ഛനെന്നെ ദയനീയമായി നോക്കി.
ആ നോട്ടത്തില്‍ എന്തൊക്കെയൊ അടങ്ങിയിരിക്കുന്നു.
അതെന്താണെന്ന്‌ മനസ്സിലാക്കാന്‍ എനിക്കാവുന്നില്ല.
എന്തൊ യാചിക്കുകയാണെന്ന്‌ തീര്‍ച്ച. അത്രയും വികാരങ്ങള്‍ അടങ്ങിയിരിക്കുന്നു ആ നോട്ടത്തിന്‍. കണ്ണുകൊണ്ട്‌ സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ നിമിഷം എല്ലാം വെട്ടിത്തുറന്ന്‌ പറഞ്ഞേനെ.

അനുഭവിക്കുന്ന വേദന പുറത്തു കാണിക്കാതെ കണ്‍കോണിലൂടെ ഉരുകിയൊലിക്കുന്ന കണ്ണുനീരില്‍ എന്തൊക്കെയൊ അടങ്ങിയിരിക്കുന്നെന്ന് മനസ്സിലാക്കന്‍ അധികം വിഷമമുണ്ടായിരുന്നില്ല. ചില നിമിഷങ്ങളില്‍ ചിന്തകള്‍ കാട്‌ കയറുന്നുവൊ എന്ന്‌ തോന്നിച്ചു.
ഇല്ല-
ഞാന്‍ ചിതിക്കുന്നതാണ്‌ ശരി.
അതു മാത്രമാണ്‌ ശരി.

കണ്ണുകളിലേക്ക്‌ നോക്കികൊണ്ടുതന്നെ കട്ടിലിനരുകിലേക്ക്‌ നീങ്ങി. പതിയെ കണ്ണുനീര്‍ തുടച്ചു. അച്ഛന്റെ മുഖത്ത്‌ പ്രതീക്ഷയുടെ ഒരു ചെറിയ ഉറവ അനങ്ങുന്നത്‌ എനിക്ക്‌ കാണാനായി. കണ്ണുനീര്‍ പടര്‍ന്ന എന്‍െറ കൈ ഓക്സിജന്‍ ട്യൂബില്‍ തൊട്ടു. ആരുമില്ലെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ ട്യൂബ്‌ മടക്കിപ്പിടിച്ചു. അച്ഛന്റെ മുഖത്ത്‌ ആശ്വാസത്തിന്‍റെ അലയൊലി. അച്ചന്‍ ചെറുതായൊന്നനങ്ങി. പിന്നെ നിശ്ചലമായി. ഞാന്‍ ട്യൂബിന്‍റെ പിടി വിട്ടു.

അല്‍പം പരിഭ്രമം കലര്‍ത്തി സഹോദരിമാരെ വിളിച്ചു. എന്‍െറ ശബ്ദത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞതിനാല്‍ അവരോടിയെത്തി. കട്ടിലിലേക്കുനോക്കി അലമുറയിടാന്‍ തുടങ്ങി.

നമ്പൂതിരിമാര്‍ എന്തൊ ചോദിക്കുന്നത്‌ കേട്ട്‌ ഞാന്‍ ചിന്തകള്‍ വെടിഞ്ഞ്‌ പുറത്തിറങ്ങി. അവര്‍ക്ക്‌ വേണ്ടതെല്ലാം ലഭിച്ചുകഴിഞ്ഞപ്പോള്‍ കര്‍മ്മത്തിന്റെ അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. പിണ്ഢം വെച്ചതെല്ലാം എടുത്തുകൊണ്ട്‌ പുഴയില്‍ മുങ്ങിയാല്‍ എല്ലാം ശുഭം.
-താനാദ്യം നടന്ന്വോളു-നമ്പൂതിരി മൊഴിഞ്ഞു.

എന്‍െറ പുറകിലായി സഹോദരിമാരും. ഞെരിഞ്ഞമരുന്ന മണല്‍ത്തരികകള്‍ക്കു മുകളിലൂടെ ഞങ്ങള്‍ നടന്നു. നനഞ്ഞൊട്ടി ഇഴുകിച്ചേര്‍ന്ന വസ്ത്രങ്ങള്‍ക്കിടയിലൂടെ സഹോദരിമാരുടെ മേനിയഴക്‌ ഞൊട്ടിനുണങ്ങ്‌ പീറ നമ്പൂതിരിമാര്‍ പുറകെ.

പുഴയില്‍ അവസാനമായ്‌ മുങ്ങി നിവര്‍ന്നപ്പോള്‍ നാക്കിലകള്‍ മാത്രം വെള്ളത്തിനു മുകളില്‍ ഒഴുകി നടന്നു.

ഒരാളെ സ്വര്‍ഗ്ഗത്തിലേക്കയച്ചെന്ന അഹങ്കാരത്തോടെ നടന്നു നീങ്ങുന്ന നമ്പൂതിരിമാര്‍ക്കു പിന്നില്‍ തണുത്ത്‌ വിറച്ച്‌ ഞാനും-

28/12/09

പാത്തുമ്മീവി വരുന്നേ...

28-12-2009
പാത്തുമ്മീവി പെറ്റു. അവള്‍ പെറ്റിട്ടത്‌ തങ്കക്കുടം പോലെ ഒരാണ്‍ കുഞ്ഞിനെ .

പേറെടുത്തത്‌ അമ്മിണിപ്പറച്ചി തന്നെ. ആശുപത്രിയില്‍ നേഴ്സാണ്‌. താഴ്ന്ന ജാതിക്കാരിയായതിനാല്‍ വളരെ കുറച്ചു പേര്‍ മാത്രമെ അമ്മിണി സിസ്റ്റര്‍ എന്ന്‌ വിളിച്ചിരുന്നുള്ളു. അന്നാട്ടിലെ മുഴുവന്‍ പ്രസവവും കൈകാര്യം ചെയ്തിരുന്നത്‌ അവരാണ്‌. ആരും പ്രസവത്തിന്‌ ആശുപത്രിയില്‍ പോകാറില്ല. മാസന്തോറും മെഡിക്കല്‍ ചെക്കപ്പില്ല. ബെഡ്‌ റെസ്റ്റില്ല. പേറ്റ്നോവ്‌ തുടങ്ങുന്നതിനു മുന്‍പ്‌ അവരെ അറിയിക്കും. പിന്നെയെല്ലാം അമ്മിണിപ്പറച്ചിയുടെ കൈകളിലാണ്‌.

ഓല കൊണ്ടൊ ഓടു കൊണ്ടൊ ഉണ്ടാക്കിയ ചെറിയ പുര. ഭൂരിഭാഗം വീടുകളിലും ഒന്നൊ രണ്ടൊ മുറി കൂടാതെ ഒരു ചായ്പ്പും* മാത്രമെ ഉണ്ടാകു. മിക്കവാറും ചായ്പ്പിനകത്താകും പ്രസവം നടക്കുക. വെളിച്ചം തീരെ കുറവായ ചായ്പ്പില്‍ മണ്ണെണ്ണ വിളക്ക്‌ കത്തികൊണ്ടിരിക്കും.

പാത്തുമ്മീവിക്ക്‌ കൂട്ടിരിക്കാനും സഹായിക്കാനും ഉമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. നിക്കാഹ്‌ കഴിയാതെ പെറ്റതാണ്‌. അതുകൊണ്ടുതന്നെ എല്ലാരും ഒരകല്‍ച്ച കാത്ത്‌ സൂക്ഷിച്ചിരുന്നു. പാത്തുമ്മീവി പക്ഷെ പതറിയില്ല. കുഞ്ഞിനെ നശിപ്പിച്ചില്ല.ചെറുപ്രായത്തില്‍ ഗള്‍ഫില്‍ പോയി നേടിയതാണ്‌ അതിനെ. പണമുണ്ടാക്കി പ്രസവിക്കാനായി അവധിക്കു വന്നവളാണ്‌. പാത്തുമ്മീവി കാശുകാരിയായത്‌ അന്നാട്ടിലാര്‍ക്കും ദഹിച്ചില്ല.

തന്തയില്ലാത്ത കുഞ്ഞിനെ വളര്‍ത്താന്‍ ഉമ്മക്കൊരു നീരസം തോന്നിയെങ്കിലും തന്നെ സഹായിക്കാനുള്ള മകളെ വെറുപ്പിക്കാന്‍ അവര്‍ക്കായില്ല. അവള്‍ തിരിച്ചു പോയാല്‍ കുഞ്ഞിനെ നോക്കല്‍ പ്രശ്നമാണ്‌. ഒരാണ്‍ തുണയില്ലാതെ ഉമ്മയും മകളും കുഞ്ഞും എങ്ങനെ കഴിയാനാണ്‌? ഉമ്മ തന്നെയാണ്‌ പോംവഴി കണ്ടെത്തിയത്‌. പാത്തുമ്മീവി നിക്കാഹ്‌ കഴിക്കണം.


അങ്ങിനെയാണ്‌ പ്രസവം കഴിഞ്ഞ പത്തുമ്മീവിയെ ഒടികലനന്ത്രു കെട്ടിയത്‌.പ്രത്യേക പണിയൊന്നും ഇല്ല. ചീട്ടു കളിയാണ്‌ മുഖ്യ തൊഴില്‍. കള്ള്‌ കുടിയും പെണ്ണ്‌ പിടുത്തവും വേറെ. രണ്ട്‌ കെട്ടി. രണ്ടിനേയും മൊഴി ചൊല്ലി. തൊട്ടടുത്ത വീട്ടിലെ സരസുവിനെ കാണുമ്പോള്‍ അന്ത്രുവിന്‍റെ വായില്‍ വെള്ളമൂറും. സരസു മൊഞ്ചത്തിയാണ്‌. ചെറുപ്പമാണ്‌. അന്ത്രു പഠിച്ചപണി പത്തൊന്‍പത് നോക്കിയിട്ടും ഒരു കടാക്ഷം പോലും ലഭ്യമായില്ല.

സരസു ഒരിക്കല്‍ മറപ്പുരയില്‍ കുളിക്കാന്‍ കയറി. ഒളിച്ചുനോട്ടം കൈമുതലായ അന്ത്രു കുറുക്കനെപ്പൊലെ പതുങ്ങിപ്പതുങ്ങി മറപ്പുരക്കിലരുകിലെത്തി. ഓലകൊണ്ട്‌ മറച്ച മറപ്പുരയുടെ ഓലയിലെ ചെറിയൊരു ദ്വാരം അനക്കമുണ്ടാക്കതെ അല്‍പം വികസിപ്പിച്ചു. ഒരു കണ്ണടച്ച്‌ മുഖം ഓലയോട്‌ ചേര്‍ത്തു വെച്ച്‌ അകത്തേക്ക്‌ നോക്കി. ഓലയിലെ പരപര ശബ്ദം കേട്ട്‌ പാമ്പാണെന്നു വിചാരിച്ച്‌ സരസു ഞെട്ടിത്തിരിഞ്ഞു. ഓലക്കിടയിലൂടെ ഒരുണ്ടക്കണ്ണ്‌ കണ്ട്‌ അവള്‍ ഭയന്നു. വെപ്രാളപ്പെട്ട്‌ ബ്ളൌസെടുത്ത്‌ മാറത്ത്‌ ചേര്‍ത്തതും അലറി


പുറത്തേക്കോടിയതും ഒരുമിച്ചായിരുന്നു. ആളുകളെത്തുന്നതിനു മുന്‍പ്‌ അന്ത്രു പുറം തിരിഞ്ഞോടാന്‍ ശ്രമിച്ചു. തൊട്ടടുത്ത തെങ്ങും കുഴിയില്‍ അയാള്‍ വീണു. നാട്ടുകാരുടെ മേളം കഴിഞ്ഞപ്പോള്‍ അത്ന്റുവിന്റെ കാലിന്‍റെ താളം തെറ്റിയിരുന്നു. അന്ന്‌ നാട്ടുകാരിട്ട പേരാണ്‌ ഒടികാലനന്ത്രൂന്ന്‌. ഇന്നും അത്‌ മാറ്റമില്ലാതെ തുടരുന്നു.

പെറ്റിട്ട്‌ ഒരു മാസം കഴിഞ്ഞാണ്‌ പാത്തുമ്മീവിയുടെ നിക്കാഹ്‌ നടന്നത്‌. അടുത്ത മാസം അവള്‍ക്ക്‌ തിരികെ പോകണം. അതുകൊണ്ടാണ്‌ എടിപിടീന്ന്‌ നിക്കാഹ്‌ നടത്തിയത്‌. പളപളാന്ന്‌ മിന്നുന്ന കുപ്പായമിട്ട്‌ അന്ത്രു പുയ്യാപ്ളയായി. മൂന്നാമത്തേതാണെങ്കിലും പുയ്യാപ്ള പുയ്യാപ്ള തന്നെയ. അത്രുവിനത്‌ നന്നായറിയാം.

കാര്യങ്ങള്‍ താളം തെറ്റിയത്‌ ആദ്യരാത്രിയാണ്‌. രണ്ടെന്നം പൂശിയാണ്‌ അന്ത്രു മണിയറയിലേക്ക്‌ കാലെടുത്തു വെച്ചത്‌. കുഞ്ഞിനെ താലോലിച്ചിരുന്ന പാത്തുമ്മീവി അത്രുവിനോട്‌ വിവരം പറഞ്ഞു.

"ങ്ള്‌ കുറച്ചീസം ചായ്പീ കെടന്നൊ. മോന്‌ക്ക്‌ ബെല്യ വാശി. കരച്ചിലന്നെ."അന്ത്രുവിന്റെ തലച്ചോറില്‍ കടന്നല്‍ കയറി. കണക്കു കൂട്ടലുകളില്‍ പിഴവ്‌ വന്നു. രണ്ടെണ്ണം വിട്ടതിന്റെ പറ്റൊക്കെ മാറി. സ്റ്റോക്ക്‌ വെക്കാത്തത്തിന്റെ വിഷമം ആദ്യമായി അനുഭവപ്പെട്ടു.

തടിച്ചു വീര്‍ത്ത പാത്തുമ്മീവിയുടെ ശരീരം മെലിഞ്ഞുണങ്ങിയ ഒടികാലനന്ത്രുവിന്റെ മനസ്സില്‍ തിരയിളക്കം നടത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറങ്ങാനായില്ല. കണ്ണടക്കുമ്പോള്‍ കാണുന്നത്‌ പാത്തുമ്മീവിയെ. എങ്ങനുറങ്ങും...സ്വപ്നങ്ങളും ആഗ്രഹങ്ങളും വെറുതെയായൊ? മാസാമാസം ലഭിച്ചേക്കാവുന്ന പണത്തെക്കുറിച്ചോര്‍ത്തപ്പോള്‍ സമാധാനമായി.

ഒന്നും അറിയാത്തവളെപ്പൊലെ ഉമ്മ എല്ലാത്തിനും മൂകസക്ഷിയായി. ആദ്യരാത്രിയും മണിയറയും തകര്‍ത്ത്‌ നേരം പുലര്‍ന്നപ്പോള്‍ അന്ത്രു തണുത്തിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ ദൈനംദിന പ്രവര്‍ത്തികളില്‍ അയാള്‍ വ്യാപ്ര്തനായി .

അന്ത്രു ആവശ്യപ്പെടാതെ തന്നെ ആവശ്യത്തിലധികം പണം പത്തുമ്മീവി നല്‍കിക്കൊണ്ടിരുന്നു. ചീട്ടുകളിയും വെള്ളമടിയുമായി അന്ത്രു കുശാല്‍. സ്ക്കൂട്ടറൊന്ന്‌ വങ്ങിക്കൊടുത്തു. യാത്ര സ്ക്കൂട്ടറിലായി.പാത്തുമ്മീവിയോടുള്ള സ്നേഹം വര്‍ദ്ധിച്ചു. കുഞ്ഞിനെ താലോലിക്കാനും ഉമ്മയുടെ ആവശ്യങ്ങള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും ഉത്സാഹമായി. സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

തിരിച്ചു പോകേണ്ട സമയമായി. കറുത്ത ബുര്‍ക്കയിട്ട* പത്തുമ്മീവി അന്ത്രുവിനെ മുറിക്കുള്ളിലേക്ക്‌ വിളിച്ചു. ബുര്‍ക്കക്കുള്ളില്‍ മുഴച്ചുനിന്ന മാറിടം അന്ത്രുവിന്റെ കരളില്‍ വിങ്ങലായി മാറി.

"ഉമ്മ്യേം മോനേം ങ്ളെ ഏല്‍പ്പിക്കാണ്‌. നല്ലോണം നോക്കണം. പൈസ എന്തോരം വേണേലും അയച്ചരാം. അവര്‍ക്ക്‌ കൊറവൊന്നും ഇണ്ടാകരുത്‌. മോന്ത്യാവണേലും മുന്നം വീട്ടീ വരണം. അത്രുക്കാനെ നിക്ക്‌ പെരുത്ത്‌ ഇഷ്ടാ. ത്റശൂപൂരത്തിന്റെ അമിട്ട്‌ പൊട്ടിവിരിഞ്ഞു അന്ത്രുവിന്‍റെ ഉള്ളില്‍. പത്തുമ്മീവിയുടെ ചുണ്ടില്‍ നിന്ന്‌ ആദ്യമായി ഇക്ക പുറത്തു ചാടിയപ്പോള്‍ അയാളാകെ കോരിത്തരിച്ചു. ഇനി ഒന്നും ആവശ്യമില്ലെന്ന്‌ തോന്നി.

നിനച്ചിരിക്കാതെയാണ്‌ പത്തുമ്മീവിയുടെ തുടിച്ച ചുണ്ടുകള്‍ അന്ത്രുവിന്റെ ഞളങ്ങിയ കവിളില്‍ മുത്തമിട്ടത്‌. അയാളാകെ വിയര്‍ത്തു കുളിച്ചു. പ്രതീക്ഷകള്‍ നശിച്ചില്ലെന്ന വിശ്വാസം അയാളില്‍ ശേഷിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള്‍ പണമെത്തി. അത്രൂന്‌ പെരുത്ത്‌ സന്തോഷായി. കുഞ്ഞിന്‌ കുഞ്ഞുടുപ്പുകളും ഉമ്മാക്ക്‌ കാച്ചിമുണ്ടും കുപ്പായവും വങ്ങിക്കൊടുത്തു. പിന്നെ പെരുന്നാള്‍ പോലെ ആഘോഷിച്ചു. ആര്‍ത്തുല്ലസിച്ച്‌ സ്ക്കൂട്ടറില്‍ തെക്കുവടക്ക്‌ പാഞ്ഞു. പിന്നെപ്പിന്നെ മാസന്തോറും പെരുന്നാളാഘോഷിച്ചുകൊണ്ടേയിരുന്നു.

ഒരു ദിവസം രാത്രി രണ്ടെണ്ണം കൂടുതലടിച്ച്‌ അന്ത്രു പുരയിലെത്തി. ഉമ്മ ഉറങ്ങിയിട്ടില്ല. ഓരം ചരിഞ്ഞ്‌ കിടക്കുന്നു. അരികെ കുഞ്ഞ്‌ നല്ല ഉറക്കത്തിലും. പുറംതിരിഞ്ഞ്‌ കിടക്കുന്ന ഉമ്മയെ ചുറ്റിവരിഞ്ഞ്‌ അന്ത്രുകൂടി കട്ടിലിലേക്ക്‌ വീണു. തള്ളി താഴെയിട്ട്‌ ഉമ്മ അയാളുടെ മുഖത്ത്‌ ആഞ്ഞടിച്ചു.മദ്യത്തിന്റെ കെട്ട്‌ വിട്ടപ്പോള്‍ മാപ്പ്‌ പറഞ്ഞ്‌ രാശിയായി. പിന്നീടത്തരം സംഭവം ആവര്‍ത്തിച്ചിട്ടില്ല.

കുഞ്ഞിന്‌ മൂന്ന്‌ വയസ്സ്‌ കഴിഞ്ഞു. പാത്തുമ്മീവി വീണ്ടും അവധിക്ക്‌ വരുന്നു. അന്ത്രുവിന്റെ മനസ്സില്‍ പൂമഴ പെയ്തു. നിക്കാഹ്‌ കഴിഞ്ഞ്‌ രണ്ട്‌ മാസത്തിനിടയില്‍ ലഭിച്ച ആദ്യത്തേതും അവസാനത്തേതുമായ ചുംബനത്തിന്റെ ചൂരും ചൂടും അതേപടി നിലനില്‍ക്കുന്നു. ഓര്‍ത്തോര്‍ത്ത്‌ അയാളുടെ സിരാപടലങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരുന്നു.

വിമാനത്താവളത്തിലേക്ക് പോകാന്‍ കാറ്‌ ബുക്ക്‌ ചെയ്തു. അര്‍ബനമുട്ടുപോലെ ഹ്ര്‍ദയം ഇടിക്കാന്‍ തുടങ്ങി. കാണാനും പുണരാനും വെമ്പുന്ന അയാളുടെ ജിഞ്ജാസ അളവില്‍ കവിഞ്ഞു. ഏറ്റവും നല്ല കുപ്പായങ്ങള്‍ ധരിച്ച്‌ അന്ത്രുവും ഉമ്മയും കുഞ്ഞും കൂടി യാത്രയായി.

നെടുമ്പാശേരി വിമാനത്താവളം ആദ്യമായാണ്‌ കാണുന്നത്‌. കരച്ചിലും പിഴിച്ചിലുമ്മായി യാത്രയാക്കലും, ആഹ്ളാദവും കെട്ടിപ്പിടുത്തവുമായി വരവേല്‍ക്കാന്‍ നിരവധി പേര്‍. മുറ്റം നിറയെ ആളുകള്‍,കാറുകള്‍. പലവിധ പെട്ടികളുമായ്‌ ആകെ ബഹളം തന്നെ. തിരക്കിനിടയില്‍ അന്ത്രുവും സംഘവും പാത്തുമ്മീവിയെ കാത്തു നിന്നു. വിമാനം വന്നിറങ്ങിയതിന്റെ തിരക്ക്‌ പുറത്തേക്കൊഴുകി. കൂട്ടത്തിലതാ പാത്തുമ്മീവി. അന്ത്രുവും ഉമ്മയും മുഖത്തോടുമുഖം നോക്കിനിന്നു.

വീണ്ടും രണ്ടാമത്തെ ഗള്‍ഫ്‌ സമ്പാദ്യവുമായി പത്ത്‌ തികഞ്ഞ പാത്തുമ്മീവി ബുര്‍ക്കക്കുള്ളിലെ വീര്‍ത്ത വയറും താങ്ങി അവര്‍ക്കരുകിലെത്തി. അപ്പോഴും അവര്‍ക്ക്‌ സ്ഥലകാലബോധം വീണ്ടുകിട്ടിയിരുന്നില്ല.

ചായ്പ്പ്‌-ഇറയത്തുനിന്ന് മാത്രം പ്രവേശനമുള്ള ഒറ്റമുറി.
ബുര്‍ക്ക-മുസ്ളീം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒറ്റയുടുപ്പ്‌

26/11/09

കുഷ്ണാറക്കുളത്തിന്‍റെ തീരത്ത്‌

26-11-2009
കുഷ്ണാറക്കുളത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നുരണ്ടാവര്‍ത്തി മുങ്ങി നിവര്‍ന്നപ്പോള്‍ മൃണാളിനിയുടെ ക്ഷീണം പമ്പ കടന്നു. ആറാം തരം വരെ പഠിച്ചു. രണ്ടുകൊല്ലമായി അച്ചനേയും അമ്മയേയും സഹായിച്ച്‌ വീട്ടില്‍ തന്നെ. വെളുത്ത കൊച്ചുസുന്ദരി. അരപ്പാവാടയും നീണ്ട ബ്ളൌസും വേഷം. പ്രായത്തിനേക്കാള്‍ വളര്‍ന്ന ശരീരം.

നേരം പരപരാന്ന്‌ വെളുത്തപ്പോള്‍ മുതല്‍ തുടങ്ങിയ കറ്റ(മുറിച്ചെടുക്കുന്ന നെല്‍ച്ചെടികള്‍ ചെറിയ കെട്ടാക്കി വെക്കുന്നത്‌.)മെതിക്കല്‍ ഒന്നൊതുങ്ങിയത്‌ ഉച്ചയായപ്പോഴാണ്‌. രണ്ടു ദിവസം മുന്‍പ്‌ കൊയ്ത്‌ അടുക്കി വെച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ മുളച്ചു തുടങ്ങുമെന്ന അച്ഛന്‍റെ മുന്നറിയിപ്പ്‌ വകവെക്കാതിക്കാനായില്ല. അച്ഛന്‍ അങ്ങിനെയാണ്‌. കണിശക്കാരന്‍. ദേഷ്യം വന്നാല്‍ പരിസരം മറക്കും. പിന്നെ ഈറ്റപ്പുലിയാണ്‌. കൊയ്തവ സൂക്ഷിക്കാനും മെതിക്കാനും നെല്ല്‌ ചേറ്റാനുമൊക്കെ വേണ്ടിയാണ്‌ പറമ്പിന്‍റെ ഒരറ്റത്ത്‌ കൊയ്തുപുര ഉണ്ടാക്കിയിരിക്കുന്നത്‌.

കൊയ്ത്ത്‌ സമയം മുതല്‍ നെല്ലളന്ന്‌ മാറ്റുന്നതുവരെ കൊയ്ത്തു പുര സജീവമാണ്‌. ബഹളവും ആട്ടവും പാട്ടുമായ്‌-നല്ല രസമാണ്‌. അയല്‍ വക്കത്തെ നാണിയമ്മായിയും പാത്തുത്തായും ഉഷച്ചേച്ചിയും തങ്ക വെല്ലിമ്മയും അന്നമാപ്ളിച്ചിയുമാണ്‌ കൊയ്ത്തുകാര്‍. അവരെ സഹായിക്കാന്‍ അവരുടെ മക്കളൊ ഭര്‍ത്താക്കന്‍മാരൊ ഉണ്ടാകും.

ചേമ്പും കൊള്ളിയും(കപ്പ) ചേര്‍ത്ത്‌ അമ്മ വെക്കുന്ന കറിയും കഞ്ഞിയും കാലത്തു തന്നെ പാടത്തേക്കെത്തിക്കുന്നത്‌ എന്‍െറ പണിയായിരുന്നു. കഞ്ഞി കുടിക്കുമ്പോഴും അന്നമാപ്ളിച്ചി കൊയ്ത്തു പാട്ട്‌ പാടികൊണ്ടിരിക്കും. ഉഷച്ചേച്ചി ഉടുമുണ്ട്‌ കാല്‍മുട്ടിനു മുകളിലാക്കി ചൊറിഞ്ഞുകൊണ്ടിരിക്കും.

ചേറ്‌ വികൃതമാക്കിയ വയല്‍ വരമ്പിലൂടെ മാംസം നഷ്ടപ്പെട്ട ഞവിണിത്തൊണ്ടുകള്‍ തട്ടിക്കൊണ്ട്‌ നാണിയമ്മായിയുടെ മകന്‍ ശാരങ്ങരതന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇടക്കിടെ ഞണ്ടിന്‍റെ ഉണങ്ങിയ തോടുകള്‍ അവന്‍ പൊറുക്കിയെടുക്കും. സമപ്രായക്കാരാണെങ്കിലും അല്‍പം മൂത്തത്‌ അവനായതുകൊണ്ട്‌ ചാരുച്ചേട്ടന്‍ എന്നാണ്‌ മൃണാളിനി വിളിച്ചിരുന്നത്‌. മൂട്‌ കീറിയ ചുവന്ന ട്രൌസര്‍ തുന്നിച്ചേര്‍ത്താണ്‌ ഇട്ടിരുന്നത്‌. മുണ്ടുടുക്കേണ്ട വളര്‍ച്ചയെത്തിയിട്ടും അവന്‌ ട്രൌസര്‍ തന്നെ. ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്നു. സ്ക്കൂളില്‍ പോയിരുന്നതും ഒന്നിച്ചാണ്‌. എന്‍റടുത്തു വന്നാല്‍ അവനെന്നെ പിച്ചുകയും നുള്ളുകയും ഇക്കിളിയാക്കുകയും ആണ്‌ പണി. എനിക്കതില്‍ പരിഭവമില്ലായിരുന്നു. അത്തരം വികൃതികള്‍ ഞാനും ആഗ്രഹിച്ചിരുന്നു.

"നീയിപ്പോള്‍ ഇള്ളക്കുട്ടിയല്ല. ഒത്ത പെണ്ണായി. തലേം മൊലേം വളര്‍ന്ന പെണ്ണ്‌. തൊട്ടും പിടിച്ചും കളി ഇനി വേണ്ട. ചാരുവും മുത്തനാണായി." ഞങ്ങളുടെ കളി കണ്ടപ്പോള്‍ ഒരിക്കല്‍ അമ്മ താക്കീതു നല്‍കി.

പിന്നെപ്പിന്നെ അമ്മ കാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അത്‌ പക്ഷെ നിര്‍വൃതിയുടെ മറ്റൊരു മേഘലയിലേക്കുള്ള പ്രയാണമായിരുന്നു. ഒരിക്കല്‍ പാടത്ത്‌ വളം ചേര്‍ക്കുന്നതിനു വേണ്ടി ഉഷച്ചേച്ചി ചാണകപ്പൊടി തയ്യാറാക്കുകയായിരുന്നു. നിലം ഉഴുന്നതിനുവേണ്ടി രണ്ട്‌ മൂരി(കാള)കള്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ ചാണകം വാങ്ങേണ്ടതില്ല. വീടിന്‍റെ പടിഞ്ഞാറ്‌ വശത്തായിട്ടായിരുന്നു തൊഴുത്ത്‌. തൊഴുത്തിനോടുചേര്‍ന്ന്‌ ചാണകക്കുഴി. ദിവസവും തൊഴുത്ത്‌ വൃത്തിയാക്കി ചാണകവും മൂത്രവും കൂടി ചാണകക്കുഴിയിലേക്ക്‌ മാറ്റും. തൊഴുത്തിനോട്‌ ചേര്‍ന്ന്‌ ഒരു വലിയ കുഴി മാത്രമാണ്‌ ചാണകക്കുഴി. കുഴിയുടെ പുറം ഭാഗത്ത്‌ ചാണകം ഉണങ്ങിയിരിക്കും. ഉള്ളിലേക്ക്‌ നിങ്ങുന്നതിനനുസരിച്ച്‌ ചാണകത്തിന്‌ നനവ്‌ കൂടികൊണ്ടിരിക്കും. ഉഷച്ചേച്ചി പുറത്തെ ഉണങ്ങിയ ചാണകവും ചാരവും ചേര്‍ത്താണ്‌ പൊടി തയ്യാറാക്കുന്നത്‌. ഉണങ്ങിയതിനാല്‍ കട്ടയായ ചാണകം രണ്ടു കൈകളിലെടുത്ത്‌ തിരുമ്മി ഉടക്കും. നനവ്‌ വിട്ടുമാറിയിട്ടില്ലാത്ത ചാണകത്തിന്‍റെ ഉള്ളില്‍ അല്‍പം തടിച്ച്‌ വീര്‍ത്ത്‌ ഭംഗിയുള്ള തൂവെള്ള പുഴുക്കളെ കാണാന്‍ എന്ത്‌ രസമാണെന്നൊ.

കുറെ നേരം നോക്കിയിരുന്നപ്പോള്‍ മടുപ്പ്‌ തോന്നി. ഉഷച്ചേച്ചിയെ സഹായിക്കാമെന്നുവെച്ചു. ചേച്ചിക്ക്‌ അഭിമുഖമായി കുന്തുകാലിലിരുന്നു.


"പാവാട നേരെയിട്ടിരിക്കെടി. തറവാട്‌ മുഴുവന്‍ എനിക്ക്‌ കാണാല്ലൊ..."കള്ളച്ചിരിയോടെ ഉഷച്ചേച്ചി.

ഒന്ന്‌ ചൂളിയെങ്കിലും അത്‌ കാര്യമാക്കാതെ ചാണകം തിരുമ്മിയുടക്കാന്‍ തുടങ്ങി.

"സൂക്ഷിച്ച്‌ തിരുമ്മ്‌. നിന്‍റെ മൊല കൂടി ചാണത്തിലേക്ക്‌ വീഴൂല്ലോ ഇപ്പൊ."
വെട്ടിത്തുറന്ന്‌ പറയാന്‍ മടിയില്ലാത്ത ഉഷച്ചേച്ചി ബ്ലൌസിനുള്ളില്‍ തിങ്ങിയമര്‍ന്ന മാറിടം കഴുത്തിനു താഴെ തുടിക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു. ചേച്ചിയുടെ വാക്കുകളില്‍ അസൂയയുടെ ചുവ ഉണ്ടായിരുന്നു. കൊയ്ത്ത്‌ കഴിഞ്ഞ്‌ രണ്ടു ദിവസത്തിനുശേഷമാണ് കറ്റ മതിക്കുന്നത്‌. കുണ്ട(കറ്റകളുടെ കൂന)കൂട്ടിയിരിക്കുന്ന കറ്റകള്‍ രണ്ടു ദിവസം കൊണ്ട്‌ പുഴുകി ആവിയെടുക്കും. അതിനുശേഷം മെതിക്കാന്‍ തുടങ്ങിയാല്‍ നെല്‍മണികള്‍ പെട്ടെന്ന്‌ വേര്‍പെട്ട്‌ കിട്ടും. കൊയ്ത്തവസാനിച്ചാലുടനെ അച്ഛന് നിലം പാടത്ത്‌ തന്നെയായിരിക്കും. കാലത്ത്‌ ചായ കുടിച്ച്‌ മൂരികളുമായിറങ്ങിയാല്‍ വൈകിട്ടെ തിരിച്ചെത്തു. അതിനിടയില്‍ ചായയും ചോറും പാടത്തെത്തിക്കും. വൈകീട്ട്‌ ഉഴവ കഴിഞ്ഞ്‌ മൂരികളെ കുഷ്ണാറക്കുളത്തില്‍ കൊണ്ടുപോയി തേച്ച്‌ കഴുകി സന്ധ്യയോടുകൂടി തിരിച്ചെത്തും.

അന്ന്‌ ഉച്ചയൂണ്‌ കഴിഞ്ഞ്‌ അമ്മ കൊയ്ത്ത്‌ പുരയിലേക്ക്‌ പോയി. പണിക്കിടയില്‍ സൊറ പറഞ്ഞിരിക്കുന്നത്‌ അമ്മക്കും പണിക്കാര്‍ക്കും സന്തോഷമായിരുന്നു. അച്ഛന് ചോറ്‌ കൊടുത്ത്‌ തിരികെ വന്നപ്പോള്‍ തൊഴുത്തിനരുകില്‍ ചാരുച്ചേട്ടന്‍ എന്തൊ തിരയുന്നു. പാത്രങ്ങള്‍ അകത്തുവെച്ച്‌ അവള്‍ തൊഴുത്തിനരുകിലെത്തി.

"ചേട്ടനെന്താ തിരയുന്നത്‌?"

"നിന്റച്ഛന്‍ കോവിന്ദന്‍ മൂരികളെ തല്ലുന്ന വടി എടുത്തോണ്ട്‌ വരാന്‍ പറഞ്ഞു. തൊഴുത്തിന്‍റെ ഇറയില്‍(ഓല മേഞ്ഞ ഇറക്ക്‌)വെച്ചിട്ടുണ്ടത്രെ"

ഉഴു
ത്‌

മറിക്കാതെ ഉറക്കം വരില്ല.
ഒരാഴ്ച
പുല്ലട്ടിനു(പുല്ലുകൂട്‌-തൊഴുത്തില്‍ പുല്ലും വൈക്കോലും കാളകള്‍ക്ക്‌ കൊടുക്കാന്‍ കെട്ടിയുണ്ടാക്കുന്ന കൂട്‌)മുകളിലെ ഓലകള്‍ക്കിടയില്‍ ഉണക്കിയെടുത്ത കണലി വടി തിരുകിവെച്ചിരിക്കുന്നത്‌ അവള്‍ കണ്ടു. പുല്ലൂട്ടിനു മുകളില്‍ കയറി നിന്ന്‌ അവള്‍ വടിയെടുക്കാന്‍ കൈ നീട്ടിയപ്പോള്‍ പിടി വിട്ട്‌ താഴേക്ക്‌ മറിഞ്ഞു. താഴെ നിന്ന ചാരുവിന്‍റെ ദേഹത്ത്‌ തട്ടി രണ്ടുപേരും കൂടി പുല്ലൂട്ടിലേക്ക്‌ വീണു. അള്ളിപ്പിടിച്ച്‌ അവര്‍ പുല്ലൂട്ടിലൊതുങ്ങിക്കൂടി. വിമുക്തരാവണമെന്ന്‌ രണ്ടുപേര്‍ക്കും തോന്നിയില്ല. കുറെ നിമിഷം അവരനുഭവിക്കാത്ത അനുഭൂതികളിലേക്ക്‌ ഊളയിട്ടു. സമയം പോയ്ക്കൊണ്ടിരുന്നതവരോര്‍ത്തതേയില്ല.

ചാരുവിനെ കാണാതെ അന്വേഷിച്ചെത്തിയ ഗോവിന്ദന്‍ പുല്ലൂട്ടിലെ അനക്കം കേട്ട്‌ നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. ഭ്രാന്ത്‌ കയറിയ അയാള്‍ കണലി വടിയെടുത്ത്‌ തൊഴിച്ചു. പുല്ലൂടിന്‍റെ അഴികളില്‍ തട്ടിയ വടി ഒടിഞ്ഞു. തല്ല്‌ കൊള്ളാതെ അവളെഴുന്നേറ്റ്‌ പുറത്ത്‌ ചാടി. പുലൂട്ടില്‍ കുടുങ്ങിയ അവന്‍ അയാളുടെ ചവിട്ടിനോടും തൊഴിയോടും മല്ലിടുമ്പോള്‍ അവള്‍ കാളത്തൊട്ടിക്ക്‌ പുറകിലായി ഒളിച്ചു.

അയാളുടെ കൈകളില്‍ നിന്ന്‌ രക്ഷപ്പെട്ട അവന്‍ വീട്ടിലേക്കോടി. ഇര നഷ്ട്പ്പെട്ട അയാളുടെ കോപം വര്‍ദ്ധിച്ചു. തൊഴുത്തിനു പുറത്തിറങ്ങിയ അയാള്‍ കോപം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു. ഒളിച്ചിരിക്കുന്ന മൃണാളിനിയുടെ കണ്ണുകളില്‍ ഭയവും പകപ്പുമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന്‌ ആശ്വസിക്കാമെങ്കിലും അച്ചനത്‌ വിശ്വാസമാകില്ല.

കാളത്തൊട്ടിക്കു പിന്നില്‍ നിന്ന്‌ മുടിക്കുത്തിനു പിടിച്ച്‌ അവളെ അയാള്‍ പുറത്തെടുത്തു. രൌദ്രഭാവത്തോടെ ഗോവിന്ദന്‍ അവളെ പിടിച്ചു വലിച്ച്‌ കൊയ്ത്ത്‌ പുരക്കരുകിലെത്തി. കൊയ്ത്തു പുരയുടെ അരികു ചേര്‍ന്ന്‌ നില്‍ക്കുന്ന പഴയ മുവാണ്ടന്‍ മാവിന്‍റെ താഴെ അവരെത്തി. എന്താണ്‌ സംഭവിക്കുന്നത്‌ എന്നറിയാതെ പണിക്കാരെല്ലാം സ്തംഭിച്ചുനിന്നു. അവളെ മാവില്‍ കെട്ടിയിട്ടു. പിന്‍ഭാഗം പുറത്തേക്കായി മുഖം മാവിനോട്‌ ചേര്‍ത്താണ്‌ കെട്ടിയത്‌.

"ഗോവിന്ദേട്ടന്‍ എന്ത്‌ പ്രാന്താ ഇക്കാണിക്കുന്നത്‌?"ഉഷച്ചേച്ചി ഇടപെട്ടു.

"മിണ്ടല്ലെടി കൂത്തിച്ചി. പ്രാന്ത്‌ നിന്റച്ഛനാ." കനത്ത ശബ്ധത്തില്‍ അയാളലറി.

ഒടിഞ്ഞ കണലി വടി കൊണ്ടവളുടെ പുറത്തയാള്‍ അടിക്കാന്‍ തുടങ്ങി. ഉഷച്ചേച്ചി വടി വങ്ങി ഒടിച്ചു കളഞ്ഞു. അച്ഛന്‍ ഉഷ്ച്ചേച്ചിയെ തള്ളി താഴെയിട്ടു. വര്‍ദ്ധിച്ച വീര്യത്തോടെ വേലിയില്‍ നിന്ന്‌ നീരോലി വടിയൊടിച്ച്‌ പാഞ്ഞടുത്തു. ചറപറാ പുറത്തടിച്ചു. എത്ര അടിച്ചിട്ടും മൃണാളിനിയില്‍ നിന്ന്‌ പ്രതികരണമൊന്നും വരാതായപ്പോള്‍ അയാള്‍ക്ക്‌ കലി കയറി. അയാള്‍ ഇടതു കൈ കൊണ്ട്‌ അരപ്പാവാടയും അടിയുടുപ്പും താഴെനിന്ന്‌ മുകളിലേക്ക്‌ ഉയത്തി പിടിച്ചു. കറുത്ത ഷഡ്ഡിക്കു മുകളില്‍ ചന്തികള്‍ നഗ്നമായി. പിന്നീട്‌ വടികൊണ്ടയാള്‍ ആഞ്ഞാഞ്ഞടിച്ചു. അവള്‍ നിയന്ത്രണം വിട്ട് അലറി കരഞ്ഞു. വെളുത്ത തുടകള്‍ ചുവന്നു തുടുത്തു. മൂക്കത്ത്‌ വിരല്‍ വെച്ച്‌ അത്ഭുതം കൂറിയ പെണ്ണുങ്ങള്‍ ശ്വാസം വിടാതെ നിന്നു. വടിയൊടിഞ്ഞ്‌ അകത്തുട പൊട്ടി ചോര വന്നപ്പോള്‍ അയാള്‍ നിറുത്തി. അപമാനവും ജാളൃതയും സഹിക്കാനാവാതെ മൃണാളിനി ബോധം നഷ്ടപ്പെട്ടതു പോലെ തല കുമ്പിട്ട്‌ നിന്നു.

മൃണാളിനിയെ കാണാനില്ലെന്ന തിരിച്ചറിവോടെയാണ്‌ നേരം വെളുത്തത്‌. കിണറുകളും കുറ്റിക്കാടുകളും തോടുകളും കുളങ്ങളും നാട്ടുകാര്‍ അരിച്ചുപൊറുക്കി.

കുഷ്ണാറക്കുളം തെരഞ്ഞ്‌ വരുന്നവരോടായി നാണിയമ്മായി വിളിച്ചു പറഞ്ഞു-
"അവനും അവളും കൂടി പൊറപ്പെട്ടു പോയി. "

8/11/09

ഹംസക്കോയ നാട്ടിലേക്കു തിരിച്ചു

8-11-2009
ഇടത്തരം മുതലാളിയെന്ന്‌ വിളിക്കാവുന്ന വ്യക്തിയാണ്‌ ചാക്കോസാര്‍. സര്‍ക്കാര്‍ അദ്ധ്യാപകനായിരുന്നു. പെന്‍ഷന്‍ പറ്റിയതിനുശേഷമാണ്‌ അല്ലറ ചില്ലറ കൃഷിപ്പണിയും മറ്റുമായി പറമ്പ്‌ നോക്കി സമയം കളയമെന്നുവെച്ചത്‌. പതിനൊന്നേക്കര്‍ സ്ഥലമുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കാതെ പറമ്പ്‌ കാട്‌ പിടിച്ച്‌ കിടക്കുകയായിരുന്നു. സ്ത്രീയും പുരുഷനുമടക്കം നാലഞ്ച്‌ തമിഴരെ മാസ ശബളത്തിന്‌ പണിക്ക്‌ നിറുത്തിയതോടെ പറമ്പിന്‍റെ ദയനീയാവസ്ഥ മാറി. പുല്ലൊക്കെ ചെത്തി വൃത്തിയാക്കി. അനാവശ്യമായ പാഴ്ചെടികള്‍ വെട്ടിമാറ്റി. വേണ്ടത്ര പരിചരണം കിട്ടിയപ്പോള്‍ കുരുടിച്ചു നിന്ന തെങ്ങുകള്‍ പുത്തനുണര്‍വ്വോടെ തല നീട്ടി. സമയം പോലെ ഇടവിളയായി ചേമ്പ്‌ ഇഞ്ചി കുരുമുളക്‌ കപ്പ തുടങ്ങിയവ കൂടിയായപ്പോള്‍ പറമ്പ്‌ കരിമ്പച്ച നിറത്താല്‍ നിറഞ്ഞുനിന്നു.

വെറുതെയിരിക്കാന്‍ കഴിയാത്ത ചാക്കോസാറിലെ കൃഷിക്കാരന്‍ അങ്ങിനെയാണ്‌ പുറത്തുവന്നത്‌. സാമ്പത്തികമായും മാനസികമായും അടിവെച്ചടിവെച്ച്‌ മുന്നേറി.

മടിയന്‍മാരായ പലര്‍ക്കും സറിന്‍റെ സമ്പത്തിക വളര്‍ച്ചയില്‍ അസൂയ വര്‍ദ്ധിച്ചു. മൂരാച്ചി പിശുക്കന്‍ മുരടന്‍ അറുത്ത കൈക്ക്‌ ഉപ്പു തേക്കാത്തവന്‍ എന്നിത്യാദി നാമങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ മത്സരിച്ചു. അസൂയക്കാര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ചാക്കോസാര്‍ പരോപകാരിയായിരുന്നു. പരദൂഷണമില്ല. വഴക്കില്ല. നാട്ടിലെ സാമൂഹിക വിഷയങ്ങള്‍ അറിയുകയും കൈയ്യയച്ച്‌ സംഭാവന നല്‍കുകയും ചെയ്തുപോന്നു.

പള്ളിക്കു നല്‍കുന്ന സംഭാവന കുറയുന്നതില്‍ പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു.സാറതത്ര കാര്യമാക്കാറില്ല. ദൈവത്തിന്‌ പണം ആവശ്യമില്ലെന്നാണ്‌ അദ്ദ്യേഹത്തിന്‍റെ ഭാഷ്യം.



പറമ്പിനേയും പണിക്കാരേയും മറന്നുള്ള ഒന്നിനും ചാക്കോസാര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ അയ്യായിരവും ആറായിരവും ശബളം നല്‍കി പണിക്കാരെ നിയോഗിച്ചത്‌. താമസം ഭക്ഷണം ആശുപത്രിചിലവ്‌ എല്ലാം സ്വയം വഹിച്ചു. പണിക്കാരിലും അതിന്‍റെ ആത്മാര്‍ത്ഥത ദൃശ്യമായിരുന്നു. സാറവര്‍ക്കിന്ന്‌ ദൈവമായിരിക്കുന്നു.

ഇത്രയൊക്കെയാണെങ്കിലും തെങ്ങു കയറാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ അല്‍പം പതറി. ദിവസവും കൊഴിഞ്ഞു വീഴുന്ന തേങ്ങ പറുക്കിയെടുക്കുന്നത്‌ ഒരു പുതിയ ജോലിയായി. എന്തൊക്കെ ചെയ്താലും എത്രയൊക്കെ കൊടുത്താലും തെങ്ങു കയറാന്‍ ആളില്ലാത്ത സ്ഥിതി. പുതിയൊരു പോംവഴിയെക്കുറിച്ചാലോചിച്ച്‌ ചാക്കോസാറിന്‍റെ ഉറക്കം ദിവസേന നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ഒടുവിലാണ്‌ പത്ര പരസ്യം നല്‍കാന്‍ തീരുമാനിച്ചത്‌-തെങ്ങു കയറാന്‍ ആളെ ആവശ്യമുണ്ട്‌. എണ്ണായിരം രൂപ മാസശബളം. എട്ടു മണിക്കൂറ്‍ പണി. വിശേഷ ദിവസങ്ങള്‍ക്കു പുറമെ ഞായറഴ്ചയും അവധി. താമസവും ഭക്ഷണവും നല്‍കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക-

ഒരാഴ്ചത്തേക്ക്‌ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നീട്‌ രണ്ടു പേര്‍ വിളിച്ചു. ശബളം പോരെന്ന്‌ പറഞ്ഞ്‌ അവര്‍ പന്‍മാറി. ദുബായില്‍ ഈന്തപ്പനത്തോട്ടത്തില്‍ പണിയെടുക്കുന്ന നാരായണനും സേവിയറൂം ഹംസക്കൊയയുമൊക്കെ വിളിച്ചപ്പോഴാണ്‌ ചാക്കോസാര്‍ ശരിക്കും ഞെട്ടിയത്‌.

ഒന്നു രണ്ടു തവണ നാരായണനും സേവിയറും ഫോണ്‍ ചെയ്ത്‌ പിന്‍മാറിയെങ്കിലും ഹംസക്കോയ പിന്‍മാറിയില്ല.

ടെലഫോണിലൂടെ കാര്യങ്ങള്‍ വിശദമാക്കി. ദുബായിലെ മണലാരണ്യത്തില്‍ എത്തിപ്പെട്ടിട്ട്‌ അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതിനിടയില്‍ അനുഭവിക്കാത്ത കഷ്ടപ്പാടുകളില്ല. കൊടും തണുപ്പും കടുത്ത ചൂടും ഹംസക്കോയയുടെ ശരീരത്തെ നോവിച്ചെങ്കിലും ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാനായി. വല്ലപ്പോഴും ലഭിക്കുന്ന അറുന്നൂറ്‌ ദിര്‍ഹം വീട്ടിലെത്തിച്ചാലും ചിലവുകള്‍ ബാക്കി. വങ്ങിയ കടം കുമിഞ്ഞുകൂടുന്നു.

തെങ്ങു കയറി പരിചയമില്ലെങ്കിലും വളരെ ഉയരത്തിലുള്ള ഈന്തപ്പനയില്‍ അള്ളിക്കയറുന്ന താന്‍ ഒരാഴ്ചക്കുള്ളില്‍ തെങ്ങു കയറിത്തരാമെന്ന്‌ സറിന്‌ വാക്കു കൊടുത്തു. ഹംസക്കോയ ശബളമൊന്നും കൂടുതല്‍ ആവശ്യപ്പെട്ടില്ലെങ്കിലും പതിനായിരം നല്‍കാമെന്ന്‌ ചാക്കോസാര്‍ ഉറപ്പു നല്‍കി.

തെങ്ങു കയറ്റം അറിയില്ലെന്നും ഒരാഴ്ചക്കുള്ളില്‍ കയറിത്തരാമെന്ന വാക്കും സാറിന്‌ വിശ്വാസമായി. മുകളില്‍ കയറാന്‍ ധൈര്യമുള്ള ഒരാളെയായിരുന്നു സാറിനാവശ്യം. കാരണം തെങ്ങുകയറ്റ യന്ത്രം ഉപയോഗിക്കുന്നതിക്കുറിച്ച്‌ സാറ്‌ മനസ്സിലാക്കി വെച്ചിരുന്നു. ടെലഫോണില്‍ കൂടി കരാര്‍ ഉറപ്പിച്ചു.

സ്വര്‍ണ്ണം കൊയ്യാനിറങ്ങിത്തിരിച്ച ഹംസക്കോയ പുത്തനാവേശത്തോടെ അഞ്ചു വര്‍ഷത്തിനുശേഷം നാട്ടിലേക്ക്‌ തിരിച്ചു. നാടിന്‍റെ പച്ചപ്പുകളിലേക്ക്‌ വിമാനമിറങ്ങുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍ നാളെയുടെ അന്നം തെളിഞ്ഞുനിന്നു.