15/1/12

"മലയാളം ന്യൂസ്" പത്രത്തില്‍ വന്നത്....



15-01-2012

ഒരു കഥ കൂടി ഇന്നത്തെ (15-01-2012) "മലയാളം ന്യൂസ്" പത്രത്തില്‍ വന്നത്....
"അവള്‍  വെറുതെ കിടന്നതാണ്" എന്ന കഥ നേരിട്ട് വായിക്കുവാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി


1/1/12

ഒളിച്ചോട്ടം തുടരുന്നു....

 05-01-2012

അന്നത്തെ ഒരു ധൈര്യം..!ഇപ്പോഴോർക്കുമ്പോൾ ഭയം തോന്നുന്നു. ഏറുകൊണ്ട പട്ടിയെപ്പോലെ കുരച്ച്‌ ചാടുകയല്ലായിരുന്നൊ ഓരോ വാക്കിന്‌ പുറകേയും. അച്ഛനൊ അമ്മയൊ നാട്ടുകാരൊ ആരായാലും ഒന്നും കേള്‍ക്കാൻ തയ്യാറല്ലാത്ത മനസ്സ്‌. പ്രേമത്തിന്റെ ഒരു ശക്തിയേ..!

നായര്‌ പെണ്ണ് ചെത്തുകാരന്റെ മോനെ സ്നേഹിച്ചാൽ മതമൊന്നായാലും ഉപജാതികൾ സഹിക്കില്ലത്രെ. കണ്ടും കേട്ടും മർദ്ദനങ്ങൾ സഹിച്ചും ഒടുവിൽ രാത്രിക്കുരാത്രി അപ്പുവുമൊത്ത്‌ വണ്ടി കയറി സ്ഥലം വിട്ടു. 

ഒരു കൊല്ലം മുൻപ്‌ അപ്പേട്ടനും മോനുമൊത്ത്‌ വിദേശജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിക്കുമ്പോൾ മനസ്സ്‌ നിറയെ ആശങ്കകളായിരുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ എല്ലാരേയും ധിക്കരിച്ച്‌ ഓടിപ്പോയവർ തിരിച്ചെത്തുമ്പോൾ ലഭിക്കാവുന്ന പ്രതികരണം മോശമായിരിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ്‌ യാത്ര തിരിച്ചത്‌. വളർത്തി വലുതാക്കിയവരെ ഒരു വികാരത്തിന്‌ ശത്രുക്കളാക്കിയതിന്റെ കുറ്റബോധവും, നാട്ടിൽ നഷ്ടപ്പെട്ട വേരുകൾ തിരിച്ച്‌ പിടിക്കുന്നതിന്റെ ബുദ്ധിമുട്ടും, മോന്റെ പഠിപ്പവിടെ പൂർത്തീകരിക്കണമെന്ന ആഗ്രഹവും ഒന്നിച്ചപ്പോഴാണ്‌ വരവ്‌ നീണ്ടുപോയത്‌.

നരച്ച മുടിയിഴകൾ കറുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സുനന്ദ ചിന്തിച്ചത്‌ കാലങ്ങൾ മായ്ച്ചുകളഞ്ഞ വൈരാഗ്യവും പണം അടുപ്പിക്കുന്ന ബന്ധങ്ങളേയുമാണ്‌.

കാലത്തിന്‌ മായ്ക്കാൻ കഴിയാത്ത കാര്യങ്ങളില്ലെന്ന ഉപദേശം കാര്യമാക്കിയില്ല. വർഷങ്ങൾക്കുശേഷം കാണുമ്പോഴുണ്ടാകുന്ന ആകാംക്ഷയേയും പണത്തിന്റെ ധാരാളിത്തം സൃഷ്ടിക്കുന്ന പുറംകാഴ്ചകളേയുമാണ് കാലം മായ്ച്ചു എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്‌, വിശ്വസിക്കുന്നത്‌. പ്രകടമായ മാറ്റങ്ങൾ സമ്മാനിച്ചിരിക്കുന്ന ശരീരങ്ങള്‍ ഒഴിച്ചുനിർത്തിയാൽ, പഴയ പലരും അന്ന് പറഞ്ഞ വാക്കുകൾ ഇന്നലത്തേതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു.

അരികിലെത്തിയ കാൽപ്പെരുമാറ്റം കേട്ട്‌ മുഖമുയർത്തിയപ്പോൾ അത്ഭുതപ്പെട്ടു. മഞ്ചു.പി. നായർ. തിരിച്ചെത്തിയപ്പോൾ ആദ്യം കാണാൻ ആഗ്രഹിച്ച മുഖം. പലരോടും അന്വേഷിച്ചു. ഒരു പണച്ചാക്കിനെ കല്യാണം കഴിച്ച്‌ സുഖമായി കഴിയുന്നു എന്നറിഞ്ഞു. ആ സുഖത്തിന്റെ ഭാവങ്ങളൊന്നും മഞ്ചുവിന്റെ മുഖത്ത്‌ കണ്ടെത്താനായില്ല. എല്ലിച്ച ശരീരത്തിൽ പണക്കൊഴുപ്പിന്റെ അടയാളമായി സാരി മാത്രമാണ്‌ തെളിഞ്ഞു നിന്നിരുന്നത്‌.

"ഇതാര്‌..? മഞ്ചു.പി.നായരോ? നിയ്യാകെ കോലം കെട്ടു പോയല്ലോ മോളെ." സമ്മിശ്രവികാരത്തോടെ അത്രയും പറയുമ്പോൾ അത്ഭുതം അടങ്ങിയിരുന്നില്ല.

"ആ പേരെല്ലാം കോളേജിലെ ചെല തമാശകളായിപ്പൊ തോന്നുന്നു സുനന്ദ. നിയ്യൊന്നും  ഇതുവരെ കേട്ടിട്ടില്ലാത്ത തെറികളാണ്‌ ഇപ്പോളെന്റെ പേരുകൾ. മൂക്കറ്റം കള്ളും കുടിച്ച്‌ വീട്ടിലെത്തുന്ന ന്റെ നായ്‌ര്ക്ക്‌ ഞാൻ പെല്യാട്ച്യും കൂത്തിച്യും ആണ്‌. പണംണ്ട്‌ ധാരാളം. അതോണ്ട്‌ ജീവിതാവൊ?"

മഞ്ചുവിന്റെ വാക്കുകളിൽ നിന്ന് അവളുടെ ജീവിതം വായിച്ചെടുത്തു. അവളുടെ ദുഃഖം  പുറത്ത്‌ ചാടാൻ വെമ്പൽ കൊള്ളുന്നതായി തോന്നി. രൂപം മാറിയെങ്കിലും സംസാരത്തിന്‌ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഞാൻ വർത്താനം തൊടങ്ങ്യാ ന്റെ കാര്യങ്ങളും അന്യന്റെ കുറ്റങ്ങളും മാത്രാവും. അതോണ്ട്‌ സുനന്ദ സുനന്ദേടെ  വിശേഷങ്ങള്‌ പറയ്‌."

"എനിക്ക്‌ സുഗാ മഞ്ചു. അപ്പേട്ടനും നല്ല സ്നേഹണ്ട്‌. മോനും അങ്ങനന്യാ."

"സുനന്ദ വന്നപ്പൊ മൊതല്‌ നിന്നെ കാണാൻ വരണംന്ന് വിജാരിച്ചിട്ട്‌ ഇപ്പ്ഴാ പറ്റീത്‌. ഞാൻ തനിച്ച്‌ പൊറത്ത്‌ പോയാ ന്റെ നായ്‌ര്‌ക്ക്‌ പിടിക്കില്യ. പിന്നെ തെറീം ബഹളാ. അതോണ്ടാ വൈകീത്‌. ഇപ്പൊത്തന്നെ ചെല്ലുമ്പൊ എന്താണ്ടാവാന്ന് അറീല്യ. ന്നാലും നിന്നെക്കണ്ട്‌ ഞാൻ നിന്നോട്‌ ചെയ്ത തെറ്റിന്‌ മാപ്പ്‌ പറയാണ്ട്‌ ഒര്‌ സമാധാനോംല്യ."

"നിയെന്ത്‌ തെറ്റാ എന്നോട്‌ കാട്ടീത്‌? അതൊക്കെ പഠിക്കണ സമയത്ത്‌ ഇണ്ടാവണ വികൃതീം കുശൂമ്പും ഒക്ക്യല്ലെ. അതൊന്നും തെറ്റല്ല. ഞാനാലോജിക്കുമ്പൊ, നിങ്ങളൊക്കെക്കൂടി അന്ന് അങ്ങനെ ചെയ്തോണ്ടാ ഇന്നിനിക്ക്‌ അപ്പേട്ടനൊന്നിച്ച്‌ ജീവിക്കാൻ പറ്റ്ണേന്നാ."

"അസൂയ തന്നെയായിരുന്നെന്നാ തോന്നണേ. അന്ന്, നിന്നെക്കാൾ സൗന്ദര്യൊള്ള ഇനിയ്ക്കി പറ്റാത്തത്‌ നീ ചെയ്തപ്പൊ തോന്നീത്‌. ന്റെ അഹങ്കാരത്തിന്റെ ഫലാ ഇനിയ്ക്കി കിട്ട്യെ നായ്‌രും. വേറൊരു കാര്യങ്കൂടി പറയവ്വേണ്ടിട്ടാ തെരക്ക്‌ പിടിച്ച്‌ വന്നത്‌." 

"അതെന്താ മഞ്ചു?"

"നിന്റെ മോനല്ലെ ഉണ്ണി?"

"അതെ."

"ഞങ്ങടെ അട്ത്തൊള്ളൊരു കര്‌വാത്തിപ്പെണ്ണായി അവൻ സ്നേഹത്തിലാ."

"ഉണ്ണി നമ്മെപ്പോലൊന്ന്വല്ല മഞ്ചു. അവന്‌ എല്ലാരും സുഹൃത്ത്ക്കളാ."

"അങ്ങന്യല്ല സുനന്ദ. ഇവ്ട്ന്ന് കൊറെ ദൂരംണ്ടല്ലോ. അതോണ്ട്‌ നിയ്യറിയാഞ്ഞിട്ടാ. ഞാമ്പണ്ട്‌ നിന്നോട്‌ കാട്ട്യ തെറ്റിനൊര്‌ പരിഹാരാവൂല്യേന്ന് വെച്ചാ ഞാമ്പറഞ്ഞത്‌."

"ഇത്‌ പരിഹാരല്ല മഞ്ചു. തെറ്റ്‌ ആവർത്തിക്കലാ. ഇനി അങ്ങനെന്തെങ്കിലും അവന്‌ തോന്ന്യാത്തന്നെ അത്‌ നടത്തിക്കൊട്ക്ക്ണേലെന്താ തെറ്റ്‌?"

"ആ കര്‌വാത്തിപ്പെണ്ണിന്യോ? സങ്ങതി അവളൊര്‌ മൊതലാ. ആര്‌ കണ്ടാലും നോക്കി നിക്കേം ചെയ്യും. പണംല്യേലും അവൾടെ മിട്ക്കോണ്ട്‌ പഠിച്ച് കമ്പ്യൂട്ടർ ഇഞ്ചിനിയറായി. എന്നുവെച്ച്‌ മണ്ണും പൊടീം പിടിച്ച്‌ കെടക്കണ കര്‌വാന്റെ ആലേലെ പെണ്ണിനെ കെട്ട്വെ..? കള്ളുങ്കുടിച്ച്‌ ബൊതല്യാണ്ട്‌ നടക്കണ അയാടെ മോളെ കെട്ട്വെ..?നിനക്കൊരന്തസ്സില്യെ?"

"അതിനയാൾടെ മോളെന്ത്പെഴച്ചു? അവന്‌ ഇഷ്ടാണെങ്കി ഞങ്ങളെതിർക്കില്ല മഞ്ചു."

"നിയ്യൊരു പാവാ സുനന്ദേ. കണ്ണടച്ച്‌ എല്ലാരേം അങ്ങ്ട്‌ വിശ്വസിക്കും."

"മഞ്ചു വെഷമിക്കണ്ട. ഞാനവനോട്‌ ചോദിക്കാം."

"ഇന്നന്നെ ചോയ്ക്കണം. അവനും ഇവ്ടെ ണ്ടാവുന്നാ ഞാങ്കര്‌ത്യെ. നേരിട്ട്‌ പറയാന്നും കര്‌തി."

"ഇതിപ്പൊ ഇത്രേം തെരക്കെന്താ?"

"തെരക്ക്ണ്ട്‌...ആ പെണ്ണിനേ....ഇപ്പൊ വയ്റ്റ്ലിണ്ട്‌. ഞങ്ങടെ അട്ത്ത്‌ എല്ലാരും അറിഞ്ഞു."

ഒരു നിമിഷം അരുതാത്തത്‌ എന്തൊ കേട്ടത്‌ പോലെ തോന്നിച്ചു. കാര്യത്തിന്റെ ഗൗരവം ഇങ്ങിനെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

"നേരം ഒര്‌ പാടായി. ഞാമ്പോട്ടെ സുനന്ദേ. നിന്റെ അപ്പേട്ടനെ കാണാമ്പറ്റീല്യല്ലൊ."

"അപ്പേട്ടൻ വൈകീട്ടേ എത്തൂ. ചെറിയൊര്‌ ബിസിനസ്‌ണ്ട്‌. ജീവിക്കണ്ടേ‌?"

"കളിയാക്കല്ലെ മോളെ."

"ഞങ്ങളെല്ലാരുംങ്കൂടെ ഒരീസം നിന്റെ വീട്ടിലേക്ക്‌ വരണ്‌ണ്ട്‌."

മഞ്ചു പോയിക്കഴിഞ്ഞപ്പോൾ പഴയതു പോലെ ഒരു ഭയം കടന്നു കൂടി. എങ്ങും എത്താത്ത ഒരുപിടി ചിന്തകൾ കലമ്പൽ കൂട്ടി. മഞ്ചു പറഞ്ഞത്‌ നുണയാണെന്ന് വിശ്വസിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

എന്റെ മോൻ എന്നെപ്പോലെയോ അപ്പേട്ടനെപ്പോലെയോ ആയിരിക്കില്ലേ? ഇനി അങ്ങിനെ അല്ലെന്നാണൊ മഞ്ചു പറഞ്ഞതിൽ നിന്നു കരുതേണ്ടത്‌? അത്തരം മോശപ്പെട്ട സംഭവങ്ങളൊന്നും ഇതുവരെ അവനിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. കുറഞ്ഞ സമയം കൊണ്ട്‌ ഇങ്ങിനെ ഒരു ബന്ധം സാധ്യമാണോ? അപ്പേട്ടനോട്‌ ആദ്യമായി ഒന്ന് മിണ്ടിക്കിട്ടാൻ ഒരു കൊല്ലത്തോളം കാത്തിരിക്കേണ്ടി വന്നത്‌ ഓർത്തു.

അപ്പുവിന്റേയും ഉണ്ണിയുടേയും സാന്നിദ്ധ്യത്തിൽ, മഞ്ചു വന്നതും പറഞ്ഞതും, എടുത്തിട്ടു. കേട്ട്‌ കഴിഞ്ഞിട്ടും പ്രത്യേക ഭാവഭേദങ്ങളൊന്നും ഉണ്ണിയിൽ കണ്ടില്ല.

അവിശ്വസനീയത നിഴലിച്ച അപ്പുവിൽ ക്രമേണ രൂപഭാവങ്ങൾ മാറി ക്രോധം സ്പുരിച്ചു. ദേഷ്യം ജ്വലിച്ച മുഖത്തേക്ക്‌ നോക്കാൻ ഭയം തോന്നി. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം.

"നീയിത്‌ എന്ത്‌ ഭാവിച്ചാ ഉണ്ണീ." അപ്പു ഉണ്ണിയോടായി ചോദിച്ചു.

അവനൊന്നും മനസ്സിലാകാത്തത്‌ പോലെ ഡാഡിയെ നോക്കി, തെറ്റ്‌ ചെയ്യാത്ത കുട്ടിയുടെ ഭാവത്തോടെ.

"നിയാ പെണ്ണിനെ കല്യാണം കഴിക്കാനാണൊ തീരുമാനിച്ചിരിക്കുന്നത്‌?"

"അതിനെന്താ കുഴപ്പം?" പെട്ടെന്ന് ഞാനതില്‍ കയറിപ്പിടിച്ചു.

"ആ കരുവാത്തിപ്പെണ്ണിനെ.....അല്ലേ? അതിയനവർക്കെന്ത്‌ യോഗ്യതയാടി." അയാളുടെ ശരീരം വിറച്ചു തുടങ്ങി.

ആപ്പേട്ടന്റെ പുതിയൊരു മുഖം ആദ്യമായി കാണുകയായിരുന്നു. അപ്പേട്ടന്‌ എന്ത്‌ യോഗ്യത ഉണ്ടായിട്ടാണ്‌ എന്നെ ഇറക്കിക്കൊണ്ടുപോയത്‌ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്‌ മിണ്ടിയില്ല.

കാലങ്ങൾ മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങൾ ഇത്രയും തീവ്രമാകുന്നതെങ്ങിനെ? പഴയ കാലം പാടെ വിസ്മരിച്ച്‌ ജീവിക്കാൻ കഴിയുന്നതെങ്ങനെ? പറയുന്ന വാക്കിന്‌ ഒരു ഉളുപ്പ്‌ പോലും തോന്നാത്തതെന്താ? നേടിയതിനേക്കാള്‍ നേടണമെന്ന ആർത്തിയോ? അപ്പോൾ അപ്പേട്ടൻ സ്വാർത്ഥനാണ്‌. ഞാനന്ന് ഒന്നും ആലോചിക്കാതെ അപ്പേട്ടനെക്കൂടെ ഒളിച്ചോടിയത്‌ വെറും വികാരമായിരുന്നൊ? അപ്പേട്ടന്‌ അന്നൊരു ജോലി കിട്ടിയില്ലായിരുന്നെങ്കിൽ തന്റെ സ്ഥിതി എന്താകുമായിരുന്നു? അല്ലെങ്കിൽ അപ്പേട്ടനിലെ ഈ ആർത്തി ദുരഭിമാനത്തിന്റെ ലക്ഷണമല്ലേ? ഒരു പിടിയും കിട്ടുന്നില്ലല്ലോ.

"ഡാഡിയും മമ്മിയും ഇക്കാര്യത്തിലെന്തിനാ വെറുതെ തർക്കിക്കുന്നത്‌? അവിടത്തെ എന്റെ സുഹൃത്തുക്കളെപ്പറ്റി നിങ്ങൾക്കറിയാലൊ. അവരാരെങ്കിലും എന്നെപ്പറ്റി ഇന്നുവരെ ഒരു കമ്പ്ലെയിന്റ്‌ പറഞ്ഞിട്ടുണ്ടൊ?"

"അതുപോലാണൊ ഇത്‌..?"  സംശയത്തോടെ....

"എന്താ വിത്യാസം? ഇവിടേയും എനിക്ക്‌ കുറെ സുഹൃത്തുക്കളുണ്ട്‌. അവരിലൊരുവളാണിവൾ." നിസ്സാരം.

മകനെ മനസ്സിലാക്കുന്നതിൽ തെറ്റ്‌ പറ്റിയതൊ, കാലത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനുള്ള കഴിവില്ലായ്മയൊ, വ്യത്യസ്ഥമായ രണ്ട്‌ സാഹചര്യങ്ങൾ തമ്മിലുള്ള മത്സരമൊ എന്താണെന്ന് നിശ്ചയമില്ലാതായി.

"എടാ..അവൾ ഗർഭിണിയാണ്‌." ഞാന്‍ സ്വരം താഴ്ത്തി പറഞ്ഞു.

"അതിനെന്താ?"

"ഒരു പരിഹാരം വേണ്ടെ?"

"പരിഹാരൊ....അതവളാണ്‌ ചിന്തിക്കേണ്ടത്‌. സൗഹൃദം നിലനിർത്തേണ്ടത്‌ രണ്ടുപേരുടേയും ഉത്തരവാദിത്വമാണ്‌ അതിന്‌ വിഘാതമായി വരുന്ന സംഭവങ്ങളെ ഇല്ലായ്മ ചെയ്യാൻ അവളും ബാദ്ധ്യസ്ഥയാണ്‌."

"എടാ...ഇത്‌ ഗ്രാമമാണ്‌. ഇവിടെ ചെല സംസ്ക്കരംണ്ട്‌. അതിനെ ധിക്കരിച്ച്‌ കഴിയാന്നാണൊ നീ വിചാരിക്കുന്നത്‌?"

"പിന്നെ ഞാനെന്താ ചെയ്യേണ്ടത്‌?"

"നീയ്യവളെ വിവാഹം കഴിക്കണം."

"അത്‌ പറ്റില്ല!! സൗഹൃദം സൗഹൃദമാണ്‌. അതിന്റെ പരിധി തീരുമാനിക്കേണ്ടത്‌ സുഹൃത്തുക്കൾ തമ്മതമ്മിലാണ്‌. സൗഹൃദത്തിലൂടെ വേണമെങ്കിൽ ഇണയെ തെരഞ്ഞെടുക്കാം. ഇണയെ തെരഞ്ഞെടുക്കനുള്ള വഴി മാത്രമല്ല സൗഹൃദം."

"മതി നിന്റെ വേദാന്തം. വേദാന്തോം പറഞ്ഞോണ്ടിരുന്നാ നാട്ടുകാരുടെ തല്ല് കൊള്ളാം."

"ഇവിടെ ജീവിക്കാൻ എനിക്ക്‌ താൽപര്യമില്ലെന്ന് ഞാൻ അമ്മയോട്‌ നേരത്തെ പറഞ്ഞിരുന്നതല്ലേ?"

പറിച്ചുനടൽ പച്ച പിടിക്കണമെങ്കിൽ കാലാവസ്ഥയിൽ മാറ്റം സംഭവിക്കരുതെന്നു മനസ്സിലാക്കാൻ കായ്ഫലങ്ങൾ ഉണ്ടാകുന്നത്‌ വരെ കാത്തിരിക്കേണ്ടി വന്നു. സ്വയം ആശ്വാസത്തിന്റെ പഴുതുകൾ തേടുമ്പോൾ കൂടെയുള്ളവരെ അറിയാമെന്ന് നടിക്കുന്നത്‌ നാട്യം മാത്രം. അവന്‌ അവന്റെ ശരികൾ. ദീർഘനിശ്വാസം....

"മതി...ഇനി പിന്നെയാവാം." കിടക്കാനായി എഴുന്നേറ്റ അപ്പുവിൽ കോപം വിട്ടകന്ന ആശ്വാസം കാണാനായി.

"നാളെയായാലും മറ്റന്നാളായാലും എന്നായാലും എനിക്കിതേ പറയാനുള്ളു." അവന്റെ സ്വരം ദൃഢമായിരുന്നു.

കാഴ്ചകൾ ഇരുട്ടിൽ ഒളിച്ച്‌ കിടക്കുന്ന ഒരു രാത്രി.

കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ വീമാനത്താവളം ലക്ഷ്യമാക്കി കാറ്‌ പായുകയാണ്‌. ആരും കാണാതെ ആരേയും അറിയിക്കാതെ ഒരൊളിച്ചോട്ടം.

മൂന്ന് മനസ്സുകൾ നിശബ്ദമാണ്‌ കാറിനകത്ത്‌ -പിൻതുടരുന്ന കുറ്റബോധം, ദുരഭിമാനത്തിന്റെ കെട്ട്‌ പിണച്ചിൽ, നിസ്സംഗതയോടെ നിസ്സാരമായി- 

19/12/11

പ്രതിഷേധസമരം
19-12-2011
ജയലക്ഷ്മി പാവമാണ്‌. വീട്ടിലെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിൽ സർക്കാർ സ്കൂളിൽ പഠിക്കുന്നു. ആവരേജ്‌ പഠിപ്പ്‌. മറ്റുള്ളവരെപ്പോലെ മാതാപിതാക്കളെ നോക്കണം എന്നാണ്‌ ചിന്ത മുഴുവനും. എസ്‌.എസ്‌.എൽ.സി. കടന്നു കൂടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്‌ നേരത്തേ ചിന്തിച്ചു തുടങ്ങി. പഠിച്ചുകൊണ്ടതിന്‌ കഴിയില്ലെന്ന്‌ ജയലക്ഷ്മിക്ക്‌ നല്ല ബോദ്ധ്യമുള്ളതിനാൽ മറ്റു മാർഗ്ഗങ്ങളെക്കുറിച്ച അന്വേഷണത്തിലാണ്‌.

മോണോ ആക്റ്റ്‌, ഓട്ടന്തുള്ളൽ, നാടോടി നൃത്തം എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്‌ അർഹത നേടിയ ജയലക്ഷ്മി വെറും പാവമല്ലെന്ന്‌ സ്കൂൾ മുറുമുറുത്തു. ജയലക്ഷ്മിക്ക്‌ പക്ഷെ അവിടേയും തൃപ്തി കൈവന്നില്ല. ചുരുങ്ങിയത്‌ അഞ്ചെട്ട്‌ ഐറ്റത്തിനെങ്കിലും പങ്കെടുക്കാൻ ആയാലെ കാര്യമുള്ളു എന്നായി. ചിത്രം വരക്കാനൊ പാട്ട്‌ പാടാനൊ കഴിവ്‌ വേണം. ഭരതനാട്യമൊ മറ്റ്‌ ഡാൻസുകളൊ ആവാമെന്നു വെച്ചാൽ ഡ്രസ്സുകൾക്കുള്ള പണത്തിന്‌ എവിടെ പോകും? ഇവിടേയും പ്രതീക്ഷകൾ നശിക്കുന്നതായി അനുഭവപ്പെട്ടു. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സ്‌ കലുഷിതമായി തുടർന്നു.

സ്കൂൾ ഗ്രൗണ്ടിൽ സൊറ പറഞ്ഞ്‌ നടന്നപ്പോൾ ഒരു രസത്തിനാണ്‌ കൂട്ടുകാരിയുടെ അസ്ഥാനത്ത്‌ ഒന്ന് തോണ്ടിയത്‌. ഒപ്പം മൈതാനത്തിന്റെ അങ്ങേ തലക്കലേക്ക്‌ ഒരോട്ടവും കൊടുത്തു. സ്കൂളിന്റെ വേഗമേറിയ താരമുണ്ടൊ വിടുന്നു? അവൾ ജയലക്ഷ്മിയെ ഓടിച്ചു. പിടിക്കാനായില്ല. കിതച്ച്‌ തളർന്ന് ഗ്രൗണ്ടിന്റെ അറ്റത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്ന ജയലക്ഷ്മിക്കരുകിൽ ഓടിയെത്തിയ കൂട്ടുകാരിയുടെ ചമ്മൽ മുഖത്ത്‌ തെളിഞ്ഞു കാണാമായിരുന്നു.

കലാരംഗം എന്ന തട്ടകം കായിക രംഗത്തേക്ക്‌ വഴി മാറിയത്‌ ആ സംഭവത്തോടെയായിരുന്നു. ബാലാരിഷ്ടതകൾ കടന്ന്, ചെന്നെത്തി നിന്നത്‌ നൂറ്‌ മീറ്റർ ഓട്ടത്തിൽ. കൂട്ടുകാരിയുടെ വേഗവും മറികടന്ന് കുതിക്കുന്നതിന്‌ ശക്തി കിട്ടിയത്‌ കുടുംബത്തിലെ ജീവിതത്തിന്റെ തുറിച്ചു നോട്ടമാണ്‌.

തിരിഞ്ഞു നോക്കാതെ ജയലക്ഷ്മി കുതിച്ചു കൊണ്ടിരുന്നു. പഴയ റെക്കോഡുകൾ തിരുത്തി പുതിയ റെക്കോഡുകൾ സ്ഥാപിച്ചു‌. സബ്ജില്ല, ജില്ല, സംസ്ഥാനം, ദേശിയം എന്നിങ്ങനെ പടർന്നു കയറിയ വേഗം എസ്‌.എസ്‌.എൽ.സിയും കടന്ന് മുന്നോട്ട്‌ പോകാൻ സുഗമമായ വഴിയൊരുക്കി. അന്തർദ്ദേശിയ മത്സരങ്ങളിലെ സാന്നിദ്ധ്യം റെയിൽവേയിലെ ജോലിക്ക്‌ കാരണമായി. ഉൾക്കാഴ്ചയോടെയുള്ള നിശ്ചയദാർഢ്യത്തിന്റെ ചിഹ്നമായി ലഭിച്ച ഉദ്യോഗത്തിൽ ഏറെ സന്തോഷിച്ചു. ആഗ്രഹിച്ചത്‌ നേടിയെടുക്കാനായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന്‌ പങ്ക്‌ വഹിച്ച ദൃശ്യ-മാധ്യമ മീഡിയകൾക്ക്‌ ജയലക്ഷ്മി നന്ദി പറഞ്ഞു.

ഉദ്യോഗസ്ഥ ആയതോടെ കുടുംബവും ജീവിതവും കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചത്‌ കായിക രംഗത്തോട്‌ ചെറിയ അകൽച്ചക്ക്‌ കാരണമായി. പിന്നീട്‌, ഉദ്യോഗത്തിലെ ഉയർച്ചക്ക്‌ വേണ്ടി മാത്രം ട്രാക്കിലേക്കിറങ്ങുന്ന ജയലക്ഷ്മി വിവാഹം കഴിച്ചത്‌ സ്പോർട്ട്സ്‌ താരത്തെ തന്നെ.

കഠിന പ്രയത്നം നടത്തിയാണെങ്കിലും രാജ്യത്തിന്റെ യസസ്സ്‌ ഉയർത്തുന്നതിന്‌ അന്താരാഷ്ട്ര
വേദികളിൽ കടന്നു കൂടാനുള്ള ഭർത്താവിന്റെ ആഗ്രഹങ്ങൾ പലപ്പോഴും നിഷ്പ്രഭമായിത്തീർന്നു. കൂട്ടിയാൽ കൂടാത്ത തന്റെ കഴിവില്ലായ്മയെ പഴിക്കാതെ ജയലക്ഷ്മിയിലൂടെ അത്‌ നേടിയെടുക്കാമെന്ന്‌ അയാൾ കണക്കു കൂട്ടി.

അയാളുടെ കണക്ക്‌ കൂട്ടലുകൾ ജയലക്ഷ്മിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. മറിച്ച്‌ ദാമ്പത്യത്തിൽ അത്‌ ചെറിയ കല്ലുകടിയായി മുഴച്ചു നിന്നു.

റെയിൽവേയിൽ ജയലക്ഷ്മിക്ക്‌ ലഭിക്കാവുന്ന ഉയർന്ന മേഖലകൾ കൈപ്പിടിയിലൊതുക്കി കായികരംഗത്തെ കൈവെടിഞ്ഞു. ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിച്ചു നിലനിർത്താൻ കായികവേദി തടസ്സമാകുമെന്നും, കുടുംബസുഖത്തിന്റെ തൃപ്തിക്ക്‌ അതൊരു ബാദ്ധ്യതയാകുമെന്നും അവൾ ഭർത്താവിനോട്‌ വാദിച്ചു.

ജനിച്ച രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിയെടുക്കാൻ ഗവൺമന്റ്‌ ചെയ്യുന്ന സഹായങ്ങൾ സ്വന്തം ജീവിത സൗകര്യങ്ങൾക്ക്‌ മാത്രമായി ചുരുക്കി കാണുന്നത്‌ രാജ്യസ്നേഹമില്ലായമയാണ്‌. രാജ്യസ്നേഹം മുന്‍നിര്‍ത്തി തുടർന്നു വരുന്ന പ്രതിഭകൾക്ക്‌ ലഭിച്ചേക്കാവുന്ന നാടിന്റെ സഹായങ്ങൾ നഷ്ടപ്പെടുത്തുന്നതിന്‌ ഇത്തരം സംഭവങ്ങൾ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പുകൾ അവൾക്ക്‌ നൽകിയെങ്കിലും അതൊന്നും കേട്ടതായിപ്പോലും ജയലക്ഷ്മി നടിച്ചില്ല.

അവൾക്ക്‌ അവളുടെ ജീവിതമാണ്‌ വലുത്‌. അതിനു വേണ്ടി നടത്തുന്ന മത്സരം മാത്രം. അതിനിടയിൽ പല മാർഗ്ഗങ്ങളും സ്വീകരിച്ചേക്കാം. ലക്ഷ്യം നേടിക്കഴിയുമ്പോൾ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. അത്രമാത്രം. അതിലെ ന്യായാന്യായങ്ങൾ ചികയാൻ മുതിരാറില്ല.

അവളുമായുള്ള തർക്കങ്ങൾ കാലപ്പഴക്കത്തിൽ അലിഞ്ഞലിഞ്ഞ്‌ തകർന്നപ്പോൾ ഒരു കാലത്ത്‌ രാജ്യത്തിന്റെ അഭിമാനമെന്ന് പത്രങ്ങൾ വാഴ്ത്തിയ ജയലക്ഷ്മി തടിച്ച്‌ കൊഴുത്ത്‌ ഒരു ഡിപ്പാർട്ട്‌മന്റിനെ കൈപ്പിടിയിലൊതുക്കി സസുഖം വാഴുകയാണ്‌.

ഗാന്ധിപ്രതിമക്ക്‌ തൊട്ടരുകിലായി ജയലക്ഷ്മി കാറ് നിറുത്തി.

മുന്‍വശത്തെ മൈതാനം നിറയെ ജനങ്ങൾ. ഉണർന്നു വരുന്ന മോഹങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളും ഗ്രൗണ്ടിലെ ട്രാക്കുകളിൽ ഊഴവും കാത്ത്‌ ആകാംക്ഷ നിരത്തി കാത്തിരിക്കുന്നു.

ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മൽസരങ്ങളുടെ ആദ്യദിനം.

ഇരുപതോളം പേരടങ്ങുന്ന ഒരു ചെറു സംഘം ഗാന്ധിപ്രതിമക്ക്‌ ചുറ്റും പ്ലെക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്‌. പോയ വർഷങ്ങളിൽ കഴിവ്‌ തെളിയിച്ച്‌ പല മത്സരങ്ങളിലും പങ്കെടുത്ത്‌ ഇന്നിപ്പോൾ ജീവിക്കാൻ വഴിയില്ലാതെ, സർക്കാരുകൾ വേണ്ടത്ര ഗൗനിക്കാതെ, ജോലിയില്ലാത്തവർ. കായിക രംഗത്തെ പ്രതിഭകളെ നാടിന്‌ ഗുണകരമായ രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിൽ സർക്കാരുകൾ കാണിക്കേണ്ട ഉത്തരവാദിത്വത്തിലെ നിസ്സംഗത തുറന്നു കാണിക്കുന്നതിന്‌ വേണ്ടിയുള്ള പ്രതിഷേധം.

ഗാന്ധിപ്രതിമയോട് ചേർന്ന് നിന്ന് ജയലക്ഷ്മി പ്രതിഷേധസമരം ഉൽഘാടനം ചെയ്തു.

"നാളത്തെ വാഗ്ദാനങ്ങളാണ്‌ മുന്നിൽ കാണുന്ന ആ മൈതാനത്തിൽ അണിനിരന്നിരിക്കുന്നത്‌. അസ്തമിച്ച പ്രതീക്ഷകൾക്ക്‌ ഇനിയും ആശ്വാസം ലഭിക്കും എന്ന വിശ്വാസത്തോടെയല്ല ഇന്നിവിടെ ഈ മൈതാനത്തിനു മുന്നില്‍ നമ്മള്‍ പ്രധിഷേധം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇവരുടെ ഗതി, ഇന്ന് മൈതാനത്തിറങ്ങിയിരിക്കുന്ന കുട്ടികൾക്ക്‌ നാളെ വരാതിരിക്കാൻ ഗവൺമന്റിന്റെ ശ്രദ്ധ ഇവിടേക്ക്‌ തിരിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌. സർക്കാർ ജോലി നൽകി ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ഭാരതത്തിന്‌ നഷ്ടപ്പെടുന്നത്‌ നല്ല കായിക താരങ്ങളെയായിരിക്കുമെന്ന് ഓർക്കുന്നത്‌ നന്ന്. വർഷങ്ങളായി സ്കൂളുകളിലും കോളേജുകളിലും മറ്റ്‌ മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളിൽ ചിലരാണ്‌ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്‌. വേണ്ട പോലെ പഠിപ്പിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇവർ ഇന്നും നേരിയ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു എന്നത്‌ വാസ്തവം. സർക്കാരിന്റെ കനിവുണ്ടെങ്കിൽ ഈ യുവതിയുവാക്കൾക്ക്‌ ഇനിയും ജീവിതത്തിന്റെ വഴിയിലേക്ക്‌ നടന്നു കയറാനാകും."

മുകളിലൂടെ പറന്നു പോയ ഒരു കാക്ക തൂറിയത്‌ ജയലക്ഷ്മിയുടെ തലയിലൂടെ ഇഴുകി സാരിയിൽ പടർന്നു

1/12/11

പേടി

01-11-2011

"ഈയമ്മക്കെന്തിന്റെ കേടാ? പഠിക്കാനും സമ്മതിക്കില്ല....."ടീവിയിൽ നിന്ന് കണ്ണെടുത്ത്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ നിവർത്തിക്കൊണ്ട്‌ അനൂപ്‌ പിറുപിറുത്തു.

"സ്കൂളീന്ന് വന്നാ പുസ്തകം തുറന്നു നോക്കാത്ത നിനക്കിന്നെന്താ ഒരു പഠിപ്പ്‌? കരിന്തിരി കത്തുന്ന ആ വെളക്കെടുത്ത്‌ അകത്ത്‌ വെക്കാൻ പറഞ്ഞതിനാണൊ നിന്റെ ഈ ദേഷ്യം?" നാളെ കലത്ത്‌ കറി വെക്കാനുള്ള പയറ്‌ നന്നാക്കുന്നതിനിടയിൽ ടീവി സീരിയലിൽ നിന്ന് കണ്ണെടുക്കാതെ അമ്മ കോപിച്ചു.

വീട്ടിലിരുന്ന് മുഴുവൻ സമയവും പഠിക്കാത്തതിൽ അമ്മക്കുള്ള നീരസം വാക്കുകളിൽ വ്യക്തമാണ്‌. തന്നെ സംബന്ധിച്ച്‌ ടീ വി കാണൽ നിർബന്ധമുള്ള കാര്യമല്ല. പുറത്തെ ഇരുട്ടിലേക്ക്‌ കണ്ണോടിക്കുമ്പോൾ തോന്നുന്ന ഭയമാണ്‌ പ്രശ്നം. ഇരുട്ടിലേക്ക്‌ നോക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാലും അറിയാതെ നോക്കിപ്പോകുന്നു. 

മടിച്ച്‌ മടിച്ചെങ്കിലും ഉമ്മറത്ത്‌ നിന്ന് പതിയെ നിലവിളക്കെടുത്തു. പുകഞ്ഞുകൊണ്ടിരുന്ന തിരിയെടുത്ത്‌ പുറത്തേക്കെറിഞ്ഞു. അറിയാതെ ഇരുട്ടിലേക്ക്‌ നോക്കിപ്പോയി. ദേഹമാസകലം ഒരു കുളിര്‌, ഭയം.

പറമ്പിന്റെ തെക്ക്‌കിഴക്ക്‌ ഭാഗത്തായി ഇരുട്ടിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. പിൻതിരിയാതെ പുറകോട്ട്‌ നടന്ന് അകത്ത്‌ കയറി കതകടച്ചു. മുറിയിലെ വെളിച്ചത്തിൽ ഇരുട്ടിൽ നിന്ന് മോചനം കിട്ടി. എങ്കിലും മനസ്സിൽ കട്ടപിടിച്ച ഇരുട്ട്‌. ടീവിയിൽ നോക്കിയിരുന്നിട്ടും ശ്രദ്ധ മറ്റെങ്ങോ സഞ്ചരിച്ചു.

ഒരു കൊല്ലം മുൻപ്‌ പതിനൊന്നില് പഠിക്കുമ്പോഴാണ്‌ അപ്പൂപ്പൻ മരിക്കുന്നത്‌. തെക്കേപ്പുറത്തെ അതിരിനോട്‌ ചേർന്ന് വീടായതിനാൽ  കെഴക്കേപ്പുറത്ത്‌ തെക്കോട്ട്‌ നീക്കിയാണ്‌ ശവം ദഹിപ്പിക്കാൻ തീരുമാനിച്ചത്‌. 'സ്പുടം' ചെയ്യുകയായിരുന്നു.

തെക്കുവടക്കായി ആറടി നീളത്തിൽ ചെറിയൊരു തോട്‌ കീറി. പോള മാറ്റാത്ത വാഴപ്പിണ്ടി രണ്ടു വശത്തും നീളത്തിൽ വെച്ചു. അതിനു മുകളിൽ നാലഞ്ച്‌ കൈതത്തണ്ട്‌ കുറുകെ നിരത്തി. പിന്നെ, ഉണങ്ങിയ ചെറിയ വിറകും, ചാണവർളിയും, ചിരട്ടയും ചെറുതായി വിരിച്ച്‌ കിടക്ക പോലെ വരുത്തി രാമച്ചം വിരിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരം കിടത്തി. ചിരട്ട കൊണ്ടു തീർത്ത വലിയ മാലകൾ ദീർഘവൃത്താകൃതിയിൽ മൂന്ന് തട്ടുകളായി ചുറ്റും വെച്ചു. മൃതശരീരം മുഴുവനായി മൂടിയതിനു ശേഷം പഞ്ചസാരയും നെയ്യും രാമച്ചവും വിതറി മുകളിൽ ചാണവർളി നിരത്തി. പുറംഭാഗം കനം കുറച്ച്‌ വക്കോൽ നിരത്തി മുകളിൽ നനച്ച ചാക്കുകൊണ്ട്‌ മുഴുവനും മൂടി. പിന്നീട്‌ ചവുട്ടിക്കുഴച്ച കളിമണ്ണുകൊണ്ട്‌ പൂർണ്ണമായും തേച്ചുപിടിപ്പിച്ചു. ഇപ്പോൾ പുറത്തേക്ക്‌ ഒന്നും കാണാൻ കഴിയില്ല. ഏറ്റവും മുകളിലായി കളിമണ്ണും ചാക്കും തുരന്ന് മൂന്നിടത്ത്‌ വൃത്തത്തിൽ ദ്വാരമുണ്ടാക്കി.

അന്തരീക്ഷത്തിന്‌ പച്ചമാംസം കരിഞ്ഞ മണം. ആളുകളെല്ലാം ഒഴിഞ്ഞു. മൂന്ന് ദ്വാരങ്ങളിലൂടെ കട്ടപിടിച്ച പുക മുകളിലേക്ക്‌ ഉയരുന്നതൊഴിച്ചാൽ മറ്റ്‌ കാഴ്ചകളൊന്നും ഇല്ലായിരുന്നു. ചുറ്റും മതിൽ ഉണ്ടായിരുന്നെങ്കിൽ അയൽവക്കക്കാർക്കെങ്കിലും ഈ കാഴ്ചകളിൽ നിന്നും രക്ഷപ്പെടാമായിരുന്നു.

വർഷമൊന്ന് കഴിഞ്ഞിട്ടും എല്ലം ഇന്നലെ കണ്ടതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു. പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതിനാലാണൊ ഇത്രയും ഭയം? ടീവി കാഴ്ചകളിലെ നേരിൽ കാണാത്ത പ്രേതങ്ങളും പിശാചുക്കളും മനസ്സിനെ കഴിവ്‌ കെട്ടതാക്കുന്നതാണോ? ഭയവും, ഭയം മൂലം രൂപപ്പെടുന്ന മടിയും മറച്ചുവെക്കാൻ നുണ പറയാൻ ശീലിക്കുന്നുവൊ? ന്യായമായ സംശയങ്ങൾ.

അമ്മയുടെ ശകാരം കേട്ടാണ്‌ കാലത്തെഴുന്നേറ്റത്‌. അതൊരു ശീലമായി. അമ്മ ദേഷ്യപ്പെട്ടില്ലെങ്കിൽ എഴുന്നേൽക്കാൻ സമയമായില്ലെന്ന് തോന്നും.

അടുത്ത വീട്ടിലെ മണിക്കുട്ടന്റെ അമ്മൂമ്മ മരിച്ചിരിക്കുന്നു. അവിടെ പോകാനാണ്‌ അമ്മ വിളിച്ചെഴുന്നേൽപിക്കുന്നത്‌.

മരണവീട്ടിൽ പോകാനും മരിച്ചുകിടക്കുന്നവരെ കാണാനും എന്തോ ഒരിത്‌. കഴിവതും പോകാറില്ല. കുറെ നാളത്തേക്ക്‌ ആ രൂപം മനസ്സിലങ്ങനെ കിടക്കും. രാത്രിയിൽ ഭയപ്പെടുത്തും.

അയൽവക്കങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക്‌ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ തിരിച്ചിങ്ങോട്ടും പ്രതികരണം അതേപോലെ ആയിരിക്കുമെന്നാണ്‌ അമ്മക്ക്‌ പേടി. അച്ഛൻ സ്ഥലത്തില്ലാത്ത നിലക്ക്‌ അമ്മ പറയുന്നതും കാര്യമാണ്‌. താൻ തന്നെയാണ്‌ പോകേണ്ടത്‌.

മണിക്കുട്ടൻ നന്നായി കരയുന്നുണ്ട്‌. അമ്മൂമ്മക്ക്‌ അവനെ ജീവനായിരുന്നു, അവന്‌ അമ്മൂമ്മയേയും. തന്നെക്കാൾ പേടിത്തൊണ്ടനെങ്കിലും ആ ഭയമൊന്നും ഇപ്പോൾ അവനെ അലട്ടുന്നില്ല. നഷ്ടപ്പെട്ടതിന്റെ വേദനയാണ്‌ അവന്റെ മുഖത്ത്‌.

അഞ്ചു സെന്റ്‌ സ്ഥലം. ഒരു ചെറിയ പുര. തൊട്ടടുത്തായി ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു.

ഒരു വർഷത്തിനുശേഷം അവിടേയും  നിറയെ മാറ്റങ്ങൾ കടന്നുവന്നിരിക്കുന്നു. ചാണവർളിയും, വക്കോലും, ചാക്കും, കളിമണ്ണും ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു. സമയവും പണവും ലാഭിക്കാൻ പല മാറ്റങ്ങളും...

കനം കുറഞ്ഞ ഇരുമ്പ്‌ പട്ടികകളും കമ്പികളും വെൽഡ്‌ ചെയ്ത ആട്ടുതൊട്ടിൽ പോലെ ഒന്ന്. ആറടിയോളം നീളം വരുന്ന അതിന്റെ അടിഭാഗത്ത്‌ നാല്‌ ചെറിയ കാലുകൾ. കുറച്ച്‌ ഉണക്കവിറക്‌, കുറച്ച്‌ ചകിരിമടൽ, കുറച്ച്‌ ചിരട്ട. എല്ലാം ഒരു പെട്ടിവണ്ടിയിൽ നിന്ന് താഴെ ഇറക്കി.

പുരയുടെ തൊട്ടരുകിലായി കുറച്ച്‌ സ്ഥലം നിരപ്പാക്കി അവിടെ തൊട്ടിൽ എടുത്ത്‌ വെച്ചു. ശരിയാണ്‌, അതിനകത്ത്‌ കത്തിത്തീരുമ്പോൾ ചാരമെല്ലാം അഴികൾക്കിടയിലൂടെ താഴെ വീഴും. രണ്ടുപേർ ചേർന്ന് തൊട്ടിൽ തറയിൽ നന്നായി ഉറപ്പിക്കുകയാണ്‌.

ശരീരം പെരുത്ത്‌ വരുന്നത്‌ പോലെ തോന്നി. കൺമുന്നിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. കരയുന്ന മണിക്കുട്ടന്റെ ദയനീയഭാവം. ഭയം കൊണ്ടവൻ തന്നെ കെട്ടിപ്പിടിക്കുന്നതായി തോന്നി. ദേഹമാസകലം ഒരു വിറയൽ.

പെട്ടെന്നായിരുന്നു എല്ലാം. തൊട്ടിലിന്റെ ഒരു തല പിടിച്ചുയർത്തി അനൂപ്‌ താഴേക്ക്‌ മറച്ചിട്ടു. കൂടി നിന്നവരെല്ലാം ഓടി അകന്നതിനാൽ ആരുടേയും ദേഹത്ത്‌ തട്ടിയില്ല.


ഒരു കാരണവർ ഓടിവന്ന് അനൂപിനെപ്പിടിച്ച്‌ തല്ലി, താഴേക്ക് തള്ളിയിട്ടു. എല്ലാരും ഓടിക്കൂടി. അമ്മ അവനെ പിടിച്ചെഴുന്നേൽപിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു.

അവന്‍ കരഞ്ഞില്ല. അവന്‌ കണ്ണീര്‌ വന്നില്ല. കിതച്ചുകൊണ്ടിരുന്നു. ചിലർ ചേർന്ന് അനൂപിനെ അനുനയിപ്പിച്ച്‌ മാറ്റി നിർത്തി. ആർക്കും ഒന്നും പിടി കിട്ടിയില്ല.
പലരും അനൂപിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തൊട്ടിൽ സൂക്ഷിച്ചു നോക്കി അവന്‍‍ കിതച്ചുകൊണ്ടിരുന്നു.

പഞ്ചമിയിൽ മരിച്ചതിന്റെ അനർത്ഥം തുടങ്ങി എന്ന് ആൾക്കൂട്ടത്തിൽ പിറുപിറുപ്പ്‌.

തൊട്ടിൽ വീണ്ടും പഴയപടി വെച്ചു. അവന്റെ മുഖം ചുവന്നു. ശ്വാസഗതി വർദ്ധിച്ചു. ഭ്രാന്തമായ ആവേശത്തോടെ കുതിച്ചു ചെന്ന് തൊട്ടിലെടുത്തുയർത്തി വീണ്ടും മറിച്ചിട്ട്‌ അലറി. താഴെനിന്ന് കനം കൂടിയ വിറകു കൊള്ളിയെടുത്ത്‌ ശക്തിയോടെ ആഞ്ഞുവീശി. "കൊന്നുകളയും" എന്നലറി നടന്നു. പെട്ടെന്നാരും അടുക്കാൻ ധൈര്യപ്പെട്ടില്ല. കരഞ്ഞുകൊണ്ട്‌ ഓടിയടുത്ത അമ്മയെ കണ്ടപ്പോൾ വിറക്‌ താഴെയിട്ടു. അമ്മയെ കെട്ടിപ്പിടിച്ച്‌ തോളിൽ തല ചായ്ച്ച്‌ പൊട്ടിക്കരഞ്ഞു.

അനൂപിനേയും ചേർത്ത്‌ പിടിച്ച്‌ അമ്മ വീട്ടിലേക്ക്‌ നടന്നു. അവന്‍ പതിയെ തിരിഞ്ഞ്‌ നോക്കി അമ്മയോട്‌ കരഞ്ഞു പറഞ്ഞു. "അമ്മേ, മണിക്കുട്ടന്‌ പേട്യാവും...."


27/6/11

ശങ്കരങ്കുട്ടിക്കൊരു ജോലി വേണം.

27-06-2011

സിക്കീം ഭൂട്ടാൻ ലോട്ടറികൾ ഇല്ലാതായതോടെ ലോട്ടറി ടിക്കറ്റ്‌ വിറ്റുള്ള ജീവിതം ശങ്കരങ്കുട്ടിയെകൊണ്ട്‌ പറ്റാതായി. വരുമാനം വളരെ കുറഞ്ഞു. കേരള ഗവൺമന്റിന്റെ ടിക്കറ്റെടുക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. സിക്കീമിന്റേയും ഭൂട്ടാന്റേയും ആണെങ്കിൽ ഒരാൾ തന്നെ പലരിൽ നിന്നും വാങ്ങും. ശങ്കരങ്കുട്ടിയിൽ നിന്ന് വാങ്ങുന്ന ടിക്കറ്റില്‍ ഇടയ്ക്കിടക്ക് പ്രൈസ്‌ വീഴുന്നതിനാല്‍ നല്ല ചിലവായിരുന്നു. ടിക്കറ്റ്‌ ബാക്കി വന്നാലും ചിലപ്പോൾ അയ്യായിരമോ പതിനായിരമോ ആ ടിക്കറ്റിൽ കിട്ടാറുണ്ട്‌.

ഇനി പറഞ്ഞിട്ടെന്താ?

ടിക്കറ്റ്‌ നിരത്തി വെക്കാനുള്ള പലക പിടിപ്പിച്ച സൈക്കിൾ അധിക സമയവും തള്ളിക്കൊണ്ടാണ്‌ ശങ്കരങ്കുട്ടി വിൽപന നടത്തിയിരുന്നത്‌. സാധാരണയിൽ കവിഞ്ഞ തടിയുള്ളതിനാൽ 'ആന സൈക്കിൾ ചവിട്ടുന്നു' എന്നു പറഞ്ഞ്‌ എല്ലാവരും കളിയാക്കും. അത്രയൊന്നും ഇല്ലെങ്കിലും അൽപം തടി കൂടുതലാണ്‌.

ഭാര്യയും മക്കളുമുള്ള ഒരു മുപ്പത്തഞ്ചുകാരൻ തടിയന്‌ മറ്റെന്ത്‌ ജോലിയാണ്‌ പറ്റുക? ഇപ്പോള്‍ ആ പ്രതീക്ഷയും നശിച്ചു. ഇനിയെന്ത്‌..എന്നാലോചിച്ചിട്ട്‌ ഒരു പിടിയുമില്ല ശങ്കരങ്കുട്ടിക്ക്‌.

തറവാട്ടുവക അമ്പലത്തിലെ ഉത്സവമാണിന്ന്. പത്തറുപത്‌ കുടുംബം ഉണ്ടെങ്കിലും അമ്പലം നോക്കി നടത്താന്‍ ആർക്കും അത്ര താൽപര്യമില്ലായിരുന്നു. ഇടയ്ക്ക്‌ ആർക്കെങ്കിലും തോന്നുമ്പോൾ ഒരനക്കമൊക്കെ കുറച്ചുനാൾ ഉണ്ടാകും. പിന്നെ വീണ്ടും പഴയ പടി. എന്നിരുന്നാലും നോട്ടീസ്‌ അടിക്കുന്നത്‌ പോലെ ആണ്ടുതോറും നടത്തിവരാറുള്ള ഉത്സവം ഇത്തവണയും വിപുലമായ കാര്യപരിപാടികളോടെ കൊണ്ടാടുന്നു.

ഗോവിന്ദമാമയാണ്‌ ഇപ്പോൾ അമ്പലത്തിന്റെ പ്രമാണി. എല്ലാം നോക്കുന്നതും നടത്തുന്നതും അങ്ങേര്‌ തന്നെ. ഗോവിന്ദമാമ പറയുന്നതിനപ്പുറം മറുത്തൊരു വാക്ക്‌ മറ്റാർക്കുമില്ല.

നാലു കൊല്ലം മുൻപ്‌ അച്ഛൻ മരിക്കുന്നത്‌ വരെ എല്ലാം അച്ഛനായിരുന്നു. അന്നൊക്കെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്‌ വലിയ ജനക്കൂട്ടമെത്തും. ദൂരസ്ഥലങ്ങളിൽ നിന്നുപോലും അച്ഛന്റെ 'തുള്ളൽ' കാണാൻ ആളുകളെത്തുക പതിവാണ്. ശേഖരന്റെ ദേഹത്ത്‌ ദേവി കേറിയാൽ അതൊരു കാഴ്ചയായിരുന്നെന്നാണ്‌‍ ഓരോരുത്തരും പറയാറ്‌. മെലിഞ്ഞ ശരീരത്തിൽ ചുവന്ന കച്ച ചുറ്റി അരമണിയും കിലുക്കി ഉയരത്തിൽ ചാടിത്തുള്ളി, തല വെട്ടിപ്പൊളിച്ച്‌ ചോരയൊലിപ്പിക്കുന്ന രൗദ്രഭാവത്തിനു മുന്നിൽ ഭയവും ഭക്തിയും നിറഞ്ഞ ഒരന്തരീക്ഷം പിറവി കൊള്ളും. ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം വാളിന്റെ രണ്ടറ്റത്തും ഓരോ കൈകൊണ്ട്‌ പിടിച്ച്‌ ഒരു കാലുയർത്തി ചുവടു വെച്ചുള്ള നൃത്തം കണ്ടുനിൽക്കാൻ ശേലാണ്‌.

കലിയിറങ്ങിയാൽ ചുറ്റമ്പലത്തിനകത്ത്‌ കയറ്റി തലയിലെ മുറിവുകളിൽ മഞ്ഞൾപ്പൊടി പൊത്തി വെച്ച്‌ പുറത്ത്‌ നിന്ന് പൂട്ടും. പിന്നീടവിടെ നിൽക്കാറില്ല. എന്തൊക്കെയായാലും അച്ഛനല്ലേ?

പിന്നെ കുറച്ചു നേരത്തേക്ക്‌ ഭ്രാന്ത്‌ കയറിയത്‌ പോലെയാണെന്ന് ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. അതുകൊണ്ടാണത്രെ ചുറ്റമ്പലത്തിനകത്താക്കി പൂട്ടുന്നത്‌. ശങ്കരങ്കുട്ടിക്കെന്തോ അതത്ര ഉൾക്കൊള്ളാനായില്ല.

തുടർന്ന് ജീവിക്കാനുള്ള വഴി മുട്ടിയതിനാലാണ്‌ തുള്ളലിൽ ആദ്യം അത്ര വിശ്വാസമില്ലായിരുന്നെങ്കിലും ഭാര്യയുടെ നിർബന്ധത്തിന്റെ പേരിലെന്ന വ്യാജേന ദേവിയുടെ കോമരമാകാൻ തയ്യാറായത്‌.

അവൾ പറയുന്നതിലും കാര്യമുണ്ട്‌. കാശുള്ളവരും ഇല്ലാത്തവരുമായി ഏറെ കുടുംബങ്ങൾ ചേർന്നതാണ്‌ തറവാട്‌. അവരെ മുഷിപ്പിക്കാതെ അവരുടെ ഇഷ്ടങ്ങൾക്കൊത്ത്‌ നീങ്ങിയാൽ ഒരു ഭാവി ഉണ്ടായിക്കൂടെന്നില്ല. വെളിച്ചപ്പാട്‌ എന്ന നിലയിൽ പേരുകേട്ട ശേഖരന്റെ മകൻ മറ്റുള്ളവരെ നിഷേധിച്ചാൽ ഒരു നിഷേധി എന്ന പേര്‌ സമ്പാദിക്കാം എന്നല്ലാതെ.....

ക്ഷേത്രത്തിനു കിഴക്കു വശത്ത്‌ പത്തിരുന്നൂറ്‌ അടി ദൂരെ ക്ഷേത്രത്തിനഭിമുഖമായാണ്‌ എഴുന്നുള്ളിപ്പിനു വേണ്ട സജ്ജീകരണങ്ങളുടെ ആരംഭം. കലശക്കുടവും അരമണിയും വാളും ചിലമ്പും ചുവന്ന കച്ചയും ചൂരൽ വടിയും ഒക്കെയായി ഏറ്റവും കിഴക്കെ അറ്റത്ത്‌ ഒരു നിര. അവർക്കു തൊട്ടുമുന്നിലായി സാവധാനത്തിൽ തുടങ്ങിയ കൊമ്പു വിളികളും ചെണ്ടമേളവും ആരംഭിച്ചിരിക്കുന്നു. നാലു മണിയായിട്ടും പൊള്ളുന്ന ചൂട്. ചെണ്ടമേളം മുറുകിയാൽ ദേവി നൃത്തത്തിൽ വരും.

എല്ലാ കണ്ണുകളും ശങ്കരങ്കുട്ടിയിലേക്ക്‌.

കുളിച്ച്‌ കുറി തൊട്ട്‌ വെളുത്ത ഒറ്റമുണ്ടുടുത്ത്‌ കൈകെട്ടി അനങ്ങാതെ നിലപാണ്‌ ശങ്കരങ്കുട്ടി. ഒരു ഭാവവ്യത്യാസവുമില്ല. കൂടി നിൽക്കുന്നവരിൽ പരിചയക്കാരെ കണ്ടപ്പോൾ ചമ്മൽ തോന്നാതിരുന്നില്ല. തന്നെ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ്‌ ആവേശമായി.

തുള്ളലിൽ ഒരു കന്നിക്കാരൻ എന്നതിനാൽ ശങ്കരങ്കുട്ടിയുടെ തൊട്ടടുത്തായി പരിചയ സമ്പന്നരായ രണ്ട്‌ മദ്ധ്യവയസ്ക്കരും, അൽപം കരുത്തുള്ള മൂന്ന് ചെറുപ്പക്കാരും നിലയുറപ്പിച്ചിരുന്നു. അവരാണ്‌ പുതിയ കോമരത്തിന്റെ സുരക്ഷ നോക്കേണ്ടത്‌.

ശങ്കരങ്കുട്ടിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കാണാതിരുന്നത്‌ എല്ലാവരിലും നിരാശ പരത്തി. കിഴക്കു നിന്നു പടിഞ്ഞാട്ട്‌ തിരിഞ്ഞു നിൽക്കുന്ന ശങ്കരങ്കുട്ടി നേരെ അമ്പലത്തിലേക്ക്‌ നോക്കി. അമ്പലത്തിന്റെ ഇരുട്ട്‌ നിറഞ്ഞ ശ്രീകോവിലിൽ കിഴക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദേവി വിഗ്രഹം, ചുറ്റും കത്തുന്ന വിളക്കുകളുടെ പ്രകാശത്തിൽ നന്നായി ശോഭിച്ചു.

ദേഹമാസകലം ഒരു തരിപ്പ്‌ അനുഭവപ്പെട്ടു. പെട്ടെന്ന് കണ്ണുവെട്ടിച്ച്‌ ശ്രീകോവിലിനു പുറത്തായി മരത്തിന്റെ അഴികൾ കൊണ്ട്‌ നിർമ്മിച്ച ചുറ്റമ്പലത്തിന്‌ പുറത്തേക്ക്‌ നോക്കി. ചുറ്റും ചെറിയ മുല്ലത്തറകളിൽ വ്യത്യസ്ഥമായ മൂർത്തികൾ വേറെയും. മുത്തപ്പൻ, വിഷ്ണുമായ, കണ്ഠാകർണ്ണൻ, ഹനുമാൻ എന്നിങ്ങനെ തിരിച്ചറിയാൻ പേരെഴുതിവെച്ചിരിക്കുന്നു ഓരോന്നിലും. വീണ്ടും ദേവിയിൽ തന്നെ കണ്ണുടക്കി.

കള്ള്‌ കുടിച്ചവനെപ്പോലെ ബാലൻസ്‌ തെറ്റുന്നതായി തോന്നി. നിന്നനിൽപിൽ നിന്ന് കാലുകൾ അനങ്ങാതെ, കൈകൾ അഴിക്കാതെ ശരീരത്തിന്റെ നടുഭാഗം പിന്നിലേക്ക്‌ വളഞ്ഞു പോയി. ബാലൻസ്‌ തെറ്റും എന്നാകുന്നതിനു മുൻപ്‌ സുരക്ഷക്കാർ പിന്നിലൂടെ പിടിച്ചു.

പരിചയസമ്പന്നർ നീളത്തിലുള്ള കച്ചയെടുത്ത്‌ തിടുക്കത്തിൽ ശങ്കരങ്കുട്ടിയെ അണിയിച്ചു. എല്ലാം ശ്രദ്ധയോടെ നോക്കിയിരുന്ന ചെണ്ടമേളത്തിലെ മൂപ്പൻ കൊട്ട്‌ കൊഴുപ്പിച്ചു. അലറുന്ന കൊമ്പുവിളിക്കൊപ്പം 'തുള്ളട്ടങ്ങനെ...തുള്ളട്ടങ്ങനെ...' എന്ന താളത്തിലായി ചെണ്ടയിൽ നിന്നുള്ള ശബ്ദം. അരമണി കൂടി കെട്ടിയതോടെ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മ നഷ്ടപ്പെടുന്നത്‌ പോലെ തോന്നി.

ശ്രീകോവിലിലെ വെളിച്ചവും ദേവി വിഗ്രഹവും ചെണ്ടയുടെ ഭ്രമാത്മകമായ താളവും മാത്രമായി ശങ്കരങ്കുട്ടിയിൽ. കയ്യും കാലും അനങ്ങാതെ വെള്ളമുണ്ട് മാത്രം വിറക്കുന്നത്‌ ഇപ്പോൾ കാണാം. ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ടു.

പെട്ടെന്ന് ഇളകിമറിഞ്ഞ്‌ ഉയർന്ന് ചാടി. കിണ്ടിയിൽ പിടിച്ചിരുന്ന വെള്ളം വാങ്ങി തലയിലൂടെ കമഴ്ത്തി. നാക്കുനീട്ടി, പള്ളിവാളും ചിലമ്പും പിടിച്ചു വാങ്ങി. ഇത്രയും വലിയ നാക്കോ ശങ്കരങ്കുട്ടിക്ക്‌?

രണ്ടും മൂന്നും സുരക്ഷക്കാർ ഓരോ കയ്യിലും ബലമായി പിടിച്ചു. ഇടതു കയ്യിൽ വാളും, വലതു കയ്യിൽ ചിലമ്പുമായി വന്യമായ ആവേശത്തോടെ മുന്നോട്ട്‌ കുതിക്കുമ്പോൾ പിടി വിടാതെ സുരക്ഷക്കാരും ഒപ്പം പാഞ്ഞു. ഈ സമയം അടുത്ത്‌ കാണാനായി ഉള്ളിലേക്ക്‌ കയറിയ ജനങ്ങൾ തനിയെ പിൻവാങ്ങി.

ഒരു ഞൊടിയിടയിലൊരു കുതറൽ. അപ്പോഴത്തെ ശങ്കരങ്കുട്ടിയുടെ ശക്തിക്കു മുന്നിൽ എല്ലാവരും നിഷ്പ്രഭരായി. ഇടതു കയ്യിലെ വാൾ നെറ്റിക്കു മുകളിലായി വെച്ച്‌ വലതു കയ്യിലെ ചിലമ്പു കൊണ്ട്‌ ആഞ്ഞടിക്കുന്നതിനു മുൻപ്‌ അവർ വീണ്ടും പിടിച്ചു. ചിലമ്പിന്റെ ആച്ചലിൽ അവരുടെ പിടുത്തത്തിന്‌ വേണ്ടത്ര ബലം കിട്ടിയില്ല.

വീതി കൂടിയ നെറ്റിയിലൂടെ ചോര ഇഴഞ്ഞിറങ്ങി. നെറ്റിയിൽ നിന്നിറങ്ങിയ ചോര മൂക്കിന്റെ രണ്ടു ഭാഗത്തു കൂടെ താഴോട്ട്‌ നീണ്ടു.‌ നാക്ക്‌ പുത്തേക്ക്‌ നീട്ടി ചോര നക്കിക്കൊണ്ടിരുന്നപ്പോൾ ആ മുഖത്തെ ഭീഭൽസരൂപം ശങ്കരങ്കുട്ടിയുടേതായിരുന്നില്ല.

ചോര നുണഞ്ഞ്‌ കഴിഞ്ഞപ്പോൾ ശാന്തമായി. കുതറലും ബഹളവും അവസാനിച്ചു. പിടിച്ചിരുന്നവരെല്ലാം പിടി വിട്ടു. സ്വതന്ത്രയായ ദേവി ചെണ്ടമേളക്കാർക്കു മുന്നിൽ പ്രത്യേക താളത്തിൽ നൃത്തം വെച്ചു. നൃത്തത്തിന്‌ വലിയ ഭംഗി ഒന്നും ഇല്ലായിരുന്നെങ്കിലും നെഞ്ചത്തെ കനം തൂങ്ങിയ ഭാഗങ്ങൾ മേലോട്ടും കീഴോട്ടും തുളുമ്പുന്നത്‌ കാണാൻ ചന്തമായിരുന്നു. ചുവന്ന കച്ചയും, ഇരു കയ്യിലെ വാളും ചിലമ്പും, മുഖത്തെ ഉണങ്ങിത്തുടങ്ങുന്ന ചോരയുടെ ചിത്രവും ഭീകരതയെക്കാൾ ഭക്തിസാന്ദ്രമാക്കി അന്തരീക്ഷം.

ചെണ്ടമേളത്തിനിടക്ക്‌ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മകൾ തിരിച്ചു കിട്ടി. എന്നിട്ടും മേളത്തിനൊപ്പം നൃത്തം വെക്കാനെ കഴിഞ്ഞുള്ളു. തറയിൽ കാലുറപ്പിച്ച്‌ നിലക്കണമെന്ന് തോന്നി. പറ്റുന്നില്ല. നെറ്റിയിൽ വേദന തോന്നുന്നു. കയ്യും കാലും കഴക്കുന്നുണ്ടൊ? വ്യക്തമല്ലാത്ത പരിചയമുള്ള മുഖങ്ങൾ കാണുന്നു. തനിക്കെന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...ഓർമ്മ വീണ്ടും നഷ്ടപ്പെട്ടു.

തുള്ളിക്കൊണ്ട്‌ പാഞ്ഞു കയറിയത്‌ ക്ഷേത്രത്തിനോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള അലപം ഉയർന്ന ഒരു തറയിലേക്കാണ്‌. ജനങ്ങളോട്‌ ദേവിയുടെ വെളിപാട്‌ വിളിച്ചു പറയുന്നത്‌ ആ തറയിൽ നിന്നായിരുന്നു. സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പരാതികൾ ദേവിക്കു മുന്നിൽ കെട്ടഴിച്ച് ജനങ്ങൾ കാണിക്ക നൽകി ആശ്വാസപ്പെടുന്നത്‌ 'ഞാനുണ്ടെന്ന'ദേവിയുടെ വാക്കുകളിൽ വിശ്വാസം കണ്ടെത്തിക്കൊണ്ടായിരുന്നു.

സാവധാനത്തിൽ തുള്ളിക്കൊണ്ടിരുന്ന ശങ്കരങ്കുട്ടിയിൽ വീണ്ടും ഓർമ്മകൾ തിരിച്ചെത്തി. അൽപം കൃത്യമായ ഓർമ്മകൾ... താൻ ദേവിയായി പ്രത്യക്ഷ്പ്പെട്ടിരിക്കയാണെന്നും, ദേവി മക്കളോട്‌ കൽപന നടത്തുകയാണെന്നും വ്യക്തമായി. വിഷാദം നിറഞ്ഞ മുഖത്തോടെ അൽപം മാറി നില്‍ക്കുന്ന ഭാര്യ. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പിശുക്കൻ രമണേട്ടനെ കണ്ടതും, ഇയാളെ ഒരു വേല വെച്ചെങ്കിലോ എന്നു മനസ്സിൽ തോന്നിയതും ഒന്നിച്ചായിരുന്നു. ഓർമ്മ അപ്രത്യക്ഷമായി.

അമ്പലത്തിന്റെ പുനരുദ്ധാരണത്തിന്‌ പതിനായിരത്തൊന്നു രൂപ നൽകണമെന്ന് ദേവി കൽപിച്ചപ്പോൾ ഒന്നും മിണ്ടാതെ തല കുലുക്കാനെ രമണേട്ടന്‌ ആയുള്ളു. വേറേയും നലഞ്ചു പേരോട്‌ അത്തരത്തിൽ കൽപിച്ചു. സാമ്പത്തികമായി അൽപം ഉയർന്നവരായിരുന്നതിനാൽ ദേവിയുടെ കൽപന മറ്റുള്ളവർക്ക്‌ ശരിയായി തോന്നി.

-----------------------------------------------------------------------------------------

എഴുന്നുള്ളിപ്പ്‌ അവസാനിച്ചതോടെ അമ്പലപ്പറമ്പിലെ തിരക്ക്‌ കുറഞ്ഞു. ഭയത്തോടെ കുറച്ച്‌ കുട്ടികളും സഹതാപത്തോടെ യുവാക്കളും തെല്ലൊരഭിമാനത്തോടെ പ്രായമായവരും ചുറ്റമ്പലത്തിനകത്തേക്ക്‌ ആകാംക്ഷയോടെ നോക്കി നിൽക്കയാണ്‌. ശങ്കരങ്കുട്ടിയുടെ തലയിൽ മഞ്ഞൾപ്പൊടി പൊത്തിവെച്ചിരിക്കുന്നു‌. ചുറ്റമ്പലം പുറത്ത്‌ നിന്ന് പൂട്ടിയിരിക്കുന്നു.

കാഴ്ചബംഗ്ലാവിനകത്തെ സിംഹമാണൊ താനെന്ന് തോന്നിപ്പോയി ശങ്കരങ്കുട്ടിക്ക്‌. തലക്കൊരു കനവും ദേഹമാസകലം വേദനയുമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല. ഭ്രാന്ത്‌ പിടിച്ച അവസ്ഥയൊന്നും ഇല്ലായിരുന്നു.

അമ്പലമുറ്റത്ത്‌ ഒരു മേശയിട്ട്‌ ഗോവിന്ദമാമയും മറ്റ്‌ ചിലരും ഇരിപ്പുണ്ട്‌. സംഭാവന സ്വീകരിക്കുകയും പുസ്തകത്തിൽ വരവ്‌ വെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവർ പതിവിൽ കൂടുതൽ ഉത്സാഹഭരിതരായി കാണപ്പെട്ടു.

"ഈ പൂട്ടൊന്ന് തുറക്ക്‌ മാമ"

"സ്വൽപനേരങ്കൂടി കഴിഞ്ഞോട്ടെ..."

"ഇനിക്ക്‌ കൊഴപ്പൊന്നുംല്ലാ"

താഴ്‌ തുറന്ന് പുറത്ത്‌ കടന്നപ്പോൾ ചിലരൊക്കെ ഭവ്യതയോടെ എഴുന്നേറ്റു. നോക്കിനിന്നവരൊക്കെ അമ്പലമുറ്റത്തേക്ക്‌ അടുത്തു. ഗോവിന്ദമാമ ചീത്ത വിളിച്ചപ്പോൾ എല്ലാം തിരിച്ച്‌ പോയി.

ഒരു കസേര വലിച്ചിട്ട്‌ അവരോടൊപ്പം ഇരുന്നു. അഭിനന്ദനങ്ങളും പുകഴ്ത്തലുമായി ഓരോരുത്തർക്കും നൂറ്‌ നാവായിരുന്നു. ഭാര്യയും മകനും അവിടേക്കെത്തി. പൊടി നിറഞ്ഞ ഭാര്യയുടെ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകൾ തെളിഞ്ഞു കിടന്നു.

"ദാ..ഇതിരിക്കട്ടെ" മേശ തുറന്ന് ഒരു നൂറിന്റെ നോട്ടെടുത്ത് ശങ്കരങ്കുട്ടിക്ക്‌ നേരെ നീട്ടിക്കൊണ്ട്‌ ഗോവിന്ദമാമ പറഞ്ഞു.

"മാമൻ അത്‌ മേശയിൽ തന്നെ വെക്ക്‌"

"സാരമില്ലെടാ. നിനക്കിപ്പോൾ കാര്യമായ വരുമാനമൊന്നും ഇല്ലല്ലൊ. തുള്ളക്കാർക്ക്‌ പൈസ കൊടുക്കുന്ന കീഴ്‌വഴക്കം ഇല്ലെങ്കിലും നീയത്‌ കാര്യമാക്കണ്ട."

"അതല്ല മാമ. ഇതുകൊണ്ടെന്താവാനാ? അതു പോലെ ഒരു പത്തെണ്ണം കൂടി ഇങ്ങോട്ടെടുക്ക്‌. വല്ലാത്ത ക്ഷീണം. പോയൊന്ന് കെടക്കട്ടെ."

ഭാര്യയടക്കം മുഴുവൻ പേരും വിശ്വസിക്കാനാവാതെ ശങ്കരങ്കുട്ടിയെ നോക്കി. മറുത്തെന്തെങ്കിലും പറയാൻ തുനിയാതെ ഗോവിന്ദമാമ പണം കൊടുത്തു.

ശങ്കരങ്കുട്ടിക്കൊപ്പം വീട്ടിലേക്ക്‌ നടക്കുമ്പോൾ കണക്കു പറഞ്ഞ്‌ കാശ്‌ വാങ്ങിയതിനെക്കുറിച്ചുള്ള പ്രയാസമായിരുന്നു ഭാര്യയുടെ മനസ്സിൽ.

-------------------------------------------------------------------------------------------

ചെറിയ ചെറിയ പണികൾ നടത്തി പെയിന്റടിച്ച്‌  അമ്പലത്തെ പുതുക്കികൊണ്ടിരുന്നു. ഗോവിന്ദമാമയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി മുഴുവൻ കാര്യങ്ങളും ശങ്കരങ്കുട്ടി ഏറ്റെടുത്തു. ആഴ്ചയിലൊരിക്കൽ അമ്പലം നിറയെ ഓരോരോ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ എത്തുന്നവരാൽ നിറഞ്ഞുകൊണ്ടിരുന്നു.

പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലിരുന്ന് വരാൻ പോകുന്ന പ്രശ്നങ്ങളും അതിന്റെ പ്രതിവിധികളും ശങ്കരങ്കുട്ടി പറഞ്ഞു കൊണ്ടിരുന്നു. മുഖത്ത്‌ സ്പുരിക്കുന്ന ഭാവങ്ങൾ ആവശ്യാനുസരണം ക്രമീകരിച്ച്‌ ചോർത്താവുന്നത്ര പണം ചോർത്തുന്നതിന്‌ പഠിച്ചു. സിനിമാപ്രവർത്തകരുടെ സാന്നിദ്ധ്യം കൂടുതൽ പ്രശസ്തി ലഭിക്കാൻ ഇടയാക്കി.

ലക്ഷങ്ങൾ ചിലവഴിച്ച്‌ നിർമ്മിക്കുന്ന ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീടായിരുന്നു ശങ്കരങ്കുട്ടി  പണിയിച്ചു കൊണ്ടിരിക്കുന്ന പുതിയ വീട്.

(ഇനി ഒരു ലീവ് കഴിഞ്ഞ് വന്നായിരിക്കും പുതിയ പോസ്റ്റ്‌. അത്രയും നാള്‍  വല്ലപ്പോഴും മാത്രമെ ഇവിടെയൊക്കെ കാണു)

9/6/11

വല കെട്ടാനറിയാത്ത ചിലന്തി.

09-06-2011

"ഈ ഭാര്യമാര്‌ ചാവാന്‍ കാത്തിരിക്കയാണ്‌ ചെല ആണുങ്ങള്‌. എങ്ങിനെയെങ്കിലും ചത്ത്‌ കിട്ടിയാല്‍ വേറെ ഒന്ന് കെട്ടാലോ. കെട്ടി, കൂടെ കെടക്കാന്നല്ലാണ്ട്‌ വേറൊരു വിചാരൊല്യ ഇവറ്റകള്‍ക്ക്‌."

അകന്ന ബന്ധത്തിലുള്ള ചന്ദ്രേട്ടന്റെ രണ്ടാം വിവാഹത്തിന് പോയി തിരിച്ചു വരുന്ന അമ്മയെ കണ്ടപ്പോള്‍ ഗൗരി പറഞ്ഞു.

"ആറും എട്ടും പ്രായമായ രണ്ടെണ്ണത്തിനെ നോക്കാനും ജോലിക്ക് പോയി കുടുംബം നോക്കാനും ഇക്കാലത്ത് ഒറ്റയ്ക്ക് കഴിയുമോ പെണ്ണെ?"

അമ്മക്കതിനും ന്യായമുണ്ടായിരുന്നു

ഭാര്യ മരിച്ച് ഒരു കൊല്ലം കഴിയുമ്പോഴേക്കും കേട്ടണമെന്നുണ്ടോ അതിന്??

എന്തോ ഗൌരിക്ക് അങ്ങനെ ചിന്തിക്കാനാണ് തോന്നിയത് .

അവളുടെ ഭര്‍ത്താവ്‌ മരിച്ചിട്ട്‌ രണ്ട്‌ വർഷം കഴിഞ്ഞു. ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു . മുപ്പത്‌ വയസ്സ്‌ പോലും തികയുന്നതിനു മുന്‍പേ ‌ വിധവയാകാനയിരുന്നു വിധി. എന്നിട്ടും ഇക്കാലമത്രയും വേറെ ഒരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുക പോലും ചെയ്തില്ല. ഈ കടുത്ത ഏകാന്തതയിലും അദ്ദ്യേഹം കൂടെ ഉണ്ടായിരുന്ന സമയങ്ങളിലെ ഓര്‍മ്മകളുമായി ജീവിക്കാനായിരുന്നു മനസ് വാശിയോടെ കൊതിച്ചത് !

അത്യാവശ്യം വിദ്യാഭ്യാസം ഒക്കെയുണ്ടെങ്കിലും ജോലിക്കൊന്നും ശ്രമിച്ചിരുന്നില്ല .ഭാര്യയുടെ ജോലിയും വരുമാനവും ഒന്നും കൊതിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ആ മുഖം, അദ്ദേഹത്തോടൊപ്പം പങ്കിട്ട മധുരമായ ഓര്‍മ്മകള്‍, അതില്‍ മാത്രം മുഴുകി കഴിയാനാണ് എന്നും ആഗ്രഹിച്ചത്‌ .

കോളേജില്‍ പഠിക്കുമ്പോള്‍ തെക്കേ വീട്ടിലെ സജീവന്‍ കുറെ നാള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രേമാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്നതാണ്‌. സജീവന് അന്നേ അദ്ധ്യാപക ജോലിയും ഉണ്ടായിരുന്നു. അവനെയെങ്ങാനും കെട്ടാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് വിധവ ആകില്ലായിരുന്നു എന്നു വെറുതെ തോന്നി.

പിളുന്തന്‍ ശരീരം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇഷ്ടപ്പെട്ടു പോയേനെ. ഇല്ല...മുഖത്ത്‌ നോക്കുമ്പോള്‍ ഒരു തരം വെറുപ്പ്‌ തോന്നിച്ചിരുന്നു. അയാളുടെ അന്നത്തെ പ്രേമാഭ്യര്‍ത്ഥന ഒരു മന്ദബുദ്ധിയുടെ രൂപമാണ് മനസ്സില്‍ പതിപ്പിച്ചത്.

വളരുന്ന വർഷങ്ങള്‍ക്കിടയില്‍ ഓര്‍മ്മകള്‍ക്ക് തുരുമ്പ്‌ പിടിക്കുന്നു. ഒത്തുകൂടല്‍ നഷ്ടപ്പെടുന്നത്‌ സ്നേഹത്തിന്റെ കാഠിന്യം കുറയ്ക്കുന്നു. അങ്ങനെ ഒരു തുരുമ്പു തന്റെ മനസിനെയും കാര്‍ന്നു തുടങ്ങിയോ എന്ന് ഈയിടെയായി തോന്നാറില്ലേ !

ഒറ്റപ്പെടുന്ന സമയങ്ങളില്‍ ഓടിയെത്തുന്ന ഓര്‍മ്മകളെ നിയന്ത്രിക്കാന്‍ കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം സഹായിച്ചു. ഓണ്‍ ലൈനില്‍ പരതുന്നതിനിടയിലാണ് ചിലന്തി എന്ന നാമം ശ്രദ്ധയിൽ പെട്ടത്‌, ഒരു വെല്ലുവിളി പോലെ. വല നെയ്ത്‌ ഇരയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ചിലന്തിയെക്കുറിച്ചോർത്തു. ഒരാകാംക്ഷ...അത്‌ മാത്രമായിരുന്നു ചിലന്തിയുമായി ഓൺ ലൈൻ ബന്ധം തുടങ്ങുന്നതിനുള്ള കാരണം. അദ്ദ്യേഹത്തിന്റെ 'ചിലന്തിവല' എന്ന ബ്ലോഗിലെ കാച്ചിക്കുറുക്കിയ വരികളിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിന്റെ വേറൊരു മേഖലയിലേക്ക്‌ കയറുന്നതായി തോന്നി.

ബ്ലോഗ്‌ എന്തെന്നറിയാനും ഒന്ന് ആരംഭിക്കാനും പ്രേരണയായത് ചിലന്തി തന്നെ.

ഈമെയിലിലൂടെ തന്റെ ഇംഗിതത്തിനനുസരിച്ചുള്ള മറുപടി ലഭിക്കുമ്പോൾ ഒരിഴുകിയ ഇഴചേരൽ സംഭവിച്ചു കൊണ്ടിരുന്നു. ഇരയ്ക്ക്‌ വേണ്ടി വല നെയ്യുന്ന ചിലന്തിയെപ്പോലെ ഒരു സൂചന പോലും തരാതെ അജ്ഞാതനായി തുടർന്ന ചിലന്തിക്കു മുന്നിൽ ഒന്നുപോലും ഒളിച്ചു വെക്കാതെ എല്ലാം എഴുന്നുള്ളിക്കാൻ ആവേശമായിരുന്നു,വിശ്വാസമായിരുന്നു.

തന്റെയുള്ളില്‍ ഇതുവരെ മെരുങ്ങിക്കിടന്ന ഒരു വ്യാഘ്രം സട കുടഞ്ഞ് ഉണര്‍ന്നത് പോലെ !

ചാറ്റിങ്ങിൽ എത്തിയിട്ടും ഒരിക്കൽ പോലും ശബ്ദം കേൾക്കാനൊ മുഖം കാണാനൊ ആഗ്രഹിക്കാതിരുന്നത്‌ അയാളോടുള്ള മതിപ്പ്‌ വർദ്ധിപ്പിച്ചതേ ഉള്ളു.

ചിലന്തിയെക്കുറിച്ചോർക്കാൻ സമയം തികയാതായി ഗൗരിക്ക്‌. പൂർവ്വകാലം വിസ്മൃതിയിൽ അകപ്പെട്ടത്‌ പുത്തൻ ആവേശത്തിന്റെ അലകളിൽ. സ്വയം ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്ത്‌ പൂർണ്ണത കൈവരിച്ചപ്പോൾ എവിടെ നിന്നെങ്കിലും സമ്മതമൊ അനുവാദമൊ വേണമെന്ന് ഗൗരിക്ക്‌ തോന്നിയില്ല. ഇല്ലെന്ന് പുറമെ പറഞ്ഞെങ്കിലും ചിലന്തിക്ക്‌ വല കെട്ടാൻ അകത്തിടം നല്‍കണമെന്ന് മനസ് ഉത്ക്കടമായി ആഗ്രഹിച്ചു ..

അകത്ത്‌ വല കെട്ടാൻ ചിലന്തിക്കു സമ്മതമാണൊ എന്നത്‌ ഗൗരിക്ക്‌ അറിയണ്ടായിരുന്നു.  സമ്മതം ആയിരിക്കും എന്ന ചിന്തയാണ് ‌ അതിനടിസ്ഥാനം. സ്വയം തോന്നിയ ആ ഉറപ്പിലായിരുന്നു ഗൗരിയുടെ നീക്കം. ചേരാത്ത വാക്കുകളും, ചേർച്ചയില്ലാത്ത വിവരങ്ങളും ചേർത്തു വെച്ച്‌ മാത്രം ചിന്തിച്ചു. നേരിടുന്ന സാഹചര്യങ്ങളും കടന്നു പോകുന്ന പ്രായവും വരുത്തിവെക്കുന്ന ചിന്തകളാണതെന്ന് മനസ്സിലാക്കിയില്ല. അത്‌ ചിലന്തിയുടെ കുഴപ്പം കൊണ്ടായിരുന്നില്ലെന്ന് വ്യക്തം.

നേരം വളരെ വൈകി. കമ്പ്യൂട്ടര്‍ അടച്ചുവെച്ച് കിടക്കാന്‍ തോന്നിയില്ല. തന്റെ മെയില്‍ വായിച്ചത് കൊണ്ടായിരിക്കണം ചിലന്തി ഇന്ന് ചാറ്റില്‍ വരാത്തതെന്ന് തോന്നി. ചാറ്റ് ബോക്സില്‍ വെറുതെ 'ഹെലോ' അടിച്ചു. 'ദാ അയക്കുന്നു' എന്ന മറുപടി തിരിച്ചു കിട്ടിയപ്പോള്‍ ചങ്കിടിക്കാന്‍ തുടങ്ങി. ആകാംക്ഷക്കറുതി വരുത്തി മെയിലെത്തി.

ഗൗരി,
അയച്ച മെയിൽ വായിച്ചിട്ട്‌ എന്ത്‌ മറുപടി എഴുതണം എന്നിപ്പോഴും എനിക്കറിയില്ല. എന്നിൽ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ..വ്യക്തമായ മറുപടി പറയാൻ എനിക്കറിയില്ല. വേണം...വേണ്ട..എന്ന വികാരം. വാക്കുകളിലെ സൗന്ദര്യം, നേരിട്ടുള്ള കാഴ്ചയിൽ നഷ്ടപ്പെട്ടെങ്കിലൊ എന്ന ഭയം. അതാണിപ്പോൾ എന്നിൽ.

ഞാൻ മുൻപെഴുതിയ ഒരു ബ്ലോഗിൽ പറഞ്ഞിരുന്നത്‌ പോലെ എന്റെ അജ്ഞാതവാസം പുറത്തായാൽ ഓഫ്‌ ലൈൻ ആകാനാണ്‌ ആഗ്രഹം. ഗൗരി ഇപ്പോൾ ശ്രമിക്കുന്നതും എന്നെ പുറത്ത്‌ ചാടിക്കാനാണ്‌.

തമ്മിൽ കാണാതെ എഴുതിയും പറഞ്ഞുമുള്ള ഈ സൗഹൃദത്തിനല്ലെ കൂടുതൽ സന്തോഷം ലഭിക്കുക. അങ്ങിനെ തുടരാനാണ്‌ ഞാനിഷ്ടപ്പെടുന്നത്‌. ഗൗരിയുടെ ജീവിതത്തിലേക്ക്‌ എന്നെ ക്ഷണിച്ചത്‌ എന്റെ വാക്കുകളുടെ ആകർഷണീയത മാത്രം പരിഗണിച്ചാണ്‌. ഞാൻ വിവാഹിതനാണൊ അവിവാഹിതനാണൊ എന്നു പോലും പറഞ്ഞില്ലല്ലോ. അതും എന്റെ എഴുത്തുകളിൽ നിന്ന് സ്വയം തീരുമാനിക്കുന്നു. വലിയ തെറ്റാണത്‌. അതുകൊണ്ട്‌....ഈ വിഷയം ഗൗരി എനിക്കെഴുതിയിട്ടില്ല, ഞാനത്‌ കണ്ടിട്ടുമില്ല എന്ന് കരുതാം. പഴയ സൗഹൃദം തുടരാം.

എതിർ ലിംഗത്തിൽ പെട്ടവരോടുള്ള ആകർഷണം എന്നിൽ ഉള്ളതുകൊണ്ടുതന്നെയാവാം ഞാനിത്രയും നീട്ടി എഴുതിയത്‌. ആ ആകർഷണത്തെ വികാരപരമാക്കി മാറ്റാൻ എനിക്കാഗ്രഹമില്ല. മനുഷ്യനെ ഉയരങ്ങളിലേക്ക്‌ നയിക്കുന്നത്‌ അനുഭവങ്ങളാണെന്ന് തോന്നിപ്പോകുന്നു. അൽപം കൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

എങ്കിലും ഗൗരി അയച്ച മെയിലിലെ വരികൾ എന്നിൽ ആശയക്കുഴപ്പമായി തുടരുന്നു.

മറുപടി കാത്തിരിക്കയാണെന്ന് അറിയാം.
സമയം രാത്രി പന്ത്രണ്ടാകുന്നു. ഞാനുറങ്ങട്ടെ.

വല കെട്ടാനറിയാത്ത
         ചിലന്തി.

സങ്കടവും കരച്ചിലും ദേഷ്യവും എല്ലാം ഒന്നിച്ചു കൂടി. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയതിനാല്‍ പ്രയാസം ഏറി. പുറത്തറിയാതിരിക്കാന്‍ ഏന്തലൊതുക്കി. കണ്ണ് നിറഞ്ഞതിനാല്‍ അക്ഷരങ്ങള്‍ നേരെ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരിച്ചും മറിച്ചും പിന്നേയും വായിച്ചു. 'വേണം...വേണ്ട...എന്ന വികാരം.' എന്ന ഒറ്റ വാക്കില്‍ വീണ്ടും പ്രതീക്ഷകള്‍ നിലനിര്‍ത്തി. അല്പം ആശ്വാസം. എത്ര നേരം കസേരയില്‍ അതെ ഇരിപ്പ്‌ തുടര്‍ന്നു എന്നറിയില്ല.

സ്ഥലകാലബോധം തിരിച്ചെടുത്ത്‌ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ വേറൊരു മെയില്‍ കൂടി
കണ്ടപ്പോള്‍ അരിശം തോന്നി. ദേഷ്യത്തോടെ ഓഫാക്കി ചെന്നുകിടന്നു.

നല്ല ഉറക്കത്തിൽ ആയതിനാൽ ഗൗരി ഒന്നു ഞെട്ടി. അയൽവക്കത്തെ കരച്ചിലും ബഹളവും കേട്ട്‌ ചാടിപ്പിടഞ്ഞെണീറ്റ്‌ ഉമ്മറത്ത്‌ ചെന്ന് നോക്കി. നേരം നന്നായി വെളുക്കുന്നതേ ഉള്ളു. തെക്കേ വീട്ടിലാണ്‌. ആളുകൾ ഓടിക്കൂടുന്നു. ആദ്യം അവിടെ എത്തിയത്‌ അമ്മയാണെന്ന് തോന്നുന്നു.

ഉറക്കച്ചടവോടെ മുഖം പോലും കഴുകാതെ പടി കടന്ന് ഓടിച്ചെന്നു. സജീവൻ മാഷ്‌ മരിച്ചു. അമ്മയും സഹോദരിയും അലമുറയിട്ട്‌ കരയുന്നു. പ്രത്യേക അസുഖമൊന്നും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റില്ല. അറ്റാക്കാണെന്നാണ്‌ നിഗമനം.

തിരിച്ച്‌ വീട്ടിലെത്തി ഗൗരി മുഖം കഴുകുമ്പോൾ പഴയ പ്രേമാഭ്യർത്ഥന ഓർത്തു. അന്നു തോന്നിയ വെറുപ്പ്‌ മാറിയത്‌ ഇപ്പോഴാണൊ എന്നൊരു സംശയം....ആദ്യം തന്നെ ഒരാളെ വെറുക്കുകയൊ ഇഷ്ടപ്പെടുകയൊ ചെയ്താൽ ആ ഒരു വികാരം പിന്നീട്‌ മാറ്റാൻ വലിയ പ്രയാസമാണെന്ന് തോന്നി. ഇനി മാറിയാലും ഒരു മുഴപ്പ്‌ അങ്ങിനെ നിന്നേക്കാം.

മരണവീട്ടിൽ പോകുന്നത്‌ സ്വതവെ മടിയാണ്‌. ഒഴിച്ചുകൂടാൻ പറ്റാത്തതാകുമ്പോൾ പോയല്ലേ പറ്റൂ. കുറേ നേരം കഴിഞ്ഞാണ്‌ വീണ്ടും അങ്ങോട്ട്‌ പോയത്‌.

അലറിക്കരച്ചിലില്ലാത്ത വരിഞ്ഞു മുറുക്കിയ നീറ്റലുകളുടെ നിശ്വാസങ്ങൾ ചെറിയ മർമ്മരം പോലെ മഴക്കാറിന്റെ പ്രതീതി ജനിപ്പിച്ച അവസ്ഥയാണിപ്പോൾ. നേർത്ത ഞരക്കങ്ങളും നെടുവീർപ്പുകളും. സ്കൂൾ കുട്ടികളും അദ്ധ്യാപകരുമായി ജനങ്ങൾ കൂടിക്കൊണ്ടിരുന്നു. ചുമരിനോട്‌ ചേർന്ന ഒരു മൂലയിൽ നിന്ന് ഗൗരി ജനങ്ങളെ ശ്രദ്ധിച്ചു.

തിരക്കിൽ നിന്നകന്ന് പറമ്പിന്റെ ഒരറ്റത്ത്‌ നിന്നിരുന്ന നാലഞ്ചു പേരിൽ കണ്ണുടക്കിനിന്നു. ഒന്നൊരു സ്ത്രീയാണ്‌, മറ്റുള്ളവർ പുരുഷന്മാരും. എല്ലാവരേയും നല്ല പരിചയം തോന്നി. എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.

ഗൗരി പതിയെ അവരുടെ അടുത്തേക്ക്‌ നടന്നു. ഗൗരിയുടെ വരവ്‌ പരിചിതഭാവത്തോടെ എതിരേൽക്കുന്ന അവരുടെ ഭാവത്തിൽ നിന്ന് ബ്ലോഗേഴ്സാണെന്ന് പിടികിട്ടി. മരണവീടിന്റെ മൗനം അവരുടെ കൂടിക്കാഴ്ചയിലെ ആഹ്ലാദം ഒതുക്കി നിർത്തിയിരുന്നു.

"ഗൗരിയും, ചിലന്തിയും അയൽവക്കക്കാരായിരുന്നു അല്ലേ?"

കാലിൽ നിന്ന് ഒരു തരിപ്പ്‌ കയറി ദേഹം മുഴുവൻ പടർന്നപ്പോൾ ഗൗരി പഞ്ഞി പോലെ ഭാരമില്ലാതായി. മുഴുവൻ കേൾക്കുന്നതിന്‌ മുൻപേ വീട്ടിലേക്കോടി ഒരു ഭ്രാന്തിയെപ്പോലെ....

ഒരു യന്ത്രം കണക്കെ മുറിക്കകത്ത്‌ കയറിയ ഗൗരി കമ്പ്യൂട്ടര്‍ തുറന്നു. ചിലന്തിയുടെ തുറക്കാത്ത അവസാന മെയിലിന്‌ മൗനം. ശക്തി ക്ഷയിച്ച കൈവിരലുകളിൽ മൗസ്‌ ചലനമറ്റു. എത്ര ശ്രമിച്ചിട്ടും മൗസിനെ ചലിപ്പിക്കാൻ ഗൗരിയുടെ കൈകൾക്കാവുന്നില്ല.

തുറക്കാത്ത മെയിലിലേക്ക്‌ തറപ്പിച്ച്‌ നോക്കിയപ്പോൾ 'പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ' എന്ന മുൻ മെയിലിലെ വരികൾ തെളിഞ്ഞു. കയ്യൽപം ചലിപ്പിക്കാമെന്നായപ്പോള്‍ കൈ വിറക്കുന്നുണ്ട്‌.

മൗസിന്റെ വലത്‌ ഭാഗം അമർത്തി, തുറക്കാത്ത മെയിൽ എന്നേക്കുമായി നീക്കം ചെയ്യുമ്പോൾ ഒഴുകുന്ന കണ്ണീരിന്‌ നല്ല ചൂടായിരുന്നു.

22/5/11

കൂട്ടിച്ചേര്‍ക്കലുകള്‍

22-05-2011

പ്രഹരമേറ്റ പ്രതീക്ഷകൾ കലമ്പിക്കൂടിയ മനസ്സ്‌. ഒരൊറ്റ ചിന്തക്കു മേൽ ഒരു പിടി മോഹങ്ങളും സ്വപ്നങ്ങളും ചേർത്ത്‌ വെച്ച്‌ മൂന്നര കൊല്ലങ്ങൾക്ക്‌ ശേഷം നാട്ടിലെത്തുമ്പോൾ നിറമുള്ള സങ്കൽപങ്ങൾ ഇന്നൊ നാളെയൊ പ്രാവർത്തികമാകുമെന്ന് ഹരിഹരപ്രസാദ്‌ ഉറച്ച്‌ വിശ്വസിച്ചിരുന്നു. അമിതമായ ആ വിശ്വാസമായിരുന്നു തിരിച്ചു പോകാറായപ്പോൾ വേദന വർദ്ധിപ്പിച്ചത്‌.

മാതാപിതാക്കളുടെ സംരക്ഷണയിൽ പാറപോലെ വളർന്നപ്പോഴും ജോലിയൊ ഭാവിയൊ ഒന്നും ഗൗരവമായി കണ്ടിരുന്നില്ല. പക്ഷെ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയപ്പോൾ ജോലിയും കൂലിയും ഗൗരവം വരുത്തി. അങ്ങിനെയാണ്‌ ജോലിക്ക്‌ വേണ്ടി സൗദി അറേബ്യയിൽ എത്തിയത്‌. ആവേശവും അർത്ഥവും നൽകിയ ആദ്യ ശമ്പളം മുതൽ ഒരു മനുഷ്യനായി എന്ന തോന്നൽ. തുടർന്നങ്ങോട്ട്‌ വിവാഹവും കുടുംബവും സൃഷ്ടിക്കാനുള്ള വ്യഗ്രത.

"നീയിതുവരെ റെഡിയായില്ലേ...?"ഹരിയുടെ കൂട്ടുകാരൻ ജയ്സൺ ബൈക്ക്‌ നിർത്തി താഴെയിറങ്ങിക്കൊണ്ട്‌ ചോദിച്ചു.

പൂമുഖത്തിരുന്ന ഹരി തലയുയർത്തി നിർവ്വികാരതയോടെ ജയ്സനെ നോക്കി. വിഷാദത്തിന്റെ നിഴലുകൾ പടർന്ന മുഖം.

"രണ്ടര മാസം കഴിഞ്ഞു. ഇനി പതിനാലു ദിവസം കഴിഞ്ഞാൽ ഇനിക്ക്‌ തിരിച്ച്‌ പോണം. അതിനിടയിലൊരു പെണ്ണിനെ കൂടി കണ്ടിട്ട്‌ എന്തിനാ ജയ്സൺ?"

"അതെല്ലാം നീ വന്നപ്പഴേ ഓർക്കണമായിരുന്നു. നീ വന്ന അന്നു മുതൽ നടക്കുന്നതല്ലേ? ഒരു എഴുപതിനു മേൽ പെൺകുട്ടികളെ നീ കണ്ടില്ലേ? ഒന്നിനെപ്പോലും നിനക്ക്‌ പിടിച്ചൊ? എനിക്ക്‌ വരെ നാണക്കേട്‌ തോന്നിത്തുടങ്ങി നിന്റെ കൂടെ വരാൻ."

"ശരിയാ ജയ്സൺ. ഇനിക്കും മടുത്തു. അതോണ്ട്‌ ഇനി ഏതായാലും പോകുന്നേനു മുൻപ്‌ ഒന്നും വേണ്ടാന്ന് തീരുമാനിച്ചു. അതോണ്ടാ ഇങ്ങ്നെ ഇരുന്നേ."

"നിന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ."

"നിന്നെ ഇനിക്ക്‌ അറിയില്ലേടാ. തമ്മിൽ പറയുന്നതിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സുഹൃത്തുക്കളെന്ന് പറയുന്നതിൽ എന്താടാ അർത്ഥം?"

"എല്ലാം മനസ്സിലാക്കാൻ കഴിവുള്ള നീ എങ്ങനെ ഇങ്ങനെയായി എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്നത്‌. സൗദിയിലേക്ക്‌ പോകുന്നതിന്‌ മുൻപ്‌ നീയൊരിക്കൽ തമാശയായി പറഞ്ഞത്‌ ഓർമ്മയുണ്ടൊ?-പെണ്ണിന്റെ സൗന്ദര്യത്തിലല്ല സ്വഭാവത്തിലണ്‌ കാര്യം. ഒത്ത്‌ പോകാവുന്ന ഒരു പാവം കുട്ടി- എന്ന്. ആ നിന്നേയും ഈ നിന്നേയും എനിക്ക്‌ പിടി കിട്ടുന്നില്ലെടാ ഇപ്പൊ."

"ആ ഞാൻ തന്നെയാണ്‌ ഇപ്പോഴും. പക്ഷെ ആ എന്നിൽ ചില കൂട്ടിച്ചേർക്കലുകൾ സംഭവിച്ചിരിക്കുന്നുവെന്നാണ്‌ എനിക്കിപ്പൊ തോന്നുന്നത്‌. ആദ്യം കാണുന്ന കുട്ടിയെ തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു എന്റെ ആദ്യ തീരുമാനം. ചിന്തിക്കാൻ നല്ലൊരു തീരുമാനമെങ്കിലും പ്രായോഗികമായി ശരിവരാത്ത ഒന്നാണതെന്ന് കാര്യത്തോടടുക്കുമ്പോൾ തിരിയുന്നു."

"അതാണോ ഇത്രയും പെണ്ണു കണ്ടിട്ട്‌ നിനക്ക്‌ ഒന്നിനേം പിടിക്കാതിരുന്നത്‌?"

"അല്ല. ഇപ്പറഞ്ഞത്‌, വെല്യ ആദർശനത്തിന്‌ വേണ്ടി വികാരം കൊള്ളുമ്പൊ ഉരുത്തിരിയുന്ന തീരുമാനങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയാതെ വരുന്നതിലെ പൊള്ളത്തരത്തെക്കുറിച്ചാണ്‌. എന്റെ ആദ്യ ചിന്തയും ശരിയല്ലെന്ന് മാത്രം പറഞ്ഞതാണ്‌. ഇവിടെ മറ്റൊന്നാണ്‌. അതെന്താണെന്നാണ്‌ ഞാനിപ്പോൾ ആലോചിക്കുന്നത്‌."

"എങ്കിൽ പിന്നെ നീ നേരത്തെ പറഞ്ഞത്‌ പോലെ കൂട്ടിച്ചേർക്കലുകൾ തന്നെ കാരണം. ആ കൂട്ടിച്ചേർക്കലുകൾ എന്താണെന്ന് കണ്ടെത്തിയാപ്പോരെ? ഹരി മാത്രമല്ല, പലരും രണ്ടും മൂന്നും മാസത്തെ ലീവിന്‌ വിവാഹം കഴിക്കാൻ വന്നിട്ട് പെണ്ണിനെ ഇഷ്ടപ്പെടാതെ തിരിച്ച്‌ പോയത്‌ എനിക്കറിയാം."

"ജയ്സൺ പറഞ്ഞത്‌ ശരിയാണ്‌. ഞാനെന്റെ കാര്യം മാത്രമാ ആലോചിച്ചത്‌. ഇപ്പഴാ പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് തന്നെ ഓർക്കുന്നത്‌."

"സൗദിയിലെന്താടാ സുന്ദരികൾ മാത്രേ ഉള്ളോ?"

ജയ്സന്റെ ആ വാക്കുകളില്‍ എന്തോ ഒരു കുരുക്ക് പോലെ ഹരിക്ക് അനുഭവപ്പെട്ടു.  ചില അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആ വരികളില്‍ ഉടക്കി കിടക്കുന്നതായി അനുഭവപ്പെടുന്നു. അവിടെ നടന്ന കാണലുകളെ ഹരി ഓര്‍ത്തു. ശരിയാണ്... സൌന്ദര്യം തന്നെ....
"യെസ്‌...അതാടാ ജയ്സൺ കാര്യം...നീ തമാശക്ക്‌ ചോദിച്ചതാണെങ്കിലും സംഭവം അത്‌ തന്നെ."

"എന്ത്‌?"

"ഞങ്ങൾ അവിടെ കാണുന്നത്‌ സുന്ദരികളെ മാത്രമാണ്‌. അൽപം സൗന്ദര്യം കുറഞ്ഞ ആരേയും കാണാറില്ല. നല്ല വസ്ത്രങ്ങൾ ധരിച്ച സുന്ദരികളായ സ്ത്രീകളെ മാത്രം കണ്ട്‌ മനസ്സിൽ കയറിക്കൂടിയ കൂട്ടിച്ചേർക്കൽ."

"ഞാൻ ഗൾഫിലൊന്നും പോയിട്ടില്ലെങ്കിലും നീയിപ്പറഞ്ഞത്‌ ഒരു നുണ മത്രമായെ എനിക്ക്‌ തോന്നുന്നുള്ളു."

"നുണയല്ലെടാ... സത്യം. നിറങ്ങൾ വിതറി നിഴലുകൾ പോലെ എന്റെ മനസ്സിൽ അള്ളിപ്പിടിച്ച സ്ത്രീ സൗന്ദര്യം. ഒരു നിമിഷം ഒഴിവ്‌ കിട്ടിയാൽ പിന്നെ ഞങ്ങളുടെ ലോകം ടീവിക്ക്‌ മുന്നിലാണ്‌. കഴിഞ്ഞ മൂന്നര കൊല്ലവും ഞാൻ കണ്ടത്‌ ടീവിയിലെ ചായം തേച്ച സൗന്ദര്യമാണ്‌. ക്രമേണ പഴയ രൂപങ്ങൾ മാഞ്ഞു പോയി. അവിടെ തെളിച്ചമുള്ള കൂട്ടിച്ചേക്കലുകൾ നടന്നു. ചെറിയൊരു മോചനം കടന്നു വന്നപ്പോഴേക്കും വീണ്ടും തിരിച്ച്‌ പോകുന്നു."

ഹരിഹരപ്രസാദ്‌ ഒരു നിമിഷം മണൽഭൂമിയുടെ നെഞ്ചിലേക്ക്‌ ചാടി വീണു. തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. ഈർപ്പമില്ലാതെ മഴക്കാറില്ലാതെ നനവില്ലാതെ ഉണങ്ങിക്കിടക്കുന്ന അന്തരീക്ഷം എവിടേയും. കൃത്രിമ പച്ചപ്പുകൾക്ക്‌ നാടിന്റെ ഇരുളിച്ച ലഭിക്കില്ല. ക്രമേണ മനസ്സിൽ പരുവപ്പെടുന്ന തെളിച്ചം നാടിന്റെ ഇരുളിമയെ വെറുക്കാൻ തുടങ്ങും. അനുവാദം ആവശ്യമില്ലാതെ കയറിക്കൂടുന്ന, സ്വയം അറിയാതെ സ്വീകരിക്കുന്ന കൂട്ടിച്ചേർക്കലുകൾ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ കടിച്ചമർത്തുന്ന വേദന ഒരു പ്രവാസിയുടെ ദുഃഖം മാത്രമായി അവശേഷിക്കുന്നു.

"വെറുതെ പറയല്ലേ ഹരി. ടീവിയിലൂടെ മാത്രമല്ലാതെ പെണ്ണുങ്ങളെ കാണാറില്ലെന്ന് നീ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്‌."


"കാണാറില്ലെന്നല്ല. ഒറ്റയും തറ്റയും കാണാം. എത്ര സൗന്ദര്യം ഇല്ലാത്തവരാണെങ്കിലും തലയിലെ മുടിയടക്കം മൂടിയ കറുത്ത കുപ്പായത്തിനുള്ളിലെ പുറത്ത്‌ കണുന്ന മുഖം ഉദിപ്പുള്ളത്‌ മാത്രം. പണിയെടുക്കുകയും പണം അയക്കുകയും ചെയ്താൽ തൃപ്തിപ്പെടുന്ന മനസ്സ്‌ നാട്ടിലെ ദൈനംദിന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടാതെ ചെത്തിമിനുക്കിയ ടീവി കാഴ്ചകളിലെ നിറങ്ങളിൽ മയങ്ങും. ആ നിറങ്ങളിൽ പൂർണ്ണത കാണുകയും സുഖമുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടുകയും ചെയ്യും. നാട്ടിലെ യാഥാർത്ഥ്യങ്ങൾ നേരിടുമ്പോഴാണ്‌ ഉപേക്ഷിക്കാൻ കഴിയാതെ സ്വപ്നങ്ങൾ വേര്‌ പിടിച്ചത്‌ അറിയാതെ വരുന്നത്‌."

"ചിലതൊക്കെ പിടി കിട്ടി. എങ്കിലും കൃത്യമായി എനിക്കങ്ങട്ട്‌ മനസ്സിലാവുന്നില്ല."

"നിനക്ക്‌ മാത്രമല്ല, പലർക്കും മനസ്സിലാവില്ല. അവിടത്തെ അന്തരീക്ഷവും ജീവിതവും അറിയുമ്പോഴെ പൂർണ്ണമായി ഞാൻ പറയുന്നത്‌ ഉൾക്കൊള്ളാൻ കഴിയു. അവൻ ആളായപ്പൊ ഒന്നും പിടിക്കുന്നില്ല എന്ന് മാത്രമെ നിനക്ക്‌ ചിന്തിക്കാനാകു. രണ്ട്‌ വ്യത്യസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ഞങ്ങളുടെ ചില ആശയക്കുഴപ്പം."

"എന്ത്‌ ആശയക്കുഴപ്പമാണെങ്കിലും അതിന്റെ കാരണം പിടി കിട്ടിയല്ലോ.അപ്പോൾ ഇനി കാര്യങ്ങൾ എളുപ്പമാണ്‌."

"ഒരു പരിധി വരെ അങ്ങനെ പറയാം. എന്നാലും ഇത്തവണ സംഭവിച്ച ആഗ്രഹങ്ങളുടെ നഷ്ടവും, സമയം വൈകുന്നു എന്ന വേവലാതിയും അടുത്ത ലീവ്‌ വരെ മനസ്സിനെ ആക്രമിക്കും."

"അധികമൊന്നും ചിന്തിക്കണ്ട. അടുത്ത തവണ നീ വരുമ്പോഴേക്കും നിനക്ക്‌ പറ്റിയ ഒരുവളെ ഞാൻ കണ്ടെത്തി വീട്ടുകാരുമായി ആലോചിച്ച്‌ വെക്കാം. നീ ധൈര്യമായി പോയ്ക്കൊ."

"ഇനി അതു തന്നെയാണ്‌ ഞാനും കരുതിയിരിക്കുന്നത്‌."

"ശരി. എങ്കിൽ പിന്നെ കാണാം." ജയ്സൺ ബൈക്കെടുത്ത്‌ തിരിച്ച്‌ പോയി.

1/4/11

എല്‍സിയും വൃദ്ധനും (അവസാനഭാഗം)

01-04-2011

                        (ഈ കഥയുടെ ആദ്യഭാഗം പൂര്‍ണ്ണമായി ഇവിടെ വായിക്കാം )



[ആദ്യഭാഗം ചുരുക്കത്തില്‍......
രണ്ടു മക്കളുടെ അമ്മ നാല്‍പത്‌ കാരിയായ എല്‍സിയുടെ ഭര്‍ത്താവ്‌ പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മരിച്ചു.
താഴെയുള്ള മകന്റെയും ഭാര്യയുടെയും ഒപ്പം താമസിക്കുന്ന പണക്കാരനായ ഒരു വൃദ്ധനെ പരിചരിക്കാന്‍ എല്‍സി ഈയിടെ തയ്യാറായി.
വൃദ്ധനും എല്‍സിയും ഒരു പ്രത്യേകതരം മാനസികാവസ്ഥയിലേക്ക് നീങ്ങുന്നു.
വൃദ്ധനെ സംബോധന ചെയ്യേണ്ടത്‌ എങ്ങിനെയെന്ന് തിട്ടമില്ലാത്ത എല്‍സി......
തുടര്‍ന്ന് അവസാനഭാഗം താഴെ വായിക്കാം]
                   (ആദ്യഭാഗത്തിലെ സംഭാഷണരീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്)


"നീയെന്ത്‌ വിളിച്ചാലും അത്‌ വേണ്ടാന്നു ഞാന്‍ പറഞ്ഞില്ലല്ലൊ. നീ തന്നെ കുറച്ച്‌ കഴിയ്മ്പോ വേണ്ടാന്ന്‌ തോന്നണ്‌ത്‌ മാറ്റി വിളിക്കും."

ശരിയാണല്ലൊ. ആദ്യം കാര്‍ന്നോരെന്ന്‌ വിളിച്ചു. കുറച്ച്‌ ദിവസത്തെ ഇടപഴകലില്‍ കൂടി താന്‍ ശുശ്രൂഷിക്കുന്ന ഏതൊ ഒരു വൃദ്ധന്‍ എന്ന ധാരണയില്‍ നിന്ന്‌ ഒരപ്പച്ചന്റെ സാമിപ്യം അറിഞ്ഞു. അപ്പച്ചന്‍ മാത്രമാണൊ...ഒരു സുഹൃത്തും സഹോദരനും ഒക്കെ കൂടിയ എന്തൊ അല്ലെ? എങ്കില്‍പ്പിന്നെ അപ്പച്ച എന്ന്‌ വിളിക്കുന്നതില്‍ പൊരുത്തക്കേടുണ്ട്‌. ചൊല്ലി വിളിക്കാന്‍ വേറഎന്താണ്‌ ശരിയായ വാക്ക്‌?

എല്‍സി ആകെ ആശയക്കുഴപ്പത്തിലായി. ചെറിയൊരു കാര്യത്തിനാണൊ മനസ്സിനെ ഇങ്ങിനെ പുണ്ണാക്കുന്നത്‌. എന്തെങ്കിലും വിളിക്കുക. മാസം തികയുമ്പോള്‍ കിട്ടുന്ന പണം വാങ്ങുക എന്നതിനപ്പുറത്തേക്ക്‌ മറ്റെന്താ. അത്തരം തീരുമാനത്തിലെത്താനും മനസ്സ്‌ സമ്മതിക്കുന്നില്ല.

"ന്താ മോളൊന്നും മിണ്ടാത്തത്‌? നിയ്യിവ്ടെ വന്നതെന്നെ നോക്കാനാ."

"ഞാനൊരു കുറവും വരുത്തുന്നില്ലല്ലൊ. സ്വന്തം അപ്പനെപ്പോലെ നോക്കുന്നില്ലെ?"

"എന്നല്ല...."തുടര്‍ന്ന്‌ പറയാന്‍ വാക്കുകളില്ലാതെ ഒരു ശൂന്യത വൃദ്ധനെ പിടി കൂടി.

പരിചാരിക മാത്രമായി വന്നു കയറിയ എല്‍സി തന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പെരുമാറിയപ്പോള്‍ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിന്‌ ആശ്വാസമായി. സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ സ്നേഹം ഇപ്പോളവളില്‍ നിന്നാണ് ലഭിക്കുന്നത്.

എല്‍സി മാസങ്ങളോളം വൃദ്ധനില്‍ നിന്ന് വേതനം പറ്റി. കൂടുതല്‍ അറിയുകയും അടുക്കുകയും ചെയ്ത്‌ രണ്ടൊറ്റപ്പെട്ട ജന്‍മങ്ങള്‍ പരസ്പരം ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിലൂടെ സഞ്ചരിച്ചു. മാസാമാസം കിട്ടുന്ന ശമ്പളം കൂടാതെ എല്‍സിയുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ സഹായിക്കുന്നതിലും വൃദ്ധന്‍ സന്തോഷം കണ്ടെത്തി.

വൃദ്ധന്റെ കയ്യില്‍ നല്ലൊരു തുക സമ്പാദ്യമുണ്ട്‌. മക്കളെല്ലാം സ്വന്തമായി ഒരോ വീട്ടില്‍ കഴിയുന്നു. താഴെയുള്ള മകന്റെ കൂടെയാണ്‌ പൊറുതി. മകന്റെ ഭാര്യ ഉദ്യോഗസ്ഥയായതിനാല്‍ മകന്റെ തീരുമാനമാണ്‌ എല്‍സിയെ ഇവിടെ എത്തിച്ചത്‌. അവള്‍ ജോലിക്ക് പോകുന്ന സമയം തനിക്കൊരു കൂട്ടിന്.

മക്കളുടെ സ്ക്കൂള്‍ വിശേഷം തിരക്കുകയും പഠിപ്പിനെക്കുറിച്ച്‌ ചോദിച്ചറിയുകയും ചെയ്യുമ്പോള്‍ ഒരു സുരക്ഷിതത്വബോധം വന്നു ചേരുന്നത്‌ എല്‍സി അനുഭവിക്കുകയായിരുന്നു.

അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും വൃദ്ധന്റെ മനസ്സില്‍ ചില ശങ്കകള്‍ കടന്നു വന്നിരുന്നു. കാഴ്ചക്കുറവിന്റെ അഭാവം മുഖഭാവങ്ങളില്‍ നിന്ന്‌ ഒന്നും ശേഖരിക്കാനാകുന്നില്ലെങ്കിലും കാര്‍ന്നോര്‌, അപ്പച്ചാ വിളികള്‍ നിലച്ചതും പകരം ചില അജ്ഞാതമായ ഏതൊക്കെയൊ ശബ്ദങ്ങളിലൂടെ തന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതി സ്വീകരിച്ചതിലെ അര്‍ത്ഥം തേടി വൃദ്ധന്‍ കുഴഞ്ഞു. ആ അര്‍ത്ഥം തേടല്‍ മനുഷ്യമനസ്സിന്റെ ഇനിയും പിടി കിട്ടാത്ത ചില കെട്ടുപിണച്ചിലിലേക്ക്‌ യാത്രയാക്കി.

അവളിനി ഒരു പകരക്കാരന്റെ സാന്നിദ്ധ്യം തന്നിലൂടെ പ്രതീക്ഷിച്ചു കൂടായ്കയില്ല എന്ന ചിന്തയിലേക്ക്‌ കയറിയത്‌ ചെറിയ അസ്വസ്ഥത ഉളവാക്കി. പ്രായം കൊണ്ടുള്ള പൊരുത്തക്കേടുകള്‍, ജാതി മൂലമുള്ള പൊരുത്തക്കേടുകള്‍ എല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ ചുറ്റുവട്ടത്തു നിന്നുള്ള എതിര്‍പ്പുകള്‍ ശക്തമാകും. ഇത്രയും പ്രായവ്യത്യാസത്തില്‍ എത്രയോ പേര്‍ പരസ്പരം കൂട്ടെന്ന രീതിയില്‍ വിവാഹിതരാകുന്നു. തന്റെ ഭാഗത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ ശരിയെന്ന്‌ തോന്നാം. മിണ്ടീം പറഞ്ഞ്‌ ഇരിക്കാനും, സഹായത്തിനും ഒരു കൂട്ട്‌. അവിടെ തീരുന്നു തന്റെ ആഗ്രഹം.

ഇത്രയും നാളത്തെ ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷ നേടാന്‍ ഒരു പക്ഷെ എല്‍സിയും ആദ്യം അങ്ങിനെ ചിന്തിച്ചേക്കാം. ആദ്യചിന്തകളിലെ അനുഭവം പഴകുന്നതോടെ അവളുടെ ശരീരം ആഗ്രഹിക്കുന്നത്‌ നല്‍കാന്‍, മുരടിച്ച ഈ പടു വൃക്ഷത്തിനാകില്ല. മോഹിച്ചത്‌ നേടിക്കഴിഞ്ഞാല്‍, നേടിക്കഴിഞ്ഞതിലെ കുറവ്‌ തേടി പായുന്ന മനസ്സിന്റെ വികൃതി നല്ലത്‌ പോലെ വൃദ്ധന്‌ അറിയാമായിരുന്നു. എങ്കിലും എല്‍സിയെ നഷ്ടപ്പെടുത്താന്‍ അനുവദിക്കാത്ത മനസ്സും.

ഞാന്‍ ചേട്ടാന്ന്‌ വിളിച്ചോട്ടെ. എന്റെ ഭര്‍ത്താവിനെ ഞാന്‍ അങ്ങിനെയാണ്‌ വിളിച്ചിരുന്നതെന്ന്‌ ഒരിക്കല്‍ എല്‍സി പറഞ്ഞത്‌ മുതലാണ്‌ ഇത്തരം കാട്‌ കയറിയ ചിന്തകള്‍ തെളിഞ്ഞത്‌.

-ചേട്ടന്‍- മറ്റാരും കേള്‍ക്കാതെ എല്‍സിയില്‍ നിന്ന്‌ അത്‌ കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്‌. മരിച്ചു പോയ അനന്ദലക്ഷ്മിയെ ഓര്‍മ്മ വരും. ഒരു വയസ്സന്‍ നാണം നിഴലിക്കും.

ചേട്ടനൊ..ആരും കേള്‍ക്കണ്ട നിന്റെ പ്രാന്തെന്ന്‌ മറുപടി പറയുമ്പോഴും അവള്‍ അങ്ങിനെത്തന്നെ വിളിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, പിന്നീടങ്ങനെ ചോദിച്ചിട്ടില്ല...വിളിച്ചിട്ടില്ല.

"ഇന്നെന്താ...കാര്‍ന്നോര്‌ വെല്യ ചിന്തേലാണാല്ലൊ."

ആ വിളിയിലെ ഹാസ്യം ആസ്വദിച്ചു കൊണ്ടു തന്നെ വൃദ്ധന്‍ എല്‍സിയുടെ ഉള്ളറിയാന്‍ മോഹിച്ചു.

"ഇപ്പൊ എന്ത്ന്നാ വിളിക്കാന്നൊള്ള സംശയം മാറിക്കിട്ടി...അല്ലെ എല്‍സിക്കുട്ടി?"

"ഞാന്‍ തമാശക്ക്‌ പറഞ്ഞതാ. പറയണേന്റെ രീതി കേട്ടാലും മനസ്സിലാവ്‌ല്യേ...എന്ത്‌ വിളിക്കണംന്ന്‌ ഇത്‌വരെ തീരുമാനിച്ചില്ല. തീരുമാനമാകുന്നത്‌ വരെ ഒന്നും വിളിക്കണ്ടാന്ന് വിചാരിക്കാ."

"ഞാനൊരു കാര്യം പറയട്ടെ. നിന്റെ പേരില്‌ കുറച്ച്‌ പണം ഞാന്‍ ബാങ്കിലിടാം. അതിന്റെ പലിശ്യോണ്ട്‌ നിനക്കും മക്കള്‍ക്കും കഴിയാം."

താന്‍ കൂടുതല്‍ സുരക്ഷിതയാകുന്നതും ഉത്തരമില്ലാതിരുന്ന ചിലവ സഫലമാകുന്നതും ആവശ്യപ്പെടാതെ സംഭവിക്കുന്നത്‌, വേണ്ടെന്നൊ വേണമെന്നൊ പറയാന്‍ എല്‍സിക്കായില്ല. അത്ഭുതത്തിന്റേയും ആഹ്ളാദത്തിന്റേയും തിരിച്ചറിയാനാകാത്ത വികാരം മനസ്സില്‍ നിറഞ്ഞത്‌ സത്യം.

"മക്കളറിഞ്ഞാല്‍ അത്‌ ബുദ്ധിമുട്ടാകില്ലെ?" എല്‍സി പോലും ചിന്തിക്കാതിരുന്ന വാക്കുകളാണ്‌ പുറത്ത്‌ വന്നത്‌. പണം സ്വീകരിക്കാന്‍ പ്രയാസമില്ലെന്ന്‌ സ്വയമറിയാതെ ആ വാക്കുകളില്‍ പ്രകടമായി.

"മക്കള്‍ക്ക്‌ എന്റെ പണത്തില്‍ കണ്ണില്ല. എല്ലാരും നല്ല നിലയിലാ. പണം ഇണ്ടാക്കണംന്ന്ണ്ടെങ്കിലും മറ്റൊരുത്തന്റെ കൈക്കലാക്കണംന്ന ആര്‍ത്തി ആര്‍ക്കുല്യ. വയസ് കാലത്ത്‌ അവര്‍ക്കെന്നെ നോക്കണംന്ന്ണ്ടെങ്കിലും ആളെണ്ണം കുറഞ്ഞ ഇപ്പഴത്തെ വീടോളിലെ ചിറ്റ്പാടില്‍ അവര്‍ക്ക്‌ പറ്റാഞ്ഞിട്ടാ. അതോണ്ടല്ലെ നിന്നെ കണ്ടെത്തി ഇവ്ടെ കൊണ്ടാക്കിത്‌. എന്റെ ഒറ്റപ്പെടല്‌ അവ്‌രും കാണുന്നൂന്നല്ലെ അതിന്റര്‍ത്തം. അതോണ്ട്‌ പണത്തിന്റെ കാര്യത്തില്‌ മോള്‌ വെഷ്മിക്കണ്ട."

എല്‍സി പണം നിരസിക്കുമെന്ന സംശയം അകന്നത്‌ വൃദ്ധന്‌ തൃപ്തി നല്‍കി. അവള്‍ അന്യയല്ലെന്നും പരസ്പരം കൂടുതല്‍ അടുക്കുന്നുവെന്നും അനുഭവപ്പെടാന്‍ തുടങ്ങി.

ദിവസവും രാവിലെ വന്ന്‌, വൈകീട്ട്‌ വൃദ്ധന്റെ മരുമകള്‍ ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍, എല്‍സി തിരിച്ച്‌ പോകുകയാണ്‌ പതിവ്‌. എല്‍സിയുടെ പേരില്‍ പണം ബാങ്കിലായി. അതിനു ശേഷം വൈകീട്ട്‌ തിരിച്ച്‌ പോകുന്നത്‌ ശരിയല്ലെന്ന്‌ അവള്‍ക്ക്‌ തോന്നിത്തുടങ്ങി.

വൃദ്ധനോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരുന്നു. ചെറുപ്പ കാലത്തേക്ക്‌ തിരിച്ച്‌ പോകുന്നതും തന്റെ മനസ്സില്‍ പ്രണയം പുഷ്പിക്കുന്നതും തെല്ലൊരു നാണത്തോടെ മനസ്സിലാക്കി. കൌമാരക്കാരിയുടെ പകപ്പും പരിഭ്രമവും ഈയിടെ വൃദ്ധനുമായി സംസാരിക്കുമ്പോള്‍ കടന്നു വരുന്നു. ആരെങ്കിലും കാണുമൊ കേള്‍ക്കുമൊ എന്നൊക്കെയുള്ള വികാരം.

ഒരു ദിവസം രാത്രി എല്‍സി വൃദ്ധനോടൊപ്പം തങ്ങി. പലപ്പോഴായി വിചാരിക്കുന്നതാണ്‌. ഇതുവരെ കഴിഞ്ഞിരുന്നില്ല.

"എ‍ന്താ.. രണ്ടു പേരും കൂടി ഒരു ശൃംഗാരം." വൃദ്ധനും എല്‍സിയും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ വാതില്‍ക്കല്‍ മരുമകളുടെ ശബ്ദം‍.

"അല്ല. ഇതാര്‌? ജോലിക്കാരിയൊ..ഇന്നു ആപ്പീസില്‌ ചുള്ളമ്മാരെയൊന്നും വളയ്ക്കാന്‍ കിട്ടില്യേടി നിനക്ക്‌?" വൃദ്ധന്‍ തിരിച്ച്‌ കൊടുത്തു.

"ഈ അച്ചന്റെ ഒരു കാര്യം? വേറെ ആള്‍ക്കാര്‌ കേള്‍‍ക്കുംന്ന വിജാരേ ഇല്ല."

"നിയും അവളും എനിക്കെന്താ മോളെ വിത്യാസം?"

"എല്‍സിച്ചേച്ചി, കെളവന്‍ ആള്‌ ഭയങ്കരനാ..ഞാനത്‌ ആദ്യം പറയാന്‍ മറന്നു. വായില്‍ നിന്ന്‌ വരുന്നതിന്‌ നൂറ്‌ കിലോ തൂക്കം കാണും." ചിരിച്ചു കൊണ്ടാണ്‌ മരുമോളത്‌ പറഞ്ഞത്‌.

"കെളവന്‍ നിന്റെ നായരാടി. നായരും നായരിച്ചീം കൂടി പകലന്ത്യാവോളം ജോലീന്ന്‌ പറഞ്ഞ്‌ നടന്നൊ. പിന്നെന്റെ പ്രായാകുമ്പൊ പണ്ട്‌ ജീവിച്ചില്ലല്ലൊ എന്നോര്‍ത്ത്‌ വെഷമിക്കാം. ഞാനൊക്കെ ചെറുപ്പത്തില്‌ ഈ പണീം പണീംന്ന്‌ പറഞ്ഞ്‌ നടക്കല്ലായ്‌ര്‌ന്നു."

"നിങ്ങളിരിക്ക്‌. ഇനിക്ക്‌ ഇത്തിരി പണി കൂടി ഇണ്ട്‌. അത്‌ കഴിഞ്ഞ്‌ വരാം." മരുമകള്‍ പോയി.

എല്‍സി കട്ടിലില്‍ വൃദ്ധന്റെ അരികിലേക്ക്‌ ചേര്‍ന്നിരുന്നു. ചുള്ളിക്കമ്പ്‌ പോലുള്ള വൃദ്ധന്റെ കൈകള്‍ മടിയിലെടുത്തുവെച്ച്‌ തഴുകി കൊണ്ടിരുന്നു.

"എന്റെ മരുമോള്‌ പറഞ്ഞ പോലെ നെനക്കെന്താ ഒരു സൃംഗാരം?" എല്‍സി അതൊന്നും കേള്‍ക്കുന്നില്ലായിരുന്നു.

"ചേട്ടാ...."അവള്‍ വളരെ സാവധാനം വിളിച്ചു. ഒരിഴച്ചില്‍ പോലെ പ്രത്യേകതരം ശബ്ദമായിരുന്നു ആ വിളിക്ക്.

"കള്ളീടെ മൊകത്തൊര്‌ നാണംണ്ടാവുംല്ലോ ഇപ്പൊ. ഇനിക്കത്‌ കാണാമ്പറ്റ് ണ് ല്യല്ലൊ." ഇങ്ങിനെ ഒരു സന്ദര്‍ഭം നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ വൃദ്ധന്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

"ഒന്ന്‌ പോ ചേട്ടാ..എന്ത്‌ പറഞ്ഞാലും ഒര്‌ തമാശ. ഞാന്‍ കാര്യായിട്ടാ പറഞ്ഞെ. ചേട്ടനെന്നെ കെട്ടാമൊ?" കിളിര്‍ത്ത്‌ വന്ന നാണത്തോടെ എല്‍സി.

നമ്മളൊഴികെ മറ്റാര്‍ക്കും ഇതംഗീകരിക്കാന്‍ പറ്റില്ല. എന്റെ കാശ്‌ തട്ടിയെടുക്കാനുള്ള നിന്റെ അടവ്ന്നായ്‌രിക്യും പുറമേന്ന്‌ ആദ്യം കേള്‍ക്കാ. പിന്നെ ജാതി, നമ്മ്ടെ പ്രായത്തിന്റെ അന്തരം..അങ്ങനെ പല പ്രശ്നം."

വൃദ്ധന്‍ നേരത്തെ തന്നെ ഗൌരവമായി ഇത്തരം ബന്ധത്തില്‍ ഉടലെടുക്കാവുന്ന പ്രശ്നങ്ങളുടെ പല വശങ്ങളെക്കുറിച്ചും ചിന്തിച്ചു വെച്ചിരുന്നതിനാല്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ പറയാനായി.

"നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."

എല്‍സിക്ക്‌ പെട്ടെന്ന്‌ ഉള്‍ക്കൊള്ളാനായില്ലെങ്കിലും പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

"നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. അതുകൊണ്ട്‌ ആരും കേ‍ക്കാതെ നിയെന്നെ ചേട്ടാന്ന്‌ വിളിക്കണം."
                                                ------------------------

18/3/11

എല്‍സിയും വൃദ്ധനും

18-03-2011

"മൊലേം തലേം ഉണ്ടോടി പെണ്ണെ നിനക്ക്‌...?"


പത്തറുപത്തഞ്ച്‌ വയസ്സായെങ്കിലും കെളവന്റെ മനസ്സിലിരിപ്പ്‌ കൊള്ളാലൊ. ശരീരം ശോഷിച്ചാലും മനസ്സ്‌ ചെറുപ്പമായിരിക്കുമെന്നു പറയുന്നത്‌ ശരിയായിരിക്കും. കൊക്ക് പോലെ ഇരുന്നാലും വായില്‍ നിന്നു വരുന്നത്‌ വലിയ കാര്യങ്ങളാണ്‌. ചിലപ്പൊഴൊക്കെ അസ്ലീലച്ചുവ തോന്നിച്ചാലും വെറുപ്പ്‌ തോന്നാറില്ല. രണ്ടാഴ്ച കൊണ്ട്‌ കുറെയൊക്കെ മനസ്സിലായി.

"നിയിപ്പൊ വിജാരിക്കുന്നത്‌ ഈ കെളവന്റെ ഒരു പൂതീന്നായിരിക്കും അല്ലെ? ചെങ്കണ്ണ്‌ പിടിപെട്ടേനു ശേഷം കണ്ണിന്‌ ആകെ മൂടലായി. ഒരു നെഴല്‌ പോലെ എല്ലാം കാണാം."

മനസ്സില്‍ വിചാരിക്കുന്നത്‌ പോലും കെളവന്‍ തിരിച്ച്‌ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ എല്‍സിക്ക്‌ അത്ഭുതം. പല തവണ ഇങ്ങിനെ സംഭവിച്ചിരിക്കുന്നു.

"നിനക്ക്‌ സൌന്ദര്യം ഇണ്ടോന്നറിയാന്‍ ചോദിച്ചതാ‌." എല്‍സിയില്‍ നിന്ന്‌ മറുപടി കിട്ടാതായപ്പോള്‍ വീണ്ടും ചോദിച്ചു.

"ഇനിക്കെങ്ങനെ അറിയാമ്പറ്റും?"

"ചെറുപ്പത്തില്‌ നിന്നെ ആരെങ്കിലും പഞ്ചാരയടിച്ചിട്ട്ണ്ടൊ."

"അയിനിപ്പൊ സൌന്ദര്യം വേണംന്നില്ല. പെണ്ണെന്ന ഒരു രൂപം മതി."

"അപ്പൊ നീ സുന്ദരിയാണ്‌. അല്ലെങ്കിലും കണ്ണിക്കണ്ട ജന്തുക്കളുടെ എറച്ചി തിന്നുന്ന നസ്രാണിച്ചി നാപ്പത്‌ കഴിഞ്ഞാലും ഒരു മൊതല്‌ തന്നെ ആയിരിക്കും."

"ഈ കാര്‍ന്നോര് ‍ക്ക്‌ വേറെ ഒന്നും പറയാനില്ലെ."

"ഞാന്‍ ഇങ്ങിനെയൊക്കെ പറയുന്നത്‌ എനിക്കിഷ്ടാണെന്നും അത്‌ കേള്‍‍ക്കുന്നത്‌ നിനക്കിഷ്ടാണെന്നും നമ്മ‍ക്ക്‌ രണ്ടുപേര്‍ക്കും അറിയാം. അയിന്റെ കാരണം നിന്റെ മനസ്സിന്റെ നന്‍മയാണ്‌."

ആ വാക്കുകള്‍ എല്‍സിയുടെ മനസ്സില്‍ തട്ടി. തന്റെ മനസ്സറിയാന്‍ സ്വന്തം ഭര്‍ത്താവ്‌ പോലും ശ്രമിച്ചിട്ടില്ലെന്ന്‌ എല്‍സി വേദനയോടെ ഓര്‍ത്തു. അവിടെയാണ്‌ കാഴ്ച കുറഞ്ഞ ഒരു വൃദ്ധന്‍ മായാജാലക്കാരനെപ്പോലെ തന്റെ മനസ്സ്‌ വാരി പുറത്തേക്ക്‌ കുടയുന്നത്‌.

"നിന്റെ മാപ്ള ചത്ത്ട്ട്‌ പത്ത്‌ കൊല്ലം കഴിഞ്ഞില്ലെ? അതീപ്പിന്നെ നിന്നോട്‌ ആരും ഇതേപോലെ പറഞ്ഞിട്ട്ണ്ടാവില്ല. എന്തിനാ ല്ലാം അടക്കിപ്പിടിച്ച്‌ വീര്‍പ്പ്‌ മുട്ടി ജീവിക്കണെ."

വൃദ്ധന്‍ പറയുന്നതെല്ലാം അക്ഷരംപ്രതി ശരിയാണ്‌.
പത്ത്‌ വര്‍ഷം മുന്‍പ്‌ രണ്ട്‌ മക്കളെ സമ്മാനിച്ച്‌ ഭര്‍ത്താവ്‌ മരിക്കുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. ഇത്രയും നാള്‍ എങ്ങിനെയൊക്കെയൊ കഴിഞ്ഞു. നേരിയ തോതിലെങ്കിലും വേറൊരു വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാനാകാതിരുന്നത്‌ മതത്തിന്റെ സ്വാധീനം തന്നെ. ചിന്താശേഷിയില്ലാത്ത മാതാപിതാക്കളില്‍ വിധവയുടെ വേദനകളും ഒറ്റപ്പെടലുകളും വെറും കുമിളകള്‍. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലേക്ക്‌ മാത്രം ജീവിതം ഒതുക്കിയപ്പോള്‍ കെട്ടടങ്ങാത്ത മനസ്സിന്റെ മോഹങ്ങള്‍ പലപ്പോഴും തലപൊക്കി.

ഒരു വിധവ നേരിടേണ്ടി വരുന്ന കുത്തുവാക്കുകളും ശാപവചനങ്ങളും സുരക്ഷിതത്വക്കുറവും മൌനമായി സ്വീകരിച്ചത്‌ അനുഭവിക്കുന്ന വിധിയോടുള്ള ക്രൂരമായ പ്രതികാരം മാത്രമായിരുന്നു. സ്വയം വേദന സ്വീകരിച്ച്‌ നിര്‍വൃതിയടയുക.

മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ആദ്യം ചെറിയൊരു സൂചന ‍പോലും തല പൊക്കിയില്ലെങ്കിലും പോകെപ്പോകെ നഷ്ടപ്പെട്ട കൂട്ടിനും പങ്കിനും പകരം കണ്ടെത്താന്‍ മനസ്സ്‌ തുടിച്ചിരുന്നു. ഒറ്റപ്പെടലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്തോറും പുതിയൊരു കൂട്ട്‌ എന്നതിന്റെ സാധ്യത മങ്ങുന്നത്‌ സമൂഹത്തിന്‌ മറവിയായും, മക്കളുടെ വളര്‍ച്ചയായും കണ്‍മുന്നില്‍ തെളിഞ്ഞു.

മോളെ ഞാന്‍ വേദനിപ്പിച്ചൊ...നിശ്ശബ്ദത ഇനിക്ക്‌ തരുന്ന ഉത്തരം അതാ‌. പഴേത്‌ വെറുതെ ഓര്‍ക്കാനെ പാടുള്ളു. അന്നത്തെ ജീവിതത്തിന്റെ കൂടെ നീന്താന്‍ ഇപ്പോ ശ്രമിക്കരുത്‌. പഴേതും പുത്യേതും കലര്‍ന്ന ഒരുത്തരല്ലായ്ക പ്രയാസണ്ടാക്കും. എന്റെ അനന്ദലക്ഷ്മി മരിച്ചേ‍പ്പിന്നെ മുഴ് വന്‍ സമയോം ഏകാന്തേലായിപ്പോയ ഞാന്‍ ആരേങ്കിലും കിട്ട്യാ‍ വാ തോരാതെ എന്തെങ്കിലൊക്കെ പറയുന്നത്‌ ഒന്നും ഓര്‍ക്കാണ്ടിരിക്കാനാ‌. നഷ്ടപ്പെടുമ്പോ‍ സംഭവിക്കണ ശൂന്യത സൃഷ്ടിക്കണ വേദന സഹിക്കാമ്പറ്റില്ല പലപ്പഴും."

"വേദനിപ്പിക്കണ് ല്യ. വേദനകള്‍ ശീലായോണ്ട്‍ മരവിപ്പാ‌ എപ്പഴും. ഒരാള്‍ അന്നെ മനസ്സിലാക്കുന്നുന്നോള്ള  അറിവ്‌ സന്തോഷാ‌." വൃദ്ധന്റെ വാക്കുകള്‍ക്ക്‌ മുന്നില്‍ എല്‍സിയും വാചാലയായി.

"നിനക്കിപ്പോ‍ വേറൊരു വിവാഹം വേണംന്ന്‌ തോന്നുന്നു അല്ലെ."

"ഇപ്പഴില്ല. ചെലപ്പഴൊക്കെ തോന്നിരുന്നു. മക്കള്‍ വളരുന്തോറും ആ ആഗ്രഹങ്ങ‍ക്ക്‌ മൊരടിപ്പ്‌ വരണ്."

"മൊരടിച്ചാലും അതൊരു നീറ്റലായി എപ്പഴും കുത്തി നോവിച്ചോണ്ടിരിക്കും."

"ഉം."

"നിന്റെ ചട്ട്യേം മുണ്ടും ഇനിക്കിഷ്ടാ. അലക്കിത്തേച്ച്‌ ഒതുക്കി വെച്ച പിന്നാമ്പോറത്തെ ഞൊറീള്ള വാല്‌ അന്സരണ്യോള്ള മയിലിനെ ഓര്‍മ്മിപ്പിക്കും." വൃദ്ധന്‍ മന:പ്പൂര്‍വം വിഷയം മാറ്റാന്‍ ഒരു ശ്രമം നടത്തി.

"കണ്ണ്‌ കാണില്യാന്ന്‌ പറഞ്ഞിട്ട്‌ എല്ലാം കൃത്യയി കാണ് ണ്ണ്ടല്ലോ ."

"ഞാമ്പറഞ്ഞില്ലെ ഒരു നെഴല്‌ പോലെ കാണാംന്ന്‌. മെഴുക്ക്‌ കലര്‍ന്ന പേപ്പറിലൂടെ നോക്കണത്‌ പോലെ. ബാഹ്യരൂപം കിട്ടിയാ‍ ബാക്ക്യെല്ലാം ഞാന്‍ നേരത്തെ കണ്ട്ട്ടൊള്ള തെളിഞ്ഞ കാഴ്ച്യോളിലെ ചിത്രങ്ങള്‍ ചേര്‍ത്ത്‌ വെക്കുന്നതാ‌. കൃസ്ത്യാനിക്കുട്ട്യോള്ടെ നല്ല വേഷം."

"കൃസ്ത്യാനി, നസ്രാണി എന്നൊക്കെ കൂടെക്കൂടെ പറയുന്നതെന്തിനാ?"

"കൂടുതല്‍ ഇഷ്ടം തോന്നുന്നവരെയാ ജാതിപ്പേര്‌ കൂട്ടി വിളിക്കുക. അടുത്തവരോട്‌ വര്‍ത്താനം പറയുന്ന പോലെ തൊന്നും ഇനിക്ക്‌. നിനക്ക്‌ ദേഷ്യം തോന്നുന്നെങ്കി ഇഞ്ഞി ഞാന്‍ പറയില്ല."

"അയ്യൊ, എനിക്ക്‌ ദേഷ്യം ഒന്നുംല്യ. ആദ്യം കേട്ടപ്പൊ ഒരു പ്രയാസം തോന്നി. ഇപ്പൊ ഇങ്ങിനെയൊക്കെ കേക്കുന്നതാ കൂടുതല്‍ ഇഷ്ടം."

എല്‍സി കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു. ശോഷിച്ച്‌ പൊക്കം കുറഞ്ഞ്‌ എല്ലുന്തിയ ശരീരത്തിന്‌ ഒരാവരണം പോലെ ചുക്കിച്ചുളിഞ്ഞ തൊലിയുമായുള്ള രൂപം ആദ്യം കണ്ടപ്പോള്‍ ഒരു സാധാരണ വൃദ്ധന്‍ എന്നേ തോന്നിയിരുന്നുള്ളു. വാശിയും ദേഷ്യവും ചേക്കേറിയ, തേരട്ട പോലെ ഞരമ്പുകള്‍ പിണഞ്ഞ ഒരു വൃദ്ധന്‍. ഒരു വ്യക്തിയെ കാണുന്ന മാത്രയില്‍ അയാളെക്കുറിച്ച്‌ ഗണിച്ചെടുക്കുന്ന തോന്നലുകള്‍ തെറ്റാവുമെന്ന്‌ ചുരുങ്ങിയ സമയം കൊണ്ട്‌ വൃദ്ധന്‍ തെളിയിച്ചിരിക്കുന്നു. ആ തോന്നലുകളില്‍ അശേഷം ശരിയില്ലായിരുന്നെന്ന്‌ അനുഭവങ്ങളില്‍ നിന്ന്‌ തിരിച്ചറിയുന്നു.

വൃദ്ധനെ, അല്ല..അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള അവസരം ലഭിച്ചത്‌ തന്റെ ഭാഗ്യമായി മാത്രമെ കാണാനാകുന്നുള്ളു. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനവും ചെറിയ സാമ്പത്തിക പ്രയാസങ്ങളും ഒരു പരിധി വരെ പരിഹരിക്കപ്പെടുന്നു. കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോള്‍ പണക്കാരായ മക്കള്‍ അച്ഛന്‌ നല്‍കിയ ഔദാര്യമാണ്‌ താന്‍. ഒരു വേലക്കാരിയായി അല്ലെങ്കില്‍ ഹോം നേഴ്സ്‌ ആയി ഇവിടെ എത്തിപ്പെടുമ്പോള്‍ അത്‌ തന്റെ വേദനകള്‍ക്ക്‌ ശമനമായിരിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

"ഇനി പേടിക്കാതെ ഇനിക്ക്‌ സംസാരിക്കാം....ല്ലെ എല്‍സിക്കുട്ടി."

'എല്‍സിക്കുട്ടി' ആരും അറിയാതെ മനസില്‍ സൂക്ഷിച്ചിരുന്ന,കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കായിരുന്നു അത്‌.

"അതെ അപ്പച്ചാ. എന്ത്‌ വേണെങ്കിലും..."

"നീ ആളാകെ മാറിയല്ലൊ...അന്യത നിഴലിക്കോങ്കിലും നമ്മ്ടെ പ്രായം കണക്കിലെടുത്താ‍ കാര്‍ന്നോര്‌ന്ന്‌ വിളിക്കുന്നതീ‍ തെറ്റില്ല. പരിജയോള്ളതും ശീലിച്ചതും ആയ കേള്‍വ്യോള്‍ക്ക്‌ പൊറത്ത്‌ അപ്പച്ചന്‍ എന്നേനെ പൂര്‍ണ്ണ തൃപ്ത്യോടെ സ്വീകരിക്കാന്‍ ഹിന്ദ്വായ എന്റെ മനസ്സ്‌ മടിക്കും. സ്വന്തം അച്ഛനും മോളും എന്നത് പോലും പൊറത്തേക്ക്‌ കേ‍പ്പിക്കാനുള്ള വിളികള്‍ മാത്രായി പരിണമിച്ചിരിക്കുന്ന ഇന്നില്‍ ഒരന്യ വ്യക്ത്യെ അപ്പച്ചാന്ന്‌ വിളിക്കുന്നത്‌ അര്‍ത്ഥശൂന്യതാ‌. വിളികളിലൊത്ങ്ങണ മധുരം മാത്രം."

"ഞാന്‍ മധ് രിപ്പിക്കാനല്ല വിളിച്ചത്‌. ശരിക്കും ഇഷ്ടം കൊണ്ടാ."

"ആയിരിക്കാം. എനിക്ക്‌ കൂടി അങ്ങിനെ തോന്നണ്ടെ? ആദ്യം നീ കാര്‍ന്നോര്‌ന്നെന്നെ ‌ വിളിച്ചിരുന്നു. പിന്നെ നിന്റെ പ്രയാസങ്ങള്‍ ഞാനൊരു കേള്‍വിക്കാരനെപ്പോലെ കേട്ടിരുന്നപ്പോ‍ അപ്പനെപ്പോലെ ഇഷ്ടപ്പെടുന്നു. അതിനര്‍ത്ഥം നിന്നില്‍ മയങ്ങിക്കെടക്കണ മോഹങ്ങള്‍ ഉണരുന്നൂന്നാ. അറിഞ്ഞ്‌ ഇഷ്ടപ്പെടാനും സ്നേഹിക്കാനുമുള്ള നിന്റെ കഴിവ്‌ നല്ലത്‌ന്നെ."

"ഞാന്‍ തര്‍ക്കത്തിനൊന്നും ഇല്ല. വേറെ എന്താ ഞാന്‍ വിളിക്കാ?"

(തുടരും)